Follow KVARTHA on Google news Follow Us!
ad

തലശ്ശേരിയില്‍ വാര്‍ധക്യകാല പെന്‍ഷന്‍ തട്ടിയ സിപിഎം നേതാവിനെതിരെ പോലിസ് കേസെടുത്തു

സി ഒ ടി വധശ്രമത്തിനു ശേഷം പുലിവാല്‍ പിടിച്ച സിപിഎം തലശ്ശേരി ഏരിയാകമ്മിറ്റി മറ്റൊരു വിവാദത്തില്‍ കൂടിപ്പെട്ടു. വാര്‍ധക്യകാല പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേKerala, Thalassery, News, CPM, Police, Pension, Politics, Case, Old age pension looted, Case against CPM leader
തലശ്ശേരി: (www.kvartha.com 15.06.2019) സി ഒ ടി വധശ്രമത്തിനു ശേഷം പുലിവാല്‍ പിടിച്ച സിപിഎം തലശ്ശേരി ഏരിയാകമ്മിറ്റി മറ്റൊരു വിവാദത്തില്‍ കൂടിപ്പെട്ടു. വാര്‍ധക്യകാല പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷന്‍ അര്‍ഹരായവര്‍ക്കുനല്‍കാതെ കവര്‍ന്ന സിപിഎം നേതാവിനെതിരെ പോലിസ് കേസെടുത്തതാണ് പാര്‍ട്ടിയെ വെട്ടിലാക്കിയത്. തലശ്ശേരി സഹകരണ റൂറല്‍ ബാങ്ക് ജനറല്‍ മാനേജറുടെ പരാതി പ്രകാരം സിപിഎം തലശ്ശേരി ലോക്കല്‍ കമ്മറ്റിയംഗവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗവുമായ ലോട്ടസ് ചിറക്കര ആലക്കാടന്‍ വീട്ടില്‍ കെ കെ ബിജുവിനെതിരെയാണ് തലശ്ശേരി ടൗണ്‍ പോലിസ് കേസെടുത്തത്. ഇതേ ബാങ്കിലെ പിഗ്മി കലക്ഷന്‍ ഏജന്റാണ് കെ കെ ബിജു.

സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷന്‍ കണ്ണൂര്‍ ജില്ലയില്‍ സഹകരണ ബാങ്കുകള്‍ മുഖേനെയാണ് വിതരണം ചെയ്തിരുന്നത്. ഈയിനത്തിലുള്ള ആറുലക്ഷം രൂപയാണ് ബിജു കൈക്കലാക്കിയത്. ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുന്നതിനായി ഉത്തരവാദിത്വപ്പെട്ട ബാങ്ക് ജീവനക്കാരിലൊരാളാണ് ബിജു. കഴിഞ്ഞ ഓണത്തിനായി വിതരണം ചെയ്യേണ്ട തുകയാണ് ബാങ്കില്‍ നിന്നും പിന്‍വലിച്ചത്. എന്നാല്‍ ഈ തുക പിന്‍വലിച്ചിട്ടും ഗുണഭോക്താക്കളിലെത്തിയില്ല.

ക്ഷേമ പെന്‍ഷന്‍ കാലാവധിക്ക് ശേഷവും ലഭിക്കാതെ വന്ന വൃദ്ധന്‍ ബാങ്കില്‍ നേരിട്ടെത്തി പരാതി പറഞ്ഞപ്പോഴാണ് സംഭവം പുറത്തായത്. പിന്നീട് ബാങ്ക് അധികൃതര്‍ നടത്തിയ രഹസ്യാന്വേഷണത്തില്‍ ഇയാളുടെ പേരില്‍ കള്ള ഒപ്പിട്ട് ബിജു കൈപ്പറ്റിയതായി തെളിഞ്ഞു.

