Follow KVARTHA on Google news Follow Us!
ad

'കോണ്‍ഗ്രസ് വിമുക്ത ഭാരതം' എന്ന ബിജെപിയുടെ മുദ്രാവാക്യത്തിന് അടിത്തറ പാകുന്ന തെരഞ്ഞെടുപ്പ് ഫലം, പ്രതിപക്ഷം ശക്തമായ പ്രതിരോധം തീര്‍ത്തിട്ടും കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച വിജയം നേടി മോദി വീണ്ടു അധികാരത്തിലേക്ക്, പ്രതിപക്ഷ സ്ഥാനം പോലുമില്ലാതെ കോണ്‍ഗ്രസ് തകര്‍ന്നടിയാനുള്ള ചില കാരണങ്ങള്‍

മിന്നും വിജയവുമായി മോദി വീണ്ടും അധികാരത്തിലേക്ക്. കഴിഞ്ഞ തവണ യു National, News, Congress, BJP, Lok Sabha, Election, Trending, Politics, Narendra Modi, Factors behind BJP's huge victory.
ന്യൂഡല്‍ഹി: (www.kvartha.com 23.05.2019) മിന്നും വിജയവുമായി മോദി വീണ്ടും അധികാരത്തിലേക്ക്. കഴിഞ്ഞ തവണ യുപിഎയേക്കാള്‍ ബഹുദൂരം മുന്നിലെത്തി അധികാരത്തിലെത്തിയ മോദി ഭരണവിരുദ്ധ വികാരത്തിനിയിലും കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച വിജയവുമായാണ് രണ്ടാം വട്ടം അധികാരത്തിലേറുന്നത്. കഴിഞ്ഞ തവണ സഖ്യകക്ഷികളുടെ പിന്തുണയോടെ എന്‍ഡിഎയാണ് ഭരിച്ചതെങ്കില്‍ ഇത്തവണ ഭരിക്കാനുള്ള കേവല ഭൂരിപക്ഷം ബിജെപിക്ക് ഒറ്റയ്ക്ക് തന്നെയുണ്ട്.

300 സീറ്റുകളാണ് ബിജെപി നേടിയിരിക്കുന്നത്. കേവലഭൂരിപക്ഷം 272 സീറ്റുകളാണ്. അതേസമയം 60 വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസ് രണ്ടാം തവണയും ദയനീയ പരാജയം ഏറ്റുവാങ്ങിയതിന്റെ ഞെട്ടിലിലാണ് നേതൃത്വം. പ്രതിപക്ഷ നേതാവ് സ്ഥാനം പോലും അവകാശപ്പെടാന്‍ കഴിയാത്ത വിധത്തില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. പ്രതിപക്ഷ പാര്‍ട്ടിയാകണമെങ്കില്‍ ചുരുങ്ങിയത് 54 സീറ്റുകളെങ്കിലും വേണമെന്നിരിക്കെ 51 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് ഇപ്പോഴും ലീഡ് ചെയ്യുന്നുള്ളത്.

ബിജെപിയുടെ 'കോണ്‍ഗ്രസ് വിമുക്ത ഭാരതം' എന്ന മുദ്രാവാക്യത്തിന് അടിത്തറ പാകുന്നതാണ് കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വി. കോണ്‍ഗ്രസടക്കം എല്ലാ പാര്‍ട്ടികളും ശക്തമായ പ്രതിരോധം തീര്‍ത്തിട്ടും കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച വിജയം നേടി മോദി വീണ്ടും അധികാരത്തിലേറുന്നതില്‍ കോണ്‍ഗ്രസിനും ഉത്തരവാദിത്വമുണ്ട്. അമിതമായ ആത്മവിശ്വാസവും സഖ്യകക്ഷികളെ കൂട്ടാതെ തിരഞ്ഞെടുപ്പിനെ നേരിട്ടതുമെല്ലാം മോദിയുടെ സംഹാരതാണ്ഡവത്തിന് കാരണമായി.


അമിത ആത്മവിശ്വാസം
ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ തിരിച്ചടിയായത് അമിത ആത്മവിശ്വാസമാണ്. നരേന്ദ്ര മോദിക്കെതിരെ രാജ്യത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ എളുപ്പത്തില്‍ വിജയം നേടാമെന്നുമുള്ള മുന്‍വിധി കോണ്‍ഗ്രസിന് തിരിച്ചടിയായതായാണ് വിലയിരുത്തല്‍. മറുവശത്ത് അമിത് ഷാ എന്ന രാഷ്ട്രീയ ചാണക്യന്‍ തന്ത്രങ്ങള്‍ മെനയുമ്പോള്‍ വ്യക്തമായ ഗെയിം പ്ലാനുപോലുമില്ലാതെ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുകയും പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തത് ഫലം കണ്ടില്ല.

സഖ്യം രൂപീകരിക്കാതെ ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിട്ടു
ദേശീയതലത്തില്‍ സഖ്യം രൂപീകരിക്കാതെ ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിട്ടത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. പ്രാദേശിക അടിസ്ഥാനത്തില്‍ ചില സഖ്യസാധ്യകള്‍ രൂപീകരിച്ചതൊഴിച്ചാല്‍ ദേശീയ തലത്തില്‍ തെരഞ്ഞെടുപ്പ് കഴിയും വരെ മുന്നണി രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല. പല സംസ്ഥാനങ്ങളിലും ശക്തിയുള്ള പാര്‍ട്ടികളുമായി പരസ്പരം മത്സരിച്ചും ഒന്നോ രണ്ടോ സീറ്റിന്റെ പേരില്‍ ഉടക്കി സഖ്യസാധ്യത ഇല്ലാതാക്കിയും ഉള്ള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ വലിയ രീതിയില്‍ ബിജെപിക്ക് ഗുണം ചെയ്തു. പലയിടത്തും 10 ശതമാനം പോലും വിജയസാധ്യത ഇല്ലാഞ്ഞിട്ടുപോലും ബിജെപിക്കെതിരെ മറ്റു സ്ഥാനാര്‍ത്ഥികളുണ്ടായിട്ടും കോണ്‍ഗ്രസ് അവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് വോട്ട് ഭിന്നിക്കാനും അതുവഴി ബിജെപി ജയിച്ചുകയറാനും കാരണമായി.

തമിഴ്‌നാട്ടില്‍ ഡിഎംകെയുമായും കര്‍ണാടകയില്‍ ജെഡിഎസുമായും മഹാരാഷ്ട്രയില്‍ എന്‍സിപിയുമായും കൂട്ടുകൂടിയത് ഒഴിച്ചാല്‍ മറ്റൊരിടത്തും സഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. ഉത്തര്‍പ്രദേശില്‍ എസ്പി - ബിഎസ്പി സഖ്യവുമായും രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന സംസ്ഥാനങ്ങളില്‍ ആം ആദ്മി പാര്‍ട്ടിയുമായും നീണ്ട ചര്‍ച്ചകള്‍ നടത്തിയെങ്കിലും മുന്നണിയുണ്ടാക്കാനായില്ല.

തൊഴിലില്ലായ്മയും കര്‍ഷക പ്രശ്‌നങ്ങളും ഉയര്‍ത്തിക്കാട്ടാതെ റാഫേല്‍ അഴിമതിയും ചൗകീദാര്‍ ചോര്‍ ഹെ എന്നും പറഞ്ഞിരുന്നു
കഴിഞ്ഞ അഞ്ച് വര്‍ഷം രാജ്യം നേരിട്ട ഏറ്റവും വലിയ പ്രശ്‌നങ്ങളായ തൊഴിലില്ലായ്മയും കര്‍ഷക പ്രശ്‌നങ്ങളും ഉയര്‍ത്തിക്കാട്ടാതെ റാഫേല്‍ അഴിമതിയും ചൗകീദാര്‍ ചോര്‍ ഹെ എന്നും പറഞ്ഞു നടക്കുകയായിരുന്നു കോണ്‍ഗ്രസ്. സാധാരണക്കാര്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങളുണ്ടായിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപി നേതാക്കളെ വിമര്‍ശിക്കാന്‍ മാത്രം സമയം കണ്ടെത്തിയത് ബിജെപിക്ക് അനുകൂല തരംഗം സൃഷ്ടിച്ചുവെന്നാണ് വിലയിരുത്തലുകള്‍.

വിലക്കയറ്റങ്ങളും ഇന്ധന വില വര്‍ധനവും ഒന്നും ഉയര്‍ത്തിക്കാട്ടാതെ ബിജെപി നേതാക്കന്മാര്‍ നടത്തിയ ചില വിവാദ പ്രസ്താവനകളില്‍ തൂങ്ങിയും റാഫേല്‍ അഴിമതി ചൂണ്ടിക്കാട്ടിയും സമയം കളഞ്ഞത് മാത്രമാണ് കോണ്‍ഗ്രസ് നടത്തിയ ബാലപാഠം. ഇതെല്ലാം ബിജെപിയുടെ തന്ത്രങ്ങളായിരുന്നു എന്നറിയുമ്പോഴേക്കും തെരഞ്ഞെടുപ്പ് കഴിഞ്ഞു. റാഫേലും വര്‍ഗീയതയും കോണ്‍ഗ്രസ് ആരോപിക്കുമ്പോഴും രാജ്യസുരക്ഷയും തീവ്രദേശീയതയും ഉയര്‍ത്തിക്കാട്ടി അതിനെ പ്രതിരോധിക്കാനും ബിജെപിക്കായി.

മോദിപ്രഭാവം കെടുത്താന്‍ കെല്‍പ്പുള്ള നേതാവിന്റെ പോരായ്മ
ഈ തെരഞ്ഞെടുപ്പില്‍ മോദിപ്രഭാവം കെടുത്താന്‍ കെല്‍പ്പുള്ള ഒരു നേതാവ് കോണ്‍ഗ്രസിന് ഉണ്ടായില്ല എന്നത് തിരിച്ചടിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലൊരു അതികായനെ മുന്നില്‍ നിറുത്തി ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ മറുപക്ഷത്ത് രാഹുല്‍ ഗാന്ധിയെന്ന മനുഷ്യനെ ഉയര്‍ത്തിക്കാട്ടാന്‍ മാത്രമേ കോണ്‍ഗ്രസിനായുള്ളൂ. അതുതന്നെ കാര്യമായ പ്രചരണമാക്കാനും ആയില്ല. മോദിയെ എതിര്‍ത്ത് അദ്ദേഹത്തിന്റെ പ്രഭാവത്തെ ഇല്ലാതാക്കാനുള്ള കഴിവ് രാഹുലിന് ഉണ്ടായിരുന്നില്ല. റാഫേല്‍ അഴിമതിയും മറ്റുമായി പരമാവധി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

ന്യൂനപക്ഷ മേഖലയിലേക്കുള്ള പേടിച്ചോട്ടം
തന്റെ സ്വന്തം മണ്ഡലമായ അമേത്തിയിലെ തോല്‍വി ഭയന്ന് സുരക്ഷിത മണ്ഡലം തേടി ദക്ഷിണേന്ത്യയിലേക്ക് പോയെന്ന പ്രചരണം ദേശീയതലത്തില്‍ ബിജെപി ഉയര്‍ത്തിക്കൊണ്ടുവന്നു. ഇതുമ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന രാഹുലിന്റെ വ്യക്തിപ്രഭാവത്തിന് മങ്ങലേല്‍പ്പിച്ചു. ഹിന്ദുഭൂരിപക്ഷത്തെ പേടിച്ച് മുസ്ലിം ന്യൂനപക്ഷമുള്ള വയനാട്ടിലേക്ക് ഒളിച്ചോടിയെന്നായിരുന്നു പ്രചരണം. ഇതിന് കൃത്യമായ മറുപടി കൊടുക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല.

അമിത് ഷാ എന്ന ചാണക്യന്‍
അമിത് ഷാ എന്ന ചാണക്യന്റെ തലയിലുദിക്കുന്ന തന്ത്രങ്ങളാണ് ബിജെപിയുടെ വിജയരഹസ്യം എന്നത് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. അതിന് ബദലായി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് ഒരാളുണ്ടായിരുന്നില്ല. കൃത്യമായ ആസൂത്രണമോ പ്ലാനുകളോ ഇല്ലാതെ കോണ്‍ഗ്രസും പ്രതിപക്ഷവും തെരഞ്ഞെടുപ്പിനെ നേരിട്ടത് അവര്‍ക്ക് പണി എളുപ്പമാക്കി. അധികാരത്തിലേറിയത് മുതല്‍ രണ്ടാമൂഴത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു അമിത് ഷാ. ആര്‍എസ്എസിന്റെ ചടുലമായ സംഘടനാ സെറ്റപ്പും ഇതിന് സഹായകമായിട്ടുണ്ട്.


Keywords: National, News, Congress, BJP, Lok Sabha, Election, Trending, Politics, Narendra Modi, Factors behind BJP's huge victory.