Follow KVARTHA on Google news Follow Us!
ad

സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ലിസ്റ്റിനെതിരെ വ്യാപക ആക്ഷേപം; ഒടുവില്‍ തിരുത്താനൊരുങ്ങി സര്‍ക്കാര്‍

ശബരിമലയില്‍ ദര്‍ശനം നടത്തിയവരെന്ന പേരില്‍ സുപ്രീം കോടതിയില്‍ New Delhi, Sabarimala, Sabarimala Temple, Religion, Supreme Court of India, Government, National, News
ന്യൂഡല്‍ഹി: (www.kvartha.com 19.01.2019) ശബരിമലയില്‍ ദര്‍ശനം നടത്തിയവരെന്ന പേരില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച 51 പേരുടെ പട്ടിക തെറ്റാണെന്ന ആരോപണം ഉയരുന്നതിനെ തുടര്‍ന്ന് ഒടുവില്‍ പട്ടിക തിരുത്താനൊരുങ്ങി സര്‍ക്കാര്‍. പട്ടികയില്‍ വ്യാപകമായ തെറ്റുകളും പൊരുത്തക്കേടുകളുമാണ് കണ്ടെത്തിയത്.

പ്രായവും ലിംഗവും സംബന്ധിച്ച് പട്ടികയില്‍ തെറ്റായ വിവരങ്ങളാണുള്ളതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് തിരുത്തലുകള്‍ വരുത്തി പട്ടിക തയ്യാറാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പട്ടികയിലെ പ്രായവും തിരിച്ചറിയല്‍ രേഖകളിലെ പ്രായവും വ്യത്യസ്തമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കൂടുതല്‍ വിശദമായ പരിശോധനകള്‍ നടത്തിയ ശേഷം പുതിയ പട്ടിക തയ്യാറാക്കാനും കോടതി ആവശ്യപ്പെടുമ്പോള്‍ അത് സമര്‍പ്പിക്കാനുമാണ് തീരുമാനം.

Uncertainty over official list of women entering Sabarimala; govt to make changes, New Delhi, Sabarimala, Sabarimala Temple, Religion, Supreme Court of India, Government, National, News.

അതേസമയം പട്ടികയിലുണ്ടായത് സാങ്കേതികമായ തകരാറുകളാണെന്നാണ് തയ്യാറാക്കിയ പോലീസ് പറയുന്നത്. വെര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്തവരുടെ കണക്കെടുത്താണ് പട്ടിക തയ്യാറാക്കിയത്. നവംബര്‍ 16 മുതല്‍ 16 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 8.2 ലക്ഷം പേര്‍ ദര്‍ശനം നടത്തി 7,564 പേര്‍ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ്. ഇതില്‍ 51 പേര്‍ തടസ്സങ്ങളൊന്നുമില്ലാതെ ദര്‍ശനം നടത്തിയെന്നാണ് സര്‍ക്കാര്‍ പട്ടികയില്‍ വ്യക്തമാക്കിയിരുന്നത്.

രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് വയസ്സും ലിംഗവും രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നു. തീര്‍ഥാടകര്‍ നല്‍കിയ വിവരങ്ങള്‍ മാത്രമാണ് പ്രായവും ലിംഗവും സംബന്ധിച്ച് സര്‍ക്കാരിന്റെ കയ്യിലുള്ളത്. ഇതുപയോഗിച്ചുള്ള പട്ടികയാണ് പോലീസ് തയ്യാറാക്കിയത്. എന്നാല്‍ തിരിച്ചറിയല്‍ രേഖകളുമായി ഈ വിവരങ്ങള്‍ ഒത്തുനോക്കിയിരുന്നില്ല.

ലിസ്റ്റിലുള്ള പല സ്ത്രീകള്‍ക്കും 50 വയസില്‍ കൂടുതല്‍ പ്രായമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് സംഭവം വിവാദമായത്. ലിസ്റ്റില്‍ തങ്ങളുടെ പ്രായം കുറച്ചാണ് രേഖപ്പെടുത്തിയതെന്ന് തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും ചില സ്ത്രീകള്‍ ചാനലുകള്‍ക്ക് മുന്നില്‍ എത്തി പറഞ്ഞതോടെ സര്‍ക്കാര്‍ ആകെ വെട്ടിലായിരിക്കയാണ്. ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍ പ്രായം തെളിയിക്കുന്ന ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ വേണമെന്നിരിക്കെ, പലരുടെയും പ്രായത്തില്‍ വ്യത്യാസം വന്നതിലാണ് ദുരൂഹത.

അതേസമയം ലിസ്റ്റില്‍ ഒരു പുരുഷന്റെ പേരും കടന്നു കൂടി. ചെന്നൈ തുണ്ടളം സ്വദേശി പരംജ്യോതി ( 47 ) സ്ത്രീ എന്ന് രേഖപ്പെടുത്തിയാണ് ഓണ്‍ലൈനില്‍ അപേക്ഷിച്ചതെന്ന് വ്യക്തമായി. അതേസമയം അബദ്ധം പറ്റിയതാണെന്ന് അയാള്‍ പറഞ്ഞു.

ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയും ബിന്ദുവും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കഴിഞ്ഞദിവസം പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ 51പേരുടെ പട്ടിക സമര്‍പ്പിച്ചത്. വെര്‍ച്വല്‍ ക്യൂവിനുള്ള ഓണ്‍ലൈന്‍ അപേക്ഷകളെ അടിസ്ഥാനമാക്കിയുള്ള പട്ടികയാണെന്നും നേരിട്ട് ദര്‍ശനം നടത്തിയവര്‍ വേറെയുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കനകദുര്‍ഗയ്ക്കും ബിന്ദുവിനും പോലീസ് സംരക്ഷണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടപ്പോള്‍ ദര്‍ശനം നടത്തിയ എല്ലാ യുവതികള്‍ക്കും അതു ബാധകമാക്കിയെന്ന് സര്‍ക്കാരിനു വേണ്ടി അഭിഭാഷകന്‍ വിജയ് ഹന്‍സാരിയയും സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ജി.പ്രകാശും അറിയിച്ചു. 50 വയസില്‍ താഴെയുള്ള 51 സ്ത്രീകള്‍ ദര്‍ശനം നടത്തിയതിന്റെ രേഖകള്‍ സമര്‍പ്പിക്കുന്നതായും ഇരുവരും പറഞ്ഞു. സര്‍ക്കാര്‍ വാദത്തെ അയ്യപ്പ ഭക്തരുടെ സംഘടനയുടെ അഭിഭാഷകരായ മാത്യു നെടുമ്പാറ, എം.ആര്‍. അഭിലാഷ്, വി.കെ. ബിജു തുടങ്ങിയവര്‍ എതിര്‍ത്തു.
അതേസമയം യുവതികളുടെ പേരും വയസും വിലാസവും സംസ്ഥാനവും അടങ്ങിയ ലിസ്റ്റില്‍ മലയാളികള്‍ ഇല്ല. തമിഴ്‌നാട് (25), ആന്ധ്ര (20), തെലങ്കാന (3), കര്‍ണാടക, ഗോവ, പുതുച്ചേരി (ഒന്നു വീതം) എന്നിങ്ങനെയാണ് ലിസ്റ്റ്. ആറുപേര്‍ ഒഴികെ എല്ലാവര്‍ക്കും 45 വയസില്‍ കൂടുതലുണ്ട്.

പട്ടികയുടെ വിശദാംശങ്ങള്‍ അടങ്ങിയ സത്യവാങ്മൂലം ഡി.ജി.പിയുടെ പേരില്‍ സര്‍ക്കാര്‍ നല്‍കിയെങ്കിലും കോടതി സ്വീകരിച്ചില്ല. ഓണ്‍ലൈനില്‍ അപേക്ഷിച്ച 16 ലക്ഷം പേരില്‍ 7,564 പേര്‍ 1,050 പ്രായപരിധിയിലുള്ള സ്ത്രീകളായിരുന്നു. 11 പേര്‍ക്ക് 49 വയസുമുണ്ട്. ഡിജിറ്റല്‍ സ്‌കാന്‍ രേഖകളുടെ അടിസ്ഥാനത്തിലാണ് ഇതില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നത്.

സര്‍ക്കാര്‍ ലിസ്റ്റ് സമര്‍പ്പിച്ച ശേഷം സുപ്രീംകോടതിയിലെ ചില അഭിഭാഷകരുമായി ഫോണില്‍ ബന്ധപ്പെട്ട പലരും 50നു മുകളില്‍ പ്രായമുണ്ടെന്നാണ് പറഞ്ഞത്. ആന്ധ്ര നെല്ലൂര്‍ സ്വദേശി പത്മാവതിയുടെ പ്രായം ലിസ്റ്റില്‍ 45 ആണെങ്കിലും യഥാര്‍ത്ഥത്തില്‍ 60 വയസുണ്ട്. 43 വയസു പറയുന്ന ആന്ധ്രയിലെ ശ്രീകാകുളം സ്വദേശി ചിന്തയ്ക്ക് 52 വയസാണ്. 53കാരിയായ വിശാഖപട്ടണം സ്വദേശി ചക്രമ്മയുടെ പ്രായം ലിസ്റ്റില്‍ 45 എന്നാണ്. 43 വയസെന്ന് ലിസ്റ്റില്‍ പറഞ്ഞ കലാവതിക്ക് 52 വയസുണ്ട്.. 53 വയസുള്ള ചെന്നൈ സ്വദേശി ഷീലയുടെ പ്രായം ലിസ്റ്റില്‍ 48 ആണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Uncertainty over official list of women entering Sabarimala; govt to make changes, New Delhi, Sabarimala, Sabarimala Temple, Religion, Supreme Court of India, Government, National, News.