Follow KVARTHA on Google news Follow Us!
ad

രാജ്യം കാത്തുനിന്ന ആ വിധി വന്നു; കത് വ കേസില്‍ 3 പോലീസുകാര്‍ ഉള്‍പ്പെടെ 6 പ്രതികള്‍ കുറ്റക്കാര്‍, ഒരാളെ വെറുതെ വിട്ടു; വിധി ഉച്ചയ്ക്ക്

ജമ്മു കാശ്മീരിലെ കത് വയില്‍ എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയിSrinagar, News, Trending, Murder, Molestation, Court, Crime, Criminal Case, National,
ശ്രീനഗര്‍: (www.kvartha.com 10.06.2019) ജമ്മു കാശ്മീരിലെ കത് വയില്‍ എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. പത്താന്‍കോട്ട് ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ഉച്ചയ്ക്ക് രണ്ടു മണിക്ക് വിധി പ്രസ്താവിക്കും.

ഗ്രാമത്തലവന്‍ സഞ്ജി റാം, എസ്‌ഐ ആനന്ദ്ദത്ത, പ്രവീഷ് കുമാര്‍, പോലീസ് ഉദ്യോഗസ്ഥരായ ദീപക് ഖജുരിയ, സുരേന്ദര്‍ വര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. മുഖ്യപ്രതിയായ സഞ്ജി റാമിന്റെ മകന്‍ വിശാലിനെയാണ് കോടതി വെറുതെ വിട്ടത്. പ്രതിപ്പട്ടികയിലുണ്ടായിരുന്ന നാല് പോലീസ് ഉദ്യോഗസ്ഥരും കുറ്റക്കാരാണ്.

Kathua molest-murder case verdict Live Updates: 6 accused convicted out of 7, sentencing at 2 pm, Srinagar, News, Trending, Murder, Molestation, Court, Crime, Criminal Case, National

നാല് പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ എട്ട് പ്രതികളാണ് കേസിലുള്ളത്. ഇവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്. 2018 ജനുവരിയിലാണ് രാജ്യമെമ്പാടും വന്‍ പ്രതിഷേധത്തിന് കാരണമായ സംഭവം നടന്നത്.

നാടോടി സമുദായമായ ബഖര്‍വാലകളെ കത് വയിലെ രസാന ഗ്രാമത്തില്‍ നിന്ന് പുറന്തള്ളുക എന്ന ലക്ഷ്യമിട്ട് എട്ടു വയസുകാരിയെ തട്ടിക്കൊണ്ട് പോയി ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. എട്ട് പ്രതികളാണ് കേസിലുള്ളത്. ഗ്രാമത്തിലെ പൗരപ്രമുഖനും മുന്‍ റവന്യൂ ഉദ്യോഗസ്ഥനുമായ സഞ്ജി റാമാണ് കേസിലെ മുഖ്യ ഗൂഢാലോചകന്‍. ഇയാളുടെ അധീനതയിലുള്ള ക്ഷേത്രത്തിലാണ് പീഡനം നടന്നത്.

സജ്ഞി റാമിന്റെ മകന്‍ വിശാല്‍, പ്രായപൂര്‍ത്തിയെത്താത്ത അനന്തരവന്‍, സുഹൃത്ത്, സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ ദീപക് കജൂരിയ എന്നിവര്‍ കൃത്യങ്ങളില്‍ നേരിട്ട് പങ്കെടുത്തു. കേസ് ആദ്യം അന്വേഷിച്ച എസ്‌ഐ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, സ്‌പെഷല്‍ പോലീസ് ഓഫീസര്‍ സുരേന്ദര്‍ വര്‍മ എന്നിവര്‍ തെളിവ് നശിപ്പിക്കാനും കൂട്ട് നിന്നു.

ജമ്മു കാശ്മീരിലെ കത് വ ഗ്രാമത്തില്‍നിന്ന് 2018 ജനുവരി പത്തിന് കാണാതായ നാടോടി കുടുംബത്തിലെ എട്ടുവയസുകാരിയുടെ മൃതദേഹം 17ന് കണ്ടെത്തുകയായിരുന്നു. അതി ക്രൂരമായ ബലാല്‍സംഗത്തിനിരയായാണ് പെണ്‍കുട്ടി കൊല്ലപ്പെടുന്നത്. പ്രദേശത്തുനിന്ന് നാടോടികളായ ബഖര്‍വാള്‍ മുസ്ലീങ്ങളെ ഒഴിപ്പിക്കുകയായിരുന്നു ക്രൂരകൃത്യത്തിനു പിന്നിലെ ലക്ഷ്യമെന്ന് പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. സംഭവത്തിനു പിന്നാലെ കാശ്മീരിലെ പലയിടങ്ങളിലും സാമുദായിക കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു.

ജമ്മു കശ്മീര്‍ ക്രൈംബ്രാഞ്ചാണ് അന്വേഷണത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. കേസിന്റെ കുറ്റപത്രം കത് വ കോടതിയില്‍ സമര്‍പ്പിക്കാന്‍ ഒരു കൂട്ടം അഭിഭാഷകര്‍ അനുവദിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് സുപ്രീം കോടതിയാണ് വിചാരണ പഠാന്‍കോട്ടിലെ അതിവേഗ കോടതിയിലേക്ക് മാറ്റിയത്. കോടതിയുത്തരവ് പ്രകാരം രഹസ്യ വിചാരണയാണ് നടന്നത്.

275 തവണ ഹിയറിങ് നടന്നു. 132 സാക്ഷികളെ വിസ്തരിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെ സജ്ഞിറാമിനെയും മകനെയും പോലീസ് ഉദ്യോഗസ്ഥരെയും കേസില്‍ പെടുത്തിയതാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. പ്രായം സംബന്ധിച്ച തര്‍ക്കം ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ പ്രായപൂര്‍ത്തിയെത്താത്ത ഒരു പ്രതിയുടെ വിചാരണ ആരംഭിച്ചിട്ടില്ല.

കേസിലെ പ്രതികള്‍

1. സാഞ്ചിറാം

അറുപതുകാരന്‍. റവന്യുവകുപ്പില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന്‍. സമീപത്തെ ക്ഷേത്രത്തിലെ പൂജാരി. ബഖര്‍വാല സമുദായക്കാരെ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കുന്നതിനായി സംഭവങ്ങള്‍ ആസൂത്രണം ചെയ്തു. പതിനഞ്ചുകാരനായ അനന്തരവനോട് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയെ തിരക്കി എത്തിയ അമ്മയോട് അവള്‍ ഏതോ വീട്ടില്‍ സുരക്ഷിതയായി കഴിയുന്നുവെന്നും ഉടന്‍ മടങ്ങിവരുമെന്നും പറഞ്ഞു. കേസ് ഒതുക്കാന്‍ അഞ്ചുലക്ഷം രൂപ മുടക്കി.

2. പതിനഞ്ചുകാരന്‍

സമീപത്തെ സ്‌കൂളിലെ പ്യൂണിന്റെ മകന്‍. പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയതിനു സ്‌കൂളില്‍നിന്നു പുറത്താക്കി. കുതിരകളെ മേയ്ക്കുകയായിരുന്ന പെണ്‍കുട്ടിയെ സഹായിക്കാനെന്ന ഭാവേന കൂട്ടിക്കൊണ്ടുപോയി. വായ്മൂടിക്കെട്ടി, കയ്യുംകാലും കെട്ടി മാനഭംഗപ്പെടുത്തി. പിന്നീടു സമീപത്തെ ക്ഷേത്രത്തിലെ മുറിയിലാക്കി. കൂട്ടമാനഭംഗത്തിനു ശേഷം കല്ലുകൊണ്ടു പെണ്‍കുട്ടിയുടെ തലയ്ക്ക് ഇടിച്ചതും ഈ പ്രതി.

3. പര്‍വേഷ് കുമാര്‍

പതിനഞ്ചുകാരന്റെ സഹായി. പെണ്‍കുട്ടിയെ ക്ഷേത്രത്തിനുള്ളിലാക്കാന്‍ സഹായിച്ചു. ലഹരിമരുന്നു വാങ്ങി ബലമായി പെണ്‍കുട്ടിക്കു നല്‍കി, മാനഭംഗപ്പെടുത്തി.

4. ദീപക് ഖജൂരിയ

സ്‌പെഷല്‍ പോലീസ് ഓഫീസര്‍. മാനസിക വിഭ്രാന്തിയുള്ളവര്‍ക്കു നല്‍കുന്ന ഗുളിക വാങ്ങി പെണ്‍കുട്ടിക്കു ബലംപ്രയോഗിച്ചു നല്‍കി. പലവട്ടം മാനഭംഗപ്പെടുത്തി. കൊലപ്പെടുത്തുന്നതിനു തൊട്ടുമുന്‍പ് ഒന്നുകൂടി മാനഭംഗം ചെയ്യണമെന്നു ശഠിച്ചു.

5. വിശാല്‍ ജംഗോത്ര

സാഞ്ചിറാമിന്റെ മകന്‍. യുപിയിലെ മീററ്റില്‍ ബിഎസ്സി വിദ്യാര്‍ഥി. പതിനഞ്ചുകാരനായ കൂട്ടുപ്രതി അറിയിച്ചതുപ്രകാരം മീററ്റില്‍നിന്ന് കത് വയിലെത്തി. പെണ്‍കുട്ടിയെ പലതവണ മാനഭംഗപ്പെടുത്തി. തെളിവുകള്‍ നശിപ്പിക്കാനും മുന്‍കയ്യെടുത്തു.

6. തിലക് രാജ്

ഹെഡ് കോണ്‍സ്റ്റബിള്‍. കേസ് ഒതുക്കുന്നതിനു സാഞ്ചിറാമുമായി കരാറുണ്ടാക്കി. അന്വേഷണ സംഘത്തോടൊപ്പം സഞ്ചരിക്കുകയും തെളിവുകള്‍ കഴിവതും ശേഖരിച്ചില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. അഞ്ചുലക്ഷം രൂപയോളം സാഞ്ചിറാമില്‍നിന്നു കൈപ്പറ്റി.

7. സുരീന്ദര്‍ കുമാര്‍

സ്‌പെഷല്‍ പോലീസ് ഓഫീസര്‍. മാനഭംഗശ്രമം നടത്തിയതായി തെളിവില്ല. ദേവാലയത്തിനുള്ളില്‍ പെണ്‍കുട്ടിയെ സൂക്ഷിച്ച ഏഴുദിവസവും കുട്ടിയുടെ കുടുംബത്തിന്റെ നീക്കങ്ങളും ബഖര്‍വാല സമുദായത്തിന്റെ നീക്കങ്ങളും നിരീക്ഷിച്ച് പ്രതികളെ അറിയിച്ചു.

8. ആനന്ദ് ദത്ത

ഹീരാ നഗര്‍ പോലീസ് സ്റ്റേഷനിലെ എസ്‌ഐ. കേസന്വേഷണം പൂര്‍ണമായി പ്രഹസനമാക്കി. പ്രായപൂര്‍ത്തിയാകാത്ത പ്രതിയില്‍ മാത്രം കുറ്റംചുമത്തി മറ്റു പ്രതികളെ മുഴുവന്‍ ഒഴിവാക്കാന്‍ കരുനീക്കി. രക്ത സാംപിള്‍ പോലും ശേഖരിക്കാതെ വിട്ടു. പ്രായപൂര്‍ത്തിയാകാത്ത പ്രതി കുറ്റകൃത്യം നടത്തിയത് എങ്ങനെ എന്നു തെളിയിക്കുന്ന വിധം ചിത്രങ്ങളും എടുത്തു. അഞ്ചുലക്ഷം രൂപ കൈക്കൂലിയില്‍ നാലു ലക്ഷം രൂപയും വാങ്ങിയത് ആനന്ദ് ദത്താണ്.

എന്നാല്‍ ആരുടെയും സ്വാധീനത്തിന് വഴങ്ങാത്ത കുറച്ച് പോലീസ് ഉദ്യോഗസ്ഥരുടെ നിശ്ചയദാര്‍ഢ്യമാണ്. കൊലപാതകത്തിന്റെ ചുരുളഴിച്ചത്. പോലീസ് സമര്‍പ്പിച്ച ശക്തമായ ചാര്‍ജ് ഷീറ്റിലൂടെയായിരുന്നു സംഭവത്തിന് പിന്നിലെ ദുരൂഹത മറനീക്കി പുറത്ത് വന്നത്. ക്രൈംബ്രാഞ്ചിലെ സീനിയര്‍ സൂപ്രണ്ടായ രമേഷ് കുമാര്‍ ജല്ലയുടെ നേതൃത്വത്തില്‍ ഹൈക്കോടതി അനുവദിച്ച 90 ദിവസത്തിന് 10 ദിവസം മാത്രം ശേഷിക്കേ ഏപ്രില്‍ ഒമ്പതിനാണ് കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത്.

ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും നാല് പോലീസ് ഉദ്യോഗസ്ഥരും ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിരുന്നു എന്നതിനെപ്പറ്റി അന്വേഷണം ആരംഭിക്കുന്ന ഘട്ടത്തില്‍ ജല്ലയ്ക്കും അറിവില്ലായിരുന്നു. പ്രതികള്‍ കസ്റ്റഡിയിലുണ്ടായിരുന്നുവെങ്കിലും പോലീസുകാരുടെ പങ്കിനെക്കുറിച്ച് ഇവര്‍ ഒന്നും പറഞ്ഞിരുന്നില്ല. ഒരു പയ്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്ന് മാത്രമായിരുന്നു ഇവരുടെ ആദ്യമൊഴി.

മൃതദേഹം ലഭിച്ച സ്ഥലത്ത് ചെളിയുടെ അംശം ഇല്ലായിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തിലെ ചെളി മറ്റൊരു പ്രദേശത്തുവച്ചാണ് കൊല്ലപ്പെട്ടത് എന്നതിന്റെ തെളിവായിരുന്നു. അന്വേഷണം പുരോഗമിക്കവേ ഫോട്ടോയിലെ ചെളി അപ്രത്യക്ഷമായതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.

ഇതിനെത്തുടര്‍ന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ കേസില്‍ ഇടപെടുന്നുണ്ടെന്ന് അന്വേഷണ സംഘം മനസിലാക്കിയത്. പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി അലക്കി വച്ചിരുന്നു എന്നുകൂടി വെളിവായതോടെ പ്രതികളായ പോലീസുകാരിലേയ്ക്ക് അന്വേഷണമെത്തി.

ജല്ലയും സംഘവും സംഭവം നടന്ന ക്ഷേത്രത്തിലെത്തി കേസിലെ മുഖ്യപ്രതിയായ സഞ്ജി റാമിന്റെ കൈയില്‍ നിന്ന് താക്കോല്‍ വാങ്ങി ക്ഷേത്രം തുറന്ന് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിയുടെ മുടി കണ്ടെത്താനായത്. ഡി.എന്‍.എ ടെസ്റ്റില്‍ ഇത് പെണ്‍കുട്ടിയുടേതാണെന്ന് ഉറപ്പിച്ചതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.

കേസ് ഒതുക്കിത്തീര്‍ക്കാനായി പ്രതികള്‍ പോലീസ് ഉദ്യോഗസ്ഥന് 1,50,000 രൂപ നല്‍കിയതായി കുറ്റപത്രത്തിലുണ്ട്. ജമ്മു കാശ്മീരിലെ ബി.ജെ.പി എം.എല്‍.എമാരായ ചൗധരി ലാല്‍ സിംഗും ചന്ദര്‍ പ്രകാശ് ഗംഗയും കുറ്റവാളികളെ അനുകൂലിച്ച് റാലികളില്‍ പങ്കെടുത്തിട്ടും ബാര്‍ അസോസിയേഷന്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനെതിരെ രംഗത്തെത്തിയിട്ടും അതിനെയൊന്നും മുഖവിലയ്ക്കെടുക്കാതെയാണ് ജല്ലയുടെ നേതൃത്വത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kathua molest-murder case verdict Live Updates: 6 accused convicted out of 7, sentencing at 2 pm, Srinagar, News, Trending, Murder, Molestation, Court, Crime, Criminal Case, National.