Follow KVARTHA on Google news Follow Us!
ad

മുത്വലാഖ്, പെണ്ണ് ആണിന്റെ അടിമയല്ല, അവസാനം ശബരിമല; ആരാണ് പെണ്ണ് എന്ന് വ്യക്തമാക്കുന്ന മൂന്ന് വിധികള്‍

സ്ത്രീകളുടെ വ്യക്തിത്വം സമ്പുഷ്ടമാക്കാനുള്ള മൂന്ന് പെണ്‍ അനുകുല വിധികളാണ് ഈ അടുത്ത ദിവസങ്ങളില്‍ സുപ്രീം കോടതി നടത്തിയത്. അതിനെ തുരങ്കം വെക്കാനുള്ള സമര്‍ത്ഥമായ Kookkanam Rahman, Article, Sabarimala, Court Order, Woman, Who is woman?
കൂക്കാനം റഹ് മാന്‍

(www.kvartha.com 17.10.2018) സ്ത്രീകളുടെ വ്യക്തിത്വം സമ്പുഷ്ടമാക്കാനുള്ള മൂന്ന് പെണ്‍ അനുകുല വിധികളാണ് ഈ അടുത്ത ദിവസങ്ങളില്‍ സുപ്രീം കോടതി നടത്തിയത്. അതിനെ തുരങ്കം വെക്കാനുള്ള സമര്‍ത്ഥമായ നീക്കങ്ങളാണ് പുരുഷാധിപത്യ സമൂഹമായ നമ്മൂടെ രാജ്യത്ത് പുരുഷ വിഭാഗം നടത്തുന്നത്. പാവം സ്ത്രീകളും തങ്ങള്‍ക്ക് കൈവന്ന തുല്യതാധികാരത്തെക്കുറിച്ച് ചിന്തിക്കാതെ പുരുഷന്മാരൊപ്പം ചേര്‍ന്ന് പ്രതിഷേധിക്കുന്നത് കാണുമ്പോള്‍ ആശ്ചര്യം തോന്നുന്നു.

മൂത്തലാഖ് നിര്‍ത്തലാക്കല്‍, ശബരിമലയില്‍ സ്ത്രീപ്രവേശനം, സ്ത്രീപുരുഷന്റെ അടിമയല്ല സ്വതന്ത്രയാണ് എന്ന പ്രഖ്യാപനം ഇത് മൂന്നൂം സ്ത്രീജന്മമെടുത്തവര്‍ക്ക് അനുകുലമാണ്. സര്‍ക്കാരുകളും, രാഷ്ട്രീയ നേതൃത്വങ്ങളും, സാമുദായികസംഘടനകളും ഈ ആവശ്യങ്ങള്‍ നേടിയെടുത്തു തരാന്‍ ഇന്നേവരെ ഒരു ശ്രമവും നടത്തിയില്ല. ആവിടെയാണ് ബഹുമാനപ്പെട്ട കോടതി, അവരുടെ അധികാരമുപയേഗിച്ച് ഇവയെല്ലാം നടപ്പിലാക്കേണ്ടതാണെന്ന് ബന്ധപ്പെട്ടവരെ ഓര്‍മ്മപ്പെടുത്തുകയും വിധി പ്രസ്താവിക്കുകയും ചെയ്തത്.
Kookkanam Rahman, Article, Sabarimala, Court Order, Woman, Who is woman?

പെണ്ണുകെട്ടലും ത്വലാഖ് ചൊല്ലലും മൂസ്സീം വിഭാഗത്തില്‍ പെട്ട പുരുഷന്മാക്ക് അവകാശപ്പെട്ടതാണെന്നാണ്് അവര്‍ പ്രഖ്യാപിക്കുന്നത്. തന്റെ ഭാര്യ അനുസരണക്കേട് കാണിക്കുന്നു എന്നോ മറ്റോ പറഞ്ഞ് അവളെ നിഷ്‌ക്കരുണം ഒരു നില്‍പ്പില്‍ മൂന്നുതവണ ത്വലാഖ് ചൊല്ലിയാല്‍ അവന് അവളെ ഉപേക്ഷിക്കാം. പാവം സ്ത്രീകള്‍ അതുകേട്ട് ഞെട്ടലോടെ ഇതാണ് തങ്ങളുടെ വിധിയെന്നോര്‍ത്ത് വിലപിക്കുന്നു. പുരുഷന്റെ ഈ മനുഷ്യത്വമില്ലാത്ത നിഷഠൂരമായ പ്രവണതയെയാണ് കോടതി പാടില്ലാ എന്ന് വിധിയിലൂടെ അറിയിച്ചത്. ഈ നന്മ നിറഞ്ഞ വിധിയെ എതിര്‍ക്കുന്ന പുരുഷമേധാവിത്വ സ്വഭാവത്തെ ശക്തിയുക്തം എതിര്‍ക്കേണ്ടത് സ്ത്രീകള്‍ തന്നെയാണ്.

അടുത്ത വിധിവരുന്നു വിവാഹേതരബന്ധം കുറ്റകരമല്ല. ആ വിധിയുടെ അന്തസ്സത്തയും, ഉള്ളടക്കവും വ്യക്തമായി മനസ്സിലാക്കാതെ അതിനെതിരെയും ഇവിടുത്തെ കപട സദാചാരക്കാരായ പുരുഷവര്‍ഗ്ഗവും സ്ത്രീവര്‍ഗ്ഗവും എതിര്‍ക്കാന്‍ തുടങ്ങി. യഥാര്‍ത്ഥത്തില്‍ സ്ത്രീകളെ പൂരുഷന്മാരുടെ അടിമകളാക്കി വെക്കുന്ന അവസ്ഥയില്‍ നിന്ന് അവരെ മോചിപ്പിക്കാനുള്ള വിധിയാണത്. ഉഭയസമ്മത പ്രകാരം ഒരു പുരുഷനും സ്ത്രീയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നു. ഇത്തരം ബന്ധത്തിലേര്‍പ്പെട്ട സ്ത്രീയും പുരുഷനും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ സ്ത്രീ പരാതിക്കാരിയായാല്‍ പുരുഷന്‍ കുറ്റക്കാരനാവുകയും സ്ത്രീരക്ഷപ്പെടുകയും ചെയ്യുന്നു. ഇവിടെ ഒരാളെ മാത്രം കുറ്റക്കാരനാക്കി ശിക്ഷിക്കുന്നത് ശരിയല്ലല്ലോ?

നിലവിലുള്ള 497ാം വകുപ്പുപ്രാകാരം ഭര്‍ത്താവ് തന്റെ ഭാര്യയോട് വേറൊരു പുരുഷനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പൊടാവുന്നതാണ്. അതിന് പ്രേരിപ്പിച്ച ഭര്‍ത്താവ് കുറ്റക്കാരനല്ല. തന്റെ ഭാര്യയെക്കൊണ്ട് എന്തും ചെയ്യിക്കാന്‍ അധികാരമുള്ള ആളാണ് ഭര്‍ത്താവ്. ഭാര്യ അടിമയെ പോലെ അനുസരിക്കേണ്ടവളാണ് എന്നാണിതിന്റെ ധ്വനി. ഈ വ്യവസ്ഥ മാറ്റനാണ് വിവാഹേതര ബന്ധം കുറ്റകരമല്ല എന്ന വിധി പ്രസ്താവിക്കാന്‍ കോടതിയെ പ്രേരിപ്പിച്ചത്.

ഈ വിധിയുടെ അര്‍ത്ഥം എല്ലാ സ്ത്രീ പുരുഷന്മാരും വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെട്ടോളൂ എന്ന ആഹ്വാനമല്ല. ഒരാള്‍ മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ ഹനിക്കാന്‍ പാടില്ല. എത്രയോ സ്ത്രീ പുരുഷന്മാര്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവരുമായി ലൈംഗികബന്ധത്തില്‍ ഇടപെടുന്നുണ്ട്. വിവാഹത്തിനു മുമ്പോ ശേഷമോ ഇങ്ങനെ ചൊയ്യുന്നവരുണ്ട്. വിധിക്കുശേഷം പലപ്രമുഖരും തങ്ങള്‍ക്കുണ്ടായ അനുഭവം വെളിപ്പെടുത്തി തുടങ്ങി.

കഴിഞ്ഞദിവസം നാല്‍പതിനോടടുത്ത പ്രായമുള്ള സ്ത്രീ അവരുടെ ദുഃഖം പങ്കിട്ടു. രണ്ടാമത്തെ കുട്ടിയെ പ്രസവിക്കുമ്പേള്‍ ഭര്‍ത്താവ് എന്നെ ഉപേക്ഷിച്ചുപോയി. അദ്ദേഹം വേറെ വിവാഹം ചെയ്തു ജീവിക്കുന്നു. ഞാന്‍ അയാളിലുണ്ടായ രണ്ട് മക്കളെ വളര്‍ത്താന്‍ പെടാപാടുപെടുന്നു. എനിക്കുമില്ലേ അയാളെ പോലെ വികാരവും വിചാരവും? ഞാനും ഇഷ്ടപ്പെട്ടവന്റെ കുടെ പോകും... അതിന് അവസരം കിട്ടിയാല്‍. ആര്‍ക്കും പ്രയാസമുണ്ടാക്കാതെ. ഇത് സങ്കടത്തില്‍ നിന്നുണ്ടാവുന്ന ഒരു വെല്ലുവിളിയാണ്. കുറ്റപ്പെടുത്താനാവുമോ ആ സ്ത്രീയെ?

അന്ന് തന്നെ വേറൊരു സംഭവത്തിനും ഞാന്‍ സാക്ഷിയായി. ഓഫീസ് വിട്ട് സ്റ്റാന്‍ഡിലേക്കു പോകുംവഴി എനിക്കറിയാവുന്ന ഒരു ഇരുപതുകാരി എതിരേ വരുന്നു. കുടെ അത്ര മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരനും. അവനെ ചുണ്ടി ഞാന്‍ പെണ്‍കുട്ടിയോട് ആരാണെന്ന് ചോദിച്ചു' അവന്റെ കഴുത്തിലൂടെ കയ്യിട്ട് അവള്‍ ധൈര്യപൂര്‍വ്വം പറയുകയാണ് ' ഇത് എന്നെ കെട്ടാന്‍ പോകുന്ന ആളാ'. അവള്‍ ഹോട്ടലിലേക്ക് നടക്കുകയാണ് ഭയമില്ലാതെ. ഇനി സദാചാര പോലിസുകാരെ ഭയക്കേണ്ടല്ലോ എന്ന ആത്മ സംതൃപ്തിയോടെ..

ഖലില്‍ ജിബ്രാള്‍ പറയുന്നു. 'നിങ്ങള്‍ ഒരേ മേല്‍കൂരയെ താങ്ങുന്ന രണ്ടുതുണുകള്‍ പോലെയാവുക. പരസ്പരം അധീശത്വത്തിന് ശ്രമിക്കാതെ സ്വതന്ത്രമായി വിടുക. ഒരേ മേല്‍കൂരയെ താങ്ങുകമാത്രം ചെയ്യുക. ആ മേല്‍കൂര സ്‌നേഹമാണ്.' ഭര്‍ത്താവ് ഭാര്യയുടെ ഉടമയല്ലയെന്ന് വിളിച്ചു പറയുകയാണ് ഖലീല്‍ ജീബ്രാള്‍.

വിവാഹേതരബന്ധം കുറ്റകരമല്ലായെന്നു സമൂഹത്തിന് ബോധ്യമായാല്‍ ഇവിടെ കൊലപാതകങ്ങളും, ഒളിച്ചോട്ടങ്ങളും, കുടുംബവഴക്കുകളും ഉണ്ടാവില്ല. അവള്‍ക്കോ അയാള്‍ക്കോ താല്‍പര്യമുള്ളത് ചെയ്യട്ടേ.. അത് ഞങ്ങളുടെ (ഭാര്യാഭര്‍ത്തൃ ബന്ധത്തിനോ സ്‌നേത്തിനോ) ഉടവു വരുത്തില്ലായെന്ന് രണ്ടു പേരും കരുതിയാല്‍ മതി.

വിവാഹേതരബന്ധം പുലര്‍ത്തുന്നത് മൂലം അതിലൊരാള്‍ മരണപ്പെടുകയോ, ആത്മഹത്യചെയുകയോ ചെയ്താല്‍ കേസ് നടത്താം. വിവാഹമോചനം നടത്തണമെങ്കില്‍ വിവാഹേതരബന്ധം ചൂണ്ടിക്കാട്ടാവുന്നതുമാണ്. സ്ത്രീ പുരുഷ തുല്യതയ്ക്കു വേണ്ടിയാണ് ഇത്തരമൊരുവിധി പ്രസ്താവിക്കാന്‍ കോടതിയെ പ്രേരിപ്പിച്ചത്.

ഇവിടെ സുചിപ്പിച്ച രണ്ടു കോടതി വിധികളും സമൂഹത്തില്‍ വലിയ ചലനങ്ങളുണ്ടാക്കിയില്ല. പക്ഷേ അതിനുശേഷം സ്ത്രീകള്‍ക്കനുകുലമായി വന്ന 'ശബരിമല പ്രേവേശനം സ്ത്രീകള്‍ക്കുമാവാം' എന്ന വിധി പ്രസ്താവനയാണ് ഇക്കാലത്തെ പ്രമാദമായ ചര്‍ച്ച. ഇതിന് കോടതി കണ്ടെത്തിയ ന്യായം വളരെ സുതാര്യമാണ്. ദൈവാരാധന മനുഷ്യാവകാശമാണ്. അതിന് ആണ്‍, പെണ്‍ വേര്‍തിരിവില്ല. അതിനാല്‍ സ്ത്രീകള്‍ക്കും മല ചവിട്ടാം. അതും എല്ലാ സ്ത്രീകളും മല ചവിട്ടണമെന്നല്ല; ആഗ്രഹിക്കുന്നവര്‍ക്ക്  പോകാം എന്നാണ് വിധി. പുരുഷന്മാര്‍ക്കില്ലാത്ത ഒരു പ്രയാസം സ്ത്രീകള്‍ക്കുള്ളത് മാസമുറയാണ്. അതിന് അശുദ്ധിയില്ലെന്നും, അതൊരു ജൈവിക പ്രക്രിയയാണെന്നുമാണ് ശാസ്ത്ര ദൃഷ്ട്യാ വൈഭവമുള്ളവര്‍ പറയുന്നത്.

ഇതും സ്ത്രീകള്‍ക്ക് അംഗികാരം നല്‍കുന്ന വിധിയാണ്. സ്ത്രീകളും മനുഷ്യരാണെന്നും, വ്യക്തി സ്വാതന്ത്ര്യമുള്ളവളാണെന്നും വിളിച്ചു പറയുന്ന വിധി. കേട്ടപാടെ മിക്കവരും അതിനെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്തു. ദിവസങ്ങള്‍ കഴിയുമ്പോള്‍ പഠിച്ച കള്ളന്മാരായ ചില രാഷ്ടീയ നോതാക്കള്‍ വോട്ടുബാങ്കിനെ ലക്ഷ്യമാക്കി ശബരിമല സ്ത്രീ പ്രവേശനം അംഗികരിക്കാന്‍ പറ്റില്ലെന്ന നിലപാടുമായി മുന്നോട്ടുവന്നു. രഷ്ടീയ സാമൂഹ്യ സംസ്‌ക്കാരിക രംഗത്തുള്ളവരെല്ലാം തീര്‍ച്ചയായും ആവേശപൂര്‍വ്വം അംഗികരിക്കേണ്ട കാര്യമായിരുന്നു ഇത്.

സ്ത്രീകള്‍ക്ക് മാനുഷിക പരിഗണന നല്‍കാത്ത, നിരവധി ആചാരങ്ങള്‍ സമൂഹത്തിലുണ്ടായിട്ടുണ്ട്. മാറുമറക്കാനുള്ള അവകാശനിഷേധം, മൂലക്കരം നല്‍കണമെന്ന മനുഷ്യത്വരഹിതാമയ നിയമം, ഭര്‍ത്താവുമരിച്ചാല്‍ ഭര്‍ത്താവിന്റെ ചിതയില്‍ ചാടി വെന്തുമരിക്കണമെന്ന (സതി) വ്യവസ്ഥ ഇതെക്കെ ഓരോന്നായി പരിഹരിച്ചു കഴിഞ്ഞു. അതിനോടൊപ്പം ചേര്‍ത്തുവെക്കേണ്ട ഒരു സമത്വരഹിതമായ വ്യവസ്ഥയായിരുന്നു ചില ക്ഷേത്രങ്ങളില്‍ സ്ത്രീ പ്രവേശനനിരോധനം. പ്രത്യേകിച്ച് ശബരിമല പ്രവേശനം.

സ്ത്രീകള്‍ക്കനുകുലമായ ഒരു നടപടി നിയമം മൂലം നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ വെല്ലുവിളി ഉയര്‍ത്തുന്നത് തികച്ചും പുരുഷമേധാവിത്വത്തിന്റെ കരാള ഹസ്തങ്ങളാണ്. സ്ത്രീക്കും പുരുഷനും എല്ലാ രംഗങ്ങളിലും തുല്യത ഉറപ്പുവരുത്തേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്. നിയമവ്യവസ്ഥകള്‍ക്കുണ്ട്. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന അസമത്വത്തിന് അറുതിവരുത്തുകയാണ് സുപ്രീംകോടതി ചെയ്തത്.

നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ പുനഃസ്ഥാപിക്കാന്‍ മുന്നോട്ടുവരുന്ന സ്ഥാപനങ്ങളെ ഉള്‍ക്കൊള്ളാനും, അവരുടെ നിലപാടുകളെ അംഗീകരിക്കാനുമാണ് സ്ത്രീകള്‍ തയ്യാറാവേണ്ടത്. രാഷ്ടീയത്തിന്റെയോ, പൗരോഹിത്യത്തിന്റേയോ തിട്ടൂരങ്ങള്‍ വലിച്ചെറിഞ്ഞ് ഞങ്ങളും മനുഷ്യരായി ജീവിക്കട്ടെയെന്ന് ഉച്ചൈസ്തരം ഉദ്‌ഘോഷിക്കാന്‍ സ്ത്രീകള്‍ മൂന്നോട്ടുവരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Muthalakh, Kookkanam Rahman, Article, Sabarimala, Court Order, Woman, Who is woman?