Follow KVARTHA on Google news Follow Us!
ad

വര്‍ഗീയകക്ഷികളുടെയും അഴിമതിക്കാരുടെയും ഇടത്താവളമാകരുത് ഇടതുമുന്നണി; ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്നതല്ല നവോത്ഥാനമെന്നും വി എസ്

വര്‍ഗീയകക്ഷികളുടെയും അഴിമതിക്കാരുടെയും ഇടത്താവളമാകരുത്Thiruvananthapuram, News, Politics, V.S Achuthanandan, CPM, Kerala Congress (B), Sabarimala, Sabarimala Temple, Religion, Women, Kerala
തിരുവനന്തപുരം: (www.kvartha.com 19.01.2019) വര്‍ഗീയകക്ഷികളുടെയും അഴിമതിക്കാരുടെയും ഇടത്താവളമാകരുത് ഇടതുമുന്നണി എന്നു വിഎസ് അച്യുതാനന്ദന്‍. മാത്രമല്ല ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്നതല്ല നവോത്ഥാനമെന്നും വി എസ് കുറ്റപ്പെടുത്തി.

പൊതുപരിപാടിയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ കക്ഷികളെ ഒപ്പം നിര്‍ത്തുന്നതും വ്യക്തമായ വര്‍ഗീയ അജണ്ടകള്‍ വെച്ച് പ്രവര്‍ത്തിക്കുന്ന കക്ഷികളുമായി സഖ്യത്തിലേര്‍പ്പെടുന്നതും രണ്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീസമത്വം എന്ന നവോത്ഥാന ആശയത്തോടൊപ്പം നില്‍ക്കുന്ന സംഘടനകളെ ഒറ്റക്കെട്ടായി അണിനിരത്തുക എന്നതു കാലഘട്ടം ആവശ്യപ്പെടുന്ന സംഗതിയാണ്.

V S about Navodhanam, Thiruvananthapuram, News, Politics, V.S Achuthanandan, CPM, Kerala Congress (B), Sabarimala, Sabarimala Temple, Religion, Women, Kerala

പക്ഷെ, അതല്ല, നവോത്ഥാനം. അതൊരു തുടര്‍ പ്രക്രിയയാണെന്നാണ് കമ്യൂണിസ്റ്റുകാര്‍ വിശ്വസിക്കുന്നത്. സ്ത്രീസമത്വം എന്ന പുരോഗമന ആശയത്തിനു പിന്തുണ നല്‍കേണ്ടതുണ്ട്. അതു ശബരിമലയില്‍ സ്ത്രീകളെ കയറ്റുക എന്ന മിനിമം പരിപാടിയല്ലെന്നും വി എസ് പറയുന്നു.

അതേസമയം ഈയിടെ നടന്ന എല്‍ഡിഎഫ് യോഗങ്ങളില്‍ താന്‍ പങ്കെടുക്കാത്തത് ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ കാരണമാണെന്നും അല്ലാതെ പ്രതിഷേധസൂചകമായല്ലെന്നും വി എസ് പറഞ്ഞു. സിപിഎമ്മിന്റെ കഴിഞ്ഞ രണ്ട് കേന്ദ്ര കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുത്തത് ഡെല്‍ഹിയിലെ കാലാവസ്ഥയിലേക്കു പോകരുത് എന്നു ഡോക്ടര്‍ കര്‍ശനമായി നിര്‍ദേശിച്ചതനുസരിച്ചാണെന്നും വി എസ് വ്യക്തമാക്കി.

യോഗത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും തന്റെ അഭിപ്രായങ്ങള്‍ രേഖാമൂലം കമ്മിറ്റികളെ അറിയിക്കാറുണ്ടെന്നും വി എസ് കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വി എസ് ഇക്കാര്യം വ്യക്തമാക്കിയത്.

വര്‍ഗീയകക്ഷികളുടെയും അഴിമതിക്കാരുടെയും ഇടത്താവളമാകരുത് ഇടതുമുന്നണി എന്നത് എല്‍ഡിഎഫ് വിപുലീകരണത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയ ചില കക്ഷികളോടുള്ള രാഷ്ട്രീയമായ വിയോജിപ്പല്ലേ എന്ന ചോദ്യത്തിന് ആശയപരമായി യോജിക്കാവുന്നവരുടെ കൂട്ടുകെട്ട് എന്ന നിലയില്‍, പൊതു മിനിമം ധാരണകളുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസിന്റെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും നേതൃത്വത്തില്‍ മുന്നണികള്‍ രൂപംകൊണ്ടത് എന്നായിരുന്നു വി എസിന്റെ മറുപടി.

1978 ലെ ജലന്തര്‍ പാര്‍ട്ടി കോണ്‍ഗ്രസ് ഇടതുപക്ഷ ജനാധിപത്യ ശക്തികളെ ഐക്യപ്പെടുത്തി മുന്നണി കെട്ടിപ്പടുക്കുന്നതിനെപ്പറ്റി രാഷ്ട്രീയപ്രമേയത്തില്‍ തീരുമാനമെടുത്തിരുന്നു. പ്രത്യയശാസ്ത്ര രാഷ്ട്രീയ കാഴ്ചപ്പാടില്‍നിന്നു വേണം പാര്‍ലമെന്ററിരംഗത്തെ മുന്നണിയെ ബലപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യേണ്ടത്; അല്ലാതെ വല്ല വിധേനയും ഭരണം കിട്ടുക, അതിനു തുടര്‍ച്ച തരപ്പെടുത്തുക എന്നിങ്ങനെയുള്ള കേവലം പാര്‍ലമെന്ററി വിജയലക്ഷ്യം മാത്രം മുന്നില്‍ക്കണ്ടു കൊണ്ടല്ല എന്ന നിഷ്‌കര്‍ഷയാണു പിന്നീട് മുന്നണിയെ ശക്തിപ്പെടുത്തുന്ന പ്രക്രിയയില്‍ വഴികാട്ടിയായത് എന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇക്കാര്യം ഗ്രഹിക്കാതെയും ദഹിക്കാതെയുമാണു പാര്‍ലമെന്ററി വിജയമുറപ്പിക്കുന്ന തരത്തില്‍ മുസ്‌ലിം ലീഗിനെയും കേരള കോണ്‍ഗ്രസിനെയും മറ്റും ഉള്‍ക്കൊള്ളിച്ചു മുന്നണി വിപുലീകരിക്കണമെന്ന ആവശ്യവുമായി ബദല്‍ രേഖ ഉയര്‍ത്തപ്പെട്ടത്. പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ തെറ്റുകള്‍ ചൂണ്ടിക്കാട്ടി നേതൃത്വം ആ തെറ്റ് തിരുത്തിയതും അംഗീകരിക്കാത്തവര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി പുറത്തുപോയതും ചരിത്രത്തിന്റെ ഭാഗമാണ്.

അങ്ങിനെ നഷ്ടങ്ങള്‍ സഹിച്ചും തത്വാധിഷ്ഠിതമായ തീക്ഷ്ണ സമരത്തിലൂടെയുമാണ് എല്‍ഡിഎഫ് മുന്നോട്ടുപോയത്. ഭരണം പിടിക്കുക എന്ന ഏക ലക്ഷ്യത്തോടെ കിട്ടാവുന്ന കക്ഷികളെയെല്ലാം കൂട്ടി തിരഞ്ഞെടുപ്പിനെ നേരിടുക എന്നതല്ല ഞങ്ങളുടെ രീതി. അത്തരം നീക്കങ്ങള്‍ ഉണ്ടായിട്ടുമുണ്ട്.

പക്ഷെ, അതെല്ലാം അതതു കാലത്തു പാര്‍ട്ടി ഇഴകീറി പരിശോധിക്കുകയും രാഷ്ട്രീയമായി കൂട്ടുകൂടാന്‍ അനുയോജ്യരല്ലാത്തവരെ മാറ്റിനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. മുസ്‌ലിം ലീഗുമായി യോജിക്കാവുന്ന അടവുനയമല്ല പാര്‍ട്ടിക്കുള്ളതെന്നു വ്യക്തമാക്കിയതും കരുണാകരന്റെ ഡിഐസിയുമായി ബന്ധമുണ്ടാക്കാന്‍ പാടില്ലെന്നു കേന്ദ്ര നേതൃത്വം കര്‍ശന നിലപാടെടുത്തതും, മഅദനിയുമായി സഹകരിച്ചതു തെറ്റായിപ്പോയെന്നു കേന്ദ്ര നേതൃത്വം റിവ്യു ചെയ്തതുമെല്ലാം പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകളുടെ അടിസ്ഥാനത്തിലായിരുന്നു. ഇക്കാര്യം ഇന്നു പതിന്മടങ്ങ് പ്രസക്തമാണെന്നും വി എസ് പറഞ്ഞു.

വര്‍ഗീയ കക്ഷികളുമായി ചങ്ങാത്തമുണ്ടാക്കുന്ന പ്രശ്‌നമില്ലെന്നു പലതവണ ആവര്‍ത്തിച്ചിട്ടുള്ള പാര്‍ട്ടിയാണിത്. ശരീയത്ത് വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാടു ശരിയല്ലെന്ന വാദത്തിനു സ്ത്രീപക്ഷത്തു നിന്നുകൊണ്ടാണു പാര്‍ട്ടി മറുപടി പറഞ്ഞത്. രണ്ടു ലീഗും ഒന്നാവുന്നതും യുഡിഎഫില്‍ വിലയം പ്രാപിക്കുന്നതുമാണു പിന്നീടു നാം കണ്ടത്.

കേരളാ കോണ്‍ഗ്രസുകളും ഇതേ പാത പിന്തുടര്‍ന്നു. വര്‍ഗപരവും മതേതരവുമായ കാഴ്ചപ്പാട് തെളിച്ചത്തോടെ ഇടതുമുന്നണി വ്യക്തമാക്കിയപ്പോള്‍, ലീഗ്, കേരളാ കോണ്‍ഗ്രസ് തുടങ്ങിയവര്‍ അവരുടെ വര്‍ഗലൈനും അതുപോലെത്തന്നെ വ്യക്തമാക്കിയെന്നു സാരം. അഴിമതിക്കും വര്‍ഗീയതയ്ക്കും എതിരെ നിലപാടെടുക്കാന്‍ പ്രതിജ്ഞാബദ്ധമായ എല്‍ഡിഎഫില്‍ അഴിമതിക്കാരെയും വര്‍ഗീയ ശക്തികളെയും ഉള്‍പ്പെടുത്താനാവില്ലല്ലോ എന്നും വി എസ് ചോദിക്കുന്നു.

ഐഎന്‍എല്‍ വര്‍ഗീയകക്ഷിയാണോ അല്ലയോ എന്ന കാഴ്ചപ്പാടിനെ പറ്റി ചോദിച്ചപ്പോള്‍ വി എസിന്റെ മറുപടി ഇങ്ങനെയായിരുന്നു;

പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളെ ഓരോന്നായെടുത്തു വര്‍ഗീയ കക്ഷി, അല്ലാത്തത് എന്നിങ്ങനെ പട്ടിക ചെയ്തു പ്രഖ്യാപിച്ചിട്ടൊന്നുമില്ല. എല്ലാ വര്‍ഗീയവാദികളും തീവ്രവാദികളും പരസ്പരം ശക്തിപ്പെടുത്തുകയാണു ചെയ്യുന്നത് എന്നായിരുന്നു.

ഗോള്‍വാള്‍ക്കറുടെ വിചാരധാര വന്നപ്പോഴാണ് ജമാഅത്തെ ഇസ്‌ലാമി രൂപം കൊള്ളുന്നത്. ന്യൂനപക്ഷ വര്‍ഗീയത, ഭൂരിപക്ഷ വര്‍ഗീയതയ്ക്കു വളമാവുന്നതിനെക്കുറിച്ചും പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ട്.

ഏതെങ്കിലും ഒരു പാര്‍ട്ടി, വര്‍ഗീയമായ സ്വത്വം പിന്തുടരുകയും ആ സ്വത്വത്തെ ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കെതിരെയുള്ള ആയുധമാക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അതും വര്‍ഗീയ പാര്‍ട്ടി തന്നെയാണ്. ഇതാണു സിപിഎമ്മിന്റെ തീര്‍പ്പ് എന്നും വി എസ് വ്യക്തമാക്കി.

അഴിമതിക്കേസില്‍പ്പെട്ട ആര്‍. ബാലകൃഷ്ണപിള്ളക്കെതിരെ നിയമയുദ്ധത്തിനു നേതൃത്വം നല്‍കാനും ശിക്ഷ വാങ്ങിക്കൊടുക്കാനും മുന്നില്‍ നിന്ന നേതാവാണ് വിഎസ് . അങ്ങനെ ഒരു നേതാവ് നയിക്കുന്ന പാര്‍ട്ടിക്ക് എല്‍ഡിഎഫില്‍ ഇടം കൊടുത്തതു സ്വീകാര്യമാണോ എന്ന ചോദ്യത്തിന് വി എസിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു;

ബാലകൃഷ്ണപിള്ള അഴിമതിക്കേസില്‍ പെട്ടതല്ല. ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപിള്ള അഴിമതി നടത്തി എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയുടെ അനുവാദത്തോടെയും പിന്തുണയോടെയും ഞാന്‍ കേസ് നടത്തുകയും വിധി സമ്പാദിക്കുകയുമാണുണ്ടായത്. രേഖകളും തെളിവുകളും വച്ചു നടത്തിയ നിയമയുദ്ധത്തിനൊടുവില്‍ സുപ്രീം കോടതി എന്റെ വാദങ്ങള്‍ അംഗീകരിച്ചു എന്നതാണു വസ്തുത.

അഴിമതി നിരോധന നിയമപ്രകാരമാണ് അദ്ദേഹത്തിനു ശിക്ഷ വിധിച്ചത് എന്നു വിധിന്യായത്തിന്റെ ആദ്യ ഖണ്ഡികയില്‍ത്തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. കേസുകളില്‍പെട്ട എത്രയോ രാഷ്ട്രീയ നേതാക്കളുണ്ട്. അതു മുന്നണി പ്രവേശനവുമായി നേരിട്ടു ബന്ധപ്പെട്ടതല്ല. ബാലകൃഷ്ണപിള്ളയെ മുന്നണിയിലെടുക്കാന്‍ തീരുമാനിച്ചതു മുന്നണി നേതൃത്വമാണ്. അല്ലാതെ സിപിഎം എന്ന പാര്‍ട്ടിയുടെ തീരുമാനമല്ലെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം ആര്‍. ബാലകൃഷ്ണപിള്ള എല്‍ഡിഎഫ് യോഗങ്ങളില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് വി എസ് പറഞ്ഞത് എല്‍ഡിഎഫിലെ പ്രതിനിധികള്‍ക്ക് യോഗങ്ങളില്‍ പങ്കെടുക്കാന്‍ അവകാശമുണ്ടല്ലോ എന്നാണ്. നേതാവിന്റെ സംശുദ്ധതയല്ല, പാര്‍ട്ടിയുടെ നിലപാടുകളാണു മുന്നണി സംവിധാനത്തില്‍ പ്രധാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുതിയ നാലുകക്ഷികള്‍ക്ക് ഇടതുമുന്നണിയുടെ രാഷ്ട്രീയ അടിത്തറയില്‍ മാറ്റംവരുത്താന്‍ കഴിയുന്ന ശക്തിയുള്ളവയാണെന്നു കരുതുന്നുണ്ടോ എന്നു ചോദിച്ചപ്പോള്‍ ശക്തിയുള്ള പാര്‍ട്ടികളുടെ കൂട്ടായ്മയല്ല, മുന്നണി എന്നും അങ്ങനെയെങ്കില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും മാത്രം കേരളത്തില്‍ ഭരണം നിലനിര്‍ത്താന്‍ കഴിയുമല്ലോ എന്നുമായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

നേരത്തേ പറഞ്ഞ ചില പൊതു മിനിമം പരിപാടികളുടെ അടിസ്ഥാനത്തില്‍, പൊതു ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാവുന്ന പാര്‍ട്ടികളുടെ കൂട്ടായ്മ എന്ന നിലയിലാണ് എല്‍ഡിഎഫ് രൂപപ്പെടുന്നത്. ബിജെപി എന്ന ദുര്‍ഭൂതത്തെ കേരളത്തിന്റെ പടിക്കുപുറത്തു നിര്‍ത്തുന്നതിനാവശ്യമായ സഖ്യങ്ങള്‍ രൂപപ്പെടുത്തുക എന്നതാണു പ്രധാനം. അതിനനുസരിച്ച്, എല്‍ഡിഎഫിന്റെ ഘടനയില്‍ കാലികമായ മാറ്റങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: V S about Navodhanam, Thiruvananthapuram, News, Politics, V.S Achuthanandan, CPM, Kerala Congress (B), Sabarimala, Sabarimala Temple, Religion, Women, Kerala.