» » » » » » » » » » » ചരിത്രത്തില്‍ ആദ്യമായി ഓസ്‌ട്രേലിയന്‍ മണ്ണില്‍ സീരീസ് സ്വന്തമാക്കി ഇന്ത്യ


സിഡ്‌നി: (www.kvartha.com 07.01.2019) ഓസ്‌ട്രേലിയന്‍ മണ്ണില്‍ ആദ്യ പരമ്പര വിജയത്തോടെ ചരിത്രമെഴുതി ടീം ഇന്ത്യ. മഴമൂലം സിഡ്‌നി ടെസ്റ്റിന്റെ അവസാന ദിവസത്തെ കളി വൈകിയതോടെ മത്സരം സമനിലയിലായതായി പ്രഖ്യാപിക്കുകയായിരുന്നു.

അഡ്‌ലെയ്ഡ് ടെസ്റ്റിലും മെല്‍ബണ്‍ ടെസ്റ്റിലും നേടിയ വിജയത്തോടെ ഇന്ത്യ 2-1 ന് പരമ്പര സ്വന്തമാക്കി. പെര്‍ത്തില്‍ നടന്ന രണ്ടാം ടെസ്റ്റ് ഓസ്‌ട്രേലിയ വിജയിച്ചിരുന്നു. വെളിച്ചക്കുറവും മഴയുമാണ് ഇന്ത്യയുടെ മൂന്നാം ടെസ്റ്റ് വിജയത്തിന് തടസം നിന്നത്. മൂന്നു സെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാര പരമ്പരയിലെ താരമായി.

 India vs Australia: India register maiden Test series victory in Australia, Sidney, News, Cricket Test, Cricket, Sports, Virat Kohli, Winner, World.

ഇതോടെ ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന ബഹുമതി വിരാട് കോഹ്‌ലി സ്വന്തമാക്കി. ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ഏഷ്യന്‍ ക്യാപ്റ്റനെന്ന ബഹുമതിയും കോഹ്‌ലിക്കാണ്. ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് 521 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയാണ് പരമ്പരയിലെ താരം. പരമ്പരയിലാകെ 1867 മിനിറ്റാണ് പൂജാര ക്രീസില്‍ നിന്നത്. 1258 പന്തുകളും താരം നേരിട്ടു.

സിഡ്‌നി ടെസ്റ്റില്‍ കയ്യെത്തുംദൂരെയാണ് ഇന്ത്യയുടെ വിജയമോഹങ്ങള്‍ മഴയില്‍ ഒലിച്ചുപോയത്. ആദ്യ ഇന്നിങ്‌സില്‍ 300 റണ്‍സിനു പുറത്തായ ആതിഥേയര്‍ ഫോളോ ഓണ്‍ വഴങ്ങിയിരുന്നു. നാലാം ദിവസം അറുപതിലധികം ഓവറുകള്‍ നഷ്ടമായത് ഇന്ത്യന്‍ ജയസാധ്യതയ്ക്കു കനത്ത തിരിച്ചടിയായി. എങ്കിലും 31 വര്‍ഷങ്ങള്‍ക്കുശേഷം നാട്ടില്‍ ഓസീസിനെ ഫോളോ ഓണ്‍ ചെയ്യിക്കുന്ന ടീം എന്ന ഖ്യാതിയോടെയാണ് ഇന്ത്യ തിരിച്ചുകയറിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ചൈനാമാന്‍ ബോളര്‍ കുല്‍ദീപ് യാദവാണ് ഓസീസിനെ തളച്ചത്.

അതേസമയം 31 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഓസീസ് നാട്ടില്‍ ഫോളോ ഓണ്‍ വഴങ്ങുന്നത്. 1988ല്‍ ഇംഗ്ലണ്ടിനോട് ഫോളോ ഓണ്‍ ചെയ്യേണ്ടി വന്നതിനു പിന്നാലെ മുപ്പതു വര്‍ഷക്കാലത്തെ ടെസ്റ്റ് ചരിത്രത്തില്‍ ഓസീസ് നാട്ടില്‍ ഫോളോ ഓണ്‍ ചെയ്തിട്ടില്ല. നേരത്തെ മെല്‍ബണില്‍ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഓസീസിനെ ഫോളോ ഓണ്‍ ചെയ്യിക്കാന്‍ അവസരം ലഭിച്ചെങ്കിലും വിരാട് കോഹ്‌ലി രണ്ടാമത് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

നാലാം ദിനം, ആറു വിക്കറ്റിന് 236 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഓസീസ് ഇന്നിങ്‌സ് 80 മിനിറ്റേ നീണ്ടുള്ളൂ. തലേന്നത്തെ സ്‌കോറില്‍ത്തന്നെ (25) കമ്മിന്‍സിന്റെ ഓഫ് സ്റ്റംപ് തെറിപ്പിച്ച് മുഹമ്മദ് ഷമിയാണു കാര്യങ്ങള്‍ തുടങ്ങിവച്ചത്. പിന്നാലെ ഹാന്‍ഡ്‌സ്‌കോംബിനെ (37) മടക്കി ബുമ്രയും കരുത്തുകാട്ടി.

നേഥന്‍ ലയണിനെ (0) വിക്കറ്റിനു മുന്നില്‍ കുടുക്കിയ കുല്‍ദീപ് വളരെ നേരത്തേ അഞ്ച് വിക്കറ്റ് നേട്ടത്തില്‍ എത്തേണ്ടതായിരുന്നു, എന്നാല്‍ 11-ാം നമ്പറില്‍ ഇറങ്ങിയ ഹെയ്‌സല്‍വുഡിനെ പൂജ്യത്തില്‍ നില്‍ക്കെ കുല്‍ദീപിന്റെ പന്തില്‍ വിഹാരി വിട്ടുകളഞ്ഞത് വിനയായി. 21 റണ്‍സെടുത്ത ഹെയ്‌സല്‍വുഡ് അവസാന വിക്കറ്റില്‍ സ്റ്റാര്‍ക്കുമൊത്ത് 42 റണ്‍സ് ചേര്‍ത്തതിനുശേഷമാണു മടങ്ങിയത്. വിക്കറ്റ് വീഴ്ത്തിയത് കുല്‍ദീപ് തന്നെ എന്നുമാത്രം. ഹെയ്‌സല്‍വുഡിനെ വിഹാരി വിട്ടുകളഞ്ഞില്ലായിരുന്നെങ്കില്‍ ഓസീസിന്റെ കഥ വളരെ നേരത്തേ തീര്‍ന്നേനേ.


ആദ്യ ഇന്നിങ്‌സില്‍ ചേതേശ്വര്‍ പൂജാര (193), ഋഷഭ് പന്ത്(159), രവീന്ദ്ര ജഡേജ(81) എന്നിവരാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. പൂജാര നിര്‍മിച്ച അടിത്തറയ്ക്കു മുകളില്‍ നിന്ന് ആത്മവിശ്വാസത്തോടെ പന്തും ജഡേജയും തകര്‍ത്തടിക്കുകയായിരുന്നു. പൂജാര പുറത്താകും വരെ സാവധാനം നീങ്ങിയ ഇന്ത്യന്‍ ഇന്നിങ്‌സിന് പന്തും ജഡേജയും ചേര്‍ന്നു ഗതിവേഗം നല്‍കി.

അര്‍ഹിച്ച ഇരട്ട സെഞ്ച്വറി പൂജാരയ്ക്കും, ഏകദിന ശൈലിയില്‍ ബാറ്റേന്തിയ ജഡേജയ്ക്ക് നഷ്ടമായ സെഞ്ച്വറിയും മാത്രമാണ് ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സിലെ കളങ്കം. ജഡേജ പുറത്തായതിനു പിന്നാലെ 67.2 ഓവറില്‍ 7ന് 622 എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ കോഹ്‌ലി തീരുമാനിക്കുകയായിരുന്നു.

നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിവസത്തെ ആദ്യ സെഷന്‍ മഴമൂലം ഉപേക്ഷിച്ചതോടെയാണ് മത്സരം ഉപേക്ഷിക്കാനുള്ള തീരുമാനം വന്നത്. നാലാം ദിവസത്തെ കളിയും മഴ തടസപ്പെടുത്തിയിരുന്നു. ഫോളോ ഓണ്‍ ചെയ്യുന്ന ഓസീസ് നാലാം ദിവസം വെളിച്ചക്കുറവു മൂലം കളി അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ ആറു റണ്‍സെന്ന നിലയിലായിരുന്നു. നാലാം ദിനം വെറും 25.2 ഓവറുകള്‍ മാത്രമാണ് കളി നടന്നത്.

ഒന്നാം ഇന്നിങ്‌സില്‍ ഓസീസിനെ 300 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 322 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ചൈനാമാന്‍ കുല്‍ദീപ് യാദവാണ് ഓസീസിനെ തകര്‍ത്തത്. മഴ മൂലം നാലാം ദിനത്തിലെ ആദ്യ സെഷന്‍ മുഴുവന്‍ നഷ്ടമായിരുന്നു. തുടര്‍ന്ന് മത്സരം ആരംഭിച്ചതിനു പിന്നാലെ തലേന്നത്തെ അതേ സ്‌കോറില്‍ ഓസീസിന് പാറ്റ് കമ്മിന്‍സിന്റെ വിക്കറ്റ് (25) നഷ്ടമായി.

ഷമി, കമ്മിന്‍സിന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു. പിന്നാലെ ഉറച്ചു നിന്ന പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പിനെ ബുംറ മടക്കി. 111 പന്തുകള്‍ നേരിട്ട് 37 റണ്‍സെടുത്താണ് താരം മടങ്ങിയത്. പിന്നാലെയെത്തിയ നഥാന്‍ ലിയോണ് അഞ്ചു പന്തുകളുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ. അക്കൗണ്ട് തുറക്കും മുന്‍പ് ലിയോണിനെ കുല്‍ദീപ് വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു.

258 റണ്‍സില്‍ വെച്ച് അവസാന വിക്കറ്റില്‍ ഒത്തുചേര്‍ന്ന മിച്ചര്‍ സ്റ്റാര്‍ക്ക് ഹേസല്‍വുഡ് സഖ്യം 42 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഹേസല്‍വുഡ് അക്കൗണ്ട് തുറക്കും മുന്‍പേ നല്‍കിയ ക്യാച്ച് ഹനുമ വിഹാരി വിട്ടുകളയുകയായിരുന്നു. ഒടുവില്‍ 45 പന്തുകള്‍ നേരിട്ട് 21 റണ്‍സെടുത്ത ഹേസല്‍വുഡിനെ കുല്‍ദീപ് വിക്കറ്റിനു മുന്നില്‍ കുടുക്കി. 55 പന്തില്‍ നിന്ന് 29 റണ്‍സുമായി സ്റ്റാര്‍ക്ക് പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ഷമിയും ജഡേജയും രണ്ടു വിക്കറ്റ് നേടി. ബുംറ ഒരു വിക്കറ്റെടുത്തു.

സിഡ്‌നിയില്‍ ശനിയാഴ്ച ചുഴലിക്കാറ്റും മഴയും ഉണ്ടായിരുന്നു. നേരത്തെ മൂന്നാം ദിനം 80 ഓവറുകള്‍ക്കു ശേഷം രണ്ടാം ന്യൂബോള്‍ എടുക്കാന്‍ നായകന്‍ വിരാട് കോഹ്‌ലി തീരുമാനിച്ചെങ്കിലും അതിനോടകം വെളിച്ചം മങ്ങിത്തുടങ്ങിയത് ഇന്ത്യയ്ക്കു തിരിച്ചടിയായി.

ഒരു വിക്കറ്റിന് 128 റണ്‍സില്‍ നിന്ന് ആറിന് 198 എന്ന നിലയിലേക്കു വീണ ഓസീസ് ഹാന്‍ഡ്‌സ്‌കോമ്പിന്റെയും പാറ്റ് കമ്മിന്‍സിന്റെയും ചെറുത്തുനില്‍പ്പിലൂടെ മൂന്നാം ദിനം അതിജീവിക്കുകയായിരുന്നു.

മാര്‍ക്കസ് ഹാരിസ് (79), ഉസ്മാന്‍ ഖ്വാജ (27), ലബുഷെയ്ന്‍ (38), ഷോണ്‍ മാര്‍ഷ് (8), ട്രാവിസ് ഹെഡ് (20), ടിം പെയ്ന്‍ (5) എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാം ദിനം ഓസ്‌ട്രേലിയക്ക് നഷ്ടമായത്.

നേരത്തെ ചേതേശ്വര്‍ പൂജാരയുടേയും ഋഷഭ് പന്തിന്റേയും മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഏഴു വിക്കറ്റിന് 622 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

193 റണ്‍സിന് പൂജാര പുറത്തായതിന് പിന്നാലെ ഋഷഭ് ഡ്രൈവിങ് സീറ്റ് ഏറ്റെടുക്കുകയായിരുന്നു. 189 പന്തില്‍ 15 ഫോറും ഒരു സിക്‌സുമടക്കം ഋഷഭ് 159 റണ്‍സടിച്ചു. പൂജാരയുമായി 89 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ഋഷഭ് ജഡേജയോടൊപ്പം 204 റണ്‍സ് ഇന്ത്യന്‍ സ്‌കോറിലേക്ക് കൂട്ടിച്ചേര്‍ത്തു. ഋഷഭിന്റെ കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ആദ്യ സെഞ്ച്വറി ഇംഗ്ലണ്ടിനെതിരെയായിരുന്നു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോഡും ഋഷഭ് സ്വന്തം പേരില്‍ കുറിച്ചു.

നേരത്തെ ഇരട്ട സെഞ്ച്വറിക്ക് ഏഴ് റണ്‍സ് അരികെ വെച്ചാണ് പൂജാര പുറത്തായത്. 373 പന്തില്‍ 22 ഫോറിന്റെ അകമ്പടിയോടെ ബാറ്റേന്തിയ പൂജാരയെ നഥാന്‍ ലിയോണ്‍ പുറത്താക്കുകയായിരുന്നു. ഒമ്പത് മണിക്കൂറും എട്ടു മിനിറ്റും ക്രീസില്‍ ചിലവഴിച്ചായിരുന്നു പൂജാരയുടെ മനോഹര ഇന്നിങ്‌സ്. പൂജാര പുറത്തായ ശേഷം ക്രീസിലെത്തിയ രവീന്ദ്ര ജഡേജ ഋഷഭിന് മികച്ച പിന്തുണ നല്‍കി. 81 റണ്‍സടിച്ച ജഡേജയെ ലിയോണ്‍ പുറത്താക്കിയതിന് പിന്നാലെ വിരാട് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: India vs Australia: India register maiden Test series victory in Australia, Sidney, News, Cricket Test, Cricket, Sports, Virat Kohli, Winner, World.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal