Follow KVARTHA on Google news Follow Us!
ad

80 ലക്ഷത്തിന്റെ ലോട്ടറി അടിച്ചെന്ന് ഏജന്റ്; വിവരമറിഞ്ഞ് ലഡുവിതരണവും നടത്തി; ഒടുവില്‍ ചതി പുറത്തായി

80 ലക്ഷത്തിന്റെ ലോട്ടറി അടിച്ചെന്ന് ഏജന്റ് വിളിച്ച് പറഞ്ഞപ്പോള്‍ സന്തോഷത്തിന് Lottery, News, Local-News, Police, Complaint, Cheating, Kerala,
വയനാട്: (www.kvartha.com 10.11.2018) 80 ലക്ഷത്തിന്റെ ലോട്ടറി അടിച്ചെന്ന് ഏജന്റ് വിളിച്ച് പറഞ്ഞപ്പോള്‍ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല പുല്‍പ്പള്ളി അമരക്കുനി സ്വദേശിയായ വിശ്വംഭരന്. സ്ഥിരം ലോട്ടറി ടിക്കറ്റെടുക്കുന്ന ശീലമുള്ള വിശ്വംഭരന്‍ വിവരമറിഞ്ഞപ്പോള്‍ തന്നെ എല്ലാവര്‍ക്കും ലഡു വിതരണം നടത്തുകയും ചെയ്തു. എന്നാല്‍ ആ സന്തോഷത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല.

അധികം വൈകാതെ തന്നെ ഏജന്റ് വിളിച്ചുപറഞ്ഞു. ലോട്ടറി അടിച്ചത് തനിക്കല്ലെന്ന്. വിവരമറിഞ്ഞപ്പോള്‍ ആകെ തളര്‍ന്നുപോയ വിശ്വംഭരന്‍ എന്ത് ചെയ്യണമെന്നറിയാതെ തകര്‍ന്നുനില്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസില്‍ ഇതുസംബന്ധിച്ച പരാതി നല്‍കിയത്.

Agent slaps Rs 80 lakh lottery, Lottery, News, Local-News, Police, Complaint, Cheating, Kerala

ഇക്കഴിഞ്ഞ ഓഗസ്റ്റ് മുപ്പതിന് രണ്ടര മണിക്കാണ് പുല്‍പ്പള്ളി വിനായക ഏജന്‍സിയില്‍നിന്നും വിശ്വംഭരന്‍ കാരുണ്യ പ്ലസ് ഭാഗ്യക്കുറി എടുത്തത്. എണ്‍പത് ലക്ഷവുമായി ഭാഗ്യദേവത തേടിയെത്തിയെന്ന് അന്ന് വൈകിട്ട് ഏജന്റ് തന്നെയാണ് വിശ്വംഭരനെ നേരിട്ടുവന്ന് അറിയിച്ചത്.

തുടര്‍ന്ന് ലോട്ടറിക്കടക്കാരന്‍ തന്നെ വിശ്വംഭരനെയും കൂട്ടി ബാങ്കിലും പത്രങ്ങളുടെ പ്രാദേശിക ഓഫിസുകളിലും പോയി. കടയില്‍ ലഡുവിതരണം നടത്തി. ഇതിനികം ലോട്ടറിയടിച്ച വിവരം നാട് മുഴുവന്‍ പരന്നു. അമ്പലത്തില്‍ പോയി. പക്ഷെ വൈകിട്ടോടെ സന്തോഷക്കണ്ണീര്‍ സങ്കടക്കണ്ണീരാവുകയായിരുന്നു. താന്‍ കബളിപ്പിക്കപ്പെട്ടെന്ന് വിശ്വംഭരന്‍ പറയുന്നു.

സംഭവത്തെ കുറിച്ച് വിശ്വംഭരന്‍ പറയുന്നത്;

പിഎ, പിജി, പികെ എന്നീ സീരിയലിലുള്ള 188986 നമ്പറുകളിലുള്ള മൂന്ന് ടിക്കറ്റുകളാണ് എടുത്തത്. ഇതില്‍ ഒരു ടിക്കറ്റിന് സമ്മാനം അടിച്ചുവെന്ന് ഏജന്‍സിക്കാരനാണ് അറിയിച്ചത്. സമ്മാനമടിച്ച ടിക്കറ്റിലെ അക്കങ്ങള്‍ മാത്രമേ പറഞ്ഞിരുന്നുള്ളു. എന്നാല്‍ സീരിയല്‍ നമ്പര്‍ സൂചിപ്പിച്ചിരുന്നില്ല.

ലഡുവിതരണത്തിന് ശേഷം ഈ നമ്പറുകള്‍ അടുത്ത ബന്ധുകൂടിയായ ലോട്ടറി ഏജന്റ് തിരിച്ചുവാങ്ങി. പിന്നീട് തിരിച്ചു നല്‍കി. ഒരു ടിക്കറ്റില്‍ പേരും ഒപ്പും ഇടാന്‍ ആവശ്യപ്പെട്ടിരുന്നു. തിരക്കിനിടയില്‍ തിരിച്ചുവാങ്ങിയ നമ്പറിന്റെ സീരിയലുകള്‍ നോക്കിയില്ലെന്നും അക്കങ്ങള്‍ മാത്രമേ ശ്രദ്ധിച്ചുള്ളൂ എന്നും വിശ്വംഭരന്‍ പറയുന്നു.

എന്നാല്‍ താന്‍ വാങ്ങിയ ഒന്നാംസമ്മാനാര്‍ഹമായ ടിക്കറ്റായ പിജി 188986 പകരം പിഇ 188986 എന്ന ടിക്കറ്റാണു തിരിച്ചുതന്നതെന്നാണു പരാതി. വൈകിട്ട് അഞ്ചരയോടെ അമ്പലത്തില്‍പ്പോയി വന്നപ്പോള്‍ ഏജന്‍സി നടത്തുന്നയാളും സുഹൃത്തും വന്ന് ലോട്ടറി അടിച്ചത് പിജി സീരിയലിലെ നമ്പറിനാണെന്ന് അറിയിക്കുകയായിരുന്നു. പിറ്റേന്ന് തന്നെ പുല്‍പ്പള്ളി പോലീസ് സ്‌റ്റേഷനില്‍ ചെന്ന് പരാതി നല്‍കി.

അതിനിടെ എഫ്‌ഐആര്‍ ഇടാന്‍ വൈകി എന്ന ആക്ഷേപവുമുണ്ട്. കഴിഞ്ഞ ദിവസം സമ്മാനാര്‍ഹമായ ടിക്കറ്റുമായി പുല്‍പ്പള്ളി സ്വദേശിയായ വിന്‍സെന്റ് എന്നയാള്‍ തിരുവനന്തപുരം ലോട്ടറി ഡയറക്ടറേറ്റില്‍ എത്തിയിരുന്നു.

ടിക്കറ്റുമായി എത്തിയ ആളെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇതുവരെ ലോട്ടറിവകുപ്പില്‍ വിശദമായ മറുപടി ലഭിച്ചിട്ടില്ലെന്നും അതു കിട്ടിയാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂ എന്നുമാണ് പുല്‍പ്പള്ളി പോലീസിന്റെ വാദം. എന്തായാലും സമ്മാനം നല്‍കുന്ന നടപടികള്‍ തല്‍ക്കാലത്തേക്കു തടഞ്ഞുവെച്ചിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Agent slaps Rs 80 lakh lottery, Lottery, News, Local-News, Police, Complaint, Cheating, Kerala.