Follow KVARTHA on Google news Follow Us!
ad

പ്രീ പ്രൈമറി ടീച്ചര്‍ ഉഷ മോഡലാകണം; ശിശുദിനത്തില്‍ ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ വൈറലായ ഉഷ ടീച്ചറെ ഓര്‍മയില്ലേ?

പ്രീ പ്രൈമറി മുതല്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ വരെ വിദ്യാഭ്യാസ മേഖലയെ വിവിധ തട്ടുകളായി തിരിച്ചിട്ടുണ്ട്. ഇതില്‍ മൂന്നുവയസ്സു മുതല്‍ Article, Kookanam-Rahman, Teacher, Usha Teacher, Model, How to be a good Pre-primary teacher?
കൂക്കാനം റഹ് മാന്‍

(www.kvartha.com 23.01.2019) പ്രീ പ്രൈമറി മുതല്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ വരെ വിദ്യാഭ്യാസ മേഖലയെ വിവിധ തട്ടുകളായി തിരിച്ചിട്ടുണ്ട്. ഇതില്‍ മൂന്നുവയസ്സു മുതല്‍ അഞ്ചുയസ്സുവരെയുള്ള കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന പ്രീ- പ്രൈമറി തലത്തില്‍ വേണ്ടത്ര ശ്രദ്ധ വിദ്യാഭ്യാസ രംഗം കൈകാര്യം ചെയ്യുന്നവര്‍ പുലര്‍ത്തുന്നില്ലായെന്നു വേണം അനുമാനിക്കാന്‍. കൊച്ചുകുഞ്ഞുങ്ങളിലെ സര്‍ഗ്ഗശേഷി കണ്ടെത്താനും, അവരെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് സജ്ജരാക്കാനും ഉതകുന്ന പ്രവര്‍ത്തനങ്ങളാണ് പ്രീ പ്രൈമറിയില്‍ നടക്കേണ്ടത്. ഇവരുടെ കൂടിയിരിപ്പിലും, കൂട്ടുചേര്‍ന്നുള്ള കളികളിലും സാമൂഹ്യ ബോധവും സഹകരണ മനോഭാവവും ആരും നിര്‍ദേശിക്കാതെ തന്നെ ഇവിടെ നിന്ന് കുട്ടികളില്‍ ഉടലെടുക്കുന്നുണ്ട്.
Article, Kookanam-Rahman, Teacher, Usha Teacher, Model, How to be a good Pre-primary teacher?

ഇവരുടെ കൂടെ കളിക്കാനും, ആടാനും, പാടാനും, ചിത്രം വരക്കാനും കഴിവുള്ള, അമ്മമാരുടെ മനോഭാവമുള്ള, സ്‌നേഹം തുളുമ്പുന്ന സമീപനവുമുള്ള, വനിതാ പ്രവര്‍ത്തകരാണ് വേണ്ടത്. അവരെ 'ടീച്ചര്‍' എന്ന പദമുപയോഗിച്ച് വിളിക്കണോ, അമ്മേയെന്ന് വിളിക്കണോ എന്നും കൂടി ഈ രംഗത്തെ പ്രഗത്ഭര്‍ ചിന്തിക്കേണ്ടതുണ്ട്. തികച്ചും അനൗപചരിക രീതിയിലാണ് ഇത്തരം ക്ലാസുമുറികളില്‍ പ്രവര്‍ത്തനം നടക്കുന്നത്. പക്ഷേ ഇരുപതോ മുപ്പതോ കുട്ടികളുമായി ഇടപെടുന്ന ഇത്തരം ക്ലാസുമുറികളില്‍ പ്രയത്‌നിക്കുന്ന സഹോദരിമാര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ഇനിയും ബന്ധപ്പെട്ടവര്‍ നല്‍കിയിട്ടില്ല.

മൂന്നോ, നാലോ മണിക്കൂര്‍ മാത്രം ലക്ച്ചര്‍ നടത്തുന്ന ഒരു കോളജധ്യാപകന് ലഭിക്കുന്ന ശമ്പള സംഖ്യയും, പ്രീ-പ്രൈമറി ക്ലാസിലെ പാടുപെട്ട് വിശ്രമമില്ലാതെ, തൊണ്ടകീറി അധ്വാനിക്കുന്ന അധ്യാപികമാരുടെ പ്രശ്‌നങ്ങള്‍ അറിഞ്ഞ് അവരെ ഏതു വിധം സഹായിക്കേണ്ടതെന്ന് സമൂഹം ചര്‍ച്ച ചെയ്യടേണ്ടത്.

ഒരു പ്രീ പ്രൈമറി ടീച്ചര്‍ എങ്ങനെയായിരിക്കണം എന്ന് തന്റെ പ്രവര്‍ത്തനത്തിലുടെ കാണിച്ചു തരുന്ന വ്യക്തിയാണ് ശ്രീമതി ഉഷ ടീച്ചര്‍. തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് യുപി സ്‌കൂളിലെ പ്രീ പ്രൈമറി വിഭാഗം ടീച്ചറായ ഉഷ ഇക്കഴിഞ്ഞ ശിശുദിനത്തില്‍ നടത്തിയ ഒരു പ്രോഗ്രാം സമൂഹത്തിന്റെ ശ്രദ്ധപിടിച്ചു പറ്റി. സമൂഹ മാധ്യമങ്ങളിലുടെ പ്രചുര പ്രചാരം നേടി. ഇങ്ങനെയാണ് കുഞ്ഞുങ്ങളെ ആകര്‍ഷിക്കേണ്ട രീതിയെന്ന് അവര്‍ തെളിയിക്കുകയായിരുന്നു.

കുഞ്ഞുങ്ങളെ കയ്യിലെടുക്കാനുള്ള വിദ്യ അധ്യാപിക ഒരു കുഞ്ഞായി മാറുക എന്നതാണ്. ഉഷ ടീച്ചര്‍ അങ്ങിനെയായിമാറും. അവര്‍ നെഹ്‌റുവിനെ പരിചയപ്പെടുത്താന്‍ സ്വയം എഴുതി ചിട്ടപ്പെടുത്തിയ ഓട്ടന്‍ തുള്ളല്‍ ഒരു പ്രയാസവുമില്ലാതെ കുഞ്ഞുങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ചു. കുട്ടികള്‍ ആ പാട്ട് ഏറ്റുചൊല്ലി. ടീച്ചര്‍ കാണിച്ച ആക്ഷന്‍ കുട്ടികളും അനുകരിച്ചു. അവര്‍ കൈകൊട്ടി ആര്‍പ്പുവിളിയോടെ ടീച്ചറുടെ കലാപരിപാടി ആസ്വദിച്ചു. ആ പാട്ടിലൂടെ, നൃത്തച്ചുവടിലൂടെ, കൊച്ചു മക്കള്‍ ചാച്ചാജിയെ അറിഞ്ഞു.

ഉഷ ടീച്ചറുമായി കഴിഞ്ഞ ദിവസം ഞാന്‍ സംസാരിച്ചു. അവര്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്. ഒരു പ്രീ പ്രൈമറി ടീച്ചര്‍ എങ്ങനെയായിരിക്കണം എന്നതിന് കൃത്യമായി അവര്‍ മറുപടി പറഞ്ഞു. അമ്മയാവണം ടീച്ചര്‍, മക്കളെ പോലെ സ്‌നേഹിക്കണം. അവരെ സന്തോഷിപ്പിക്കണം. നാണംകുണുങ്ങികളായ അധ്യാപിക മാര്‍ക്കൊന്നും ഇവിടെ ശോഭിക്കാന്‍ കഴിയില്ല.

കുട്ടികള്‍ എന്റെ ജീവനാണ് എന്നാണ് ഉഷ ടീച്ചര്‍ പറയുന്നത്. കിട്ടുന്ന ശമ്പളമോ, സമൂഹത്തിന്റെ  വിലയിരുത്തലോ ടീച്ചര്‍ക്ക് പ്രശ്‌നമല്ല. എല്ലാം മറന്ന് ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ചപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഒരുപാട് പുകഴ്ത്തിയെങ്കിലും ചില കമന്റുകള്‍ വേദനിപ്പിച്ചിട്ടുണ്ടെന്നും ഉഷ സൂചിപ്പിച്ചു. പത്തുവര്‍ഷമായി കൊച്ചു കുട്ടുകാരുടെ കൂടെയാണ് ടീച്ചര്‍. ജോലി ഭാരത്തെക്കുറിച്ച് ടീച്ചര്‍ക്ക് വേവലാതിയില്ല. ലഭിക്കുന്ന ശമ്പളം പോരായെന്ന പരാതിയില്ല. എല്ലാം കൊണ്ടും സംതൃപ്തയാണ് ഈ മാതൃകാ ടീച്ചര്‍.

പ്രീ പ്രൈമറി ടീച്ചര്‍മാര്‍ കുഞ്ഞുങ്ങളുടെ മുന്നില്‍ അമ്മയാവണം, സഹോദരിയാവണം, പാട്ടുകാരിയാവണം, നര്‍ത്തകിയാവണം എങ്കിലേ ബാലമനസ്സുകള്‍ക്ക് ക്ലാസില്‍ ഇരിക്കാന്‍ സന്തോഷമുണ്ടാകൂ. സന്തോഷിപ്പിച്ചും, ചിരിപ്പിച്ചും, കളിപ്പിച്ചും, വേണം അവരിലേക്ക് ആശയങ്ങള്‍ എത്തിക്കാന്‍.

പ്രീ പ്രൈമറി ക്ലാസുകളിലെത്തുന്ന കുട്ടികള്‍ സ്ഫടിക സമാനമായ മനസ്സുള്ളവരാണ്. കഴിഞ്ഞ ദിവസം ഞാന്‍ ഒരു ബാലോത്സ പരിപാടിയില്‍ പങ്കെടുത്തു. അവിടെ ചെറിയ കുഞ്ഞുങ്ങളുടെ വിവിധങ്ങളായ പരിപാടികളുണ്ടായി. അവരുടെ പരിപാടികള്‍ കഴിഞ്ഞു. സ്വതന്ത്രമായി വിട്ടപ്പോള്‍ കുഞ്ഞുങ്ങളുടെ ചില കുഞ്ഞിക്കളികള്‍ കണ്ടു. അകൂട്ടത്തില്‍ തൊപ്പി വെച്ച ഒന്നുരണ്ടു കുട്ടികളും തലയില്‍ തട്ടമിട്ട കുട്ടികളും ഉണ്ടായിരുന്നു. തൊപ്പി തന്റെ തലയില്‍ നിന്നെടുത്ത് തന്റെ കുട്ടുകാരുടെയെല്ലാം തലയില്‍ വെച്ചു കൊടുക്കുകയാണ് ഒരു മിടുക്കന്‍.

പെണ്‍കുട്ടി തട്ടം എടുത്ത് മറ്റ് കുട്ടികളുടെ തലയില്‍ കെട്ടിക്കൊടുക്കുന്നു. മത വിദ്വേഷമില്ലാതെ വളരുകയാണവര്‍. അവര്‍ സ്വയം കാണിക്കുന്ന ഈ വിശാലത വളര്‍ത്തിക്കൊണ്ടുവരാന്‍ ഏറ്റവും അനുയോജ്യമായ കേന്ദ്രം പ്രീ പ്രൈമറി ക്ലാസുകള്‍ തന്നെ.

അധ്യാപികമാര്‍ക്ക് നല്‍കുന്ന പരിശീലനം കാര്യക്ഷമമാക്കണം. കുട്ടികളുടെ മനശാസ്ത്രം ശരിക്കും ഉള്‍ക്കൊള്ളുന്നവരായിരിക്കണം അവര്‍. ഇപ്പോള്‍ 'കൂകിപ്പായും തീവണ്ടി' പഠിപ്പിക്കുന്ന അധ്യാപികമാരുണ്ട്. തീവണ്ടിയൊക്ക മാറിപ്പോയിട്ട് കാലമേറെയായി. തൊപ്പിക്കാരന്റെ കഥയും, കാക്കയും കുറുക്കനും കഥയുമൊക്കെ ന്യൂജന്‍സ് കുട്ടികള്‍ക്ക് വിരസമായി തോന്നും. അതിലൊക്കെ മാറ്റം വരുത്തിവേണം കഥപറഞ്ഞു കൊടുക്കാന്‍. ആമയും, മുയലും കഥയിലൊക്കെ മാറ്റാം വരുത്തി പറഞ്ഞു കൊടുക്കണം.

ഇക്കാലത്ത് കൊച്ചുകുഞ്ഞുങ്ങള്‍ പേലും ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകള്‍ മനസ്സിലാക്കി വെച്ചിട്ടുണ്ട്. അതിനനുസരിച്ച് കാര്യങ്ങള്‍ ഗ്രഹിക്കുകയും, അവതരിപ്പിക്കുകയും ചെയ്യാനുള്ള പരിശീലനവും അധ്യാപികമാര്‍ക്ക് ലഭ്യമാവണം.

അധ്യാപികമാരായി നിയമിക്കപ്പെടുമ്പോള്‍ അവരുടെ ഔപചാരിക വിദ്യാഭ്യാസത്തിലൂടെ നേടിയെടുത്ത ഡിഗ്രികളല്ല പരിഗണിക്കേണ്ടത്. ഇവിടെ സൂചിപ്പിച്ച പോലെയുള്ള ഉഷ ടീച്ചര്‍ മോഡലുകളെയാണ് പരിഗണിക്കേണ്ടത്. പക്ഷേ കൊച്ചു കുട്ടികളുമായി സംവദിക്കാനുള്ള പരിശീലനം അവര്‍ക്ക് കിട്ടിയിരിക്കണം. കുട്ടികളെ ഇണക്കാന്‍ കഴിയുന്ന, അവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിയുന്ന, സ്‌നേഹ പരിലാളനകള്‍ നല്‍കാന്‍ കഴിവുള്ള വനിതകളെയാണ് പരിശീലനത്തിന് എടുക്കേണ്ടത്. രണ്ടുവര്‍ഷത്തെയെങ്കിലും കാര്യമാത്ര പ്രസക്തമായ പരിശീലനം നല്‍കണം.

ഇന്ന് പല പ്രൈവറ്റ് ഏജന്‍സികളും പ്രീ പ്രൈമറി ടീച്ചേര്‍സ് ട്രൈനിംഗ് സെന്ററുകള്‍ സംസ്ഥാനത്തുടനീളം നടത്തുന്നുണ്ട്. അത്തരം സെന്ററുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം. അവരുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യണം. അല്ലെങ്കില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന സിലബസ്സും, പഠന പ്രവര്‍ത്തനങ്ങളും ഇത്തരം സംഘടനകള്‍ വഴി നല്‍കണം. സര്‍ക്കാരിന്റെ മേല്‍നോട്ടം ഇവിടെ ഉണ്ടാകണം.
 
ഈ ത്യാഗികളായ അധ്യാപികമാര്‍ക്കു നല്‍കുന്ന ഹോണറേറിയം ഏകീകരിക്കണം. ഇന്ന് കേവലം നാലായിരം രൂപ മുതല്‍ പത്തായിരം രൂപ വരെ ചിലമാനേജ്‌മെന്റുകള്‍ നല്‍കുന്നുണ്ട്. ജീവിക്കാനാവശ്യമായ ദിവസവേതനം അഞ്ചൂറ് രൂപയെങ്കിലും കണക്കാക്കി മാസം പതിനഞ്ചായിരം രൂപയെങ്കിലും നല്‍കാനുള്ള നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നുണ്ടാവണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Teacher, Usha Teacher, Model, How to be a good Pre-primary teacher?