Follow KVARTHA on Google news Follow Us!
ad

ബഡി ബൂഗ്‌സെ ഗായേഹേ... പ്യാര്‍ക്കാ

ഗുജറാത്തിന്റെ തെരുവില്‍ വയറുനിറക്കാനായി തൊണ്ടകീറി പാടുകയായിരുന്നു ഒരു കുടുംബം. ഒരുനാള്‍, പ്രസവവേദന Article, Entertainment,Music, Babu bai, Playback Singer, Story of Babu Bhai
ജലാല്‍ തായല്‍

(www.kvartha.com 13/12/2018) ഗുജറാത്തിന്റെ തെരുവില്‍ വയറുനിറക്കാനായി തൊണ്ടകീറി പാടുകയായിരുന്നു ഒരു കുടുംബം. ഒരുനാള്‍, പ്രസവവേദന വന്ന ഭാര്യക്കായ് വണ്ടി സംഘടിപ്പിക്കാന്‍ നെട്ടോട്ടമോടി ഭര്‍ത്താവ്. വണ്ടിയുമായി തിരിച്ചുവന്നപ്പോള്‍ ദേ കിടക്കുന്നു ഒരു പിഞ്ചു പൈതല്‍... അതെ, ബാബു, അവന്‍ പിറന്നു വീണു... വളര്‍ന്നു ആ തെരുവില്‍, അച്ഛന്റെ വഴിയേ...

പ്രതികൂല സാഹചര്യത്തിലവര്‍ ആ കുട്ടിയേയും കൊണ്ട് പാലായനം ചെയ്തു. കോഴിക്കോട് കല്ലായിയുടെ തെരുവിലേക്ക്. ഇരുതലയുള്ള വാദ്യോപകരണം അച്ഛന്റെ കൊട്ട് നോക്കി പഠിച്ചവന്‍... മധുരമാര്‍ന്ന സിനിമ ഗാനാലാപനങ്ങള്‍ റേഡിയോ കേട്ട് പഠിച്ചവന്‍... തെരുവിന്റെ പാട്ടുകാരന്‍ ബാബുഭായ് സംഗീത കലയില്‍ വിസ്മയം തീര്‍ത്തു.

ഇല്ലായ്മയില്‍ കിട്ടിയത് പങ്കുവെച്ച് സ്‌നേഹം നുകര്‍ന്ന ഗുജറാത്തി നാടോടി സംഗീതത്തിന്‍ കൂട്ടുകാരിയെ
ജീവിത പങ്കാളിയാക്കി. അവര്‍ ജീവിതത്തിനു ഊര്‍ജ്ജവും, പാട്ടിനു സംഗീതവും നല്‍കി ജീവിത നൗക തുഴയുകയാണ്.

മൂന്ന് പതിറ്റാണ്ടിലേറെ കോഴിക്കോടന്‍ വഴിയോരങ്ങളില്‍.. ഹലുവ മണക്കും മിഠായി തെരുവില്‍.. പാടി പ്രിയ സ്വരമായ് മാറി ബാബുഭായ്.

ഒടുവില്‍ നവീകരിച്ച മിഠായി തെരുവില്‍ തെരുവ് സംഗീതത്തിന് വിലക്ക് വീണു. തെരുവോരങ്ങളില്‍ പ്രതിഷേധം ആര്‍ത്തിരമ്പി. കലാസാംസ്‌കാരിക സംഘടനകള്‍ കൈ കോര്‍ത്തു. വിലക്കിയ തെരുവില്‍ ബാബുഭായ് വീണ്ടും പാടി. ഒപ്പം ഐക്യദാര്‍ഢ്യവുമായി നിരവധി സംഗീതാസ്വാദകരും.

കാലത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചുപോകാതെ, കാലാന്തരങ്ങള്‍ക്കപ്പുറം കാത്തു സൂക്ഷിച്ച സംഗീതം. തൊണ്ടപൊട്ടും വിധം ബാബു ഭായ് പാടി തകര്‍ത്തതില്‍ ഇഷ്ട ഗാനങ്ങള്‍ മാത്രമായിരുന്നില്ല. അതിലൊരു നിലവിളി കൂടി പ്രതിഫലിച്ചു, അതിജീവനത്തിനു വേണ്ടിയുള്ള നിലവിളി.

കഴിഞ്ഞ വെള്ളിയാഴ്ച സംഗീത പ്രേമികളുടെ ആദരവിനു ഷാര്‍ജ സാക്ഷ്യം വഹിച്ചു. റയാന്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നൂറു കണക്കിന് സംഗീതാസ്വാദകര്‍ക്ക് മുമ്പില്‍ യുഎഇയുടെ മണ്ണില്‍ ബാബുഭായ് പാടി.. റാഫിയില്‍ തുടങ്ങി കിഷോറും, മുകേഷും, കടന്നു ലതാ മങ്കേഷ്‌കര്‍ വരെ... കൂടെ ലതാമ്മയും, മക്കളായ കൗസല്യയും, അനില്‍ കപൂറും.

ശ്രവണം സുന്ദരം. ലയിച്ചു പോകും താളവും ആലാപന വ്യത്യസ്തതയും. എഴുത്തപത്തിയഞ്ചു വര്‍ഷം പഴക്കമുള്ള ഹാര്‍മോണിയം മീട്ടി ലത സ്വരമിടുമ്പോള്‍ നാല്‍പത്തിയെട്ടു വര്‍ഷം പഴക്കമുള്ള ഡോലക് കൊട്ടി മനോഹര താളത്തില്‍ സംഗീതത്തിന്‍ മറ്റൊരു ലോകം തീര്‍ക്കുകയായിരുന്നു തെരുവിന്റെ വിസ്മയ കലാകാരനായ ബാബുഭായ്.

 Article, Entertainment,Music, Babu bai, Playback Singer,  Story of Babu Bhai

ഇടയ്ക്ക് കയറി വന്നു വിളിക്കാത്ത ഒരതിഥി, ആശ്ചര്യം അവിശ്വസനീയം. പലരും ഞെട്ടി. വാദ്യ കലാകാരന്‍ സാക്ഷാല്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍, ഷാളണിയിച്ചു ചേര്‍ത്ത് നിര്‍ത്തി, ചമ്രം പടിഞ്ഞിരുന്നു വെറും തറയില്‍ പാട്ടാസ്വദിച്ചു ആ വന്ദ്യ കലാകാരന്‍. ഒടുവില്‍ ബാബുഭായുടെ കാല്‍ തൊട്ടു വന്ദിച്ചപ്പോള്‍... വേറിട്ടൊരുനുഭൂതിയില്‍ കുളിരേകിയ സദസ്സ് ആനന്ദ നിര്‍വൃതിയില്‍ പുളകിതരാവുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Entertainment,Music, Babu bai, Playback Singer,  Story of Babu Bhai