Follow KVARTHA on Google news Follow Us!
ad

ജസീന്ത ആര്‍ഡേണ്‍, നിങ്ങള്‍ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുകയാണ്

ന്യൂസിലാന്റ് പ്രധാനമന്ത്രിയായ ജസീന്ത ആര്‍ഡേണാണ് ഇപ്പോള്‍ മാധ്യമങ്ങളിലെ ഹീറോയിന്‍. ഒരു പ്രധാനമന്ത്രി എങ്ങനെ ആവണം എന്നതിന്റെ New Zealand Prime Minister, Jacinda Ardern, Article, Anas Alangol, Jacinda ardern: A leader of hope
അനസ് ആലങ്കോള്‍

(www.kvartha.com 26.03.2019) ന്യൂസിലാന്റ് പ്രധാനമന്ത്രിയായ ജസീന്ത ആര്‍ഡേണാണ് ഇപ്പോള്‍ മാധ്യമങ്ങളിലെ ഹീറോയിന്‍. ഒരു പ്രധാനമന്ത്രി എങ്ങനെ ആവണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ജസീന്ത ആര്‍ഡേണ്‍. രാജ്യം ഒരു കൂട്ടക്കുരുതിയില്‍ തകര്‍ന്നിരിക്കുമ്പോള്‍ അവിടത്തെ ജനങ്ങളെ ഇത്രയധികം ചേര്‍ത്ത് നിര്‍ത്തിയ പ്രധാനമന്ത്രിയെ സമീപ ഭാവിയിലൊന്നും ലോകം ദര്‍ശിച്ചിട്ടില്ല. അല്‍ നൂര്‍ മസ്ജിദില്‍ നടന്ന അക്രമത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചത് ഹിജാബ് ധരിച്ചാണെന്ന വാര്‍ത്ത പുറത്തുവന്നത് മുതല്‍ ലോക ജനത ജസീന്തയെ ആദരവോടെയാണ് വീക്ഷിക്കുന്നത്.
New Zealand Prime Minister, Jacinda Ardern, Article, Anas Alangol, Jacinda Ardern: A leader of hope

ഭീകരാക്രമണം നടന്ന് ഒരാഴ്ച്ച പിന്നിടുമ്പോള്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ പള്ളിയുടെ സമീപം ഖുതുബ ശ്രവിക്കാനായി തടിച്ചുകൂടിയ 5000 ലധികം ആളുകളുടെ കൂടെ ജസീന്തയുമുണ്ടായിരുന്നു. മരിച്ചവരെ ആദരിക്കാന്‍ വേണ്ടി പര്‍ദ്ദയണിഞ്ഞാണ് അവര്‍ പളളി പരിസരത്തെത്തിയത്.

ഒരു രാജ്യത്തിന്റെ പരമോന്നത പദവിയില്‍ ഇരിക്കുമ്പോഴും നിങ്ങള്‍ കാണിക്കുന്ന വിനയം വല്ലാതെ അത്ഭുതപ്പെടുത്തുന്നു. ഇതാദ്യമായല്ല നിങ്ങള്‍ ലോകത്തെ അത്ഭുതപ്പെടുത്തുന്നത്. പ്രധാനമന്ത്രി പദത്തിലിരിക്കെ ഒരു പൊതു ആശുപത്രിയാണ് നിങ്ങള്‍ പ്രസവത്തിന് വേണ്ടി തെരെഞ്ഞെടുത്തത്. ആഢംബരങ്ങളും സൗകര്യങ്ങളുമുള്ള ആശുപത്രികളില്‍ പോവാത്തത് ഞാനും ഒരു സാധാരണ വ്യക്തിയാണെന്ന ബോധ്യം കൊണ്ടാവണം. കഴിഞ്ഞ വര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് ഉച്ചക്കോടിയില്‍ ജസീന്ത പങ്കെടുത്തത് ആദിവാസികളുടെ പരമ്പരാഗത വസ്ത്രം ധരിച്ചാണ്. ഞാന്‍ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി മാത്രമല്ല, ന്യൂനപക്ഷങ്ങളുടെ പോരാളി കൂടിയാണെന്ന് പ്രഖ്യാപ്പിക്കാനായിരുന്നു അത്.

ജസീന്ത പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ. പരസ്പരം രക്ഷയുണ്ടാവട്ടെ എന്നര്‍ത്ഥം വരുന്ന അസ്സലാമു അലൈക്കും എന്ന മുസ്ലീമീങ്ങള്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍ അഭിവാദ്യം അര്‍പ്പിക്കാറുള്ള വാചകത്തോടെയാണ് ജസീന്ത പ്രഭാഷണം ആരംഭിക്കുന്നത് തന്നെ. മരിച്ചവരെ സ്വന്തം കുടുംബത്തെ പോലെ കാണണമെന്ന് അവിടെയുള്ളവരോടുള്ള അപേക്ഷയാണ് പ്രഥമ വാചകം. ഞാനൊരിക്കലും അയാളുടെ പേര് പറയില്ല, കാരണം അയാള്‍ ലക്ഷ്യം വെച്ചത് കുപ്രസിദ്ധിയാണ്. നിങ്ങളും ഒരിക്കലും അക്രമിയുടെ പേര് പറയരുതെന്ന താക്കീതുണ്ട് അവരുടെ വാക്കുകളില്‍. നാം നഷ്ടപ്പെട്ടവരുടെ പേരാണ് ഓര്‍ക്കേണ്ടതെന്ന് ഓര്‍മ്മപ്പെടുത്തുന്നു. കൊന്നവനെ തള്ളിപ്പറഞ്ഞ് കൊല്ലപ്പെട്ടവരെ ചേര്‍ത്ത് പിടിക്കുകയാണിവര്‍.

ഹലോ ബ്രദര്‍ എന്ന് പറഞ്ഞ് അഭിവാദ്യം ചെയ്ത എഴുപതിയൊന്ന് വയസ്സുകാരനെ പരാമര്‍ശിക്കാനും ജസീന്ത മറന്നില്ല. കൊലയാളിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ച് കൊണ്ടിരിക്കെ മരണപ്പെട്ട പാകിസ്ഥാനുകാരനായ നയീം റഷീദിനെയും അവര്‍ പരാമര്‍ശിച്ചു. കൊലയാളിയെ സധൈര്യം എതിര്‍ത്ത അബ്ദുല്‍ അസീസിനെ അഭിനന്ദിക്കാനും അവര്‍ മറന്നില്ല. ഓരോ തവണയും മിസ്റ്റര്‍ സ്പീക്കറെന്ന് വിളിച്ച് പറയുന്ന കാര്യങ്ങളും ഒന്നിനൊന്ന് മനോഹരമാണ്.

മുതിര്‍ന്ന നേതാക്കളുടെ വാക്കുകളില്ലാത്ത ആത്മാര്‍ത്ഥതയും നിഷ്‌കളങ്കതയും മുപ്പതെട്ടുകാരിയില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. നിങ്ങളുടെ ദു:ഖമത്രയും ഞങ്ങള്‍ക്ക് മനസിലാവണമെന്നില്ല, എന്നാല്‍ എല്ലാ ഘട്ടത്തിലും നിങ്ങള്‍ക്കൊപ്പം നടക്കാന്‍ ഞങ്ങള്‍ക്കാവും. ഞങ്ങളത് ചെയ്യുമെന്ന അവരുടെ വാക്കുകള്‍ ലോകം ഏറെ ആവേശത്തോടെയാണ് കേട്ട് നിന്നത്. മരിച്ചവര്‍ക്ക് വേണ്ടി സ്മാരകങ്ങള്‍ പണിയുന്നത് കൊണ്ട് മാത്രം കാര്യമില്ലെന്നും അവര്‍ക്ക് വേണ്ടത് ആശ്വാസ വാക്കുകളാണെന്നും ലോകത്തോട് ജസീന്ത വിളിച്ച് പറഞ്ഞിരിക്കുന്നു.

അവിടത്തെ പ്രധാനമന്ത്രി മാത്രമല്ല, ആ നാട്ടുകാരും വല്ലാതെ അത്ഭുതപ്പെടുത്തുകയാണ്. രാജ്യത്തെ പ്രധാന പത്രങ്ങളില്‍ ഒന്നായ ദി പ്രസ് ഒരു പേജ് മുഴുവന്‍ രക്ഷയുണ്ടാവട്ടെ എന്ന പ്രാര്‍ത്ഥനയോടെ മരിച്ചവര്‍ക്ക് ആദരാജലികള്‍ അര്‍പ്പിച്ച് കൊണ്ടാണ് പുറത്തിറക്കിയത്. ക്രിക്കറ്റ് താരം തന്റെ ഫേസ്ബുക്ക് പേജില്‍ ദേശീയ ചിഹ്നത്തിന്റെ രൂപത്തില്‍ ആളുകള്‍ നിരയായി നിന്ന് നിസ്‌ക്കരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതും വിശുദ്ധ ഖുര്‍ആന്‍ പാരായണത്തോടെ പാര്‍ലമെന്റ് യോഗം ആരംഭിച്ചതുമെല്ലാം ന്യൂസിലാന്‍ഡിലെ നന്മയെയാണ് വിളിച്ചോതുന്നത്. വിഷപ്പാമ്പില്ലാത്ത രാജ്യം മാത്രമല്ല ന്യൂസിലാന്‍ഡ്, വിഷ മുക്തമായ മനസ്സുള്ളവരാണ് ന്യൂസിലാന്‍ഡുകാരെന്ന് നിങ്ങള്‍ ലോകത്തെ പഠിപ്പിച്ചു. അത് കൊണ്ട് തന്നെയല്ലേ ജുമുഅക്ക് മുമ്പുള്ള  ബാങ്ക് വിളി റേഡീയോയിലൂടെയും ചാനലുകളിലൂടെയും ബ്രോഡ്കാസ്റ്റ് ചെയ്തത്.

