Follow KVARTHA on Google news Follow Us!
ad

ശബരിമല യുവതീപ്രവേശന വിധി പുന:പരിശോധിക്കേണ്ടതില്ല; തുല്യതയാണു വിധിയുടെ അടിസ്ഥാനം തൊട്ടുകൂടായ്മ അല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ശബരിമല യുവതീപ്രവേശനം സംബന്ധിച്ച വിധി പുനഃപരിശോധിക്കേണ്ടതില്ലെന്നു New Delhi, News, Trending, Religion, Sabarimala, Sabarimala Temple, Supreme Court of India, Women, National,
ന്യൂഡല്‍ഹി: (www.kvartha.com 06.02.2019) ശബരിമല യുവതീപ്രവേശനം സംബന്ധിച്ച വിധി പുനഃപരിശോധിക്കേണ്ടതില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. തുല്യതയാണു വിധിയുടെ അടിസ്ഥാനമെന്നും തൊട്ടുകൂടായ്മ അല്ലെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത പറഞ്ഞു. തന്ത്രിയുടെ വാദം വ്യാഖ്യാനം മാത്രമാണ്. അതു പുനഃപരിശോധനയ്ക്ക് തക്ക കാരണമല്ല. വാദം കേട്ടില്ലെന്നതും കാരണമായി ചൂണ്ടിക്കാട്ടാനാവില്ലെന്നും ജയ്ദീപ് ഗുപ്ത വാദിച്ചു.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ വാദം തുടങ്ങിയപ്പോള്‍ എന്താണു വിധിയിലെ പിഴവെന്നു വിശദീകരിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആവശ്യപ്പെട്ടു. എന്‍എസ്എസിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ. പരാശരനാണ് വാദം ആരംഭിച്ചത്.

Four months after landmark verdict, Supreme Court begins hearing on Sabarimala review petitions, New Delhi, News, Trending, Religion, Sabarimala, Sabarimala Temple, Supreme Court of India, Women, National.

ഭരണഘടനയുടെ 15, 17, 25 അനുച്‌ഛേദങ്ങള്‍ തമ്മിലുള്ള ബന്ധം വിലയിരുത്തിയതില്‍ കോടതിക്കു പിഴച്ചുവെന്ന് എന്‍എസ്എസിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ. പരാശരന്‍ അറിയിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ റോഹിന്റന്‍ നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണു ഹര്‍ജികള്‍ പരിഗണിക്കുന്നത്.

ഭരണഘടനയുടെ 15-ാം അനുച്‌ഛേദം പ്രകാരം ക്ഷേത്രങ്ങളെ പൊതു ഇടം ആക്കി തുറന്നു കൊടുക്കുന്നത് ശരിയല്ലെന്ന് പരാശരന്‍ വാദിച്ചു. ഇതു പ്രകാരം ക്ഷേത്രത്തിലെ ആചാരങ്ങള്‍ മാറ്റുന്നത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. 15(2)ാം അനുച്‌ഛേദം ആരാധനാകേന്ദ്രങ്ങളെ ഒഴിവാക്കിയിട്ടുണ്ടെന്ന നിര്‍ണായക വസ്തുത സുപ്രീംകോടതി പരിഗണിച്ചില്ലെന്നും പരാശരന്‍ വാദിച്ചു.

സുപ്രീംകോടതി പുറപ്പെടുവിച്ച ബിജോ ഇമ്മാനുവല്‍ കേസിലെ വിധി പരാശരന്‍ ചൂണ്ടിക്കാട്ടി. ആചാരങ്ങള്‍ അത്രമേല്‍ അസംബന്ധം ആയാല്‍ മാത്രമേ കോടതി ഇടപെടാറുള്ളൂവെന്ന് ഈ കേസില്‍ കോടതി വ്യക്തമാക്കിയിരുന്നു. ലിംഗവിവേചനം പാടില്ലെന്നു ഭരണഘടനയില്‍ പറയുന്നുണ്ട്. എന്നാല്‍ അതു കൃത്യമായി നിര്‍വചിച്ചിട്ടില്ല.

യുവതികള്‍ക്ക് പ്രവേശനം അനുവദിക്കാത്തത് അയിത്തമല്ലെന്നും പരാശരന്‍ അറിയിച്ചു. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം സംരക്ഷിക്കുന്നതിനു വേണ്ടിയാണിതെന്നും പ്രതിഷ്ഠയുടെ അവകാശം സംരക്ഷിക്കണമെന്നും അറിയിച്ചുകൊണ്ടാണ് പരാശരന്‍ വാദം അവസാനിപ്പിച്ചത്.

ഹിന്ദുവിശ്വാസിയുടെ മൗലികാവകാശവും വിഗ്രഹത്തിന്റെ അവകാശവും പരസ്പരപൂരകം ആണെന്നു വ്യക്തമാക്കിക്കൊണ്ടാണ് തന്ത്രിക്കു വേണ്ടി വി. ഗിരി വാദം ആരംഭിച്ചത്. വിലക്ക് പ്രതിഷ്ഠയുടെ ഭാവം കൊണ്ടാണെന്നും യുവതീപ്രവേശനം വിലക്കിയത് ദേവന്റെ അവകാശമാണെന്നും ഗിരി അറിയിച്ചു. തന്ത്രിക്കു പ്രത്യേക അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനു വേണ്ടി പ്രമുഖ അഭിഭാഷകനായ അഭിഷേക് മനു സിങ്‌വി ഹാജരായി. വിഗ്രഹത്തിന്റെ പ്രത്യേകത അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിഷ്ഠയുടെ അവകാശം സംബന്ധിച്ച് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് വിധിയില്‍ ഊന്നല്‍ നല്‍കിയതെന്നും മറ്റുള്ളവര്‍ അതു പരിഗണിച്ചില്ലെന്നും സിങ്‌വി അറിയിച്ചു. നൈഷ്ഠിക ബ്രഹ്മചര്യ ഭാവത്തിലുള്ള പ്രതിഷ്ഠ ശബരിമലയില്‍ മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും ദേവസ്വം ബോര്‍ഡ് നല്‍കിയ സാവകാശ ഹര്‍ജികളുമാണ് കോടതി പരിഗണിക്കുന്നത്. പുനഃപരിശോധനാ ഹര്‍ജികള്‍ മാത്രമെ പരിഗണിക്കൂവെന്നാണു നേരത്തേ അറിയിച്ചിരുന്നത്. കോടതി കഴിഞ്ഞദിവസം പുറത്തുവിട്ട പട്ടികയനുസരിച്ച് 65 ഹര്‍ജികളാണു പരിഗണനയിലുള്ളത്.

പുനഃപരിശോധന ഹര്‍ജികള്‍ക്കു പുറമെ ഹൈക്കോടതി മേല്‍നോട്ട സമിതിയെ നിയോഗിച്ചതു ചോദ്യം ചെയ്തും ഹൈക്കോടതിയിലെ 23 ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജികളുമുണ്ട്. തന്ത്രിക്കും മറ്റുമെതിരെ രണ്ട് കോടതിയലക്ഷ്യ ഹര്‍ജികളും സുപ്രീംകോടതിയിലുണ്ട്.

വിധി നടപ്പാക്കുന്നത് തടസ്സപ്പെടുത്തിയവര്‍ക്കെതിരെ ഡോ. ടി. ഗീനാകുമാരി, എ.വി. വര്‍ഷ എന്നിവര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജികള്‍ പട്ടികയിലില്ല. വിധിയെ പിന്തുണച്ച് പി.ബിന്ദു, കനകദുര്‍ഗ, രേഷ്മ നിശാന്ത്, ഷനില സതീഷ് എന്നിവര്‍ നല്‍കിയ ഇടപെടല്‍ അപേക്ഷകളും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.


Keywords: Four months after landmark verdict, Supreme Court begins hearing on Sabarimala review petitions, New Delhi, News, Trending, Religion, Sabarimala, Sabarimala Temple, Supreme Court of India, Women, National.