Follow KVARTHA on Google news Follow Us!
ad

കുമ്മനത്തിന്റെ റോഡ് ഷോയ്ക്ക് നേരെ ചെരുപ്പേറ്, ശശി തരൂരിന്റെയും കെ സുരേന്ദ്രന്റെയും റോഡ് ഷോ തടഞ്ഞു, വടകരയില്‍ വ്യാപക അക്രമം; സംസ്ഥാനത്ത് അക്രമാസക്തമായി കൊട്ടിക്കലാശം

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സംഘര്‍ഷം. എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി, എസ്ഡിപിഐ പ്രവര്‍ത്തകര്‍ Kozhikode, Kerala, News, BJP, Kummanam Rajasekharan, Vadakara, Clash, Election, Lok Sabha, Trending, Police, Clash during final movement of election propaganda.
കോഴിക്കോട്: (www.kvartha.com 21.04.2019) ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സംഘര്‍ഷം. എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി, എസ്ഡിപിഐ പ്രവര്‍ത്തകര്‍ വിവിധയിടങ്ങളിലായി ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ചിലര്‍ക്ക് പരിക്കേറ്റു. രംഗം ശാന്തമാക്കാന്‍ പോലീസ് നന്നേ പാടുപെട്ടു. ഇതിനിടെ പോലീസുകാര്‍ക്കും പരിക്കേറ്റു.

തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന്റെ റോഡ് ഷോ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. തരൂരിനു വേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി റോഡ് ഷോയ്ക്ക് എത്തിയിരുന്നു. ശശി തരൂരും ആന്റണിയും ഒരുമിച്ചായിരുന്നു ഷോയില്‍ പങ്കെടുത്തിരുന്നത്. വേളിയില്‍ വെച്ച് ആന്റണിയുടെ റോഡ് ഷോ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. അര മണിക്കൂറിനു ശേഷമാണ് ഷോ പുനഃരാരംഭിച്ചത്. തന്റെ രാഷ്ട്രീയജീവിതത്തില്‍ ഇതുവരെയുണ്ടാകാത്ത ദുരനുഭവമായിരുന്നെന്നും ഇങ്ങനെ ഉള്ള സ്ഥലത്ത് എങ്ങനെ സ്വതന്ത്രമായി തെരഞ്ഞെടുപ്പ് നടത്തുമെന്നും ആന്റണി പ്രതികരിച്ചു.

പത്തനംതിട്ടയില്‍ സിപിഎം - ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറുണ്ടായി. ഇതിനിടെ പോലീസുകാരന് പരിക്കേറ്റതായാണ് സൂചന. കോട്ടയം കാഞ്ഞിരപ്പള്ളിയിലും നേരിയ സംഘര്‍ഷമുണ്ടായി. ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്റെ റോഡ് ഷോ കാഞ്ഞിരപ്പള്ളിയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. സ്ഥാനാര്‍ഥികള്‍ക്കുപോലും സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെട്ടുവെന്ന് സുരേന്ദ്രന്‍ പ്രതികരിച്ചു. കഴക്കൂട്ടത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്റെ വാഹനത്തിനുനേരെ ചെരിപ്പേറുണ്ടായെന്ന് ബിജെപി ആരോപിച്ചു.

പാലാരിവട്ടത്തു കലാശക്കൊട്ടിനിടയില്‍ സിപിഎം - എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മിലും സംഘര്‍ഷമുണ്ടായി. തൊടുപുഴയില്‍ എല്‍ഡിഎഫ് - യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. യുഡിഎഫ് പ്രവര്‍ത്തകന് പരിക്കേറ്റിട്ടുണ്ട്. തിരുവല്ലയില്‍ ബിജെപി - സിപിഎം പ്രവര്‍ത്തകരുടെ കല്ലേറിനിടെ പോലീസുകാരന് പരിക്കേറ്റു.

എറണാകുളം പാലാരിവട്ടത്ത് സിപിഎം - എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ആലപ്പുഴ സക്കറിയാ ബസാറിലും കൊട്ടിക്കലാശത്തിനിടെ ഉന്തും തള്ളും ഉണ്ടായി. മലപ്പുറം പൊന്നാനിയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. പൊന്നാനി കേന്ദ്രീകരിച്ചുള്ള കൊട്ടിക്കലാശത്തിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ഇവിടേക്ക് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ കൊട്ടിക്കലാശത്തിന് എത്തിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ഇതില്‍ കല്‍പകഞ്ചേരി എസ് ഐ പ്രിയന് പരിക്കേറ്റു.

കോഴിക്കോട് വടകരയില്‍ കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് ഉന്തും തള്ളുമുണ്ടായി. സ്ഥലപരിധി പ്രവര്‍ത്തകര്‍ മറികടന്നതാണ് സംഘര്‍ഷത്തിന് കാരണമായത്. സംഘര്‍ഷം ഒഴിവാക്കാന്‍ കര്‍ശന സുരക്ഷയാണ് പോലീസും കേന്ദ്രസേനയും വടകരയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കാസര്‍കോട്ട് ഉദുമയിലും പുതിയ ബസ് സ്റ്റാന്‍ഡിലും സംഘര്‍ഷമുണ്ടായി. ഉദുമയില്‍ തങ്ങള്‍ക്ക് കൊട്ടിക്കലാശത്തിന് അനുവദിച്ച പാലക്കുന്നിലേക്ക് പോകുകയായിരുന്ന എല്‍ഡിഎഫ് പ്രവര്‍ത്തകരെ യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ സിപിഎം - ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ റോഡ് ഷോ തടയാന്‍ ശ്രമിച്ചു. ഇവിടെ എല്‍ഡിഎഫിന് അനുവദിച്ച സ്ഥലത്തേക്ക് വരാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകരെ ഇടതുപ്രവര്‍ത്തകര്‍ തടഞ്ഞു. പിന്നാലെ ബിജെപി - എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറുണ്ടായി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kozhikode, Kerala, News, BJP, Kummanam Rajasekharan, Vadakara, Clash, Election, Lok Sabha, Trending, Police, Clash during final movement of election propaganda.