Follow KVARTHA on Google news Follow Us!
ad

കെട്ടിക്കഴിഞ്ഞപ്പോഴാണ് അയാള്‍ അറിഞ്ഞത്, ആ വീട്ടിലെ പെണ്‍കുട്ടികളെയാരും നാലാം ക്ലാസിനപ്പുറം പഠിപ്പിക്കാറില്ലെന്ന്; ഫോട്ടോ എടുക്കാന്‍ പോലും അനുവാദമില്ലാത്ത പെണ്‍ജന്മങ്ങള്‍

എന്റെ അടുത്ത ഒരു സുഹൃത്ത് നടത്തുന്ന സ്റ്റുഡിയോയിലേക്ക് വെറുതെ ഒന്ന് കയറിയതായിരുന്നു. സ്റ്റുഡിയോ നടത്തിപ്പുകാരനും Kookkanam-Rahman, Article, Teacher, Marriage, School, Life of uneducated and orthodox girls
കൂക്കാനം റഹ് മാന്‍

(www.kvartha.com 08.03.2019) എന്റെ അടുത്ത ഒരു സുഹൃത്ത് നടത്തുന്ന സ്റ്റുഡിയോയിലേക്ക് വെറുതെ ഒന്ന് കയറിയതായിരുന്നു. സ്റ്റുഡിയോ നടത്തിപ്പുകാരനും ഞാനും നാട്ടുകാര്യങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കേ ഒരു മധ്യവയസ്‌ക്കന്‍ അവിടേക്ക് കയറി വന്നു. വന്നപടെ 'നമസ്‌ക്കാരം സര്‍' എന്ന് പറഞ്ഞു തൊഴുകയ്യോടെ നില്‍ക്കുകയാണ്.

'സാറിന് എന്നെ ഓര്‍മ്മയുണ്ടോ?', അയാളുടെ മുഖത്തേക്ക് ഞാന്‍ കുറേനേരം നോക്കി. ഓര്‍മ്മച്ചെപ്പില്‍ നിന്ന് അയാളുടെ മുഖ രൂപം എങ്ങനെയും തെളിഞ്ഞു വരുന്നില്ല. എന്റെ മുഖഭാവത്തില്‍ നിന്ന് അയാള്‍ കാര്യം വായിച്ചെടുത്ത പോലെ പറയാന്‍ തുടങ്ങി...

'നമ്മള്‍ തമ്മില്‍ കണ്ടിട്ട് നാല്‍പത് വര്‍ഷം കഴിഞ്ഞുകാണും സാര്‍. ചെറിയ കുട്ടിയായിരുക്കുമ്പോഴുളള മുഖരൂപവും ശരീര പ്രകൃതിയും ആകെ മാറിയില്ലേ? അതു കൊണ്ട് സാറിന് എന്നെ തിരിച്ചറിയാന്‍ പ്രയാസമുണ്ടാകും. ഞാന്‍ ഹമീദ്. സാറിന്റെ അഞ്ചാം ക്ലാസിലെ ഏറ്റവും കുരുത്തംകെട്ട കുട്ടി.

'ഓ ഹമീദാണോ ഇത് .' സന്തോഷം. 'ഹമീദ് എന്തു ചെയ്യുന്നു?'

'ഞാന്‍ വാട്ടര്‍ അതോറിറ്റിയില്‍ ജോലി ചെയ്യുന്നു സാര്‍. കുറച്ചു കാലം വിദേശത്തായിരുന്നു. ഇപ്പോള്‍ നാട്ടില്‍ സ്വസ്ഥം. സാറിനെക്കുറിച്ച് എപ്പോഴും അറിയുന്നുണ്ട്. എഴുതുന്നത് വായിക്കാറുണ്ട്. സാറിനെ നേരിട്ടുകാണാനും കുറേ കാര്യങ്ങള്‍ സംസാരിക്കാനും കൊതിച്ചിരിക്കുകയായിരുന്നു.'

നിങ്ങള്‍ വന്ന കാര്യം നിറവേറ്റൂ. അതിനു ശേഷം സംസാരിക്കാം. ഹമീദ് ഫോട്ടോഗ്രാഫറൊന്നിച്ച് ഡാര്‍ക്ക് റൂമിലേക്ക് പോയി. അവന്‍ ഫോട്ടോ എടുക്കാന്‍ വന്നതല്ല. ഇരുവരും എന്തോ കാര്യമായി സംസാരിക്കുന്നുണ്ട്. അല്പസമയത്തിനു ശേഷം അവര്‍ പുറത്തേക്കു വന്നു. ഹമീദിന്റെ മുഖത്ത് എന്തോ ഒരു വല്ലായ്മ കാണുന്നുണ്ട്. ഫോട്ടോയും, സ്റ്റുഡിയോയും ആയി വല്ല പ്രശ്‌നവുമുണ്ടായിട്ടുണ്ടാവുമോ? സൈബര്‍ കേസുമായി വല്ല ബന്ധവുമുണ്ടോ? എന്റെ മനസ്സില്‍ അത്തരം ചില ചിന്തകള്‍ ഓടിമറഞ്ഞു.

'സാറിനോട് ചില വ്യക്തിപരമായകാര്യങ്ങള്‍ സംസാരിക്കാനുണ്ടായിരുന്നു. 'കുറച്ചു സമയം എനിക്കുവേണ്ടി മാറ്റിവെക്കുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടാവില്ലെന്ന് വിശ്വസിക്കട്ടെ'

'നമ്മുക്കു ആഫീസിലേക്കു പോകാം. അവിടിരുന്നു സംസാരിക്കാം.'

ആഫീസിലെത്തി. ഞങ്ങള്‍ മുഖാമുഖമായി ഇരുന്നു. ഹമീദ് സംസാരിക്കാന്‍ തുടങ്ങി. അവന്‍ പ്രൈമറി ക്ലാസില്‍ പഠിക്കുമ്പഴേ അങ്ങിനെയാണ്. നല്ല പോലെ വര്‍ത്തമാനം പറയും. അതിനേക്കാളേറെ നല്ല കുരുത്തക്കേടിന്റെ ഉടമയുമാണ്.

'സാറിന്റെ പല അനുഭവക്കുറിപ്പുകളും ഞാന്‍ വായിച്ചിട്ടുണ്ട്. സമൂഹത്തില്‍ പ്രയാസം അനുഭവിക്കുന്നവരുടെ വേദനകളാണ് സാറിന്റെ തുലികയിലൂടെ പുറത്തു വരാറുളളത്. ഞാനും പറഞ്ഞറിയിക്കാന്‍ പറ്റാത്ത വേദന കടിച്ചിറക്കിയാണ് മാസങ്ങളും വര്‍ഷങ്ങളും കഴിച്ചു കൂട്ടി കൊണ്ടിരിക്കുന്നത്. സാര്‍ എന്റെ വേദനയൂറുന്ന ഈ അനുഭവം കേള്‍ക്കണം. പറ്റുമെങ്കില്‍ സമൂഹത്തെ ബോധ്യപ്പെടുത്തണം.'

'പറയൂ ഹമീദെ, കേള്‍ക്കട്ടെ'

ഞാന്‍ ഇരുപത്തി നാലാം വയസ്സില്‍ വിവാഹിതനായതാണ് സാര്‍. അന്ന് സര്‍ക്കാര്‍ സവ്വീസില്‍ കയറിയതേയുള്ളു. സാമ്പത്തികമായി അല്‍പം ബുദ്ധിമുട്ടുളള കുടുംബമാണ് ഞങ്ങളുടേതെന്ന് സാറിനറിയാമല്ലോ? സര്‍ക്കാര്‍ ജോലിയും, സാമാന്യം തരക്കേടില്ലാത്ത ശരീര പ്രകൃതിയും കണ്ടിട്ടാവണം നിരവധി വിവാഹലോചനകള്‍ വരാന്‍ തുടങ്ങി. പലതും നിരസിച്ചു. അവസാനം വീട്ടുകാരുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി വിവാഹത്തിനു സമ്മതിക്കേണ്ടി വന്നു.

