Follow KVARTHA on Google news Follow Us!
ad

എക്കല്‍ കയറി കനാല്‍ അടഞ്ഞു, നീരൊഴുക്ക് നിലച്ചു; മുളക്കുഴ പൂക്കച്ചാല്‍ പാടശേഖരം കരിഞ്ഞുണങ്ങുന്നു

എക്കലും മണ്ണും കാടും കയറി സബ് കനാലിന്റെ പൈപ്പ് മുഖംNews, Farmers, Drinking Water, Allegation, Kerala,
ചെങ്ങന്നൂര്‍: (www.kvartha.com 14.02.2019) എക്കലും മണ്ണും കാടും കയറി സബ് കനാലിന്റെ പൈപ്പ് മുഖം അടഞ്ഞു. മുളക്കുഴ പഞ്ചായത്തിലെ പാടശേഖരങ്ങളില്‍ ഏക്കറുകണക്കിന് വരുന്ന പ്രദേശത്തെ നെല്‍കൃഷി വെളളം കിട്ടാതെ കരിഞ്ഞുണങ്ങുന്നു. കനാല്‍വെളളം നിലച്ചതോടെ മുളക്കുഴ പഞ്ചായത്തിന്റെ മിക്കഭാഗങ്ങളിലും കുടിവെളള ക്ഷാമവും രൂക്ഷമായി.

പി.ഐ.പി കനാലില്‍ മുളക്കുഴയില്‍ നിന്നും കൊഴുവല്ലൂര്‍ ഭാഗത്തേക്കുളള സബ് കനാലിന്റെ പളളിപ്പടി മുതല്‍ പാറക്കരവരെ പൈപ്പിലൂടെയാണ് ജലം കടന്നുപോകുന്നത്. പളളിപ്പടി ഭാഗത്തെ പൈപ്പ് മുഖത്ത് കനാല്‍ ജലത്തിലൂടെ ഒഴുകിയെത്തിയ എക്കലും ചെളിയും മാലിന്യങ്ങളും അടിഞ്ഞുകൂടിയാണ് നീരൊഴുക്ക് നിലച്ച് പാടശേഖരങ്ങളിലും പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും ജലദൗര്‍ലഭ്യം രൂക്ഷമായത്. ഇതോടെ മുളക്കുഴ പഞ്ചായത്തിലെ കാരയ്ക്കാട് വാഴപ്പളളിമുട്ടേല്‍ നാല്പത് ഏക്കറോളം വരുന്ന പൂക്കച്ചാലിലെ പാതിവളര്‍ച്ചയെത്തിയ നെല്‍കൃഷി കരിഞ്ഞുണങ്ങാന്‍ തുടങ്ങി.

Mulakuzha Pookkachal farming is very difficult, News, Farmers, Drinking Water, Allegation, Kerala

വര്‍ഷങ്ങളായി തരിശുകിടന്ന പാടശേഖരം എം.എല്‍.എ സജിചെറിയാന്റെ നിര്‍ദേശപ്രകാരം തരിശ് രഹിത മണ്ഡലം ആക്കുന്നതിന് സമൃദ്ധി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കൃഷി ഇറക്കിയത്. പാടശേഖര സമിതിയുടെ ആഭിമുഖ്യത്തില്‍ വിത്ത് വിതക്കലിന്റെ ഉദ്ഘാടനവും അദ്ദേഹം തന്നെയാണ് നടത്തിയത്. തുടര്‍ന്ന് കര്‍ഷകര്‍ ആവേശത്തോടെയാണ് കൃഷി ആരംഭിച്ചത്.

ബാങ്കില്‍ നിന്നും ലോണെടുത്തും കടംവാങ്ങിയും കനാല്‍ ജലത്തിനെ ആശ്രയിച്ച് കൃഷി ഉറക്കിയ ഇവര്‍ ജലം കിട്ടാതായതോടെ എന്തുചെയ്യണമെന്നറിയാതെ വിഷമവൃത്തത്തിലായി. ചാക്കപാടത്തിനുപുറമെ കനാല്‍ ജലമെത്തിച്ച് കൃഷിനടത്തുന്ന നൂറ് ഏക്കറോളം വരുന്ന കൊഴുവല്ലൂര്‍ പാടശേഖരത്തിലെ നെല്‍ കൃഷിയും സമാനമായ പ്രതിസന്ധി നേരിടുകയാണ്.

ഈ പാടശേഖരങ്ങളില്‍ ഉടന്‍തന്നെ വെളളമെത്തിച്ചില്ലെങ്കില്‍ പ്രളയശേഷം ആരംഭിച്ച നെല്‍കൃഷി പാതിവഴിയില്‍ നെല്‍കര്‍ഷകര്‍ക്ക് ഉപേക്ഷിക്കേണ്ടി വരുമെന്ന് മാത്രമല്ല ഇത് ഇവരെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കും എത്തിക്കും.

ജലം ലഭ്യമല്ലാതായാല്‍ കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്ന് പാടശേഖര സമിതി സെക്രട്ടറി അഭിലാഷ് പഞ്ചവടി പറഞ്ഞു. ഇരുപത് വര്‍ഷമായി തരിശുകിടന്ന ഈ പാടം കൃഷിയോഗ്യമാക്കിയത് ഭഗീരഥപ്രയത്‌നം നടത്തിയാണ്. മനുഷ്യ പ്രയത്‌നത്തിനുപുറമെ യന്ത്ര സഹായവും ഇതിനായി വേണ്ടിവന്നു. ഇക്കാരണത്താല്‍ നിലമൊരുക്കുന്നതിന് ഭാരിച്ച തുകയാണ് ചെലവായത്. കനാല്‍ ജലം കിട്ടാതായതോടെ പാടശേഖരത്തെ നെല്‍ച്ചെടികള്‍ പഴുക്കുകയും കരിഞ്ഞുണങ്ങുകയും ചെയ്യുന്നു.

ബന്ധപ്പെട്ടവര്‍ പാടശേഖരത്തില്‍ അടിയന്തിരപ്രാധാന്യത്തോടെ ജലം എത്തിച്ചില്ലെങ്കില്‍ നെല്‍കൃഷി ഉപേക്ഷിക്കേണ്ടിവരും. പാതിവളര്‍ച്ചയെത്തിയ നെല്‍ച്ചെടികള്‍ കതിരണിയാന്‍ ആരംഭിക്കുന്ന സമയമാണ്. വെളളംകിട്ടിയില്ലെങ്കില്‍ നെല്‍കതിരുകള്‍ പതിരായി മാറും.

പൂക്കാച്ചല്‍ പാടശേഖരത്തില്‍ ജലം ലഭ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കും. ഇതിനായി താല്‍ക്കാലികമായി പമ്പ് സെറ്റ് നല്‍കും. പാടശേഖരത്തിലേക്ക് ജലമെത്തിക്കുന്നതിനുളള തോടുകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ചിട്ടുണ്ട്.

പി.ഐ.പി സബ് കനാലില്‍ നിന്നുമുളള ജലസേചന സംവിധാനം കാര്യക്ഷമമല്ല. ഇക്കാരണത്താല്‍ ഗ്രാമപഞ്ചായത്തിലെ കൃഷിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ജലസേചന സൗകര്യം ഉള്‍പ്പടെ ഗ്രാമപഞ്ചായത്തിലെ കൃഷി വ്യാപിപ്പിക്കുന്നതിന് വിശദമായ പദ്ധതി തയ്യാറാക്കിവരികയാണെന്നും മുളക്കുഴ കൃഷി ഓഫീസര്‍ ആര്യനാഥ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mulakuzha Pookkachal farming is very difficult, News, Farmers, Drinking Water, Allegation, Kerala.