» » » » » » » » » » » » ഭര്‍ത്താവ് നാടുവിടാന്‍ കാരണം മേലുദ്യോഗസ്ഥന്റെ പീഡനം; കള്ളക്കേസുണ്ടാക്കാന്‍ ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചു; സി ഐ നവാസിനെ കാണാതായ സംഭവത്തില്‍ മേലുദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രിക്ക് ഭാര്യയുടെ പരാതി

കൊച്ചി: (www.kvartha.com 14.06.2019) ഭര്‍ത്താവ് നാടുവിടാന്‍ കാരണം മേലുദ്യോഗസ്ഥന്റെ പീഡനമാണെന്നും കള്ളക്കേസുണ്ടാക്കാന്‍ ആവശ്യപ്പെട്ട് മോലുദ്യോഗസ്ഥര്‍ അദ്ദേഹത്തെ മാനസികമായി പീഡിപ്പിച്ചുവെന്നുമുള്ള ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രിക്ക് കാണാതായ സി ഐ നവാസിന്റെ ഭാര്യയുടെ പരാതി.

ഭര്‍ത്താവിനെ എത്രയും പെട്ടെന്ന് കണ്ടെത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ ആവശ്യമുന്നയിച്ച് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാഖറെയ്ക്കും ഭാര്യ പരാതി നല്‍കിയിട്ടുണ്ട്. നവാസിന്റെ മേലുദ്യോഗസ്ഥന്‍ എസിപി പി.എസ്. സുരേഷ് കുമാര്‍ വയര്‍ലസിലൂടെ അധിക്ഷേപിച്ചെന്നും ഇക്കാര്യം അദ്ദേഹം തന്നോട് പറഞ്ഞതായും ചൂണ്ടിക്കാണിച്ചാണ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നതെന്ന് അവര്‍ മാധ്യമങ്ങളോടു പറഞ്ഞു. അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ഭാര്യ കൂട്ടിച്ചേര്‍ത്തു.

Seniors mentally tortured says C I Nawaz wife, Kochi, News, Allegation, Complaint, Torture, Chief Minister, Pinarayi Vijayan, Media, Mobile Phone, Kerala

ഭര്‍ത്താവിനെ കാണാതാകുന്നതിനു തലേ ദിവസം രാത്രി വന്നപ്പോള്‍ വാഹനത്തില്‍ നിന്നു ഫോണ്‍ എടുത്തിരുന്നില്ല. താനാണ് പിന്നീട് ഫോണ്‍ എടുത്തു കൊടുത്തത്. അതു കഴിഞ്ഞ് രാത്രി യൂണിഫോം ധരിച്ച് പോയിട്ട് തിരിച്ചെത്തുന്നത് രാവിലെ നാലു മണിക്കാണ്. വന്നപ്പോള്‍ വല്ലാതെ വിഷമിച്ചിരിക്കുന്നതാണ് കണ്ടത്. എന്താണെന്നു ചോദിച്ചപ്പോള്‍ 'ഒരുപാട് വഴക്കു കേട്ടു, നീ ഇപ്പോള്‍ ഒന്നും ചോദിക്കരുത്' എന്നും പറഞ്ഞു. തന്റെ കൂടെ വന്നു കിടക്കുകയും പിന്നെ എഴുന്നേറ്റു പോയി ടിവി വച്ചുകൊണ്ടിരിക്കുന്നതും കണ്ടു. ആ 20 മിനിറ്റിനു ശേഷമാണ് അദ്ദേഹത്തെ കാണാതായത്.

നേരത്തെ നിരവധി പ്രശ്‌നങ്ങള്‍ അദ്ദേഹം നേരിട്ടിരുന്നു. അപ്പോഴെല്ലാം പിടിച്ചു നിന്നു. വ്യക്തിപരമായി അധിക്ഷേപിക്കല്‍ തുടങ്ങി അനാവശ്യമായി കേസെടുക്കാന്‍ നിര്‍ബന്ധിക്കല്‍ എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം അദ്ദേഹത്തെ പീഡിപ്പിച്ചിരുന്നത് അറിയാം. എസിയുമായുണ്ടായത് വയര്‍ലസിനെ ചൊല്ലിയുള്ള വിഷയമാണെന്നും പറഞ്ഞിരുന്നു.

അപ്പോള്‍ വിഷമിപ്പിക്കാതിരിക്കാന്‍ ഉറങ്ങി എഴുന്നേറ്റിട്ട് കാര്യങ്ങള്‍ ചോദിക്കാമെന്നാണ് വിചാരിച്ചത്. ഭര്‍ത്താവിനെ കാണാതായപ്പോള്‍ ഇക്കാര്യം ഉയര്‍ന്ന ഉദ്യോഗസ്ഥരെ വിളിച്ച് അറിയിച്ചിരുന്നു. മറുപടി ഒന്നും ഇല്ലാതിരുന്നപ്പോഴാണ് പരാതി കൊടുത്തത്. സൗത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ വന്ന് മൊഴിയെടുത്തു പോയതല്ലാതെ ഇതുവരെ അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.

പിന്നീട് സൗത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ വന്ന് അദ്ദേഹം കൊല്ലത്ത് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിന് തെളിവു ലഭിച്ചതായി അറിയിച്ചു. സിസിടിവി ദൃശ്യങ്ങളും കാണിച്ചു. അതുമാത്രമാണ് ഏക ആശ്വാസം.. മറ്റൊരു മറുപടിയും ലഭിച്ചില്ല. കേസ് അന്വേഷിക്കുന്ന ഡിസിപിയുമായും സംസാരിച്ചിരുന്നു. അവര്‍ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്, കുട്ടികളെ ആശ്വസിപ്പിക്കൂ എന്നാണ് പറഞ്ഞത്. മക്കള്‍ അച്ഛന്‍ മിഠായിയുമായി വരുന്നത് കാത്തിരിക്കുന്ന കുഞ്ഞു കുട്ടികളല്ല. അവരോട് എനിക്ക് സമാധാനം പറയണം.

പോലീസിന്റെ സഹായമില്ലാതെ വേറെ ഒരു വഴിയും മുന്നിലില്ല. അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയിട്ടില്ല. അക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സമയം വേണം. ആദ്യം ഭര്‍ത്താവിനെ കണ്ടെത്തുകയാണ് വേണ്ടത്. ഇതിനിടെ സഹപ്രവര്‍ത്തകരും ബാച്ച് മേറ്റ്‌സും എല്ലാവരും വന്ന് ആശ്വസിപ്പിക്കുകയും കണ്ടെത്തുന്നതിന് വേണ്ട സഹായങ്ങളെല്ലാം ചെയ്യാമെന്നും പറഞ്ഞിട്ടുണ്ട്.

അദ്ദേഹത്തെ കാണാതായതിന്റെ തലേ ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ എല്ലാം മൊഴിനല്‍കാന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഇവരുടെയെല്ലാം മൊഴിയെടുക്കണമെന്നും വയര്‍ലെസ് സന്ദേശം പരിശോധിക്കണമെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ടെന്നും നവാസിന്റെ ഭാര്യ പറഞ്ഞു.

അതേസമയം നവാസ് കേരളം വിട്ടിട്ടില്ലെന്നും എവിടെയുണ്ടെന്ന് സൂചന കിട്ടിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തെക്കന്‍ ജില്ലകളിലെ ആരാധനാലയങ്ങളില്‍ നവാസ് ഇടയ്ക്കിടെ പോകാറുണ്ട്. ഇവിടെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

സംഭവിച്ചത്: 24 മണിക്കൂറും ഒപ്പം കൊണ്ടുനടക്കുന്ന വയര്‍ലെസ് സെറ്റിലൂടെ മേലുദ്യോഗസ്ഥരുടെ ശകാരവര്‍ഷം ഏല്‍ക്കാത്ത പോലീസുകാര്‍ ഉണ്ടാകില്ല. ചുരുക്കം ചിലര്‍ പ്രതികരിക്കാന്‍ മുതിരുമ്പോള്‍ സ്ഥിതി ആകെ വഷളാകും. അതാണ് ഇക്കഴിഞ്ഞ പുലര്‍ച്ചെ കൊച്ചി സിറ്റി പോലീസില്‍ ഉണ്ടായത്.

സിഐ നവാസിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ലെന്ന് ആരോപിച്ച് സെറ്റിലെത്തി ചൂടായ അസിസ്റ്റന്റ് കമ്മിഷണറോട് സിഐ തിരിച്ചടിച്ചു. രൂക്ഷമായ വാക്കേറ്റത്തിനൊടുവില്‍ ഇരുവരും പിന്തിരിഞ്ഞെങ്കിലും അല്‍പനേരത്തിന് ശേഷം വീണ്ടുമെത്തിയ സിഐ, എസിയുമായി കൊമ്പുകോര്‍ത്തു. സിറ്റി പോലീസില്‍ ആ നേരത്ത് ഉണര്‍ന്നിരുന്നവരെല്ലാം ഇതിന് സാക്ഷികളായി. എല്ലാം ശാന്തമായെന്ന് കരുതിയ പ്രഭാതം പുലര്‍ന്നപ്പോഴാണ് നവാസിനെ കാണാനില്ലെന്ന് വീട്ടില്‍ നിന്ന് അറിയിച്ച് പോലീസ് അന്വേഷണം തുടങ്ങിയത്.

പുലര്‍ച്ചെ തന്നെ സ്റ്റേഷനിലെത്തിയ സിഐ ഔദ്യോഗിക മൊബൈല്‍ ഫോണിന്റെ സിംകാര്‍ഡ് സ്റ്റേഷനില്‍ ഏല്‍പിച്ച്, ഒരു യാത്ര പോകുന്നുവെന്ന് ഭാര്യക്ക് മെസേജും അയച്ചശേഷമാണ് പോയിരിക്കുന്നത്. നഗരത്തില്‍ തന്നെയുള്ള ഒരു എടിഎമ്മില്‍നിന്ന് പതിനായിരം രൂപ പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. രാവിലെ ഒന്‍പതോടെ കായംകുളം ബസ് സ്റ്റാന്‍ഡില്‍ വച്ച് കണ്ടുമുട്ടിയ പോലീസുകാരനോട് കോടതി ഡ്യൂട്ടിക്ക് പോകുന്നു എന്നാണ് സിഐ നവാസ് പ്രതികരിച്ചത്. സ്വന്തം മൊബൈല്‍ ഫോണ്‍ കൈവശമുണ്ടെന്നാണ് കരുതുന്നത്. എന്നാല്‍ ഓഫുചെയ്ത നിലയിലാണ്.

സ്‌പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ എസ്ടി സുരേഷ് കുമാര്‍, തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ സ്റ്റുവര്‍ട്ട് കീലര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സിഐക്കായി തിരച്ചില്‍ നടക്കുന്നത്. പോലീസില്‍ മികച്ച പ്രതിഛായയുള്ള സിഐ നവാസ് പക്ഷെ മുന്‍പും ഔദ്യോഗിക വിഷയങ്ങളില്‍ വൈകാരികമായി പ്രതികരിച്ചിട്ടുണ്ടെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Seniors mentally tortured says C I Nawaz wife, Kochi, News, Allegation, Complaint, Torture, Chief Minister, Pinarayi Vijayan, Media, Mobile Phone, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal