Follow KVARTHA on Google news Follow Us!
ad

ലോക്സഭാ തെരഞ്ഞെടുപ്പ്: പ്രമുഖരെ കളത്തിലിറക്കാന്‍ സിപിഐ നീക്കം

ലോക്സഭാ തെരഞ്ഞെടുപ്പിന് ഭരണകക്ഷിയായ ബിജെപിയും, പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസും അഖിലേന്ത്യാ തലത്തില്‍ തയ്യാറെടുക്കുമ്പോള്‍ കേരളത്തിലും അലയടികള്‍ Kerala, News, Politics, Trending, Lok Sabha, Election, CPI Ready for Lok Sabha Election
ആലപ്പുഴ: (www.kvartha.com 14.10.2018) ലോക്സഭാ തെരഞ്ഞെടുപ്പിന് ഭരണകക്ഷിയായ ബിജെപിയും, പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസും അഖിലേന്ത്യാ തലത്തില്‍ തയ്യാറെടുക്കുമ്പോള്‍ കേരളത്തിലും അലയടികള്‍ തുടങ്ങി. ഭരണത്തിലിരിക്കുന്ന എല്‍ഡിഎഫ് അടുത്ത തവണ കേരളത്തില്‍ നിന്നും പരമാവധി പ്രതിനിധികളെ ലോക്സഭയിലേക്ക് അയക്കുവാന്‍ ഭഗീരഥ പ്രയത്നത്തിലാണ്. സിപിഎം ഇക്കാര്യത്തില്‍ താഴേ തട്ടിലുള്ള ബൂത്തു കമ്മിറ്റികളുടെ പ്രവര്‍ത്തനം സജീവമാക്കിയിരിക്കുന്നു.

ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ ജനങ്ങള്‍ക്കുണ്ടായ തെറ്റിദ്ധാരണ മാറ്റുവാനായി സംസ്ഥാനത്തുടനീളം പ്രചരണം നടത്തുവാനും തീരുമാനിച്ചു. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയും തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സീറ്റില്‍ മുഴുവന്‍ പേരെയും വിജയിപ്പിക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തനം തുടങ്ങി. അതിന്റെ ഫലമായി സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലും അനൗപചാരിക ചര്‍ച്ചകളും തുടങ്ങിയിരിക്കുന്നു. അതിനുളള തന്ത്രങ്ങളും മെനഞ്ഞു തുടങ്ങി. നാല് സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരെഞ്ഞടുപ്പില്‍ തിരുവനന്തപുരം സീറ്റില്‍ പാര്‍ട്ടിക്ക് ഏറെ പഴിക്കേള്‍ക്കേണ്ടി വരികയും, മുതിര്‍ന്ന നേതാവായ സി. ദാവാകരനെ ജില്ലാ കൗണ്‍സിലിലേക്ക് തരം താഴ്ത്തപ്പെടുകയും, പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറി പി. രാമചന്ദ്രന്‍ നായരും, വെഞ്ഞാറമൂട് ശശിയും പാര്‍ട്ടി വിട്ടു പോകേണ്ട സാഹചര്യവും ഉണ്ടായി. സിപിഐ സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു.

സിപിഐ പ്രതിനിധികളായ പി.കെവി, പന്ന്യന്‍, കെ വി സുരേന്ദ്രനാഥ് തുടങ്ങിയവര്‍ വിജയിച്ച് പാര്‍ലമെന്റില്‍ എത്തിയ മണ്ഡലം എന്ന പ്രത്യേകത കൂടി തിരുവനന്തപുരത്തിനുണ്ട്. ഇത്തവണ നമ്പി നാരായണനെ മത്സരിപ്പിക്കാന്‍ സിപിഐക്ക് മേല്‍ സമ്മര്‍ദം ശക്തമാകുന്നു. എന്നാല്‍ അദ്ദേഹം പച്ചകൊടി കാട്ടിയിട്ടില്ല. നേതൃനിരയിലെ പ്രമുഖനും സംസ്ഥാന കൗണ്‍സില്‍ അസി. സെക്രട്ടറിയും പത്തനാപുരത്തു നിന്നുള്ള മുന്‍ നിയമസഭാംഗവുമായ അഡ്വ കെ.പ്രകാശ് ബാബു ആകുമെന്നാണ് അറിവ്. സാമുദായിക സന്തുലിതാവസ്ഥ കൂടി കണക്കിലെടുക്കുമ്പോള്‍ പ്രകാശ് ബാബുവിന്റെ പേരിനു തന്നെയാണ് ഏറെ മുന്‍തൂക്കം.

കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഏഴു നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന മാവേലിക്കരയാണ് മറ്റൊരു മണ്ഡലം നിലവില്‍ അടൂരില്‍ നിന്നുള്ള നിയമസ ഭാംഗമായ ചിറ്റയം ഗോപകുമാറിനെ സ്ഥാനാര്‍ഥിയാക്കാനാണ് നീക്കം. കൂടാതെ കിളിമാനൂര്‍ എംഎല്‍എയും ദേവസ്വം ബോര്‍ഡ് മുന്‍ അംഗവുമായ വി. ശശിയുടെ പേരും പറഞ്ഞു കേള്‍ക്കുന്നു. ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ഏറെ സ്വാധീനമുള്ള, പ്രദേശമാണ് മാവേലിക്കര മണ്ഡലം കൊല്ലം ജില്ലയില്‍ ആര്‍. ബാലകൃഷ്ണപിള്ളയുടേയും, ഗണേഷ്‌കുമാറിന്റെയും സ്വാധീനവും മുതലാക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.

കഴിഞ്ഞ കാലങ്ങളില്‍ കൊടിക്കുന്നിലിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയര്‍മാന്‍ ആയിരുന്നു ആര്‍. ബാലകൃഷ്ണപിള്ള. മുന്‍ എംപി ചെങ്ങറ സുരേന്ദ്രന്‍, ജനയുഗം മാനേജിംഗ് എഡിറ്ററും കിളിമാനൂരില്‍ നിന്നുള്ള മുന്‍ നിയമസഭാംഗവുമായ എന്‍. രാജന്‍ മുന്‍ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ദേവകി, എ ഐ വൈ എഫ് ആലപ്പുഴ ജില്ലാ പ്രസിഡണ്ട് സി എ അരുണ്‍കുമാര്‍ എന്നിവരുടെ പേരുകളും വിവിധ ജില്ലാ കമ്മി റ്റികള്‍ മുമ്പോട്ട് വെയ്ക്കുന്നുണ്ടെങ്കിലും ചിറ്റയം ഗോപകുമാറിനെ തന്നെ ഗോദയിലിറക്കി സീറ്റു തിരിച്ചു പിടിക്കാനാവും സിപിഐ നേതൃത്വം ശ്രമിക്കുക. തൃശ്ശൂരില്‍ സിറ്റിംഗ് എംപി സി.എന്‍ ജയദേവന്‍ ഇത്തവണ മത്സര രംഗത്തുണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായതോടെ പല പുതുമുഖങ്ങളുടെയും പേരുകള്‍ പുറത്തു വരുന്നുണ്ടെങ്കിലും നേതൃത്വം പരിഗണിക്കുക മുന്‍ മന്ത്രിയും നിലവില്‍ എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ.പി രാജേന്ദ്രനെയാകും.

വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഏഴു നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഇക്കുറി കഴിഞ്ഞ തവണ എം ഐ ഷാനവാസിനോട് പരാജയപ്പെട്ട സത്യന്‍ മൊകേരി മത്സരരംഗത്തുണ്ടാകില്ല. ചലച്ചിത്ര രംഗത്തു നിന്നുള്ള രണ്ടു പ്രമുഖരെയാണ് പാര്‍ട്ടി വയനാട് മണ്ഡലത്തില്‍ പരിഗണിക്കുന്നതെന്ന് അറിയുന്നു. നിലവില്‍ ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാനും സംവിധായകനുമായ വിനയന്‍, മറ്റൊരു പ്രമുഖ സംവിധായകനും സിപിഐ സഹയാത്രികനുമായ എം എ നിഷാദ് ഇവരില്‍ ആരെങ്കിലുമൊരാള്‍ ഇക്കുറി വയനാട് ലോക്സഭാ മണ്ഡലത്തില്‍ പോരിനിറങ്ങിയേക്കും. സാമുദായിക സമവാക്യങ്ങളുടെ രസതന്ത്രം കൂടി പരിശോധിക്കുമ്പോള്‍ എം.എ നിഷാദ് സ്ഥാനാര്‍ഥിയാകാനാണ് ഏറെ സാധ്യത.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Politics, Trending, Lok Sabha, Election, CPI Ready for Lok Sabha Election
  < !- START disable copy paste -->