Follow KVARTHA on Google news Follow Us!
ad

പിണറായിക്ക് നിര്‍ണായകമാകുന്ന ലാവ്‌ലിന്‍ കേസിലെ അന്തിമവാദം ഏപ്രില്‍ അവസാനം

മുഖ്യമന്ത്രി പിണറായി വിജയന് ഏറെ നിര്‍ണായകമാകുന്ന ലാവ്‌ലിന്‍ കേസില്‍ New Delhi, News, Politics, Trending, Chief Minister, Pinarayi vijayan, CBI, Supreme Court of India, Lavalin-case, National,
ന്യൂഡല്‍ഹി: (www.kvartha.com 22.02.2019) മുഖ്യമന്ത്രി പിണറായി വിജയന് ഏറെ നിര്‍ണായകമാകുന്ന ലാവ്‌ലിന്‍ കേസില്‍ സുപ്രീംകോടതി ഏപ്രില്‍ മാസത്തില്‍ അന്തിമവാദം കേള്‍ക്കും. മുഖ്യമന്ത്രി പിണറായി വിജയനടക്കം മൂന്നു പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടി റദ്ദുചെയ്യണമെന്ന സിബിഐയുടെ ഹര്‍ജിയും കേസില്‍നിന്ന് ഒഴിവാക്കണമെന്ന മൂന്ന് കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരുടെ ആവശ്യവുമാണു കോടതി പരിഗണിക്കുന്നത്.

വെള്ളിയാഴ്ച കേസ് കോടതിയുടെ പരിഗണനയ്‌ക്കെത്തിയപ്പോള്‍ സിബിഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത വിശദമായി വാദം കേള്‍ക്കണമെന്ന ആവശ്യം ഉന്നയിക്കുകയായിരുന്നു. ലാവ്‌ലിന്‍ കേസ് ബൃഹത്താണെന്നും വിശദമായ വാദം ആവശ്യമുണ്ടെന്നുമായിരുന്നു തുഷാര്‍ മെഹ്ത കോടതിയെ അറിയിച്ചത്.

SC Final Hearing in SNC Lavalin Case Involving Kerala CM, New Delhi, News, Politics, Trending, Chief Minister, Pinarayi vijayan, CBI, Supreme Court of India, Lavalin-case, National

സുപ്രീംകോടതി വിശദമായ വാദം കേള്‍ക്കുന്ന ചൊവ്വാഴ്ച മുതല്‍ വ്യാഴം വരെയുള്ള ഏതെങ്കിലും ദിവസം കേസ് പരിഗണിക്കണമെന്നായിരുന്നു തുഷാര്‍ മെഹ്തയുടെ ആവശ്യം. തുടര്‍ന്നാണ് ഏപ്രില്‍ ആദ്യവാരമോ രണ്ടാംവാരമോ അന്തിമവാദം കേള്‍ക്കാനുള്ള തീയതി നിശ്ചയിക്കാമെന്ന് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായുള്ള ബെഞ്ച് തീരുമാനമറിയിച്ചത്. മാര്‍ച്ച് മാസത്തില്‍ ഹോളി പ്രമാണിച്ച് നീണ്ട അവധിയുള്ളതിനാല്‍ വാദം കേള്‍ക്കുന്നത് നീട്ടി വെയ്ക്കണമെന്ന് പിണറായി വിജയന് വേണ്ടി ഹാജരായ അഭിഭാഷകനും ആവശ്യപ്പെട്ടു.

ലാവ്‌നിന്‍ കേസിലെ എല്ലാ ഹര്‍ജികളും സുപ്രീം കോടതി ഏപ്രിലില്‍ ഒന്നിച്ചു പരിഗണിക്കും. കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

കൂട്ടുപ്രതികളും കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരുമായ ആര്‍.ശിവദാസ്, കസ്തൂരിരംഗ അയ്യര്‍, കെ.ജി.രാജശേഖരന്‍ എന്നിവരാണു കേസില്‍നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ടു സുപ്രീംകോടതിയെ സമീപിച്ചത്. ഇതിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലിലും സുപ്രീംകോടതി വാദം കേള്‍ക്കും.

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ടാണു കേസ്. കരാര്‍ ലാവ്‌ലിനു നല്‍കാന്‍ പ്രത്യേക താല്‍പര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ആരോപണമുണ്ട്.

എന്നാല്‍, ലാവ്‌ലിന്‍ കേസില്‍ ഗൂഢാലോചനയുടെ വശം പരിശോധിക്കാതെയാണു പിണറായി വിജയനുള്‍പ്പെടെ മൂന്നു പേരെ ഹൈക്കോടതി തിരഞ്ഞുപിടിച്ച് ഒഴിവാക്കിയതെന്നു സിബിഐ ആരോപിക്കുന്നു. കേസില്‍ കെ.മോഹനചന്ദ്രന്‍, പിണറായി വിജയന്‍, എ.ഫ്രാന്‍സിസ് എന്നിവരുടെ പങ്കിനു മതിയായ തെളിവുകളുണ്ട്. പ്രഥമദൃഷ്ട്യാ ഗൂഢാലോചനയ്ക്കും തെളിവുണ്ട്. അതു വിചാരണഘട്ടത്തില്‍ മാത്രമേ വ്യക്തമാകുകയുള്ളൂ.

തെളിവുണ്ടെന്നു വിലയിരുത്തിയശേഷം, ഗൂഢാലോചനയുടെ വശം പരിശോധിക്കാതെയാണു മറ്റു മൂന്നു പ്രതികളെ ഒഴിവാക്കിയത്. ഇത്തരമൊരു നടപടി നിയമപരമായി അനുവദനീയമല്ല. കേസില്‍ നിയമവശമാണു ഹൈക്കോടതി പരിശോധിക്കേണ്ടിയിരുന്നത്. എന്നാല്‍, കുറ്റപത്രത്തില്‍ പിഴവുകള്‍ കണ്ടെത്താനാണു ശ്രമിച്ചത്. ചില കാര്യങ്ങള്‍ വിചാരണയില്‍ മാത്രം പരിശോധിക്കണമെന്നു തീരുമാനിച്ച ഹൈക്കോടതിതന്നെ മൂന്നു പ്രതികളെ വിചാരണയില്‍നിന്ന് ഒഴിവാക്കി.

റിവിഷനല്‍ കോടതിയായി പ്രവര്‍ത്തിച്ച ഹൈക്കോടതി വസ്തുതാപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുക വഴി വിചാരണക്കോടതിയുടെ അധികാരം കവര്‍ന്നെടുത്തു. അന്വേഷണത്തില്‍ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണു കുറ്റപത്രം തയാറാക്കുന്നത്. എന്നാല്‍, ചിലരെ തിരഞ്ഞുപിടിച്ചു കേസിലുള്‍പ്പെടുത്തുന്ന രീതിയാണ് അന്വേഷണ ഏജന്‍സിയുടേതെന്നാണു ഹൈക്കോടതിയുടെ കണ്ടെത്തല്‍.

വസ്തുതാപരമായി തെളിവുകളുണ്ടായിട്ടും ചിലരെ തിരഞ്ഞുപിടിച്ച് ഒഴിവാക്കുകയാണു ഹൈക്കോടതി ചെയ്തത്. കുറ്റാരോപിതര്‍ക്കെതിരെ നടപടി തുടരാന്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടോയെന്നു പരിശോധിക്കുന്നതിനു പകരം, തെളിവത്രയും പരിശോധിച്ചു കേസ് തീര്‍പ്പാക്കുകയാണു ഹൈക്കോടതിയും വിചാരണക്കോടതിയും ചെയ്തത്.

ആരോപണം സംബന്ധിച്ച വസ്തുതാപരമായ വശങ്ങള്‍ വിചാരണഘട്ടത്തില്‍ പരിശോധിക്കേണ്ടതാണെന്നും തലശ്ശേരി കാന്‍സര്‍ സെന്റര്‍ എന്നതു കാനഡ സന്ദര്‍ശനത്തില്‍ പിണറായി മുന്നോട്ടുവച്ച ആശയമാണെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നുണ്ട്. പിണറായി, മോഹനചന്ദ്രന്‍, ഫ്രാന്‍സിസ് എന്നിവരെ ഒഴിവാക്കിയ ഹൈക്കോടതി നടപടി തെറ്റാണ്. കാരണം, ലാവ്‌ലിന്‍ കമ്പനിക്കു തന്റെ മുന്‍ഗാമിയുടെ കാലത്തു നല്‍കിയ കണ്‍സള്‍ട്ടന്‍സി കരാര്‍ വിതരണക്കരാറാക്കി മാറ്റാനുള്ള നിര്‍ണായക തീരുമാനം പിണറായിയുടെ താല്‍പര്യാര്‍ഥമായിരുന്നു.

പിണറായി മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹവും മറ്റു പ്രതികളും ലാവ്‌ലിന്റെ അതിഥിയായി കാനഡ സന്ദര്‍ശിച്ചപ്പോള്‍, വിതരണക്കരാര്‍ ഒപ്പുവയ്ക്കാന്‍ പിണറായി തീരുമാനിച്ചെന്ന വസ്തുത ഹൈക്കോടതി പരിഗണിച്ചില്ല. ഒഴിവാക്കപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ ആരോപിക്കുന്ന കുറ്റങ്ങളുമായി ബന്ധപ്പെട്ട വസ്തുതകള്‍ വിടുതല്‍ ഹര്‍ജി പരിഗണിക്കുമ്പോള്‍ തീരുമാനിക്കാനാവില്ലെന്നു ഹൈക്കോടതി പറഞ്ഞതാണ്. എന്നിട്ടാണു മൂന്നുപേരെ വിചാരണ ചെയ്യാനും മൂന്നുപേരെ ഒഴിവാക്കാനുമുള്ള തീരുമാനം ശരിവച്ചത് എന്നും സിബിഐ ചൂണ്ടിക്കാട്ടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: SC Final Hearing in SNC Lavalin Case Involving Kerala CM, New Delhi, News, Politics, Trending, Chief Minister, Pinarayi vijayan, CBI, Supreme Court of India, Lavalin-case, National.