Follow KVARTHA on Google news Follow Us!
ad

പ്രവാസികള്‍ ജാഗ്രതൈ; ഈ തട്ടിപ്പില്‍ വീഴാതെ നോക്കുക, കാശ് പോയാല്‍ തിരിച്ച് കിട്ടില്ല, ഉറപ്പ്

കേരളത്തില്‍ നിന്നും കോടികളുടെ തട്ടിപ്പ് നടത്തിയ സംഘം ഗള്‍ഫ് World, News, Gulf, Cheating, Fake money, Kerala, Malayalees, Foreign, multi level marketing, new mode of cheating in gulf
ദുബൈ: (www.kvartha.com 10.06.2019) കേരളത്തില്‍ നിന്നും മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ സംഘം ഗള്‍ഫ് നാടുകളിലും പിടിമുറുക്കുന്നു. ഇതിനകം നിരവധി പ്രവാസികളാണ് ഈ സംഘത്തിന്റെ ചതിയില്‍ വീണത്. മാനക്കേട് ഭയന്നും ഗള്‍ഫില്‍ നേരിടേണ്ടി വരുന്ന നിയമപ്രശ്‌നങ്ങളെക്കുറിച്ചോര്‍ത്തും പണം നഷ്ടമായത് പുറത്തുപറയനോ, പരാതി നല്‍കാനോ ആരും തയ്യാറാവുന്നില്ല. ഇത് തട്ടിപ്പ് സംഘത്തിന് ഗുണം ചെയ്യുകയാണ്. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് ഇടപാടുകള്‍ നടത്തുന്നതിന് ദുബൈ ഉള്‍പ്പെടെയുള്ള പ്രവിശ്യകളില്‍ അനുമതിയുണ്ട്. ഈ വ്യാപാരത്തിന് പ്രത്യേകം അനുമതി നേടേണ്ടതായിട്ടുണ്ട്. ഇങ്ങനെ അനുമതി നേടിയ ഏതാനും കമ്പനികളുടെ മറവില്‍ തെറ്റിധാരണ സൃഷ്ടിച്ചാണ് ആളുകളെ ഇവര്‍ വലവീശി പിടിക്കുന്നത്. ജോലി അന്വേഷിച്ച് വിസിറ്റിംഗ് വിസയിലെത്തുന്നവരെ പോലും സംഘം മോഹന വാഗ്ദാനങ്ങള്‍ നല്‍കി ചതിയില്‍ പെടുത്തുകയാണ്.


അബുദാബിയിലെ രാജ കുടുംബാംഗമാണ് തങ്ങളുടെ സ്‌പോണ്‍സറെന്ന് തെറ്റിധരിപ്പിച്ചാണ് സംഘത്തില്‍ ആളുകളെ ചേര്‍ക്കുന്നത്. ദുബൈയില്‍ ബുര്‍ജുമാന്‍ മെട്രോ സ്‌റ്റേഷന്‍ സമീപമാണ് ഇവരില്‍ ഏതാനും പേര്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. നവമാധ്യമങ്ങള്‍ വഴി പരിചയം സ്ഥാപിച്ച് ഇരകളെ കണ്ടെത്തുന്നതാണ് രീതി. ഫേസ്ബുക്ക്, ലിങ്കിഡിന്‍, ഇന്‍സ്റ്റഗ്രാം എന്നിവ വഴി സന്ദേശങ്ങള്‍ അയച്ച് ആദ്യം സൗഹൃദം സ്ഥാപിക്കും. ദുബൈയില്‍ സ്വന്തമായി ബിസിനസ് നടത്തുന്നയാളാണ് എന്ന് പരിചയപ്പെടുത്തും. നേരത്തെ നാലക്ക ശമ്പളത്തില്‍ ജോലി ചെയ്തിരുന്നുവന്നും, എന്നാലിപ്പോള്‍ സ്വന്തമായി ലക്ഷങ്ങള്‍ നേടുന്ന ബിസിനസ് നടത്തുകയാണെന്നും തട്ടിവിടും. താങ്കള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ നമ്പര്‍ തരാമെന്നും, അതിന് ശേഷം ഫോണിലും വാട്‌സ്ആപ്പിലുമായി വിശദ വിവരങ്ങള്‍ നല്‍കുമെന്നും പറയുന്നു.

