Follow KVARTHA on Google news Follow Us!
ad

ഹരികുമാര്‍ വീട്ടിലെത്തിയത് തിങ്കളാഴ്ച രാത്രി; മൃതദേഹം ആദ്യം കണ്ടത് മാതാവ്

നെയ്യാറ്റിന്‍കര സ്വദേശി സനല്‍ കുമാര്‍ കാറിടിച്ചു മരിച്ച സംഭവത്തിലെ പ്രതിയായ മുന്‍Thiruvananthapuram, News, Neyyattinkara, Police, Murder, Suicide, Trending, Controversy, Kerala,
തിരുവനന്തപുരം: (www.kvartha.com 13.11.2018) നെയ്യാറ്റിന്‍കര സ്വദേശി സനല്‍ കുമാര്‍ കാറിടിച്ചു മരിച്ച സംഭവത്തിലെ പ്രതിയായ മുന്‍ ഡി വൈ എസ് പി ബി. ഹരികുമാര്‍ ജീവനൊടുക്കിയതു പോലീസ് നടപടികള്‍ ശക്തമാക്കിയതിനിടെ. തമിഴ്‌നാട്ടില്‍ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഹരികുമാറിനോട് കീഴടങ്ങാന്‍ ബന്ധുക്കള്‍വഴി പോലീസ് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇതിനു തയാറാകാതെ ഡിവൈഎസ്പി ഒളിയിടങ്ങള്‍ മാറുകയായിരുന്നു. കൊല നടന്ന് പത്താം ദിവസമാണ് ഹരികുമാര്‍ ജീവനൊടുക്കിയത്. സംഭവം നടന്നശേഷം ഒളിവില്‍ പോയ ഹരികുമാറിനെ കണ്ടെത്താന്‍ കഴിയാത്തതില്‍ പോലീസിന് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തമിഴ്‌നാട്ടിലേക്ക് കടന്നതാകാമെന്ന സംശയത്താല്‍ അന്വേഷണം അങ്ങോട്ടേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഐ ശ്രീജിത്തിനായിരുന്നു അന്വേഷണ ചുമതല.

DySP Harikumar found dead, Thiruvananthapuram, News, Neyyattinkara, Police, Murder, Suicide, Trending, Controversy, Kerala

ബുധനാഴ്ചയാണ് ഹരികുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരുന്നത്. കോടതിയുടെ തീരുമാനം എതിരായാല്‍ മാത്രം കീഴടങ്ങാനായിരുന്നു ഹരികുമാറിന്റെ പദ്ധതി. ശത്രുക്കളുള്ളതിനാല്‍ നെയ്യാറ്റിന്‍കര സബ് ജയിലിലേക്ക് കൊണ്ടുപോകരുതെന്ന ആവശ്യവും ഹരികുമാര്‍ മുന്നോട്ടുവച്ചിരുന്നു. സനല്‍കുമാറിനെ മനഃപൂര്‍വം കൊന്നതാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തയാറാക്കിയതോടെ ഹരികുമാര്‍ മാനസികമായി സമ്മര്‍ദത്തിലാകുകയായിരുന്നുവെന്ന് അടുപ്പമുള്ളവര്‍ പറയുന്നു.

കല്ലമ്പലം വെയിലൂരിലെ നന്ദാവനമെന്ന വീട്ടില്‍ തിങ്കളാഴ്ച രാത്രിയോടെയാണ് ഹരികുമാര്‍ എത്തിയത്. ഈ വീട് കുറച്ചു നാളായി അടഞ്ഞു കിടക്കുകയായിരുന്നു. ജോലിയുടെ ഭാഗമായി നെയ്യാറ്റിന്‍കരയിലാണ് ഡിവൈഎസ്പി ഇപ്പോള്‍ താമസിക്കുന്നത്. ഭാര്യയുടെ അമ്മ വളര്‍ത്തു നായയ്ക്ക് ഭക്ഷണം നല്‍കാനെത്തിയപ്പോഴാണ് ഡിവൈഎസ്പിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ഉടന്‍ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഈ വീടിനു തൊട്ടടുത്താണു ഭാര്യയുടെ അമ്മ താമസിക്കുന്നത്.

അഞ്ചാം തീയതി രാത്രി പത്തു മണിയോടെയാണ് റോഡരികിലെ തര്‍ക്കത്തെത്തുടര്‍ന്ന് നെയ്യാറ്റിന്‍കര സ്വദേശി സനല്‍ കൊല്ലപ്പെടുന്നത്. പണമിടപാട് സ്ഥാപനം നടത്തിയിരുന്ന ബിനുവിന്റെ വീട്ടില്‍നിന്ന് പുറത്തേക്കിറങ്ങിയ ഹരികുമാര്‍ വാഹനം പാര്‍ക്കുചെയ്തതുമായി ബന്ധപ്പെട്ടാണ് സനലുമായി തര്‍ക്കത്തിലേര്‍പ്പെട്ടത്. വാഹനം മാറ്റി പാര്‍ക്കു ചെയ്തശേഷം തിരിച്ചെത്തിയ സനലിനെ ഡിവൈഎസ്പി മര്‍ദിച്ചശേഷം കാറിനു മുന്നിലേക്ക് തള്ളിയിടുകയായിരുന്നു.

സനല്‍ ഭക്ഷണം കഴിക്കാനെത്തിയ കടയുടമയാണ് കേസിലെ പ്രധാന സാക്ഷി. ബിനുവിന്റെ വീടിനു മുന്നില്‍ സ്ഥാപിച്ചിരുന്ന ക്യാമറയില്‍നിന്നുള്ള ദൃശ്യങ്ങളും നിര്‍ണായക തെളിവായി. ഡിവൈഎസ്പിയെ ഒളിവില്‍പോകാന്‍ സഹായിച്ച തൃപ്പരപ്പിലെ ലോഡ്ജ് ഉടമ സതീഷ് കുമാറിനെയും രണ്ടാംപ്രതി ബിനുവിന്റെ മകനും കേസിലെ നാലാം പ്രതിയുമായ അനൂപ് കൃഷ്ണയെയും കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു. പണമിടപാട് സ്ഥാപനം നടത്തുന്ന ബിനുവിനെ പിടുകൂടാനായിട്ടില്ല. ബിനുവിനുവേണ്ടിയുള്ള തിരച്ചില്‍ നടക്കുകയാണെന്ന് ഐജി ശ്രീജിത്ത് പറഞ്ഞു.

സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ഹരികുമാറിനെ പിടികൂടാനാകാത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു. പ്രതികളെ സംരക്ഷിക്കുന്നു എന്നാരോപിച്ച് എംഎല്‍എ അന്‍സലന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയിരുന്നു. സനലിന്റെ ഭാര്യ വിജി കൊലപാതകം നടന്ന സ്ഥലത്ത് ചൊവ്വാഴ്ച രാവിലെ നിരാഹാര സത്യാഗ്രഹം ആരംഭിച്ച് രണ്ട് മണിക്കൂര്‍ പിന്നിടുമ്പോഴാണ് ഡിവൈഎസ്പിയുടെ മരണ വാര്‍ത്ത പുറത്തുവരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: DySP Harikumar found dead, Thiruvananthapuram, News, Neyyattinkara, Police, Murder, Suicide, Trending, Controversy, Kerala.