എന്നെ സംബന്ധിച്ചു സാറിനറിയാമല്ലോ? സമൂഹത്തില്‍ കാണുന്ന നന്മകളെ അംഗീകരിക്കുകയും അന്ധമായ വിശ്വാസങ്ങളെ എതിര്‍ക്കുകയും ചെയ്യുക എന്നത് എന്റെ സ്വഭാവമായിരുന്നു. അവസാനമായി വന്ന വിവാഹാലോചന അനുയോജ്യമായതാണെന്ന് പലരും പറഞ്ഞു. സാമ്പത്തികമായി ഉയര്‍ന്ന നിലയിലൂളള കുടുംബമാണ്. പെണ്‍കുട്ടിക്ക് സാമാന്യ സൗന്ദര്യമുണ്ട്. ഈ രണ്ട് കാര്യങ്ങള്‍ മാത്രമെ എന്റെ കുടുംബക്കാര്‍ അന്വേഷിച്ചുളളു..

വിവാഹം ആഘോഷ പൂര്‍വ്വം നടത്തി. വിവാഹത്തില്‍ പങ്കെടുത്തവരൊക്കെ എന്നെ അനുമോദിച്ചു. നല്ല ബന്ധമാണ്, സമൂഹത്തില്‍ അറിയപ്പെടുന്ന കുടുംബമാണ് എന്നൊക്കെ പറയുന്നത് കേട്ടപ്പോള്‍ ഞാനും മനസ്സു നിറഞ്ഞു സന്തോഷിച്ചു.

ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണറിഞ്ഞത്. ഞാന്‍ വാങ്ങിച്ചു കൊടുക്കുന്ന ഡ്രസ്സുകളൊന്നും അവള്‍ക്കിഷ്ടമില്ലായെന്നും, അത്തരം ഡ്രസ്സുകള്‍ ധരിച്ചു പരിചയമില്ലായെന്നും മറ്റും. ഹാഫ് കൈ ബ്ലൌസ് പറ്റില്ല. സാരി പറ്റില്ല. അതിന്റെ പേരിലായിരുന്നു ഞങ്ങളുടെ ആദ്യ ഉടക്ക്. എന്റെ കടുംപിടുത്തം മൂലം ഡ്രസ്സ് പ്രശ്‌നം പരിഹരിച്ചു.

പിന്നിടാണറിഞ്ഞത് ആ കുടുംബത്തിലെ പെണ്‍കുട്ടികളൊന്നും നാലാം ക്ലാസിനപ്പുറം സ്‌കൂളില്‍ പഠിച്ചിട്ടില്ലായെന്ന്. അതോടെ എന്റെ സ്വപ്നങ്ങളെല്ലാം തകരാന്‍ തുടങ്ങി. അത് സാരമില്ല, എങ്ങനെയെങ്കിലും വായിക്കാനും പഠിക്കാനും ഉള്ള അവസരമുണ്ടാക്കിക്കൊടുത്താല്‍ പ്രശ്‌നം പരിഹരിക്കാമെന്നും ചിന്തിച്ചു.

പെണ്‍കുട്ടികള്‍ക്ക് വീടിന്റെ അകത്തളത്തില്‍ മാത്രം ഒതുങ്ങി ജീവിക്കാനെ അവകാശമുളളു. പുറത്തിറങ്ങാന്‍ അനുവാദമില്ല. ഭക്ഷണം പാകം ചെയ്യല്‍, കൃത്യമായി പ്രാര്‍ത്ഥന നടത്തല്‍, വീടും പരിസരവും വൃത്തിയാക്കല്‍ അതിനപ്പുറം ഒന്നും ആ വീട്ടിലെ പെണ്‍കുട്ടികള്‍ക്ക് അനുവദനീയമില്ല. അതുകൊണ്ടു തന്നെ ഞാന്‍ കെട്ടിയ പെണ്ണിനും ഇതല്ലേ വിധിച്ചിട്ടുണ്ടായിരുന്നുള്ളൂ.