ജുമുഅ നിസ്‌ക്കാരത്തിന് വേണ്ടി ഒരുമിച്ച് കൂടിയ ന്യൂസിലാന്‍ഡുകാര്‍ പകര്‍ന്ന് നല്‍കുന്ന സന്ദേശവും ഊര്‍ജവും ചെറുതല്ല. കഴിഞ്ഞയാഴ്ച അക്രമണം നടന്ന സ്ഥലത്ത് ഈയാഴ്ചയും അക്രമണം നടന്ന ആധിയില്‍ അവരാരും മാറിനിന്നില്ല. അല്‍ നൂര്‍ മസ്ജിദിന്റെ മുറ്റത്ത് അന്യമതസ്ഥര്‍ അര്‍പ്പിച്ച പൂക്കള്‍ വിളിച്ചോതുന്നുണ്ട് ന്യൂസിലാന്‍ഡിലെ മത സാഹോദര്യത്തിന്റെ നിലനില്‍പ്പ്.

ഒരു വംശീയ വെറിയന്‍ കാട്ടിക്കൂട്ടിയ ക്രൂരകൃത്യത്തെ അതൊരു മാനസിക തകരാറുള്ള വ്യക്തി കാണിച്ച തമാശയാണെന്ന് പറഞ്ഞ് തള്ളാത്ത നിങ്ങളാണ് യഥാര്‍ത്ഥ നാട്ടുകാര്‍. അക്രമിക്കപ്പെട്ടത് മുസ്ലിം നാമധാരികളാണെങ്കില്‍ അരമനയില്‍ ആഘോഷിക്കുന്ന അധികാരികള്‍ വാഴുന്ന കാലത്താണ് ആരാധനാലയത്തിന്റെ അകത്ത് പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെട്ടിരുന്നവരെ അക്രമിച്ചിട്ട് പോലും നിങ്ങള്‍ അവരെ ആദരിക്കുന്നത്. ഒരു ശതമാനം വരുന്ന സമുദായത്തെ സഹോദര തുല്യരായി കാണാന്‍ നിങ്ങള്‍ കാണിച്ച ആവേശത്തിന് ആയിരം ലൈക്കുകള്‍ അര്‍പ്പിക്കുന്നു.

സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന അധികാരികള്‍ക്കിടയില്‍ ജസീന്തയെ പോലെയുള്ളവര്‍ അഭിമാനമാണ്. സ്വന്തം സമുദായത്തിന്റെ നിലനില്‍പ്പിന് വേണ്ടി വാദിക്കുന്ന അധികാരികള്‍ക്കിടയില്‍ നിങ്ങള്‍ വേറിട്ട വ്യക്തിത്വമാണ്. ന്യൂനപക്ഷങ്ങളെ നാട് കടത്തണമെന്ന് മുറവിളി കൂട്ടുന്ന ലോകത്ത് നിങ്ങളൊരു അത്ഭുതമാണ്. പേരിനും പ്രശസ്തിക്കും വേണ്ടി ജീവിക്കുന്ന ഭരണാധികാരികള്‍ക്ക് ജസീന്തയില്‍ മാതൃകയുണ്ട്. പേര് പറയാന്‍ പോലും പാടില്ലെന്ന് നിങ്ങള്‍ അഭ്യര്‍ത്ഥിച്ച കൊടുംഭീകരനിലേക്ക് പരമാവധി ശിക്ഷ വാങ്ങിച്ച് കൊടുക്കുമെന്ന വിശ്വാസത്തോടെ...

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Zealand Prime Minister, Jacinda Ardern, Article, Anas Alangol, Jacinda Ardern: A leader of hope