Follow KVARTHA on Google news Follow Us!
ad

കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത തലവേദന സൃഷ്ടിച്ച പള്ളിക്കുന്ന് സഹകരണ ബാങ്കില്‍ വീണ്ടും നിയമന വിവാദം; അസ്വാരസ്യങ്ങള്‍ക്ക് തുടക്കമിട്ടത് ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ് ഏകപക്ഷീയമായി അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പുറത്താക്കിയതോടെ, സ്വന്തം ഭാര്യയെ ബാങ്കില്‍ ജീവനക്കാരിയായി നിയമിച്ചതിന് പുറമെ കുടുംബാംഗങ്ങളില്‍ മിക്കവര്‍ക്കും ജോലി നല്‍കി, ഇതോടെ പി കെ രാഗേഷും സഹോദരന്‍മാരും ബാങ്ക് തറവാട് സ്വത്താക്കി മാറ്റുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്

കണ്ണൂര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് നേരത്തെ കടുത്ത തലവേദന സൃഷ്ടിച്ച പള്ളിക്കുന്ന് Kannur, News, Politics, Trending, Congress, CPM, Bank, Allegation, Kerala,
കണ്ണൂര്‍: (www.kvartha.com 13.06.2019) കണ്ണൂര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് നേരത്തെ കടുത്ത തലവേദന സൃഷ്ടിച്ച പള്ളിക്കുന്ന് സഹകരണ ബാങ്കില്‍ വീണ്ടും നിയമന വിവാദം. കോണ്‍ഗ്രസ് വിമതനും കണ്ണൂര്‍ ഡെപ്യൂട്ടി മേയറുമായ പി.കെ രാഗേഷിന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് ബാങ്ക് ഭരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നും വിട്ടുപോയ വിഭാഗം ഭരിക്കുന്ന പള്ളിക്കുന്ന് ബാങ്കില്‍ നിന്നും അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പി.കെ രാഗേഷ് പുറത്താക്കിയതാണ് ജില്ലാകോണ്‍ഗ്രസ് നേതൃത്വവുമായുള്ള അസ്വാരസ്യങ്ങള്‍ക്ക് തുടക്കമിട്ടത്.

ഇതോടെ ഏകപക്ഷീയമായി തീരുമാനമെടുത്ത പി.കെ രാഗേഷിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. ഇതിനുശേഷം നടന്ന കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഒരു വിഭാഗത്തെ കൂട്ടുപിടിച്ചു മത്സരിക്കുകയും വിജയിക്കുകയും ചെയ്ത രാഗേഷ് ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ആദ്യ കോര്‍പറേഷന്‍ ഭരണത്തില്‍ ഡെപ്യൂട്ടി മേയറാവുകയും ചെയ്തു.


എന്നാല്‍ കോര്‍പറേഷന്‍ ഭരണം കഴിയാന്‍ ഏതാണ്ട് ഒരുവര്‍ഷം ബാക്കി നില്‍ക്കെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഗേഷ് ശത്രുപക്ഷത്തുള്ള കെ.സുധാകരന് പിന്തുണ നല്‍കുകയും മറുകണ്ടം ചാടുമെന്ന വ്യക്തമായ സൂചന ഇടതു മുന്നണിക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ രാഗേഷിനെ വീണ്ടും പാര്‍ട്ടിയിലേക്ക് ആനയിക്കുന്നതില്‍ കോണ്‍ഗ്രസിന്റെ രണ്ട് മണ്ഡലം കമ്മിറ്റികള്‍ നേതൃത്വത്തെ കടുത്ത എതിര്‍പ്പ് അറിയിക്കുകയും കൂട്ടരാജിക്ക് സന്നദ്ധമാവുകയും ചെയ്തു. ഇതോടെയാണ് കെ. സുധാകരന്റെ നേതൃത്വത്തില്‍ നടത്തിയ ഈ നീക്കം പരാജയപ്പെട്ടത്.

ഇതിനിടെ എരിതീയില്‍ എണ്ണയൊഴിക്കുന്നതുപോലെ പള്ളിക്കുന്ന് ബാങ്കില്‍ സ്വന്തം ഭാര്യയെ ജീവനക്കാരിയായി നിയമിച്ചതോടെയാണ് കോണ്‍ഗ്രസ് കടുത്ത നിലപാടുമായി രാഗേഷിനെതിരെ തിരിഞ്ഞത്. ടി.വി സരമക്കാണ് രാഗേഷിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി ഇക്കഴിഞ്ഞ തിങ്കളാഴ്ച ബാങ്കില്‍ നിയമനം നല്‍കിയത്. നിലവില്‍ രാഗേഷിന്റെ സഹോദരനാണ് ബാങ്ക് പ്രസിഡന്റ്.

മറ്റൊരു സഹോദരന്റെ ഭാര്യയും ഇവിടെ ജീവനക്കാരിയാണ്. മൂത്ത സഹോദരന്‍ രതീപന്റെ മകന്‍ ജിതിന്‍ രതീപും ഇതേ ബാങ്കില്‍ തന്നെ ജോലി ചെയ്യുന്നുണ്ട്. പള്ളിക്കുന്ന് സര്‍വിസ് സഹകരണ ബാങ്ക് പി.കെ രാഗേഷും സഹോദരന്‍മാരും തറവാട് സ്വത്താക്കി മാറ്റുന്നുവെന്നാണ് ഈ മേഖലയിലെ കോണ്‍ഗ്രസുകാരുടെ ആരോപണം.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതോടെ പി.കെ രാഗേഷിനെ തിരിച്ചെടുക്കാന്‍ കെ.സുധാകരന്‍ ചില നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ഇടിത്തീപോലെ പുതിയ നിയമന വാര്‍ത്തകള്‍ വന്നത്.

കോര്‍പറേഷനില്‍ എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന് ഡെപ്യൂട്ടി മേയറായി തുടരുന്ന രാഗേഷിനെ തിരിച്ചെടുക്കുന്നതിലൂടെ കോര്‍പറേഷന്‍ ഭരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സുധാകരനും സതീശന്‍ പാച്ചേനിയും കരുക്കള്‍ നീക്കിയത്.

എന്നാല്‍ നിലവില്‍ പള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി ഈ തീരുമാനത്തെ നഖശിഖാന്തം എതിര്‍ത്തു. അഥവാ രാഗേഷിനെ പാര്‍ട്ടിയില്‍ തിരിച്ചെടുമ്പോള്‍ തന്നെ പള്ളിക്കുന്ന് ബാങ്കില്‍ നിന്ന് പുറത്താക്കിയ അഞ്ച് യു.ഡി. എഫ് പ്രവര്‍ത്തകരെയും ബാങ്കില്‍ തിരിച്ചെടുക്കണമെന്ന് കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ പള്ളിക്കുന്ന് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍ നേതൃത്വത്തിനു മുന്നില്‍ ഡിമാന്റ് വച്ചിരുന്നു.

പുറത്താക്കിയതില്‍ രണ്ട് മുസ്ലിം ലീഗ് പ്രവര്‍ത്തകരില്‍ ഒരാളുടെ ഭാര്യ കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലാണ്. കൗണ്‍സിലറുടെ ഭര്‍ത്താവിനെ ബാങ്കില്‍ തിരിച്ചെടുത്തില്ലെങ്കില്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെപ്പിച്ച് പ്രതിഷേധം അറിയിക്കാനും ഒരു വിഭാഗം ശ്രമം നടക്കുന്നുണ്ട്. ഇതുപോലെ രാഗേഷ് നേതൃത്വം കൊടുക്കുന്ന ബാങ്ക് ഭരണസമിതി പിരിച്ച് വിട്ട് യു.ഡി.എഫ് സംവിധാനത്തില്‍ പുതിയ ഭരണ സമിതി കൊണ്ടുവരാനും പ്രാദേശിക നേതൃത്വം ഡിമാന്റ് വച്ചിരുന്നു. ഇതിനിടയിലാണ് പി.കെ രാഗേഷിന്റെ ഭാര്യയെ തന്നെ ബാങ്കില്‍ നിയമിച്ചത്.

എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നുയരുന്ന എതിര്‍പ്പ് ചായക്കോപ്പയിലെ കൊടുങ്കാറ്റുപോലെ തനിയെ കെട്ടടങ്ങുമെന്നാണ് പി.കെ രാഗേഷും കൂടെയുള്ളവരും കരുതുന്നത്. ബാങ്ക് ഭരണസമിതിയില്‍ അഴിച്ചുപണിക്ക് രാഗേഷ് നേതൃത്വം നല്‍കുന്ന വിഭാഗത്തിന് താല്‍പര്യമില്ല. അടുത്ത തെരഞ്ഞെടുപ്പിലും കൂടെ നിന്നാല്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനം സി.പി. എം വാഗ്ദാനം ചെയ്തുവെന്നാണ് സൂചന.

അതിനാല്‍ കോണ്‍ഗ്രസില്‍ തിരികെ വരണമെന്ന ആവശ്യം തള്ളിക്കളയാനാണ് നീക്കം. തന്റെ ഭാര്യയെ ബാങ്കില്‍ ജീവനക്കാരിയായി നിയമിച്ചത് വഴിവിട്ട നീക്കമല്ലെന്നും മാനദണ്ഡങ്ങള്‍ പാലിച്ചാണെന്നുമാണ് വിശദീകരണം. ഈക്കാര്യത്തില്‍ പുന:പരിശോധന നടത്തേണ്ട ആവശ്യമില്ലെന്നാണ് രാഗേഷിന്റെ നിലപാട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Congress allegation against P K Ragesh, Kannur, News, Politics, Trending, Congress, CPM, Bank, Allegation, Kerala.