എന്റെ ഉമ്മയും ബന്ധുക്കളും കുറച്ചുകൂടി വിദ്യാഭ്യാസവും, പുരോഗമന ചിന്താഗതിയും ഉള്ളവരാണ്. അക്കാലത്ത് ഞങ്ങള്‍ ആഴ്ചയില്‍ ഒരു സിനിമയെങ്കിലും കാണാന്‍ പോകും. അവളെയും സ്‌നിമയ്ക്ക് കൊണ്ടു പോയി. ജീവിതത്തിലെ അവളുടെ ആദ്യാനുഭവമാണിത്. നിര്‍ബ്ബന്ധപൂര്‍വ്വമാണ് വന്നത്. സിനിമ തുടങ്ങുന്നതിന് മുമ്പ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്ന ടൈറ്റിലുകളൊന്നും അവള്‍ക്ക് വായിക്കാന്‍ പറ്റുന്നില്ല. ഓരോ അക്ഷരം കൂട്ടിവായിക്കാന്‍ പോലും വിഷമിക്കുന്നു. അത് ക്രമേണ ശരിയാവുമെന്ന് ഞാന്‍ കരുതി.

അന്ന് ഞങ്ങളുടെ വിവാഹ ഫോട്ടോ എടുക്കാന്‍ ചെന്നത് നമ്മള്‍ തമ്മില്‍ കണ്ട സ്റ്റുഡിയോയിലായിരുന്നു. അന്ന് കളര്‍ ഫോട്ടോ നടപ്പിലാവാത്ത കാലമാണ്. പ്രസ്തുത വിവാഹ ഫോട്ടോ ഭംഗിയായി ഫ്രെയിം ചെയ്ത എന്റെ വീടിന്റെ ഉമ്മറത്ത് തൂക്കിയിട്ടു. ഒരു മാസത്തിനകം തന്നെ അവള്‍ അനുഭവിക്കാത്ത പലകാര്യങ്ങളും നടപ്പിലാക്കിക്കഴിഞ്ഞു.

സിനിമയ്ക്ക് പോകുന്നത്, ഫോട്ടോ എടുത്ത് വീടിനകത്ത് തൂക്കിയിട്ടത്, നാടകം കാണാന്‍ ചെന്നത് ഒക്കെ അവളുടെ വീട്ടുകാര്‍ അറിഞ്ഞു. അവര്‍ അരിശംകൊള്ളുകയായിരുന്നു. പണത്തിന്റെ പ്രൗഡി കാണിക്കാന്‍ അവര്‍ തയ്യാറായി. ഒരു ദിവസം രാവിലെ അവളുടെ ബാപ്പയും ബന്ധുക്കളും വിട്ടിലെത്തി. ഫോട്ടോയില്‍ നോക്കി അവര്‍ ആക്രോശിക്കുകയായിരുന്നു.

'അതെടുത്ത് ഉടനെ മാറ്റണം'

'ഇല്ല ഇതെന്റെ വീടാണ്. എന്റെയും ഭാര്യയുടെയും ഫോട്ടോയാണിത് മാറ്റാന്‍ സാധ്യമല്ല'

'മാറ്റാന്‍ സാധ്യമല്ലെങ്കില്‍ ഇപ്പോ പെണ്ണിന്റെ തലാഖ് തരണം'

അവളുടെ കാരണവരുടെ ആക്രോശമാണത്. ഒരഞ്ചു മിനുട്ട് കഴിഞ്ഞതേയുള്ളു. രണ്ട് മൂന്ന് വാഹനങ്ങളിലായി സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന കുറേപേര്‍ എത്തി. ബലമായി തലാഖ് പിടിച്ചു വാങ്ങി. വന്ന പെണ്ണുങ്ങള്‍ അവളെയും കൂട്ടി കാറില്‍ കയറി. അവള്‍ നിസ്സഹായയായി എന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ഞാന്‍ നിര്‍ന്നിമേഷനായി നിന്നു. ഞാനാകെ തളര്‍ന്നു പോയി. എനിക്കു ബോധം വന്നത് കുറേ കഴിഞ്ഞാണ്. ആ തൂക്കിയിട്ട ഫോട്ടോ എടുത്ത് ചില്ല് പൊട്ടിച്ച് ഫോട്ടോ കത്തിച്ചു കളഞ്ഞു. താമസിയതെ വിദ്യാഭ്യാസവും പുരോഗമന ചിന്തയുമുളള ഒരു കുടുംബത്തില്‍ നിന്ന് ഞാന്‍ വിവാഹം കഴിച്ചു. ഒരു മൊയ്‌ലാരുമായി അവളുടെ വിവാഹം നടന്നു എന്നറിഞ്ഞു.

യഥാര്‍ത്തത്തില്‍ അവള്‍ കുറ്റക്കാരിയല്ല. തികഞ്ഞ അന്ധവിശ്വസത്തിലധിഷ്ടിതമായ ജീവിതം നയിക്കുകയും നയിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്ത കുടുംബത്തിന്റെ തെറ്റാണ്. എന്നെ വേദനിപ്പിച്ച സംഭവം അതല്ല സാര്‍, 47ലെത്തിയ അവള്‍ കഴിഞ്ഞ മാസം കുഴഞ്ഞു വീണുമരിച്ചു. പത്രവാര്‍ത്ത അറിഞ്ഞ ഞാന്‍ വേവലാതിപ്പെട്ടു. പക്ഷേ അവിടേക്ക് ചെന്നില്ല. അടുത്ത ദിവസത്തെ പത്രത്തിലെ ചരമകോളം നോക്കി അവളുടെ മുഖം കണ്ടു. എനിക്കു കിട്ടിയ പത്രത്തിലെ അവളുടെ ഫോട്ടോ സാരിയും ബ്ലൗസും അണിഞ്ഞതായിരുന്നു. ആ ചിത്രം കണ്ടപ്പോള്‍ മനസ്സില്‍ ദുഖമുണ്ടെങ്കിലും എന്റെ ആഗ്രഹം പോലെ അവള്‍ ജീവിച്ചല്ലോ എന്ന സന്തോഷം.

പത്രത്തില്‍ നിന്ന് കട്ട് ചെയ്തടുത്ത ആ ഫോട്ടോയുമായാണ് സാര്‍ ഞാന്‍ സ്റ്റുഡിയോവില്‍ വന്നത്. ആ ഫോട്ടോ പ്രിന്റ് എടുത്ത് ഫ്രെയിം ചെയ്ത് എന്റെ മുറിയില്‍ തൂക്കിയിടാന്‍... എന്നിട്ടെങ്കിലും എനിക്ക് സന്തോഷിക്കാന്‍ എന്റെ ഭാര്യയും മക്കളും പ്രശ്‌നമാക്കില്ലായെന്ന് എനിക്കുറപ്പുണ്ട്.

'സാര്‍ പറയൂ ഞാന്‍ ചെയ്യുന്നത് തെറ്റാണോ?'

'മൂന്നാലു മാസം ഒന്നിച്ചു കഴിഞ്ഞ അവളോട് ഹമീദിന് സ്‌നേഹമുണ്ട് എന്ന് മനസ്സിലായി അവളുടെ ചിത്രം കണ്ടിട്ടെങ്കിലും മനസ്സിന് സന്തോഷമുണ്ടാവട്ടെ'...

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kookkanam-Rahman, Article, Teacher, Marriage, School, Life of uneducated and orthodox girls