Follow KVARTHA on Google news Follow Us!
ad

പുന്നപ്ര- വയലാര്‍ വിപ്ലവ ഭൂമികയില്‍ ഇക്കുറി പോരാട്ടം കടുക്കും

ചരിത്രത്തിന്റെ സംഭരണപ്പുരകളില്‍ ഇതിഹാസങ്ങള്‍ എഴുതിച്ചേര്‍ത്ത പുന്നപ്ര-വയലാര്‍ രണധീരന്മാരുടെ ചോരവീണ് ചുവന്ന മണ്ണാണ് Alappuzha, News, Kerala, Election, Politics, Leaders, Lok Sabha
ആലപ്പുഴ: (www.kvartha.com 14.03.2019) ചരിത്രത്തിന്റെ സംഭരണപ്പുരകളില്‍ ഇതിഹാസങ്ങള്‍ എഴുതിച്ചേര്‍ത്ത പുന്നപ്ര-വയലാര്‍ രണധീരന്മാരുടെ ചോരവീണ് ചുവന്ന മണ്ണാണ് ആലപ്പുഴയുടേത്.അതു കൊണ്ട് തന്നെ ഇവിടുത്തെ മത്സരം കമ്മ്യൂണിസ്റ്റുകാര്‍ക്ക് എന്നും അഭിമാന പോരാട്ടമാണ്. ഇക്കുറിയും മത്സരത്തില്‍ തീപാറുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ജില്ലയുടെ തീരദേശത്ത് അറബിക്കടലുമായി അതിരിടുന്ന അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം എന്നീ ആറു മണ്ഡലങ്ങളും കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി നിയോജകമണ്ഡലവുമടങ്ങുന്നതാണ് ആലപ്പുഴ ലോക്സഭാ മണ്ഡലം.

ആറ് നിയമസഭ മണ്ഡലങ്ങളിലും എല്‍ഡിഎഫ് എംഎല്‍എമാരാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിധാനം ചെയ്യുന്ന ഹരിപ്പാട് മാത്രമാണ് യുഡിഎഫിന് സ്വന്തം. മറ്റൊരു ലോക്സഭ തിരഞ്ഞെടുപ്പിന് കൂടി കേളികൊട്ടുമ്പോള്‍ സിപിഎം ഗോദയിലിറക്കിയിരിക്കുന്നത് പൊതുപ്രവര്‍ത്തനം ആത്മാര്‍ഥതയോടെ സംശുദ്ധമായി കൈകാര്യം ചെയ്യുന്നവരുടെ പട്ടികയിലെ തിളക്കമാര്‍ന്ന വ്യക്തിത്വത്തിനുടമയായ സിപിഎം നേതാവും അരൂര്‍ എംഎല്‍എയുമായ എഎം ആരിഫിനെയാണ്. കഴിഞ്ഞ പത്തു വര്‍ഷക്കാലം മണ്ഡലത്തെ പ്രതിനിധീകരിച്ച എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തന്റെ ഭാരിച്ച സംഘടനാ ചുമതലകള്‍ കണക്കിലെടുത്ത് ഇത്തവണ മത്സര രംഗത്തിനില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു.

Election at  Punnapra-Vayalar, Alappuzha, News, Kerala, Election, Politics, Leaders, Lok Sabha

പകരം ആരാകും സ്ഥാനാര്‍ഥി? മുന്‍ മന്ത്രി അടൂര്‍ പ്രകാശ്, മുന്‍ എംഎല്‍എമാരായ പി സി വിഷ്ണുനാഥ്, എ എ ഷുക്കൂര്‍, വനിതാ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍, ഡിസിസി പ്രസിഡന്റിന്റെ എം ലിജു തുടങ്ങി മുന്‍ കെപിസിസി അധ്യക്ഷന്‍ കെ മുരളീധരന്റെ വരെ പേരുകള്‍ അവസാന ലാപ്പില്‍ പറഞ്ഞു കേള്‍ക്കുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍, പാര്‍ട്ടിയുടെ ഡോക്ടേഴ്സ് സെല്ലിന്റെ സംസ്ഥാന കണ്‍വീനര്‍ ഡോ. പി ബിജു, അഭിഭാഷകനായ അജിത്ത് ശങ്കര്‍ എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം.

റാട്ടിന്റെ സംഗീതം കേട്ടുണരുന്ന സംസ്ഥാനത്തെ പ്രധാനപ്പെട്ട പരമ്പരാഗത വ്യവസായങ്ങളിലൊന്നായ കയറിന്റെ ഈറ്റില്ലമാണ് ആലപ്പുഴ. ഒപ്പം ദൈവത്തിന്റെ സ്വന്തം നാട്ടിലെ സഞ്ചാരികളുടെ സ്വര്‍ഗമെന്ന വിളിപ്പേരും ആലപ്പുഴയ്ക്ക് സ്വന്തം. ഇവിടെയും തിരഞ്ഞെടുപ്പിലെ മുഖ്യചര്‍ച്ചാ വിഷയം വികസനം തന്നെ. റെയില്‍വേ വികസനം, ദേശീയപാത, ബൈപ്പാസ്, കാര്‍ഷിക മേഖല, കയര്‍, വിനോദസഞ്ചാരം തുടങ്ങിയ മുഖ്യ വിഷയങ്ങളില്‍ എംപി എന്ന നിലയില്‍ കെ സി വേണു ഗോപാല്‍ നടത്തിയ ഇടപെടലുകള്‍ യുഡിഎഫും സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ജില്ലയിലെ മൂന്നു മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക്ക്, ജി സുധാകരന്‍, പി തിലോത്തമന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയ്ക്കുണ്ടായ നേട്ടങ്ങള്‍ അക്കമിട്ടു നിരത്തി പരസ്പരം കൊമ്പു കോര്‍ക്കുമ്പോള്‍ മോദി സര്‍ക്കാരിന്റെ നേട്ടങ്ങളുമായി ബിജെപിയും രംഗത്തുണ്ട്.

1957 വരെ മണ്ഡലത്തിന്റെ പേര് അമ്പലപ്പുഴ എന്നായിരുന്നു. ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ പി ടി പുന്നൂസ് 76,380 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിലെ എ പി ഉദയഭാനുവിനെ തോല്‍പ്പിച്ചു. രണ്ടാം ലോക്സഭാ തിരഞ്ഞെടുപ്പിലും പി ടി പുന്നൂസിനു തന്നെ ജയം 1962ല്‍ പി കെ വാസുദേവന്‍ നായരും, 1967ല്‍ സുശീലാ ഗോപാലനും ജയിച്ചു. 1977ല്‍ ആണ് ആലപ്പുഴ എന്ന പേരിലേക്ക് മണ്ഡലം മാറുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 1.95 ശതമാനം വ്യത്യസത്തിലാണ് യുഡിഎഫിലെ കെ സി വേണുഗോപാല്‍ എല്‍ഡിഎഫിലെ സി ബി ചന്ദ്രബാബുവിനെ പരാജയപ്പെടുത്തിയത്. 19,407വോട്ടിന്റെ ഭൂരിപക്ഷം 4,62,525 (46.37 ശതമാനം) വോട്ടു ലഭിച്ചപ്പോള്‍, ചന്ദ്രബാബുവിന് 4,43,118 (44.42 ശതമാനം) വോട്ട് ലഭിച്ചു.

എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച എ.വി താമരാക്ഷനു 43,051 വോട്ടു മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലെ പോലെ ആലപ്പുഴയിലും എല്‍ഡിഎഫ് തരംഗം ദൃശ്യമായി. അരൂരില്‍ എ എം ആരിഫ് 38,519 വോട്ടിനും, ചേര്‍ത്തലയില്‍ പി തിലോത്തമന്‍ 7,196 വോട്ടിനും, ആലപ്പുഴയില്‍ ഡോ. ടി എം തോമസ് ഐസക്ക് 31,032 വോട്ടിനും, അമ്പലപ്പുഴയില്‍ ജി സുധാകരന്‍ 22,621 വോട്ടിനും, കായംകുളത്ത് യു പ്രതിഭ 11,857 വോട്ടിനും, കരുനാഗപ്പള്ളിയില്‍ ആര്‍ രാമചന്ദ്രന്‍ 1759 വോട്ടിനും ജയിച്ചു. രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട് മാത്രം 18,621 വോട്ടിന് യുഡിഎഫ് വിജയിച്ചു.

ഏഴു മണ്ഡലങ്ങളില്‍ നിന്ന് എല്‍ഡിഎഫ് 5,12,414 വോട്ട് നേടിയപ്പോള്‍ യുഡിഎഫിന് ലഭിച്ചത് 4,18,051 വോട്ട്. 2016 ലെ കണക്കുകള്‍ പ്രകാരം 94,363 വോട്ടിന്റെ മേല്‍ക്കൈ എല്‍ഡിഎഫിനുണ്ട്. തുടര്‍ന്ന് നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫ് മേല്‍ക്കൈ നിലനിര്‍ത്തി. 2014ല്‍ ആകെയുണ്ടായിരുന്ന 12,61,739 വോട്ടര്‍മാരില്‍ 9,95,009 പേരാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്. 78.86 ശതമാനം ആയിരുന്നു പോളിംഗ്. ഇത്തവണ ജനുവരി മുപ്പതിന്റെ കണക്കു പ്രകാരം 6,33,371 പുരുഷന്മാരും, 6,81,164 സ്ത്രീകളുമുള്‍പ്പെട്ട 13,14,535 വോട്ടര്‍മാരാണ് മണ്ഡലത്തിലുളളത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ പട്ടികയിലില്ല.

Keywords: Election at  Punnapra-Vayalar, Alappuzha, News, Kerala, Election, Politics, Leaders, Lok Sabha.