Follow KVARTHA on Google news Follow Us!
ad

നിശാഗന്ധി നൃത്തോത്സവത്തിന് ഗവര്‍ണര്‍ തിരിതെളിയിക്കും; അനന്തപുരിക്ക് ഇനി നൃത്തരാവുകള്‍

അനന്തപുരിയില്‍ നൂപുരധ്വനികള്‍ ഉണര്‍ത്തുന്ന നിശാഗന്ധി നൃത്തോത്സവത്തിന് ഞായറാഴ്ച തിരിതെളിയും. സംസ്ഥാന ടൂറിസം വകുപ്പ് ജനുവരി 26 വരെ സംഘടിപ്പിക്കുന്ന വാര്‍ഷിക നൃത്തോKerala, Thiruvananthapuram, News, Dance, Nishagandhi Dance fest to begin on Sunday
തിരുവനന്തപുരം: (www.kvartha.com 20.01.2019) അനന്തപുരിയില്‍ നൂപുരധ്വനികള്‍ ഉണര്‍ത്തുന്ന നിശാഗന്ധി നൃത്തോത്സവത്തിന് ഞായറാഴ്ച തിരിതെളിയും. സംസ്ഥാന ടൂറിസം വകുപ്പ് ജനുവരി 26 വരെ സംഘടിപ്പിക്കുന്ന വാര്‍ഷിക നൃത്തോത്സവത്തിന്റെ ഉദ്ഘാടനം വൈകിട്ട് 6.15 ന് കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) പി സദാശിവം നിര്‍വ്വഹിക്കും.

ടൂറിസം സഹകരണം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡോ. ശശി തരൂര്‍ എംപി, മേയര്‍ അഡ്വ. വി കെ പ്രശാന്ത്, ശ്രീ കെ മുരളീധരന്‍ എംഎല്‍എ, കെടിഡിസി ചെയര്‍മാന്‍  എം വിജയകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, കൗണ്‍സലര്‍ പാളയം രാജന്‍, ടൂറിസം ഡയറക്ടര്‍ പി ബാല കിരണ്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ പങ്കെടുക്കും.

നൃത്തരംഗത്ത് സമഗ്ര സംഭാവനയ്ക്കുള്ള നിശാഗന്ധി പുരസ്‌കാരം പ്രശസ്ത മോഹിനിയാട്ട വിദുഷിയായ കലാമണ്ഡലം ക്ഷേമാവതിക്ക് ഗവര്‍ണര്‍ സമ്മാനിക്കും. ഒന്നര ലക്ഷം രൂപയും ഭരതമുനിയുടെ വെങ്കലശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നര്‍ത്തകിയെന്ന നിലയിലും അധ്യാപിക എന്ന നിലയിലും മോഹിനിയാട്ടത്തിന് നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാര സമര്‍പ്പണം.

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നൃത്തോത്സവത്തിനുള്ള തുക പ്രധാനമായും സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് കണ്ടെത്തുന്നത്. സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായി ഡോ. നര്‍ത്തകി നടരാജ് എന്ന ഭിന്നലിംഗത്തില്‍പ്പെട്ട കലാകാരി ഭരതനാട്യം അവതരിപ്പിക്കുന്നു എന്നത്   ഇക്കൊല്ലത്തെ നിശാഗന്ധി നൃത്തോത്സവത്തിന്റെ പ്രത്യേകതയാണ്.

രാജ്യത്തെ ഏറ്റവും മികച്ച നര്‍ത്തകരാണ് ഇത്തവണയും വേദിയിലെത്തുക. യുവനര്‍ത്തകര്‍ക്കും പ്രാമുഖ്യം നല്‍കുന്നുണ്ട്. ഡോ. നീന പ്രസാദ്, രശ്മി മേനോന്‍ എന്നിവര്‍ മോഹിനിയാട്ടവും ക്രിസ്റ്റഫര്‍ ഗുരുസാമി, ആദിത്യ പി വി എന്നിവര്‍ ഭരതനാട്യവും അവതരിപ്പിക്കും. വൈജയന്തി കാശി, റെഡ്ഡി ലക്ഷ്മി എന്നിവര്‍  കുച്ചിപ്പുഡിയും മഞ്ജുശ്രീ പാണ്ഡ, രമിന്ദര്‍ ഖുറാന എന്നിവര്‍ ഒഡിസ്സിയും അവതരിപ്പിക്കും.

നമ്രത റായ്, മോണിസ നായക് എന്നിവരുടെ കഥക്, സുദിപ് കുമാര്‍ ഘോഷും സംഘവും അവതരിപ്പിക്കുന്ന മണിപ്പൂരി എന്നിവയാണ് മറ്റ് പ്രധാന പരിപാടികള്‍. ഒഡീസി നൃത്തത്തിന്റെ തനതു രൂപമായ 'ഗോട്ടിപുവ' ആദ്യമായി കേരളത്തില്‍ അവതരിപ്പിക്കുന്നു എന്നതും ഇക്കൊല്ലത്തെ പ്രത്യേകതയാണ്. ഒഡിഷയില്‍ നിന്നുള്ള നൃത്യ നൈവേദ്യ എന്ന സംഘടനയാണ് 'ഗോട്ടിപുവ' അരങ്ങിലെത്തിക്കുന്നത്.



Keywords: Kerala, Thiruvananthapuram, News, Dance, Nishagandhi Dance fest to begin on Sunday