Follow KVARTHA on Google news Follow Us!
ad

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം; വിജയം 6 വിക്കറ്റിന്, കോഹ്ലിക്ക് 39-ാം സെഞ്ച്വറി

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് Australia, News, Virat Kohli, Dhoni, Winner, Trending, Cricket, Sports, World
അഡ്‌ലെയ്ഡ്: (www.kvartha.com 15.01.2019) ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ആറു വിക്കറ്റിനാണ് ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയത്. രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കു 39-ാം സെഞ്ച്വറി. 108 പന്തില്‍ അഞ്ചു ബൗണ്ടറിയും രണ്ടു സിക്‌സും എടുത്താണ് കോഹ്‌ലി 39-ാം ഏകദിന സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. സെഞ്ച്വറി പൂര്‍ത്തിയാക്കിയതിനു പിന്നാലെ കോഹ്‌ലി പുറത്തായി. 49.2 ഓവര്‍ ബാക്കിനില്‍ക്കെയാണ് ഇന്ത്യയുടെ വിജയം.

ഓസീസിന്റെ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ, മൂന്ന് ഓവര്‍ ബാക്കിനില്‍ക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ 274 എന്ന നിലയിലാണ്. ധോണി 26 റണ്‍സോടെയും ദിനേഷ് കാര്‍ത്തിക് ഒരു റണ്‍സോടെയും ക്രീസിലുണ്ട്. ആറു വിക്കറ്റ് കയ്യിലിരിക്കെ 36 പന്തില്‍ ഇന്ത്യയ്ക്ക് വിജയത്തിലേക്ക് 55 റണ്‍സ് കൂടി വേണം.


ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍ (28 പന്തില്‍ 32), രോഹിത് ശര്‍മ (52 പന്തില്‍ 43), അമ്പാട്ടി റായുഡു (36 പന്തില്‍ 24) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. മൂന്നാം വിക്കറ്റില്‍ കോഹ്‌ലി-റായുഡു സഖ്യം 59 റണ്‍സും നാലാം വിക്കറ്റില്‍ കോഹ്‌ലി-ധോണി സഖ്യം 82 റണ്‍സും കൂട്ടിച്ചേര്‍ത്തു. ഓസ്‌ട്രേലിയയ്ക്കായി ജേസണ്‍ ബെഹ്‌റന്‍ഡ്രോഫ്, ജേ റിച്ചാര്‍ഡ്‌സന്‍, മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

കോഹ്‌ലിയുടെ ഭാഗ്യവേദിയായി അറിയപ്പെടുന്ന അഡ്‌ലെയ്ഡില്‍ നേടിയ ഈ സെഞ്ച്വറിയോടെ, ഏകദിനത്തില്‍ ഓസീസ് മണ്ണില്‍ കോഹ്‌ലിയുടെ സെഞ്ച്വറി നേട്ടം അഞ്ചായി. കുമാര്‍ സംഗക്കാര, രോഹിത് ശര്‍മ എന്നിവര്‍ക്കൊപ്പം ഓസീസ് മണ്ണില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറി നേടുന്ന സന്ദര്‍ശക ടീം താരമെന്ന നേട്ടം ഇനി കോഹ്‌ലിക്കും സ്വന്തം. സ്‌കോര്‍ പിന്തുടരുമ്പോള്‍ കോഹ്‌ലിയുടെ 24-ാം സെഞ്ച്വറി കൂടിയാണ് ഇത്. 17 സെഞ്ച്വറി നേടിയിട്ടുള്ള സച്ചിനാണ് ഇക്കാര്യത്തില്‍ കോഹ്‌ലിക്കു പിന്നിലുള്ളത്. 11 സെഞ്ച്വറി വീതം നേടിയ ക്രിസ് ഗെയ്ല്‍, ദില്‍ഷന്‍ എന്നിവര്‍ മൂന്നാമതുണ്ട്.

299 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് ധവാന്‍-രോഹിത് സഖ്യം മികച്ച തുടക്കമാണ് സമ്മാനിച്ചത്. ശ്രദ്ധയോടെ ബാറ്റിങ് ആരംഭിച്ച ഇവരുടെ സഖ്യം ഒന്നാം വിക്കറ്റില്‍ 47 റണ്‍സ് കൂട്ടിച്ചേര്‍ത്തു. തകര്‍ത്തടിച്ചു മുന്നേറിയ ധവാനെ ഖവാജയുടെ കൈകളിലെത്തിച്ച് ബെഹ്‌റെന്‍ഡ്രോഫാണ് ഓസീസ് കാത്തിരുന്ന ബ്രേക്ക്ത്രൂ സമ്മാനിച്ചത്. 28 പന്തില്‍ അഞ്ചു ബൗണ്ടറി സഹിതം 32 റണ്‍സോടെയാണ് ധവാന്‍ മടങ്ങിയത്.

രണ്ടാം വിക്കറ്റില്‍ ഒരുമിച്ച രോഹിത്-കോഹ്‌ലി സഖ്യവും ശ്രദ്ധയോടെ ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോയി. ആദ്യ മല്‍സരത്തിലെ അനുഭവം മനസ്സിലുള്ളതിനാല്‍ ഓസീസ് ബോളര്‍മാര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കി കളിച്ച ഇരുവരും അര്‍ധസെഞ്ച്വറി കൂട്ടുകെട്ട് തീര്‍ത്ത് ഇന്ത്യന്‍സ്‌കോര്‍ 100 കടത്തി. എന്നാല്‍, ഇതിനു പിന്നാലെ സ്‌റ്റോയ്‌നിസിന്റെ പന്തില്‍ അനാവശ്യ ഷോട്ടിനു ശ്രമിച്ച് രോഹിത് മടങ്ങി. 52 പന്തില്‍ രണ്ടുവീതം ബൗണ്ടറിയും സിക്‌സും സഹിതം 43 റണ്‍സുമായാണ് രോഹിത് പുറത്തായത്.

മൂന്നാം വിക്കറ്റില്‍ അര്‍ധസെഞ്ച്വറി കൂട്ടുകെട്ട് തീര്‍ത്തതിനു പിന്നാലെ റായുഡുവും പുറത്തായി. ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ പന്തില്‍ സ്‌റ്റോയ്‌നിസിനു ക്യാച്ച് സമ്മാനിച്ചു മടങ്ങുമ്പോള്‍ 36 പന്തില്‍ 24 റണ്‍സായിരുന്നു റായുഡുവിന്റെ സമ്പാദ്യം. എന്നാല്‍, നാലാം വിക്കറ്റില്‍ ധോണിയെ കൂട്ടുകിട്ടിയതോടെ തകര്‍ത്തടിച്ച് കോഹ്‌ലി 39-ാം ഏകദിന സെഞ്ച്വറി പൂര്‍ത്തിയാക്കി. അര്‍ധസെഞ്ച്വറി കൂട്ടുകെട്ടും തീര്‍ത്ത ഇരുവരും ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തി.

നേരത്തെ, ഏഴാം ഏകദിന സെഞ്ച്വറിയുമായി നങ്കൂരമിട്ടു കളിച്ച ഷോണ്‍ മാര്‍ഷിന്റെയും അവസാന ഓവറുകളില്‍ മിന്നല്‍ ബാറ്റിങ്ങുമായി കളം നിറഞ്ഞ ഗ്ലെന്‍ മാക്‌സ്‌വെലിന്റെയും മികവിലാണ് ഓസീസ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്. 123 പന്തില്‍ 131 റണ്‍സെടുത്ത മാര്‍ഷിന്റെ മികവില്‍ ഓസീസ് ഇന്ത്യയ്ക്കു മുന്നില്‍ ഉയര്‍ത്തിയത് 299 റണ്‍സ് വിജയലക്ഷ്യം.

50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തിലാണ് ഓസീസ് 298 റണ്‍സെടുത്തത്. മാക്‌സ്‌വെല്‍ 37 പന്തില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 48 റണ്‍സെടുത്തു. 48-ാം ഓവറില്‍ മാര്‍ഷ്, മാക്‌സ്‌വെല്‍ എന്നിവരെ പുറത്താക്കിയ ഭുവനേശ്വര്‍ കുമാറാണ് ഓസീസ് സ്‌കോര്‍ 300 കടക്കാതെ കാത്തത്. ഭുവി 10 ഓവറില്‍ 45 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ആദ്യ മല്‍സരം തോറ്റ ഇന്ത്യയ്ക്ക് പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്താന്‍ വിജയം അനിവാര്യമാണ്.

സെഞ്ച്വറിനേട്ടത്തിനു പുറമെ കൂട്ടുകെട്ടുകള്‍ തീര്‍ക്കുന്നതിലും മികവു കാട്ടിയാണ് മാര്‍ഷ് ഓസീസിനെ മികച്ച സ്‌കോറിലേക്കു നയിച്ചത്. മൂന്നാം വിക്കറ്റില്‍ ഉസ്മാന്‍ ഖവാജ, നാലാം വിക്കറ്റില്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ്, അഞ്ചാം വിക്കറ്റില്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസ് എന്നിവര്‍ക്കൊപ്പം അര്‍ധസെഞ്ചുറികള്‍ തീര്‍ത്ത് മികച്ച സ്‌കോറിന് അടിത്തറയിട്ട മാര്‍ഷ്, ആറാം വിക്കറ്റില്‍ ഗ്ലെന്‍ മാക്‌സ്!വെല്ലിനെ കൂട്ടുപിടിച്ച് ബാറ്റിങ് വെടിക്കെട്ടിലൂടെ നേടിയ 94 റണ്‍സിന്റെ കൂട്ടുകെട്ടാണ് ആതിഥേയര്‍ക്ക് മികച്ച സ്‌കോര്‍ ഉറപ്പാക്കിയത്.

സിഡ്‌നിയിലെ ആദ്യ ഏകദിനത്തിലേതിനു സമാനമായി ആദ്യം നിലയുറപ്പിച്ചും പിന്നീടു തകര്‍ത്തടിച്ചും റണ്‍സ് വാരിയാണ് ഓസീസ് 300 കടന്നത്. 108 പന്തില്‍നിന്ന് 10 ബൗണ്ടറി സഹിതമാണ് മാര്‍ഷ് ഏഴാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കിയത്. മല്‍സരത്തിലാകെ 123 പന്തുകള്‍ നേരിട്ട മാര്‍ഷ് 11 ബൗണ്ടറിയും മൂന്നു സിക്‌സും സഹിതം 132 റണ്‍സെടുത്തു. അലക്‌സ് കാറെ (27 പന്തില്‍ 18), ആരോണ്‍ ഫിഞ്ച് (19 പന്തില്‍ ആറ്), ഉസ്മാന്‍ ഖവാജ (23 പന്തില്‍ 21), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് (22 പന്തില്‍ 20), മാര്‍ക്കസ് സ്‌റ്റോയ്‌നിസ് (36 പന്തില്‍ 29), ജേ റിച്ചാര്‍ഡ്‌സന്‍ (ആറു പന്തില്‍ രണ്ട്), പീറ്റര്‍ സിഡില്‍ (പൂജ്യം) എന്നിങ്ങനെയാണ് പുറത്തായ മറ്റു താരങ്ങളുടെ പ്രകടനം. നേഥന്‍ ലയണ്‍ (അഞ്ചു പന്തില്‍ 12), ബെഹ്‌റെന്‍ഡ്രോഫ് (ഒന്ന്) എന്നിവര്‍ പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ നാലും മുഹമ്മദ് ഷാമി മൂന്നും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. ഉസ്മാന്‍ ഖവാജ രവീന്ദ്ര ജഡേജയുടെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടായി. ഇന്ത്യന്‍ നിരയില്‍ ഏകദിന അരങ്ങേറ്റം കുറിച്ച മുഹമ്മദ് സിറാജ് മറക്കാനാഗ്രഹിക്കുന്ന മല്‍സരം കൂടിയായി ഇത്. 10 ഓവര്‍ ബോള്‍ ചെയ്ത സിറാജ് 76 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല. കുല്‍ദീപ് യാദവ് 10 ഓവറില്‍ 66 റണ്‍സ് വഴങ്ങിയപ്പോള്‍, 10 ഓവറില്‍ 49 റണ്‍സ് വഴങ്ങിയ ജഡേജ ഭേദപ്പെട്ടുനിന്നു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ കരുതലോടെയാണ് തുടങ്ങിയതെങ്കിലും ആറു റണ്‍സിനിടെ നഷ്ടമാക്കിയ രണ്ടു വിക്കറ്റുകളാണ് അവരുടെ തുടക്കം തകര്‍ച്ചയോടെയാക്കിയത്. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും രണ്ടക്കം കടക്കുന്നതില്‍ പരാജയപ്പെട്ട ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ് ആദ്യം പുറത്തായത്. 19 പന്തില്‍ ആറു റണ്‍സെടുത്ത ഫിഞ്ചിനെ ഭുവനേശ്വര്‍ കുമാര്‍ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ കാറെയും മടങ്ങി. 27 പന്തില്‍ രണ്ടു ബൗണ്ടറി സഹിതം 18 റണ്‍സെടുത്ത കാറെ, മുഹമ്മദ് ഷമിയുടെ പന്തില്‍ ധവാന്റെ കൈകളിലെത്തി.

മൂന്നാം വിക്കറ്റില്‍ അര്‍ധസെഞ്ച്വറി കൂട്ടുകെട്ട് തീര്‍ത്ത ഷോണ്‍ മാര്‍ഷ്-ഉസ്മാന്‍ ഖവാജ സഖ്യം ഇന്ത്യയ്ക്കു ഭീഷണിയായെങ്കിലും രവീന്ദ്ര ജഡേജയുടെ ഉജ്വല ഫീല്‍ഡിങ് ഇന്ത്യയ്ക്ക് രക്ഷയ്‌ക്കെത്തി. സ്‌കോര്‍ 82ല്‍ നില്‍ക്കെ ഉസ്മാന്‍ ഖവാജയെ റണ്ണൗട്ടാക്കിയാണ് രവീന്ദ്ര ജഡേജ ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 23 പന്തില്‍ മൂന്നു ബൗണ്ടറി സഹിതം 21 റണ്‍സെടുത്താണ് ഖവാജ കൂടാരം കയറിയത്. മൂന്നാം വിക്കറ്റില്‍ ഖവാജ-മാര്‍ഷ് സഖ്യം 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

നാലാം വിക്കറ്റില്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബിനെ കൂട്ടുപിടിച്ച് മാര്‍ഷ് വീണ്ടും അര്‍ധസെഞ്ചുറി കൂട്ടുകെട്ടു തീര്‍ത്തു. 52 റണ്‍സ് കൂട്ടുകെട്ടിനൊടുവില്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്രസിങ് ധോണിയുടെ ഉജ്വലമായ സ്റ്റംപിങ്ങാണ് ഇന്ത്യയ്ക്ക് ആശ്വാസം സമ്മാനിച്ചത്. 22 പന്തില്‍ രണ്ടു ബൗണ്ടറി സഹിതം 20 റണ്‍സെടുത്ത ഹാന്‍ഡ്‌സ്‌കോംബിനെ രവീന്ദ്ര ജഡേയുടെ പന്തിലാണ് ധോണി സ്റ്റംപു ചെയ്തു പുറത്താക്കിയത്. അഞ്ചാം വിക്കറ്റില്‍ സ്‌റ്റോയ്‌നിസിനെ കൂട്ടുപിടിച്ച് മാര്‍ഷ് വീണ്ടും അര്‍ധസെഞ്ചുറി കൂട്ടുകെട്ടു തീര്‍ത്തു. 36 പന്തില്‍ മൂന്നു ബൗണ്ടറി സഹിതം 29 റണ്‍സെടുത്ത സ്‌റ്റോയ്‌നിസിനെ ധോണിയുടെ കൈകളിലെത്തിച്ച് ഷമിയാണ് കൂട്ടുകെട്ടു പൊളിച്ചത്.

എന്നാല്‍, ഇന്ത്യയ്ക്ക് ഏറ്റവും വലിയ തലവേദന സമ്മാനിച്ച കൂട്ടുകെട്ട് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. നിലയുറപ്പിച്ച ശേഷം കളിയുടെ ഗിയര്‍ മാറ്റിയ ഷോണ്‍ മാര്‍ഷും വമ്പനടികളുടെ ആശാന്‍ ഗ്ലെന്‍ മാക്‌സ്‌വെലും ചേര്‍ന്ന് ആറാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 94 റണ്‍സ്. വെറും 65 പന്തില്‍നിന്നാണ് ഇരുവരും 94 റണ്‍സ് അടിച്ചെടുത്തത്. ഒടുവില്‍ സ്‌കോര്‍ 283ല്‍ നില്‍ക്കെ ഭുവനേശ്വര്‍ കുമാറിനെ സിക്‌സ് പറത്താനുള്ള ശ്രമത്തിനിടെ ദിനേഷ് കാര്‍ത്തിക്കിനു പിടികൊടുത്താണ് മാക്‌സ്‌വെല്‍ മടങ്ങിയത്. 37 പന്തില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 48 റണ്‍സായിരുന്നു സമ്പാദ്യം. പിന്നാലെ മാര്‍ഷിന്റെ പോരാട്ടവും ഭുവി തന്നെ അവസാനിപ്പിച്ചു. 123 പന്തില്‍ 11 ബൗണ്ടറിയും മൂന്നു സിക്‌സും സഹിതം 131 റണ്‍സെടുത്ത മാര്‍ഷിനെ ജഡേജ ക്യാച്ചെടുത്തു പുറത്താക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: India vs Australia: India look to iron out flaws with series at stake in Adelaide, Australia, News, Virat Kohli, Dhoni, Winner, Trending, Cricket, Sports, World.