ഇത്തരത്തില്‍ പലരുടെയും പേരില്‍ വ്യാജ ഒപ്പിട്ട് പണം അടിച്ചുമാറ്റിയതായി ബാങ്ക് അധികൃതര്‍ കണ്ടെത്തുകയായിരുന്നു. ഇത്തരത്തില്‍ നിരവധി വ്യാജ രേഖകള്‍ ബിജു നിര്‍മ്മിച്ചതായി ബാങ്കിന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പരാതി നല്‍കിയതെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

ക്ഷേമ പെന്‍ഷന്‍ വ്യാജ ഒപ്പിട്ട് ഗുണഭോക്താക്കള്‍ക്ക് നല്‍കാത്ത സംഭവത്തെക്കുറിച്ച് സിപിഎം നേതൃത്വത്തിനും നേരത്തെ പരാതി ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് ഏരിയാ കമ്മറ്റിയംഗങ്ങളായ വാഴയില്‍ വാസു, കെ പി പ്രഹീദ് എന്നിവരെ അന്വേഷണ കമ്മീഷനായി ഏരിയാ കമ്മറ്റി നിയോഗിക്കുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഇതിനുശേഷം മറ്റു ഗുണഭോക്താക്കളും ബിജുവിനെതിരെ പരാതിപ്പെട്ടിരുന്നു. ഈക്കാര്യങ്ങളെല്ലാം പരിഗണിച്ചു സിപിഎം നടത്തിയ അന്വേഷണത്തില്‍ സിപിഎം ഭരിക്കുന്ന ബാങ്കിനെ പാര്‍ട്ടി നേതാവായ ബിജു വഞ്ചിക്കുകയാണെന്ന് വ്യക്തമായി. തുടര്‍ന്നാണ്  ഇയാളെ കൈയ്യൊഴിയാന്‍ പാര്‍ട്ടി തീരുമാനിച്ചത്. സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ പുറത്താക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് സിപിഎം ഏരിയാ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം ബാങ്ക് അധികൃതര്‍ തലശ്ശേരി പോലിസില്‍ പരാതി നല്‍കിയത്.

തലശ്ശേരി നഗരത്തിലെ അറിയപ്പെടുന്ന പാര്‍ട്ടി നേതാവ് ഗുരുതരമായ സാമ്പത്തിക ക്രമക്കേടില്‍ അകപ്പെട്ടത് സിപിഎമ്മിന് കടുത്ത ക്ഷീണമായിട്ടുണ്ട്. അതും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളിലൊന്നായ സാമ്പത്തിക പെന്‍ഷന്‍ വിതരണം ചെയ്യാതെ പാര്‍ട്ടി നേതാവ് തന്നെ കൈക്കലാക്കിയത് കോണ്‍ഗ്രസും ബിജെപിയും മുസ്‌ലിം ലീഗും പ്രചരണായുധമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സിപിഎം ജില്ലാ നേതൃത്വം അന്വേഷണ വിധേയമായി ബിജുവിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ലോക്കല്‍ നേതൃത്വത്തോട് ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരം ഇയാളെ ആറുമാസത്തേക്ക് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

എന്നാല്‍ ബിജുവിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനം മേല്‍ക്കകമ്മിറ്റി ഭാരവാഹി റിപ്പോര്‍ട്ടു ചെയതപ്പോള്‍ ലോക്കല്‍ കമ്മിറ്റിയിലെ ഭൂരിഭാഗം പേരും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. സിപിഎം പളളിത്താഴെ ബ്രാഞ്ച് സെക്രട്ടറിയായ നവാസിനെയാണ് താന്‍ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ ഏര്‍പ്പാടാക്കിയതെന്നും ഇയാളാണ് പെന്‍ഷന്‍ തുക അടിച്ച് മാറ്റിയതെന്നും ബിജു നേരത്തെ അന്വേഷണ കമ്മീഷന് മുമ്പാകെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഈ വാദം പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ പരിഗണിച്ചില്ല.


Keywords: Kerala, Thalassery, News, CPM, Police, Pension, Politics, Case, Old age pension looted, Case against CPM leader