Follow KVARTHA on Google news Follow Us!
ad

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സാധ്യതകള്‍ മാറിമറിയുന്നു; യുഡിഎഫ് പ്രതീക്ഷ വെച്ച ചില മണ്ഡലങ്ങള്‍ ഇടത്തോട്ട് ചായുന്നു, എല്‍ഡിഎഫിന്റെ ഉറച്ച കോട്ടകളെന്ന് കരുതിയയിടത്ത് കൈപ്പത്തിക്കും സാധ്യത

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മണ്ഡലങ്ങളില്‍ സാധ്യതകള്‍ മാറിമറിയുകയാണ്. യുഡിഎഫ് പ്രതീക്ഷ വെച്ച പല മണ്ഡലങ്ങളും ഇടത്തോട്ട് ചായുമ്പോള്‍ Kerala, News, Thiruvananthapuram, Election, Trending, LDF, Lok Sabha, UDF, Politics, Election 2019; How is the situation in Kerala?
തിരുവനന്തപുരം: (www.kvartha.com 19.04.2019) തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മണ്ഡലങ്ങളില്‍ സാധ്യതകള്‍ മാറിമറിയുകയാണ്. യുഡിഎഫ് പ്രതീക്ഷ വെച്ച പല മണ്ഡലങ്ങളും ഇടത്തോട്ട് ചായുമ്പോള്‍ എല്‍ഡിഎഫിന്റെ ഉറച്ച കോട്ടകളെന്ന് കരുതപ്പെടുന്ന സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന സ്ഥിതിയിലുമാണ്. വോട്ടെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ കണക്കുകൂട്ടലുകള്‍ക്കുമപ്പുറമാണ് കേരളരാഷ്്ട്രീയത്തിലെ ഇപ്പോഴത്തെ അവസ്ഥ.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍ യുഡിഎഫ് കടുത്ത പ്രതീക്ഷ വെച്ച മണ്ഡലങ്ങളാണ് ചാലക്കുടി, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയവ. എന്നാല്‍ യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഈ മണ്ഡലങ്ങളില്‍ ഇപ്പോഴത്തെ സ്ഥിതി വളരെ ദയനീയകരമാണ്. യുഡിഎഫിന്റെ ഉറച്ച കോട്ടയായ തിരുവനന്തപുരത്ത് മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടും പ്രതീക്ഷയ്ക്ക് വകയില്ല. കഴിഞ്ഞ രണ്ടുതവണ മത്സരിച്ച് പാര്‍ലമെന്റിലെത്തിയ ശശി തരൂര്‍ തന്നെയാണ് ഇത്തവണയും മത്സരിക്കുന്നത്. എന്നാല്‍ പാര്‍ട്ടിക്കകത്ത് നിന്നുതന്നെയുള്ള ചരടുവലി വിനയാകുമോ എന്ന ഭയമാണ് തരൂരിനും പാര്‍ട്ടിക്കും. സ്ഥാനാര്‍ത്ഥികളെല്ലാം അവസാനവട്ട പ്രചരണവും പൂര്‍ത്തിയാക്കാനിരിക്കുമ്പോള്‍ തിരുവനന്തപുരത്ത് ബൂത്തുതല പ്രചരണം ഇനിയും തുടങ്ങിയിട്ടില്ലെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. കുറച്ചൊന്ന് ശ്രമിച്ചാല്‍ യുഡിഎഫിന് കിട്ടാവുന്ന മണ്ഡലമാണ് പടലപ്പിണക്കത്തിന്റെ പേരില്‍ നഷ്ടപ്പെടുത്തുന്നത്. അങ്ങനെ സംഭവിച്ചാല്‍ ചിലപ്പോള്‍ അത് വലിയ നഷ്ടമായേക്കും യുഡിഎഫിന് ഉണ്ടാക്കുക. കഴിഞ്ഞ തവണ രണ്ടാമതെത്തിയ എന്‍ഡിഎയ്ക്ക് വേണ്ടി കുമ്മനം രാജശേഖരനാണ് ഇത്തവണ മത്സരരംഗത്തുള്ളത്.

ചാലക്കുടി, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, പത്തനംതിട്ട, മണ്ഡലങ്ങളിലെല്ലാം പ്രവര്‍ത്തകരുടെ അമിത ആത്മവിശ്വാസമാണ് അവസാനഘട്ടമെത്തുമ്പോള്‍ വിനയായിരിക്കുന്നത്. തങ്ങളുടെ ഉറച്ച കോട്ടയെന്ന് വിശ്വസിച്ച് യുഡിഎഫ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനത്തില്‍ പിന്നോട്ടുപോയപ്പോള്‍ മറ്റുള്ളവര്‍ ശക്തമായ പ്രചരണവുമായി അതിവേഗം കുതിച്ചു.

