» » » » » » » » » » » ഇത്തവണ കെ വി തോമസിനെ വെട്ടി ഹൈബിയെ പ്രതിഷ്ഠിച്ചു; പണ്ട് 38ാം വയസില്‍ സേവ്യര്‍ അറക്കലിന്റെ പേരുവെട്ടിയാണ് തോമസിനെ സ്ഥാനാര്‍ഥിയാക്കിയത്, പിന്നീട് കാലുവാരി തോല്‍പ്പിച്ചതും കുതികാല്‍വെട്ടിയതുമൊക്കെ ചരിത്രം; കൊടുത്താല്‍ കൊച്ചിയിലും കിട്ടുമെന്ന് തോമസ് മാഷിന് മനസിലായെന്ന് അഡ്വ. ജയശങ്കര്‍

കൊച്ചി: (www.kvartha.com 17.03.2019) എറണാകുളത്ത് തന്നെ ഒഴിവാക്കി ഹൈബി ഈഡനെ സ്ഥാനാര്‍ത്ഥിയാക്കിയത് മുതല്‍ ഇടഞ്ഞിരിക്കുന്ന സിറ്റിംഗ് എംപി കെ വി തോമസിനെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് നന്നേ പാടുപെട്ടു. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയ കെ വി തോമസ് മാധ്യമങ്ങളോട് വളരെ വികാരധീരനായാണ് പ്രതികരിച്ചത്.

അതിനിടെ മുതിര്‍ന്ന നേതാക്കളടക്കം ഇടപെട്ട് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല. ഞായറാഴ്ച രാവിലെ അനുനയ ചര്‍ച്ചയ്‌ക്കെത്തിയ ചെന്നിച്ചത്തലയോട് പൊട്ടിത്തെറിച്ചിരുന്നുവെന്നും റിപോര്‍ട്ടുണ്ട്. എറണാകുളത്ത് ഹൈബി ജയിച്ചാല്‍ എംഎല്‍എ സ്ഥാനാര്‍ത്ഥിത്വം മുതല്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം വരെ അദ്ദേഹത്തിന് മുന്നില്‍ വെച്ചുനീട്ടിയെങ്കിലും വഴങ്ങിയില്ല. ഒടുവില്‍ ദേശീയനേതാക്കളടക്കം ഇടപെട്ടതോടെ മെരുങ്ങി.

അതിനിടെ കെ വി തോമസിന്റെ പഴയകാലചരിത്രം ഓര്‍മിപ്പിച്ച് അഡ്വ. ജയശങ്കര്‍ രംഗത്തെത്തി. ഇത്തവണ കെ വി തോമസിനെ വെട്ടി ഹൈബിയെ പ്രതിഷ്ഠിച്ചു. പണ്ട് 38ാം വയസില്‍ സേവ്യര്‍ അറക്കലിന്റെ പേരുവെട്ടിയാണ് തോമസിനെ സ്ഥാനാര്‍ഥിയാക്കിയത്. പിന്നീട് കാലുവാരി തോല്‍പ്പിച്ചതും കുതികാല്‍വെട്ടിയതുമൊക്കെ ചരിത്രം. കൊടുത്താല്‍ കൊച്ചിയിലും കിട്ടുമെന്ന് തോമസ് മാഷിന് മനസിലായി. അഡ്വ. ജയശങ്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.പോസ്റ്റിന്റെ പൂര്‍ണരൂപം:

കൊടുത്താല്‍ കൊച്ചിയിലും കിട്ടും. തോമസ് മാഷിന് ഇപ്പോള്‍ അതു മനസിലായി.

1984ല്‍ സിറ്റിങ് മെമ്പറായ സേവ്യര്‍ അറക്കലിന്റെ പേരു വെട്ടിയിട്ടാണ് കെ കരുണാകരന്‍ കെവി തോമസിനെ എറണാകുളത്ത് സ്ഥാനാര്‍ഥിയാക്കിയത്. അന്ന് അറക്കല്‍ പരിഭവിച്ചു; വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് പ്രതിഷേധിച്ചു. കരുണാകരന്‍ കുലുങ്ങിയില്ല. ഇന്ദിരാഗാന്ധി കൊലചെയ്യപ്പെട്ട സഹതാപ തരംഗത്തില്‍ തോമസ് മാഷ് ജയിച്ചു. 89ലും 91ലും ജയം ആവര്‍ത്തിച്ചു.

ഫ്രഞ്ച് ചാരക്കേസില്‍ ചീത്തപ്പേരു കേള്‍പ്പിച്ച മാഷ് 1996ല്‍ തോറ്റു. ഇടതു സ്വതന്ത്രനായി മത്സരിച്ച സേവ്യര്‍ അറക്കല്‍ വിജയിച്ചു. ഒരു മധുര പ്രതികാരം.

കരുണാകരന്റെ കരുണാ കടാക്ഷത്താല്‍ തോമസ് മാഷ് എറണാകുളം ഉഇഇ പ്രസിഡന്റായി. ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ പ്രൊഫ ആന്റണി ഐസക്കിനെയും നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ലിനോ ജേക്കബിനെയും കാലുവാരി തോല്പിച്ചു.

2001ല്‍ എറണാകുളത്തു നിന്ന് നിയമസഭാംഗമായി. കരുണാകരന്‍ വാശിപിടിച്ചു തോമസിനെ മന്ത്രിയാക്കി. (അങ്ങനെ ഉമ്മന്‍ചാണ്ടിയുടെ അവസരം ഇല്ലാതാക്കി). മന്ത്രിയായ ഉടന്‍ മാഷ് ലീഡറെ തളളിപ്പറഞ്ഞ് ആന്റണിയുടെ വിശ്വസ്തനായി. 2004ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ തോമസ് മാഷിനെ ഒഴിവാക്കി. പകരം ഡൊമിനിക്ക് പ്രസന്റേഷനെ മന്ത്രിയാക്കി.

2006ലെ വിഎസ് തരംഗത്തിലും മാഷ് ജയിച്ചു കയറി. അതേസമയം ഡൊമിനിക്കിനെ പാരവെച്ചു തോല്‍പിച്ചു. അതാണ് തോമസ് മാഷ്.

2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍, ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും എകെ ആന്റണിയും നിര്‍ദേശിച്ച പേര് ഹൈബി ഈഡന്റെയായിരുന്നു. വരാപ്പുഴ മെത്രാന്‍ കത്ത് കൊടുത്തതും ഹൈബിക്കു തന്നെ. പക്ഷേ, റോബര്‍ട്ട് വാദ്രയെ വട്ടം പിടിച്ചു തോമസ് മാഷ് സീറ്റ് 'വാങ്ങി'. ഭൂരിപക്ഷം കുറഞ്ഞു എങ്കിലും ജയിച്ചു. പിജെ കുര്യനെയും പിസി ചാക്കോയെയും വെട്ടി കേന്ദ്ര മന്ത്രിയായി. 2014ല്‍ വീണ്ടും ജയിച്ചു. പിഎസി ചെയര്‍മാനായി.

സോണിയാജിയുടെ സ്ഥാനത്ത് രാഹുല്‍ജി വന്നതോടെ മാഷിന്റെ പിടി അയഞ്ഞു. തിരുതയ്ക്കും കരിമീനും ഡിമാന്റില്ലാതായി. ഉമ്മനും ചെന്നിയും ഒത്തുപിടിച്ച് പാവം തോമസിനെ വെട്ടി. ഹൈബി ഈഡനാണ് ഇത്തവണ സ്ഥാനാര്‍ഥി. തിരുതയല്ല, സരിതയാണ് ഇക്കുറി എറണാകുളത്തിന്റെ ഐശ്വര്യം.

തോമസ് മാഷ് വളരെ ഖിന്നനും ക്ഷുഭിതനുമാണ്. ബിജെപിയില്‍ ചേരുന്ന കാര്യം ആലോചിക്കുന്നു. നരേന്ദ്രമോദിയും അമിത് ഷായും മീന്‍ കഴിക്കില്ല. അതാണ് ഒരേയൊരു പ്രതിബന്ധം.Keywords: Kerala, Kochi, Ernakulam, News, Facebook, K.V.Thomas, Election, Lok Sabha, Trending, Story behind KV Thomas's political career

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal