Follow KVARTHA on Google news Follow Us!
ad

രാഹുല്‍ ഗാന്ധി പ്രതീക്ഷ നല്‍കുന്നു

വയനാട് രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന വാര്‍ത്ത കേട്ട സന്തോഷത്തിലാണ് കേരളം. ഇന്ത്യയുടെ പുതിയ പ്രതീക്ഷയായ രാഹുല്‍ കേരളത്തെ Article, Rahul Gandhi, Election, Anas Alangol, Congress, UP, Rahul Gandhi gives hope
അനസ് ആലങ്കോള്‍

(www.kvartha.com 26.03.2019) വയനാട് രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന വാര്‍ത്ത കേട്ട സന്തോഷത്തിലാണ് കേരളം. ഇന്ത്യയുടെ പുതിയ പ്രതീക്ഷയായ രാഹുല്‍ കേരളത്തെ തെരെഞ്ഞെടുത്തത് വീണ്ടുമൊരു പ്രതീക്ഷക്കാണ് തിരികൊളുത്തിയിരിക്കുന്നത്.

2014ല്‍ നടന്ന പൊതു തെരെഞ്ഞെടുപ്പ് കാലം അധികമാരും മറന്ന് കാണില്ല. ഇന്ന് കാണുന്ന രാഷ്ട്രീയ ഗുണങ്ങളൊന്നും സമ്മേളിക്കാത്ത നേതാവായിരുന്നു അന്നത്തെ രാഹുല്‍ ഗാന്ധി. ജയറാം രമേശും പ്രിയങ്കാ ഗാന്ധിയും പറഞ്ഞ് കൊടുത്ത ഉത്തരങ്ങള്‍ പോലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്ന് പറയാനാവാതെ പല അഭിമുഖങ്ങളും പകുതി വഴിയില്‍ നിര്‍ത്തിയ രാഹുല്‍ ഗാന്ധി ഇന്ന് മാധ്യമങ്ങളെ നേരിടാനും സദസ്സിനെ അഭിസംബോധനം ചെയ്യാനും യോഗ്യനായ നേതാവായിരിക്കുന്നു.
Article, Rahul Gandhi, Election, Anas Alangol, Congress, UP, Rahul Gandhi gives hope

പതിനഞ്ച് വര്‍ഷമായി പാര്‍ട്ടിയിലെ പ്രവര്‍ത്തനങ്ങളെ സൂക്ഷ്മമായി വീക്ഷിക്കുന്ന വ്യക്തിയാണ് രാഹുല്‍ ഗാന്ധി. 2004 ല്‍ അമേത്തിയില്‍ നിന്ന് ലോക്‌സഭയിലേക്ക് ജനവിധി തേടിയ രാഹുല്‍ 2007 ല്‍ പാര്‍ട്ടിയുടെ സെക്രട്ടറിമാരിലൊരാളായി. പിന്നിടുള്ള രാഹുലിന്റെ ജീവിതമാണ് മികച്ച രാഷ്ട്രീയ നേതാവിനെ വളര്‍ത്തിയെടുക്കുന്നതിന് വേണ്ടി സഹായിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നിരന്തരമായി യാത്രകള്‍ നടത്തി. പാവപ്പെട്ടരുടെ കൂടെ ഭക്ഷണം കഴിച്ചും സാധാരണക്കാരുടെ കൂടെ യാത്രാ ചെയ്തും ലളിതമായ വേഷവിധാനങ്ങള്‍ സ്വീകരിച്ചും പൊതുപ്രവര്‍ത്തകന് ആവശ്യമായതെല്ലാം രാഹുല്‍ നേടിയെടുത്തു.

2009ല്‍ നടന്ന ലോക്‌സഭ തെരെഞ്ഞെടുപ്പിലൂടെയാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. 125 ലധികം വേദികളില്‍ പ്രസംഗിച്ചു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയെങ്കിലും രാഹുല്‍ ഗാന്ധി തിരശ്ശീലക്ക് പിന്നല്‍ തന്നെ നിന്നു. 2014 തെരെഞ്ഞെടുപ്പില്‍ എല്ലാവരുടെയും പ്രതീക്ഷ പോലെ കോണ്‍ഗ്രസ് ദാരുണമായി തോറ്റു. 2019 ലെ ലോക്‌സഭ തെരെഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് വലീയ പ്രതീക്ഷങ്ങളാണ് നല്‍കുന്നത്.

പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ പലതും ശൂന്യഫലങ്ങള്‍ സമ്മാനിച്ചപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്ന യുവാവിന്റെ യാത്രകള്‍ പലതും അത്ഭുതപ്പെടുത്തുന്ന ഫലങ്ങള്‍ നല്‍കി. യൂറോപ് പര്യടനം നടത്തി രാഹുല്‍ വാര്‍ത്തെടുത്തത് ശുഭ പ്രതീക്ഷ നല്‍കുന്ന അനേകം സംരഭങ്ങളാണ്. യൂറോപ്യന്‍ നാടുകളില്‍ നടത്തിയ പ്രഭാഷണങ്ങളത്രയും പ്രവാസികളായ ആളുകള്‍ കേള്‍ക്കാന്‍ കൊതിച്ചതായിരുന്നു. ലണ്ടനില്‍ നടത്തിയ പ്രഭാഷണവും തഥൈവ. പാര്‍ട്ടിയുടെ പരാജയങ്ങള്‍ മുഴുവന്‍ സ്വന്തം ചുമലില്‍ വെച്ച് കെട്ടാനും രാഹുല്‍ മടിച്ച് നിന്നില്ല. പാര്‍ട്ടിയിലെ പ്രധാനിയായ പലരും അഴിമതി കുറ്റങ്ങള്‍ പിടിയിലായപ്പോള്‍ അവരെ ശാസിക്കാനും മറന്നില്ല. പ്രധാന മന്ത്രിയടക്കം പല തവണ വ്യക്തിഹത്യ നടത്തിയിട്ടും രാഹുല്‍ മൗനം പാലിച്ചു. ഭരണത്തിലിരിക്കുന്ന മന്ത്രിമാരും എംഎല്‍എമാരും പരസ്യപരിഹാസങ്ങള്‍ നടത്തിയിട്ടും ഒന്നും പ്രതികരിച്ചില്ല.

ലക്ഷങ്ങള്‍ വിലവരുന്ന വസ്ത്രങ്ങള്‍ ധരിച്ച് സ്വര്‍ണ നൂലില്‍ നാമം എഴുതിവെച്ച് പ്രധാനമന്ത്രി ലോക ശ്രദ്ധ നേടാന്‍ മെനക്കെടുമ്പോള്‍ സാധാരണക്കാരനില്‍ നിന്ന് സാധാരണക്കാരനായി രാഹുല്‍ നിലകൊണ്ടു. പാവപ്പെട്ടവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞും പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ തേടിയും രാഹുല്‍ സഞ്ചരിച്ചു. രാജകുമാരനെന്ന് പറഞ്ഞ് തന്നെ വാഴിക്കണമെന്ന ശാഠ്യത്തോടെ ലക്ഷങ്ങള്‍ ചെലവഴിച്ച പ്രധാനമന്ത്രി വാഴുന്ന നാട്ടില്‍ രാഹുല്‍ പത്രക്കാര്‍ക്കോ ചാനലുകാര്‍ക്കോ അര പൈസ കമ്മീഷന്‍ നല്‍കാതെ ജീവിക്കുന്നുവെന്നും ചേര്‍ത്ത് വായിക്കേണ്ടതാണ്.

2014ല്‍ പ്രചരണത്തിനിറങ്ങിയ രാഹുല്‍ ഗാന്ധിയില്‍ നിന്ന് ദുബൈ നഗരത്തിലെ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഒരുമിച്ച് കൂടിയ അമ്പതിനായിരത്തിലധികം വരുന്ന ആളുകളെ അഭിസംബോധനം ചെയ്ത രാഹുല്‍ ഗാന്ധി ഏറെ വ്യത്യസ്തമായിരുന്നു. രാജ്യം കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാക്കുകളാണ് രാഹുല്‍ പറഞ്ഞത്. ഇരുപത്തിയഞ്ച് മിനിറ്റ് നീണ്ട് നില്‍ക്കുന്ന പ്രഭാഷണം കേട്ട് നിന്ന മാധ്യമ പ്രവര്‍ത്തകര്‍ പോലും ഏത് വാക്യം വെട്ടണമെന്നറിയാതെ മിഴിച്ച് നിന്നു. അഹങ്കാരങ്ങളുടെ അകമ്പടികളോ ആവര്‍ത്തന വാക്യങ്ങളുടെ ആലസ്യമോ ഇല്ലാതെ രാഹുല്‍ അര മണിക്കൂറോളം പ്രസംഗിച്ചു. അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രിയ കേള്‍ക്കുന്നതിനെക്കാള്‍ ആധികാരികതയോടെ ആളുകള്‍ രാഹുലിനെ കേട്ട് നിന്നു. പ്രധാന മന്ത്രിയെ കാണാന്‍ വന്നതിന്റെ ഇരട്ടിയിലധികം ആളുകള്‍ കാണാന്‍ വന്നുവെന്നും അവരെയൊക്കെ ആകര്‍ഷിക്കാനുമായി എന്നത് തന്നെയാണ് രാഹുല്‍ ഗാന്ധിയുടെ വിജയവും.

