Follow KVARTHA on Google news Follow Us!
ad

വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുന്‍ മുങ്ങി; അസമിലേക്കെന്ന് സൂചന, അന്വേഷണ സംഘത്തിന് മൊഴി എടുക്കാനായില്ല; തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസില്‍ ഉടന്‍ ഹാജരാക്കണമെന്ന് വീട്ടുകാര്‍ക്ക് നിര്‍ദേശം, അപകടസമയത്ത് വാഹനം ഓടിച്ചത് അമിത വേഗതയിലെന്നും കണ്ടെത്തല്‍

വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെടുമ്പോള്‍ വാഹനംThiruvananthapuram, News, Trending, Accidental Death, Crime Branch, Missing, Kerala,
തിരുവനന്തപുരം: (www.kvartha.com 07.06.2019) വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെടുമ്പോള്‍ വാഹനം ഓടിച്ചിരുന്നതായി സംശയിക്കപ്പെടുന്ന തൃശൂര്‍ സ്വദേശി അര്‍ജുന്‍ നാട്ടില്‍ നിന്നും മുങ്ങിയതായി സൂചന. അതുകൊണ്ടുതന്നെ തൃശൂരിലെത്തിയ ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴിയെടുക്കാനായില്ല.

ഇതോടെ മൂന്നുമാസങ്ങള്‍ക്ക് മുമ്പ് അസമിലേക്ക് കടന്ന അര്‍ജുനെ ഉടന്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാക്കണമെന്ന് അന്വേഷണസംഘം വീട്ടുകാരോട് ആവശ്യപ്പെട്ടു. അപകടസമയത്ത് കാറോടിച്ചിരുന്നതാരെന്ന കാര്യത്തില്‍ വ്യക്തതവരുത്താന്‍ ആരോപണവിധേയനായ അര്‍ജുനെ ക്രൈംബ്രാഞ്ചിന് വിശമായി ചോദ്യം ചെയ്യേണ്ടതുണ്ട്.

Crime Branch to question Arjun, Balabhaskar’s driver for a second time, Thiruvananthapuram, News, Trending, Accidental Death, Crime Branch, Missing, Kerala

അതിനിടെ അപകടത്തില്‍ പരിക്കേറ്റയാള്‍ ദൂരയാത്രയ്ക്കു പോയതില്‍ ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തല്‍. തുടക്കത്തില്‍ വാഹനം ഓടിച്ചത് അര്‍ജുനെന്ന് സ്ഥിരീകരിക്കാവുന്ന മൊഴിയും ലഭിച്ചു.

ലോക്കല്‍ പോലീസിന് ഇയാള്‍ ആദ്യം നല്‍കിയ മൊഴികളില്‍ ബാലഭാസ്‌കറാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അപകടസമയത്ത് കാറിലുണ്ടായിരുന്ന ലക്ഷ്മിയും അപകടസ്ഥലത്ത് ആദ്യം ഓടിയെത്തിയ സമീപവാസിയും ബാലഭാസ്‌കര്‍ പിന്‍സീറ്റിലായിരുന്നുവെന്നാണ് വെളിപ്പെടുത്തിയിരുന്നത്.

ഇതോടെയാണ് സംഭവത്തില്‍ ദുരൂഹത നീക്കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. അതിനിടെ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ബാലഭാസ്‌കറിന്റെ സുഹൃത്ത് പ്രകാശന്‍ തമ്പി പിടിയിലായതോടെയാണ് അപകടം സംബന്ധിച്ച അന്വേഷണം വീണ്ടും സജീവമായത്. ബാലുവിന്റെ മരണത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന് അച്ഛന്‍ കെ.സി.ഉണ്ണി അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു.

അതേസമയം, ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം തൃശൂരിലെ ക്ഷേത്രത്തിലും താമസിച്ച ലോഡ്ജുകളിലും എത്തിയ അന്വേഷണ സംഘം ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്തു. ലോഡ്ജിലും ക്ഷേത്രത്തിലും എത്തുമ്പോഴും തിരികെ പോരുമ്പോഴും അര്‍ജുനാണ് വാഹനം ഓടിച്ചതെന്ന് അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ബാലഭാസ്‌കര്‍ ലോഡ്ജില്‍ രാത്രി തങ്ങാന്‍ തീരുമാനിച്ചിരുന്നതായും പെട്ടെന്ന് റൂം വെക്കേറ്റ് ചെയ്ത് തിരികെ പോരുന്നതായുമുള്ള ആരോപണം ലോഡ്ജ് ജീവനക്കാര്‍ നിഷേധിച്ചു. പകല്‍ മാത്രം തങ്ങാനാണ് റൂം ബുക്ക് ചെയ്തിരുന്നതെന്നും പകല്‍ സമയത്തെ വാടക മാത്രമേ ബാലഭാസ്‌കറില്‍ നിന്ന് ഈടാക്കിയിരുന്നുള്ളൂവെന്നും അവര്‍ വെളിപ്പെടുത്തി.

പാലക്കാട്ടെ ഡോക്ടറുമായും സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ കഴിയുന്ന വിഷ്ണുവുമായും ബാലഭാസ്‌കറിന് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായും സ്ഥിരീകരിച്ചു. ജയിലില്‍ കഴിയുന്ന പ്രകാശ് തമ്പിയെയും വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് സംഘം ജയിലിലെത്തി ചോദ്യം ചെയ്യും.

അപകടദിവസം ബാലഭാസ്‌കറിന്റെ വാഹനം ഓടിച്ചത് അമിതവേഗത്തിലാണെന്നും ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. ചാലക്കുടിയില്‍ 1.08ന് കാര്‍ സ്പീഡ് ക്യാമറയില്‍ കുടുങ്ങി. 3.45ന് പള്ളിപ്പുറത്തെത്തി. 231 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ വെറും 2.37 മണിക്കൂര്‍ മാത്രമാണെടുത്തത്. ഡിവൈഎസ്പി കെ.ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള തെളിവെടുപ്പിലാണ് വിവരങ്ങള്‍ ലഭിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Crime Branch to question Arjun, Balabhaskar’s driver for a second time, Thiruvananthapuram, News, Trending, Accidental Death, Crime Branch, Missing, Kerala.