അതേസമയം, തുടര്‍ച്ചയായി ഇടതുപക്ഷം ജയിച്ചുവരുന്ന ആലത്തൂര്‍, പാലക്കാട്, ആറ്റിങ്ങല്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ സ്ഥിതി നേരെ വിപരീതമാണ്. ഇവിടെ യുഡിഎഫിനുള്ള സാധ്യതകളാണ് കല്‍പ്പിക്കുന്നത്. കാലങ്ങളായി ഈ മണ്ഡലങ്ങളില്‍ തങ്ങളുടെ ജനപ്രതിനിധികളില്ലെന്നതിനാല്‍ ഇത്തവണ പ്രവര്‍ത്തകര്‍ വളരെ ആവേശത്തോടെയാണ് പ്രവര്‍ത്തനം. ആലത്തൂരില്‍ ജനകീയനായ പി കെ ബിജുവിനെ കളത്തിലിറക്കിയ എല്‍ഡിഎഫിന് തുടക്കത്തില്‍ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും പിന്നീടുള്ള പ്രചരണത്തില്‍ പാട്ടുപാടി വോട്ടര്‍മാരെ കൈയ്യിലെടുത്തിരിക്കുകയാണ് യുഡിഎഫിന്റെ രമ്യ ഹരിദാസ്. സംസ്ഥാനതലത്തില്‍ തന്നെ മികച്ച പ്രതികരണവും മാധ്യമശ്രദ്ധയുമാണ് രമ്യയ്ക്ക് ലഭിക്കുന്നത്. അതിനിടെ എല്‍ഡിഎഫ് കണ്‍വീനറുടെ പരാമര്‍ശം മാധ്യമങ്ങള്‍ ഏറ്റെടുത്തതും രമ്യയ്ക്ക് അനുകൂലമായി.

പാലക്കാട്ട് ശക്തമായ സ്ഥാനാര്‍ത്ഥിയാണ് സിറ്റിംഗ് എംപിയായ എല്‍ഡിഎഫിന്റെ എം ബി രാജേഷ്. യുഡിഎഫ് കളത്തിലിറക്കിയത് നാട്ടുകാരനും ജനകീയനുമായ വി കെ ശ്രീകണ്ഠനെയാണ്. ഡിസിസി പ്രസിഡന്റായിരുന്ന അദ്ദേഹം മണ്ഡലത്തില്‍ ജയ്‌ഹോ എന്ന പേരില്‍ പദയാത്ര നടത്തി ദേശീയനേതൃത്വത്തിന്റെ വരെ ശ്രദ്ധ പിടിച്ചുപറ്റിയാണ് മത്സരരംഗത്തിറങ്ങിയത്. ഒന്നായി ശ്രമിച്ചാല്‍ ജയസാധ്യതയുണ്ടെന്ന പ്രതീക്ഷ മാത്രം കൈമുതലാക്കിയാണ് പാലക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത്തവണ പ്രചരണ രംഗത്തിറങ്ങിയത്. പ്രചാരണത്തില്‍ രണ്ടാംഘട്ടം മുതല്‍ വി കെ ശ്രീകണ്ഠനും എം ബി രാജേഷും ഒപ്പത്തിനൊപ്പമെന്ന സ്ഥിതിലാണ്. നിലവില്‍ മൂന്നാംഘട്ടത്തില്‍ മണ്ഡലത്തില്‍ ശ്രീകണ്ഠന്‍ വ്യക്തമായ മുന്നേറ്റം സ്ഥാപിച്ചുകഴിഞ്ഞു.

കാസര്‍കോട്ടും ആറ്റിങ്ങലിലും ഇതുതന്നെയാണ് സംഭവിച്ചത്. ആറ്റിങ്ങലില്‍ ആടൂര്‍ പ്രകാശ് ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകി നടന്ന മണ്ഡലം കൂടിയാണിത്. എന്നാല്‍ കാസര്‍കോട് യുഡിഎഫ് ക്യാമ്പുകള്‍ ഇത്തവണ പ്രതീക്ഷ വെക്കുന്നുവെന്നതാണ് പുതിയ വാര്‍ത്തകള്‍. കേരള രാഷ്ട്രീയത്തിലെ പ്രമുഖനായ രാജ്‌മോഹന്‍ ഉണ്ണിത്താനെയാണ് അവര്‍ രംഗത്തിറക്കിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥി കാസര്‍കോട്ടെത്തിയ ആദ്യനാളുകളില്‍ ഡിസിസിയുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായെങ്കിലും പിന്നീട് അതെല്ലാം പരിഹരിച്ച് മുന്നോട്ടുപോകുകയാണ് യുഡിഎഫ്. അതേസമയം ജനകീയനായ നാട്ടുകാരനും മുമ്പ് രണ്ടുതവണ നിയമസഭാംഗവുമായിരുന്ന കെ പി സതീഷ് ചന്ദ്രനെയാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. വളരെ മുമ്പേ തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിനാല്‍ പ്രചരണവും അതിവേഗം ബഹുദൂരം എന്ന സ്ഥിതിയാണ്. കഴിഞ്ഞ മൂന്ന് തവണ പി കരുണാകരന്‍ ആണ് എംപിയായിരുന്നത്. 2009ല്‍ 60000 ലേറെ വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കിലും 2014ല്‍ അത് 6000 ആയി കുറഞ്ഞു. അന്ന് ശക്തനും ജനകീയനുമായ ടി സിദ്ധീഖിന്റെ സ്ഥാനാര്‍ത്ഥിത്വം ഏറെ സ്വാധീനിച്ചിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Thiruvananthapuram, Election, Trending, LDF, Lok Sabha, UDF, Politics, Election 2019; How is the situation in Kerala?