Follow KVARTHA on Google news Follow Us!
ad

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ മരണസംഖ്യ 290 ആയി; അറസ്റ്റിലായത് 13 പേര്‍

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ മരണസംഖ്യSrilanka, News, Blast, Death Toll, Report, Media, Dead Body, Injured, hospital, Treatment, Trending, World,
കൊളംബോ: (www.kvartha.com 22.04.2019) ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ മരണസംഖ്യ 290 ആയി. ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. പള്ളികളിലും ഹോട്ടലുകളിലും ഉള്‍പ്പെടെ എട്ടിടത്താണു ഈസ്റ്റര്‍ ദിനമായ ഞായറാഴ്ച സ്‌ഫോടനമുണ്ടായത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ പറഞ്ഞു.

സ്‌ഫോടനത്തില്‍ അഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ 36 പേര്‍ വിദേശികളാണ്. മരിച്ചവരില്‍ ഒരു കാസര്‍കോട് സ്വദേശിനിയുമുണ്ട്. കാസര്‍കോട് മോഗ്രാല്‍പുത്തൂര്‍ സ്വദേശിനി പി.എസ്.റസീന(58)യാണ് കൊളംബോ ഷംഗ്രീലാ ഹോട്ടലിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചത്. ഇന്ത്യക്കാരായ മറ്റു മൂന്നു പേരും കൊളംബോയിലെ സ്‌ഫോടനങ്ങളിലാണു മരിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

Sri Lanka Blasts Live Updates: 8 blasts rock the island nation, 290 dead so far, Srilanka, News, Blast, Death Toll, Report, Media, Dead Body, Injured, Hospital, Treatment, Trending, World

കൊളംബോയിലെ നാഷണല്‍ ഹോസ്പിറ്റലിലാണ് ലക്ഷ്മി, നാരായണ്‍ ചന്ദ്രശേഖര്‍, രമേശ് എന്നിവര്‍ മരിച്ചത്. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. എല്‍ടിടിഇ കാലത്തെ ആഭ്യന്തര സംഘര്‍ഷത്തിനു ശേഷം ശ്രീലങ്കയിലുണ്ടായ ഏറ്റവും വലിയ കൂട്ടക്കൊലയാണിത്.

സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലെ രണ്ടിടങ്ങളില്‍ നിന്ന് 13 പേര്‍ അറസ്റ്റിലായി. പിടിയിലായവരെല്ലാം സ്വദേശികളാണ്. എന്നാല്‍ ആക്രമണങ്ങള്‍ക്കു പിന്നില്‍ വിദേശബന്ധമുണ്ടോയെന്നു പരിശോധിക്കുകയാണെന്നു പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിടിയിലായവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടരുതെന്നു കര്‍ശന നിര്‍ദേശമുണ്ട്.

കൊളംബോയിലെ ഹൗസിങ് കോംപ്ലക്‌സിലാണ് എട്ടാമത്തെ സ്‌ഫോടനം. ഇവിടെ മൂന്നു പോലീസുകാര്‍ മരിച്ചതായും എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തെത്തുടര്‍ന്ന് രാജ്യത്ത് ഞായറാഴ്ച വൈകിട്ട് ആറുമണി മുതല്‍ രാവിലെ ആറുമണി വരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതായി ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു. നിരോധനാജ്ഞ എന്നു വരെ തുടരുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ശ്രീലങ്കയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബുധനാഴ്ച വരെ അടച്ചിടും. ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ രാജ്യത്തു താല്‍ക്കാലികമായി നിരോധിച്ചു.

ദേഹിവെലയിലെ പ്രശസ്തമായ കൊളംബോ മൃഗശാലയ്ക്കു സമീപമായിരുന്നു ഞായറാഴ്ച ഉച്ചയോടെ ഏഴാമത്തെ സ്‌ഫോടനം. ഇവിടത്തെ ഗസ്റ്റ് ഹൗസിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചു. കൊളംബോയുടെ തെക്കന്‍ പ്രദേശത്തു സ്ഥിതി ചെയ്യുന്ന മൃഗശാലയുടെ എതിര്‍വശത്തുള്ള കെട്ടിടത്തിലായിരുന്നു സ്‌ഫോടനം. പരിക്കേറ്റവരെ കൊളംബോ സൗത്ത് ഹോസ്പിറ്റലിലേക്കു മാറ്റി.

ഈസ്റ്റര്‍ പ്രാര്‍ഥനയ്ക്കിടെ ഞായറാഴ്ച രാവിലെ 8.45ന് ആണു സ്‌ഫോടനങ്ങള്‍ ഉണ്ടായതെന്നു പോലീസ് വക്താവ് റുവാന്‍ ഗുണശേഖര പറഞ്ഞു. രണ്ടു പള്ളികളില്‍ നിരവധി തവണ സ്‌ഫോടനം നടന്നതായി പോലീസ് അറിയിച്ചു. കൊളംബോ, ബട്ടിക്കലോവ, നെഗോമ്പോ എന്നിവിടങ്ങളിലെ പള്ളികളിലും സിനമണ്‍ ഗ്രാന്‍ഡ്, ഷാംഗ്രിലാ, കിങ്‌സ്ബറി പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണു രാവിലെ സ്‌ഫോടനമുണ്ടായത്.

കൊളംബോയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗോമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച്, ബട്ടിക്കലോവയിലെ സിയോണ്‍ പള്ളി എന്നിവിടങ്ങളിലാണു സ്‌ഫോടനമുണ്ടായത്. മൂന്നു പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്‌ഫോടനമുണ്ടായി. കൊളംബോയിലെ റോമന്‍ കാത്തലിക് അതിരൂപതയുടെ കീഴിലുള്ള കൊച്ചിക്കാടെ സെന്റ് ആന്റണീസ് ചര്‍ച്ച് ശ്രീലങ്കയുടെ ദേശീയ പൈതൃക കേന്ദ്രമാണ്. സെന്റ് ആന്റണിയുടെ തിരുശേഷിപ്പ് ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

നെഗമ്പോ നഗരത്തിന്റെ പാലകപുണ്യവാളന്‍ ആയ സെന്റ് സെബാസ്റ്റ്യന്റെ പ്രതിമ അദ്ഭുതം പ്രവര്‍ത്തിക്കുന്നതായി നിരവധി പേര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നിരവധി പേര്‍ക്കു സൗഖ്യം പ്രദാനം ചെയ്തതിലൂടെ ഖ്യാതി കേട്ടതാണു സിയോര്‍ ചര്‍ച്ച്. സ്‌ഫോടനമുണ്ടായ മൂന്നു പഞ്ചനക്ഷത്ര ഹോട്ടലുകളും കൊളംബോയുടെ ഹൃദയഭാഗത്തുള്ളതാണ്. അക്രമികളെ പിടികൂടാന്‍ പോലീസ് തിരച്ചില്‍ ശക്തമാക്കി. ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടന പരമ്പര ശ്രീലങ്കയെ ഞെട്ടിച്ചതായി അവിടെയുള്ള പ്രത്യേക ലേഖിക കാമാന്തി വിക്രമസിംഗെ പറഞ്ഞു.

സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളറിയാന്‍ ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ടെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sri Lanka Blasts Live Updates: 8 blasts rock the island nation, 290 dead so far, Srilanka, News, Blast, Death Toll, Report, Media, Dead Body, Injured, Hospital, Treatment, Trending, World.