Follow KVARTHA on Google news Follow Us!
ad

പാലക്കാട് പിടിക്കാന്‍ കച്ചകെട്ടി കോണ്‍ഗ്രസ്; ഡിസിസി പ്രസിഡന്റിന്റെ പദയാത്രയ്ക്ക് വന്‍ ജനപങ്കാളിത്തം; ജയ്‌ഹോ പര്യടനം തുടരുന്നു

ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ നയിക്കുന്ന ജില്ലാ പദയാത്രയ്ക്ക് വന്‍ ജനപങ്കാളിത്തം. ജയ് ഹോ എന്ന പേരില്‍ നടത്തുന്ന Palakkad, Kerala, DCC, News, Election, Jai Ho, Padayatra, LS Polls: March started by Palakkad DCC
പാലക്കാട്: (www.kvartha.com 21.02.2019) ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ നയിക്കുന്ന ജില്ലാ പദയാത്രയ്ക്ക് വന്‍ ജനപങ്കാളിത്തം. ജയ് ഹോ എന്ന പേരില്‍ നടത്തുന്ന പദയാത്ര മൂന്നാം ദിവസം പര്യടനം തുടരുന്നു. പദയാത്രയില്‍ സ്ത്രീകളടക്കമുള്ളവരുടെ ജനപങ്കാളിത്തം കൂടുന്നത് പാര്‍ട്ടിപ്രവര്‍ത്തകരെ ആവേശഭരിതമാക്കുന്നുണ്ട്. മൂന്നാം ദിവസത്തെ ആദ്യ സമ്മേളനം പൊല്‍പ്പുള്ളിയില്‍ പാലക്കാട് മുന്‍ എംപി വി എസ് വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു.
Palakkad, Kerala, DCC, News, Election, Jai Ho, Padayatra, LS Polls: March started by Palakkad DCC

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ പദയാത്ര സംഘടിപ്പിക്കുന്നത്. കൊഴിഞ്ഞാമ്പാറയില്‍ നിന്ന് ആരംഭിച്ച പദയാത്ര കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ഉദ്ഘാടനം ചെയ്തത്.

അഞ്ച് ദിവസങ്ങളിലായി ജില്ലയിലെ 88 പഞ്ചായത്തുകളും ഏഴ് നഗരസഭകളും താണ്ടി 361 കിലോമീറ്റര്‍ സഞ്ചരിച്ച് മാര്‍ച്ച് 14ന് യാത്ര പാലക്കാട് ടൗണില്‍ സമാപിക്കും. സമാപനസമ്മേളനത്തോടനുബന്ധിച്ച് പാലക്കാട്ട് റാലിയും പൊതുസമ്മേളനവും നടത്തും. ജനുവരിയില്‍ പദയാത്ര നടത്തുവാനാണു നേരത്തെ ഡിസിസി തീരുമാനിച്ചത്. എന്നാല്‍ കെപിസിസിയുടെ ജനമഹായാത്രയെ തുടര്‍ന്നാണ് പദയാത്ര മാറ്റിയത്.

42 വര്‍ഷങ്ങള്‍ക്കുശേഷമാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പദയാത്ര നടത്തുന്നത്. 1977ല്‍ അന്നത്തെ ഡിസിസി പ്രസിഡന്റ് പി ബാലനാണ് ഇതിനു മുമ്പ് ജില്ല മുഴുവന്‍ പദയാത്ര നടത്തിയത്. കമ്മ്യൂണിസ്റ്റ് ആഭിമുഖ്യം ശക്തമായുണ്ടായിരുന്ന പാലക്കാട് ജില്ലയെ ഇളക്കിമറിക്കാന്‍ ആ പദയാത്ര കൊണ്ട് സാധിച്ചുവെന്ന് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നു.

അതേസമയം പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പാലക്കാട് ലോക്‌സഭാ സീറ്റില്‍ മത്സരരംഗത്തിറങ്ങാന്‍ തയ്യാറാണെന്നും എന്നാല്‍, സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ കെപിസിസി സ്ഥാനാര്‍ഥിനിര്‍ണയ സമിതിയുടെയും ഹൈക്കമാന്‍ഡിന്റെയും തീരുമാനമാണ് അന്തിമമെന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞിരുന്നു. പാലക്കാട് യുഡിഎഫിനുവേണ്ടി പരമ്പരാഗതമായി കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റാണെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ ജില്ലയില്‍ വന്‍ ചലനമുണ്ടാക്കാന്‍ പദയാത്രക്കായി എന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നേതൃത്വം. ഗ്രൂപ്പ് വ്യത്യാസം മറികടന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠനു പിന്നാലെ അണിനിരന്നതോടെ സിപിഎം നേതൃത്വവും അങ്കലാപ്പിലാണെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിലയിരുത്തല്‍.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ എം ബി രാജേഷ് വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് പാലക്കാട്. അന്ന് എംപി വീരേന്ദ്രകുമാറായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. വീരേന്ദ്രകുമാറിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അന്ന് വലിയ എതിര്‍പ്പുണ്ടായിരുന്നു. ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്തു. തനിക്ക് വേണ്ട സഹകരണം ലഭ്യമായില്ല എന്ന് വീരേന്ദ്രകുമാര്‍ തോല്‍വിക്ക് ശേഷം പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

ഇത്തവണ ശ്രീകണ്ഠന്‍ സ്ഥാനാര്‍ഥിയായാല്‍ കഴിഞ്ഞതവണ എം ബി രാജേഷ് അനായാസവിജയം കൊയ്ത പാലക്കാട്ട് കടുത്ത മത്സരമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Palakkad, Kerala, DCC, News, Election, Jai Ho, Padayatra, LS Polls: March started by Palakkad DCC