» » » » » » » അമിത് ഷായുടെ വേട്ടക്കഴുകന്മാര്‍ക്ക് കൊത്തിവലിക്കാന്‍ കേരളത്തെ പുരോഗമനാശയങ്ങളുടെയും ഇടതുചിന്തകളുടെയും ശവപ്പറമ്പാക്കുന്നു; ക്യാമ്പസുകളിലെ എസ്എഫ്‌ഐ ഭീകരതയെപ്പറ്റിയുള്ള അന്തിച്ചര്‍ച്ചകള്‍ കാടുകയറുമ്പോള്‍ ഒറ്റക്കണ്ണന്‍ മാധ്യമങ്ങള്‍ കാണാതെ പോകുന്നത്...

നിഷ്തര്‍ മുഹമ്മദ്‌

(www.kvartha.com 14.07.2019) കേരളത്തിലെ ക്യാമ്പസുകളില്‍ എല്ലാ പൂക്കളും വിരിയട്ടെ.. വിയോജിപ്പുകളാണ് ജനാധിപത്യത്തിന്റെ നട്ടെല്ല്.. വിയോജിപ്പുകളെയും ഭിന്നസ്വരങ്ങളെയും ഉള്‍ക്കൊള്ളുന്ന സര്‍ഗാത്മക ഇടങ്ങളാകട്ടെ കേരളത്തിലെ ഓരോ ക്യാമ്പസുകളും..

യൂണിവേഴ്‌സിറ്റി കോളേജില്‍ അരങ്ങേറിയ സംഭവം ശക്തമായി വിമര്‍ശിക്കപ്പെടേണ്ടതാണ്, എതിര്‍ക്കപ്പെടേണ്ടതാണ്. എന്നാല്‍ ഈയൊരു സംഭവത്തില്‍ മുതലെടുപ്പ് മാത്രം മുന്നില്‍ക്കണ്ട് കേരളത്തിലെ മുഴുവന്‍ ക്യാമ്പസുകളിലെയും എസ്എഫ്‌ഐ എന്ന പ്രസ്ഥാനത്തെ സാമാന്യവല്‍ക്കരിച്ച് വിമര്‍ശശരങ്ങളെയ്യുന്നവരുടെ ലക്ഷ്യം ഇടതുപക്ഷത്തെ തകര്‍ക്കലാണ്.


കേരളത്തിലെ മാധ്യമങ്ങളില്‍ യൂണിവേഴ്‌സിറ്റി കോളേജിലെ പ്രശ്‌നത്തെപ്പറ്റിയുള്ള ചര്‍ച്ച ഇതുവരെ കെട്ടടങ്ങിയിട്ടില്ല. കുറച്ച് മാസങ്ങളായി ചെറുതും ഒറ്റപ്പെട്ടതുമായ സംഭവങ്ങളെ പര്‍വ്വതീകരിച്ച് ഇടതുപക്ഷത്തെ ഒറ്റതിരിഞ്ഞ് ശക്തമായി ആക്രമിക്കുന്ന കേരളത്തിലെ മാധ്യമങ്ങള്‍ അറിഞ്ഞോ അറിയാതെയോ ഈ മണ്ണ് സംഘ്പരിവാറിന് പാകപ്പെടുത്തുകയാണ്. ബംഗാളിലും ജാര്‍ഖണ്ഡിലും ബീഹാറിലും ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരില്‍ പച്ചമനുഷ്യരെ ആള്‍ക്കൂട്ടം തല്ലിച്ചതയ്ക്കുന്നതും ജീവനെടുക്കുന്നതും കേരളത്തിലെ മാധ്യമങ്ങള്‍ക്ക് അന്തിച്ചര്‍ച്ചയുടെ വിഷയമാകുന്നില്ല. സ്വതന്ത്ര ഇന്ത്യ ഇന്നേ വരെ കാണാത്ത രീതിയില്‍ ജനാധിപത്യത്തെ ബലാത്സംഗം ചെയ്ത് അമിത് ഷായെന്ന മൂന്നാംകിട രാഷ്ട്രീയക്കാരന്‍ കര്‍ണ്ണാടകയില്‍ നടത്തുന്ന കുതിരക്കച്ചവടം മാധ്യമങ്ങള്‍ക്ക് അന്തിച്ചര്‍ച്ചയുടെ വിഷയമാകുന്നില്ല. കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളെ 14 മണിക്കൂര്‍ ജോലിചെയ്യിക്കാമെന്ന കാടന്‍ നിയമം അവതരിപ്പിക്കുന്നത് മാധ്യമങ്ങള്‍ക്ക് അന്തിച്ചര്‍ച്ചയുടെ വിഷയമാവുന്നില്ല. കേന്ദ്രസര്‍ക്കാര്‍ ഒന്നര ആഴ്ച്ചയ്ക്കിടെ 4 രൂപയിലധികം ഇന്ധനവില വര്‍ധിപ്പിച്ചത് മാധ്യമങ്ങള്‍ക്ക് അന്തിച്ചര്‍ച്ചയുടെ വിഷയമാവുന്നില്ല.

എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിക്കുന്ന ഏതാനും പേര്‍ചേര്‍ന്ന് യൂണിവേഴ്‌സിറ്റി കോളേജില്‍ ഈഗോപ്രശ്‌നത്തില്‍ ഒരുത്തനെ കുത്തിയപ്പോള്‍ സ്‌പെഷ്യല്‍ എഡിഷനും ന്യൂസ് നൈറ്റും കൗണ്ടര്‍ പോയിന്റും കേരളത്തിലെ ഇടതുപക്ഷത്തെ മുഴുവന്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത് അന്തിച്ചര്‍ച്ചകള്‍ നടത്തുന്നു. എസ്എഫ്‌ഐയെ കേരളത്തിലെ ക്യാമ്പസുകളില്‍ നിന്ന് നിഷ്‌കാസനം ചെയ്യുമെന്ന് മീഡിയറൂമിലിരുന്ന് വിനു ശപഥം ചെയ്യുന്നു.. ധനുവച്ചപുരം എന്‍എസ്എസ് കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ എസ്എഫ്‌ഐക്കാരിയായ വിദ്യാര്‍ത്ഥിനിയെ ബിയര്‍ കുപ്പികൊണ്ട് തലയ്ക്കടിച്ചതും എംജി കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ തമ്മിലടിച്ച് വെട്ടിയതും വിനുവിന്റെ ന്യൂസ് നൈറ്റില്‍ ചര്‍ച്ചയാവുന്നില്ല.

ഈ ഇടതുവിരുദ്ധ മാധ്യമപ്രചാരവേലയുടെ ആത്യന്തിക ഗുണഭോക്താക്കള്‍ സംഘ്പരിവാറാണ്. ഇടതുവിരുദ്ധത വിതയ്ക്കുന്നതും അതിന്റെ ലാഭം കൊയ്യുന്നതും സംഘ്പരിവാറാണ്. സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ ആസൂത്രണം ചെയ്യുന്ന പ്രചാരവേലയ്ക്ക് വളംവെയ്ക്കാന്‍ ന്യൂനപക്ഷമതസംഘടനകള്‍ മത്സരിക്കുകയാണ്.

സംഘ്പരിവാറിന് കേരളം പിടിക്കണമെങ്കില്‍ ഇടതുപക്ഷം നശിക്കണം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം 'ദി ഹിന്ദു' പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ കേരളത്തിലെ 13 മണ്ഡലങ്ങളില്‍ ബിജെപി യുഡിഎഫിന് വോട്ടുമറിച്ചതായി ചൂണ്ടിക്കാട്ടിയിരുന്നു. ഹിന്ദുവോട്ടുബാങ്കില്‍ കണ്ണുവെച്ച് സംഘ്പരിവാര്‍ പല്ലും നഖവുമുപയോഗിച്ച് കേരളത്തിലെ ഇടതുപക്ഷത്തെ നശിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ മാമാമാധ്യമങ്ങളും കഥയറിയാതെ ആട്ടംകകാണുകയും ഒപ്പമാടുകയും ചെയ്യുന്ന ന്യനപക്ഷങ്ങളിലെ ഞാഞ്ഞൂള്‍പ്പാര്‍ട്ടികളുംവരെ അതിന് ചൂട്ടുപിടിച്ചുകൊടുക്കുന്നു.

സമരോത്സുകമായ മതേതരത്വവും പുരോഗമനാശയങ്ങളും ഇടതുചിന്തകളും ചത്തുകിടക്കുന്ന കേരളത്തെ കൊത്തിവലിക്കാന്‍ അമിത് ഷായുടെ വേട്ടക്കഴുകന്മാര്‍ മാനത്ത് റാകിപ്പറക്കുന്നുണ്ട്..

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Politics, SFI, Article, Media, Article on Media's Partiality against left, Nishther Mohammed

About Kvartha Epsilon

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal