Follow KVARTHA on Google news Follow Us!
ad

അലോക് വര്‍മ രാജിവെച്ചു; രാജിക്കത്ത് നല്‍കിയത് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയശേഷം

സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം നീക്കിയ New Delhi, News, Resignation, CBI, Criticism, Prime Minister, Narendra Modi, Trending, National
ന്യൂഡല്‍ഹി: (www.kvartha.com 11.01.2019) സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം നീക്കിയ അലോക് വര്‍മ സര്‍വീസില്‍നിന്ന് രാജിവച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് രാജി. സിബിഐയില്‍ ബാഹ്യഇടപെടലുകള്‍ ഉണ്ടായെന്ന ആരോപണം അടക്കമുള്ളവ അദ്ദേഹം ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് രാജിവെച്ചത്. തനിക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടുവെന്ന് രാജിക്കത്തില്‍ അലോക് വര്‍മ ആരോപിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ പുറത്താക്കല്‍ തീരുമാനം റദ്ദാക്കി സുപ്രീംകോടതി തിരിച്ചെടുത്ത അലോക് വര്‍മയെ പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി. ഡയറക്ടര്‍ പദവിയില്‍ നിന്നും മാറ്റിയ അലോക് വര്‍മയ്ക്ക് ഫയര്‍ സര്‍വീസ് ഡി.ജി പദവി നല്‍കിയിരുന്നു. എന്നാല്‍ ആ പദവി സ്വീകരിക്കാതെയാണ് അദ്ദേഹത്തിന്റെ രാജി.

Former CBI Director Alok Verma resigns from service, New Delhi, News, Resignation, CBI, Criticism, Prime Minister, Narendra Modi, Trending, National

സ്വയം വിരമിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയ സെക്രട്ടറി സി.ചന്ദ്രമൗലിക്ക് അദ്ദേഹം കത്ത് നല്‍കി. ഇത് ഒരു രാജിക്കത്തിന് സമാനമാണെന്നാണ് ഉന്നതവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചേക്കുമെന്നാണ് സൂചന. സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം നല്‍കിയില്ലെന്ന് അലോക് വര്‍മ കത്തില്‍ സൂചിപ്പിച്ചു.

സ്വാഭാവികനീതി തനിക്ക് നിഷേധിക്കപ്പെട്ടു. എന്നെ പുറത്താക്കണമെന്ന് തന്നെ കണക്കുകൂട്ടിക്കൊണ്ടുള്ള നീക്കങ്ങളാണ് നടന്നത്. സി.ബി.ഐയുടെ തന്നെ അന്വേഷണം നേരിടുന്ന ഒരാളുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് തന്നെ പുറത്താക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചതെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.

ഫയര്‍ സര്‍വീസസ് ഡി.ജി പദവി എറ്റെടുക്കാന്‍ തന്റെ പ്രായപരിധി തടസമാണെന്നും അതിനാല്‍ തന്നെ സ്വയം വിരമിക്കാന്‍ അനുവദിക്കണമെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം, അലോക് വര്‍മ രാജി വയ്ക്കുന്നതോടെ കേന്ദ്രസര്‍ക്കാരിന് കൂടുതല്‍ തിരിച്ചടിയാകുമെന്നാണ് സൂചന. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട പല രഹസ്യങ്ങളും ഇദ്ദേഹം മാധ്യമങ്ങളെ കണ്ട് വെളിപ്പെടുത്തുമെന്ന സൂചനയുമുണ്ട്.

ഇതിനിടെ റാഫേല്‍ ഇടപാടിന്റെ പേരിലാണ് അലോക് വര്‍മയെ മാറ്റാന്‍ മോഡി ധൃതി കാട്ടുന്നതെന്നും റാഫേല്‍ കാരണമാണ് വര്‍മയ്ക്ക് വിശദീകരണത്തിന് അവസരം നല്‍കാത്തതെന്നുമുള്ള കോണ്‍ഗ്രസിന്റെ ആരോപണവും നിലനില്‍ക്കുന്നുണ്ട്.

അഴിമതി ആരോപണങ്ങളുടെയും കൃത്യവിലോപത്തിന്റെയും പേരിലാണ് വര്‍മയെ മാറ്റിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ കഴിഞ്ഞദിവസം അലോക് വര്‍മയെ പുറത്താക്കിയപ്പോള്‍ അറിയിച്ചിരുന്നു. വ്യാഴാഴ്ച വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വസതിയില്‍ ചേര്‍ന്ന സമിതിയുടെ യോഗമാണ് വര്‍മയെ മാറ്റിയത്. രണ്ട് മണിക്കൂര്‍ നീണ്ട യോഗം അലോക് വര്‍മയ്‌ക്കെതിരായ കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തിരുന്നു.

പ്രധാനമന്ത്രിയും സമിതിയില്‍ ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയായ ജസ്റ്റിസ് എ. കെ. സിക്രിയും സി. വി. സി നിഗമനങ്ങള്‍ ശരിവച്ചപ്പോള്‍ മൂന്നാമത്തെ അംഗമായ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എതിര്‍ത്തു. തീരുമാനം മാറ്റി വയ്ക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം നിരാകരിക്കപ്പെട്ടു.

സി. വി. സി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് രണ്ടര മാസം മുന്‍പ് അലോക് വര്‍മയെയും സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെയും കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിത അവധി നല്‍കി മാറ്റിയത്. അതിനെതിരെ അലോക് വര്‍മ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൊവ്വാഴ്ച സുപ്രീംകോടതി അദ്ദേഹത്തെ പരിമിതമായ അധികാരങ്ങളോടെ തിരിച്ചെടുക്കുകയായിരുന്നു.

സി.വി.സി റിപ്പോര്‍ട്ട് പരിഗണിച്ച് പ്രധാനമന്ത്രിയുടെ സമിതി ഒരാഴ്ചയ്ക്കകം അന്തിമ തീരുമാനം എടുക്കണമെന്നും ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചിരുന്നു. സമിതി തീരുമാനം എടുക്കും വരെ അലോക് വര്‍മ നയപരമായ തീരുമാനങ്ങള്‍ എടുക്കരുതെന്ന് സുപ്രീം കോടതി വിലക്കിയിരുന്നു.

എന്നാല്‍ സുപ്രീംകോടതി ഉത്തരവ് പ്രകാരം ബുധനാഴ്ച ഡയറക്ടര്‍ പദവിയില്‍ തിരിച്ചെത്തിയ അലോക് വര്‍മ അന്ന് തന്നെ പത്ത് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം റദ്ദാക്കുകയും വ്യാഴാഴ്ച മറ്റ് അഞ്ച് പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. വര്‍മയ്ക്ക് പകരം ഇടക്കാല ഡയറക്ടറായി നിയമിതനായ എം.നാഗേശ്വര റാവു നടത്തിയ സ്ഥലംമാറ്റങ്ങളാണ് അദ്ദേഹം തിരുത്തിയത്.

ഡെല്‍ഹി പോലീസ് കമ്മീഷണര്‍ , ജയില്‍ ഡിജിപി എന്നീ പദവികള്‍ വഹിച്ച ശേഷമാണ് സിബിഐയുടെ തലപ്പത്തേക്കുള്ള അലോക് വര്‍മയുടെ വരവ്. കേന്ദ്രഭരണപ്രദേശങ്ങളടങ്ങുന്ന കേഡറിലൂടെ 22-ാം വയസിലാണ് അലോക് വര്‍മ സിവില്‍ സര്‍വ്വീസിന്റെ ഭാഗമാകുന്നത്. സിബിഐയില്‍ ഏതെങ്കിലും തരത്തിലുള്ള മുന്‍പരിചയമുണ്ടായിട്ടല്ല അലോക് വര്‍മ ഡയറക്ടറായത് എന്നതും ശ്രദ്ധേയമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Former CBI Director Alok Verma resigns from service, New Delhi, News, Resignation, CBI, Criticism, Prime Minister, Narendra Modi, Trending, National.