പപ്പുവെന്ന് വിളിച്ച് പരിഹസിച്ച രാഹുലിന് ഇപ്പോള്‍ ഏറെ പക്വത കൈവന്നിട്ടുണ്ട്. പാര്‍ട്ടിക്കിടയില്‍ നടക്കുന്ന പ്രശ്‌നങ്ങളെ രമ്യമായി പരിഹരിക്കാന്‍ രാഹുലിനറിയാം. അധികാരത്തിലെത്തിയാല്‍ എങ്ങനെ പെരുമാറരുതെന്ന കാര്യം നരേന്ദ്ര മോദിയില്‍ നിന്നാണ് ഞാന്‍ പഠിച്ചതെന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ പ്രശംസയെന്ന് തോന്നിപ്പിക്കുന്ന വലീയ പരിഹാസമാണ്.

സമകാലിക സാഹചര്യത്തില്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാവാന്‍ ഏറ്റവും യോഗ്യനായ വ്യക്തിയാണ് രാഹുല്‍. അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെട്ട സര്‍വകലാശാലകളായ കേംബ്രിഡ്ജില്‍ നിന്നും ഹാര്‍വാഡില്‍ നിന്നുമൊക്കെ പഠിച്ച് നേടിയ പരിചയ സമ്പത്തും രാഹുലിനെ വേറിട്ട് നിര്‍ത്തുന്നു. യൗവനത്തിലെത്തിനില്‍ക്കുന്ന രാഹുല്‍ രാജ്യം ഭരിക്കാന്‍ ഉത്തമനെന്നാണ് ലോക രാഷ്ട്രങ്ങളുടെ നിലപാട്.

ടോണി ബ്ലെയര്‍ ബ്രിട്ടണിന്റെ പ്രധാന മന്ത്രിയാവുമ്പോള്‍ നാല്‍പ്പത് വയസ്സായിരുന്നു. ബറാക് ഒബാമ അമേരിക്കയുടെ പ്രസിഡന്റാവുമ്പോഴും വളരെ ചെറുപ്പമായിരുന്നു. ജസ്റ്റിന്‍ ക്രൂഡോ നാല്‍പ്പതിനാലാം വയസ്സിലാണ് കാനഡയുടെ പ്രധാനമന്ത്രിയായത്. ഇമ്മാണുവേല്‍ മക്രോണിന്‍ ഫ്രഞ്ച് പ്രസിഡന്റാവുന്നത് നാല്‍പ്പതാം വയസ്സിലാണ്. രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധന മന്ത്രിയാവുമ്പോള്‍ നാല്‍പത് വയസ്സായിരുന്നു. നാല്‍പ്പത്തൊമ്പത്തെ വയസിലാണ് ഇന്ദിരാ ഗാന്ധി പ്രധാന മന്ത്രിയാവുന്നത്. ഇത്തരം നേതാക്കന്മാരുടെ ചരിത്രം ഉദ്ധരിച്ച് ഇന്ത്യയെ നയിക്കാന്‍ രാഹുല്‍ ഗാന്ധിയാണ് എന്ത് കൊണ്ടും അര്‍ഹനെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

മതേതരത്വവും ബഹുസ്വരതയും ജനാധിപത്യവുമെല്ലാം പാഴ് വാക്കാകുന്ന സമകാലിക സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി പ്രതീക്ഷയാണ്. നഷ്ട്ടപ്പെട്ട് പോയ മതേതര മൂല്യങ്ങളും ജനാധിപത്യ സംവിധാനങ്ങളും തിരിച്ച് പിടിക്കാന്‍ രാഹുലിന് കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം. തന്ത്രങ്ങള്‍ മെനയുന്ന സര്‍വകലാശാലയില്‍ നിന്ന് ബിരുദമെടുത്ത് പുറത്ത് വന്നവര്‍ വാഴുന്ന പാര്‍ട്ടിയെ തെരെഞ്ഞെടുപ്പില്‍ തോല്‍പ്പിക്കണമെങ്കില്‍ ഇനിയും ഒരുപാട് ഗൃഹപാഠങ്ങള്‍ രാഹുല്‍ ചെയ്ത് തീര്‍ക്കേണ്ടതുണ്ട്. എന്താവുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Rahul Gandhi, Election, Anas Alangol, Congress, UP, Rahul Gandhi gives hope