8000 ദിര്‍ഹം നല്‍കി ഉല്‍പന്നങ്ങള്‍ വാങ്ങിയാല്‍ ആര്‍ക്കും മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയിലെ അംഗമാകാമെന്നും ഇതോടെ വരുമാനം ലഭിച്ചു തുടങ്ങുമെന്നാണ് പറഞ്ഞുവെക്കുക. ആദ്യം രണ്ട്മൂന്ന് ആളുകളെ ചേര്‍ത്താല്‍ പിന്നീട് ജീവിതം രക്ഷപ്പെടുമെന്നും സംഘം ഉറപ്പ് തരുന്നു. സാമ്പത്തിക പ്രാരാബ്ധങ്ങളാല്‍ പ്രയാസപ്പെടുന്നവരും, ജോലി അന്വേഷിച്ച് മടുത്തവരും ഭാര്യയുടെ സ്വര്‍ണം പണയം വെച്ചും മറ്റുമായി ഇവരുടെ കെണില്‍ വീഴുന്നു. ഇതിലൂടെ കോടികളാണ് ഇവര്‍ തട്ടുന്നത്. കമ്പനിയില്‍ അംഗങ്ങളാകുന്നവരോട്, സാമ്പത്തിക പ്രശ്‌നങ്ങളൊന്നും കൂടെ താമസിക്കുന്നവരോട് പോലും പങ്കിടരുതെന്ന് സംഘം നിര്‍ദേശിക്കുന്നു. ഇവരുടെ വലയില്‍ പെട്ടാല്‍ പിന്നെ രക്ഷപ്പെടാന്‍ പാടാണെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

മുന്തിയ ഹോട്ടലുകളിലാണ് ഇത് സംബന്ധിച്ച് വിശദീകരണം നല്‍കുന്ന സെമിനാറുകള്‍ നടത്തുക. അന്താരാഷ്ട്ര കമ്പനികളെ വെല്ലുന്ന രീതിയില്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുകയും ചടങ്ങില്‍ എത്തുന്നവരെ ആകര്‍ഷിക്കത്തക്ക വിധം പലഹാരങ്ങള്‍ ഉള്‍പ്പെടെ ഒന്നാന്തരം ചായ സല്‍ക്കാരവും നടത്തും. ഗവണ്‍മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ ഫ്രാന്‍ചൈസ് കമ്പനിയാണ് തങ്ങളുടേതെന്നാണ് ഒരു തട്ടിപ്പു വീരന്‍ അവകാശപ്പെടുന്നത്. താല്‍പര്യമില്ലെന്നു പറഞ്ഞ് ഒഴിയാന്‍ ശ്രമിച്ചാലും ഇവര്‍ പിന്നാലെ കൂടും.



പണം കൊയ്യുന്നത് ഇവര്‍, ഒടുവില്‍ ഇരകളെ തന്നെ കുറ്റക്കാരാക്കാനും സമര്‍ത്ഥര്‍

കമ്പനിയുടെ തലപ്പത്ത് ഇരിക്കുന്നവരും മുഖ്യ കണ്ണികളും മാത്രമാണ് ഈ വ്യാപാരത്തില്‍ കോടികള്‍ കൊയ്യുന്നത്. ഇരകള്‍ക്ക് നഷ്ടപ്പെടുന്നതാകട്ടെ അവരുടെ വിലപ്പെട്ട സമ്പാദ്യവും. പിരമിഡ് മോഡല്‍ മാര്‍ക്കറ്റിംഗ് ആണ് ഇവിടെ നടക്കുന്നത്. പിരമിഡിലെ അവസാന വരി മുഴുവന്‍ സാധാരണക്കാര്‍ മാത്രമായിരിക്കും. ഇവര്‍ക്ക് മുകളിലുള്ളവര്‍ വലവീശിപ്പിടിച്ച് തുച്ഛമായ വിലയ്ക്കുള്ള ഉല്‍പന്നങ്ങള്‍ ആയിരങ്ങള്‍ കൂട്ടിയ വിലയ്ക്ക് വില്‍ക്കും.

ചിലര്‍ യുവാക്കളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. സൗഹൃദ സംഭാഷണം നടത്തിയ ശേഷം കമ്പനിയുടെ മാനേജറുമായി ഒരു അപ്പോയിന്‍മെന്റ് ഒപ്പിച്ചുതരാമെന്നും പറഞ്ഞ് ഏതെങ്കിലും ഒരിടത്തേക്ക് വിളിപ്പിക്കും. അവിടെ വെച്ച് കമ്പനിയുടെ മഹിമ ഇരയെ ധരിപ്പിക്കും. ജോലി സമയം കഴിഞ്ഞ് പാര്‍ട്ട് ടൈമായി ജോലി ചെയ്യാമെന്നും ഒന്നു രണ്ടു മാസം കഷ്ടപ്പെട്ടാല്‍ നിങ്ങള്‍ വീട്ടിലിരുന്നാലും പിന്നെ ലക്ഷങ്ങളായിരിക്കും കയ്യിലെത്തു വാഗ്ദാനം നല്‍കുന്നു.

ഗള്‍ഫ് നാടുകളില്‍ തുച്ഛമായ ശമ്പളത്തിന് വര്‍ഷങ്ങളായി ജോലി ചെയ്യുന്നവരും ഇവരുടെ വലയില്‍ വീഴുന്നു. വര്‍ഷങ്ങളായി സ്വരുക്കൂട്ടി വെച്ചതും പലരില്‍ നിന്നും കടം വാങ്ങിയതുള്‍പ്പെടെ പെറുക്കി നല്‍കി ഇവരുടെ ചതിയില്‍ പെട്ടവരും ഉണ്ട്. ആരോടും ഇടപാടുകളെ കുറിച്ച് പുറത്തുവിടരുതെന്ന നിര്‍ദേശമുള്ളതിനാല്‍ എല്ലാം രഹസ്യമാക്കിവെക്കും. പിന്നീടായിരിക്കും താന്‍ വഞ്ചിക്കപ്പെട്ടു എന്ന് വ്യക്തമാവുക. പണം നഷ്ടമായവര്‍ പരാതിയുമായെത്തിയാല്‍ പരാതിക്കാരെ തന്നെയാണ് ഈ സംഘം കുറ്റപ്പെടുത്തുന്നത്. ബിസിനസ്സിനെ കുറിച്ച് ധാരണ ഇല്ലാത്തതോ സാമര്‍ത്ഥ്യ കുറവോ ആണ് നഷ്ടത്തിന് പിന്നിലെന്ന് പറഞ്ഞ് പരാതിക്കാരെ ഇവര്‍ തിരിച്ചയക്കുന്നു.

പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ കിട്ടുമ്പോഴും ആളുകള്‍ ചോദിക്കും ഗള്‍ഫില്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് നിയമാനുസൃതമല്ലേ, ഇതില്‍ എന്താണ് തട്ടിപ്പ്..?

മലയാളികള്‍ക്ക് ഇപ്പോള്‍ ഏറെ സുപരിചിതമാണ് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി ഇത്തരത്തിലുള്ള തട്ടിപ്പ് കേരളത്തില്‍ നടന്നുവരുന്നു. പലതും തുടങ്ങിയതിനേക്കാള്‍ വേഗത്തില്‍ പൂട്ടുന്നു. പിന്നെ പുതിയത് തുടങ്ങും. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍. കേരളത്തില്‍ കോടികള്‍ തട്ടിയ സംഘം തന്നെയാണ് ഗള്‍ഫ് നാടുകളിലും തട്ടിപ്പിന് ചുക്കാന്‍ പിടിക്കുന്നതെന്നാണ് സൂചന.

ഗള്‍ഫില്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് നിയമാനുസൃതമാണ്. എന്നാല്‍ ഇത് തുടങ്ങുന്നതിന് മറ്റു വ്യാപാരങ്ങളേക്കാള്‍ നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. യു എ ഇയില്‍ ഇതുവരെയായി 11 മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഇത്തരത്തിലുള്ള കമ്പനികള്‍ ഡയറക്ട് സെല്ലിംഗ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്യണം. രണ്ട് മാസത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്താക്കാമെങ്കിലും കടമ്പകള്‍ ഏറെ കടക്കാനുണ്ട്. ഡയറക്ട് സെല്ലിംഗ് അസോസിയേഷന്റെ (ഡിഎസ്എ)യുടെ കര്‍ശന നിരീക്ഷണങ്ങള്‍ക്കൊടുവിലായിരിക്കും കമ്പനിക്ക് അനുമതി ലഭിക്കുക. ഡി എക്‌സ് എന്‍, ഫോറെവര്‍ ലിവിങ്, എഡ്മാര്‍ക്, പി എം ഐ, യുനിസിറ്റി, ജിയുനിസി, എല്‍ ഇ ഒ, ജൂസ് പ്ലസ്, തെര്‍മോമിക്‌സ്, ഫൈജികാര്‍ട്ട്, എവര്‍ ഗ്രീന്‍ തുടങ്ങിയ കമ്പനികളാണ് ദുബൈയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ അനുമതി ഇല്ലാതെ പ്രവര്‍ത്തിക്കുന്നവരാണ് ഏറെയും തട്ടിപ്പിന് പിന്നില്‍.

എന്താണ് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് ?

ഒരു പ്രത്യേക തരം വിപണന രീതിയാണ് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്. നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗ്, റെഫറല്‍ മാര്‍ക്കറ്റിംഗ്, പിരമിഡ് സെല്ലിംഗ് എന്നീ പേരുകളിലെല്ലാം ഇത് അറിയപ്പെടുന്നു. കമ്പനിയുടെ ഉല്‍പന്നം വാങ്ങുന്നതോടെയാണ് ഓരോരുത്തരും ഇതില്‍ അംഗങ്ങളാവുക. ഇതിന് ശേഷം ഇയാള്‍ മുഖാന്തരം മറ്റൊരാള്‍ കൂടി ഇതില്‍ അംഗമാകുന്നതോടെ പ്രതിഫലം ലഭിക്കുമെന്നാണ് വിശദീകരണം. കമ്പനിയിലെ അംഗങ്ങളെ കൊണ്ട് തന്നെ ഉല്‍പന്നങ്ങള്‍ വാങ്ങിപ്പിച്ച് കോടികള്‍ തട്ടുന്ന പക്ക തട്ടിപ്പ് തന്നെയാണ് ഇത്തരത്തിലുള്ള മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്. ചെറിയ വിലയുള്ള ഉള്‍പന്നങ്ങക്ക് പത്തും ഇരുപതും ഇരട്ടി വിലയ്ക്കാണ് ഇവര്‍ അംഗങ്ങളുടെ തലയില്‍ കെട്ടിവെക്കുന്നത്. ഇതിലൂടെ മാത്രം കോടികളാണ് കമ്പനികള്‍ നേടുന്നത്.

സ്വദേശത്തും വിദേശത്തും ഏത് തരത്തിലുമുള്ള തട്ടിപ്പ് നടന്നാലും അതില്‍ കണ്ണികളാവുന്നതും ആദ്യം ഇരകളാവുന്നതും മലയാളികളാണ്. ചെറിയ സമയം കൊണ്ട് കൂടുതല്‍ ലാഭം നേടുന്ന വഴികള്‍ അന്വേഷിക്കുന്ന മലയാളികള്‍ മിക്കപ്പോഴും അകപ്പെടുന്നത് വമ്പന്‍ ചതിക്കുഴികളിലാണ്. എന്നാല്‍ ഇതില്‍ നിന്ന് നമ്മള്‍ പാഠം ഉള്‍കൊള്ളുന്നില്ല എന്നതാണ് വസ്തുത. ഇത്തരം തട്ടിപ്പ് സംഘങ്ങളെ പുറത്ത് കൊണ്ടുവരാന്‍ ശ്രമിക്കുന്നവരെ ഭീഷണിയിലൂടെയും പിന്നീട് കായികമായും നേരിട്ട് പിന്തിരിപ്പിക്കുകയാണ് പതിവ്. ഗള്‍ഫിലെ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് തട്ടിപ്പിന് ഇരയായവര്‍ക്ക് തങ്ങളുടെ അനുഭവങ്ങള്‍ കെവാര്‍ത്തയുമായി പങ്കുവെക്കാം. നിങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ news@kvartha.com എന്ന ഇമെയില്‍ വിലാസത്തിലോ കെവാര്‍ത്തയുടെ ഫേസ്ബുക്ക് പേജ് വഴിയോ ഞങ്ങള്‍ക്കയക്കാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, News, Gulf, Cheating, Fake money, Kerala, Malayalees, Foreign, multi level marketing, new mode of cheating in gulf