» » » » » ജെയ്‌സലിന്റെ മുതുകില്‍ ചവിട്ടിക്കയറുന്ന മുസ്ലിം സഹോദരിമാരും പൂജാമുറി ശുചിയാക്കുന്ന നൗഷീക്കും

കൂക്കാനം റഹ് മാന്‍

(www.kvartha.com 19.09.2018) മനുഷ്യര്‍ തമ്മിലുള്ള അകല്‍ച്ചയുടെ മതിലുകള്‍ തകര്‍ക്കാന്‍ പ്രളയക്കെടുതി പ്രേരകമായിത്തീര്‍ന്നിട്ടുണ്ട്. സുഖസൗകര്യങ്ങളോടെ ജീവിച്ചു വരുമ്പോള്‍ വേര്‍തിരിവുകള്‍ മനസ്സിനകത്ത് ഗാഢമായി ഉണര്‍ന്നിരിക്കുകയായിരുന്നു. മതത്തിന്റെയും ജാതിയുടെയും പേരില്‍ മനുഷ്യരില്‍ വിഷം കുത്തി നിറക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട പൈശാചിക സ്വഭാവമുള്ള വ്യക്തികള്‍ വിജയം കൈവരിച്ചിരുന്നു. അവരുടെ കുതന്ത്രങ്ങള്‍ തിരിച്ചറിയാനുള്ള അവസരം കൂടി പ്രളയാനുഭവങ്ങള്‍ സൃഷ്ടിച്ചു എന്നത് നല്ല കാര്യമായി തോന്നുന്നു.
Article, Kookkanam Rahman, Flood, Jaisal, Nousheek, Symbols of communal harmony

ഇത്രയൊക്കെ സംഭവവികാസങ്ങള്‍ നടന്നിട്ടും യാതൊരു ലജ്ജയുമില്ലാതെ തങ്ങളുടെ വിടുവായത്തം ഇപ്പോഴും തുടരുകയാണ് ചിലര്‍. ബീഫ് കഴിക്കുന്നതു കൊണ്ടാണ് പ്രളയമുണ്ടായതെന്നും പറയുന്ന ഹിന്ദു മഹാസഭാ നേതാവ്, കേരളത്തില്‍ പ്രളയബാധ ഉണ്ടാവാന്‍ കാരണം എല്ലാവരും ഇസ്ലാംമതം സ്വീകരിക്കാത്തത് കൊണ്ടാണെന്ന് വീമ്പിളക്കുന്ന നവാഗതനായ ഇസ്ലാം വിശ്വാസിനി, ഇവരെയൊക്കെ പുച്ഛത്തോടെ മാത്രമേ കാണാന്‍ കഴിയൂ.

പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് മനുഷ്യസ്‌നേഹത്തിന്റെ മാറ്റൊലികള്‍ കേള്‍ക്കുമ്പോള്‍ ഹൃദയത്തിനകത്ത് കുളിരു കോരിയിടുന്ന പ്രതീതി ജനിക്കുന്നു. മലപ്പുറം വേങ്ങരയില്‍ നിന്ന് നേര്‍ക്കാഴ്ചയായി കണ്ട 'കരുതല്‍ പടി' എത്ര മഹോന്നതമായ സന്ദേശമാണ് ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്. ചെളിവെള്ളത്തില്‍ മുട്ടുകുത്തി തന്റെ മുതുക് ചവിട്ടുപടിയായി ഉപയോഗിച്ചോളാന്‍ പറയുകയാണ് ജൈസല്‍. വേങ്ങരയിലെ മുസ്ലിം സ്ത്രീകളാണ് ജൈസലിന്റെ പുറത്ത് ചവിട്ടി ഡിങ്കിയിലേക്ക് കയറുന്നത്. അവര്‍ ജീവന്‍ രക്ഷിക്കാന്‍ എല്ലാം വിട്ട് ഓടുകയാണ്. ചെളിവെള്ളത്തില്‍ നിന്ന് ഡിങ്കിയിലേക്ക് കയറാന്‍ അവര്‍ക്ക് ആവുന്നില്ല. മറ്റൊരു ഉപകരണവും ആ സമയത്ത് ലഭ്യമാവാന്‍ സാധ്യതയില്ല. ജൈസല്‍ മറ്റൊന്നുമാലോചിച്ചില്ല. സ്വയം ചവിട്ടുപടിയായ് മാറുകയായിരുന്നു.

അന്യപുരുഷരെ കണ്ടുകൂടാ, തൊട്ടുകൂടായെന്നൊക്കെയുള്ള മതബോധനം മുസ്ലീം സ്ത്രീകളുടെ മനസ്സിലുണ്ടാവും തീര്‍ച്ച. പക്ഷേ ജീവന്‍ രക്ഷിക്കമെങ്കില്‍ അതൊന്നും ഓര്‍ത്താല്‍ പറ്റില്ല. അന്യപുരുഷനെന്നോ അന്യമതസ്ഥനെന്നോ ഇവിടെ പ്രസക്തമല്ല. ജീവനാണ് വലുത്. ഈയൊരു മാനസികവളര്‍ച്ച കെടുതി അനുഭവപ്പെടുന്ന അവസരത്തില്‍ മാത്രം ഉണ്ടായാല്‍ പോരാ, എന്നെന്നും ഈ ചിന്തയുണ്ടാവണം. എല്ലാവരും മനുഷ്യരാണെന്ന ബോധം, പരസ്പരം സഹകരിച്ചും, സഹായിച്ചും ജീവിക്കേണ്ടവരാണ് നാമെന്ന ചിന്ത ഉണ്ടായേ പറ്റൂ..

ഉടുപ്പും പൊക്കിപ്പിടിച്ച് കാലില്‍ ധരിച്ച ചെരിപ്പോടെ ജൈസല്‍ എന്ന ചെറുപ്പക്കാരന്റെ മുതുകില്‍ ചവിട്ടിക്കയറിയതില്‍ മിക്കവരും മുസ്ലിം സഹോദരിമാരാണ്. മത്സ്യത്തൊഴിലാളിയായ ജൈസന്റെ വിശാല മനസ്സിനു മുന്നില്‍ നമുക്ക് നമിക്കാം. അദ്ദേഹത്തിന്റെ മുതുകില്‍ ചവിട്ടിക്കയറിപ്പോയ സഹോദരിമാര്‍ ഓര്‍ക്കേണ്ടത് ഞങ്ങള്‍ രക്ഷപ്പെട്ടു എന്നു മാത്രമല്ല, ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യരെ തമ്മില്‍ വേര്‍തിരിക്കുന്ന ദുഷ്ട ശക്തികളെ ഞങ്ങള്‍ തിരിച്ചറിയും. എന്ന ധാരണ കൂടി ഉണ്ടാവണം.

ഇതെഴുതുമ്പോള്‍ ഞാന്‍ എന്റെ മരിച്ചുപോയ ഉമ്മൂമ്മയെക്കുറിച്ചോര്‍ക്കുകയാണ്. നിസ്‌കരിക്കാന്‍ ദേഹശുദ്ധി വരുത്തിയാല്‍ ബന്ധത്തില്‍പെടാത്ത പുരുഷന്മാര്‍ ദേഹത്തു സ്പര്‍ശിച്ചാല്‍ 'വുസു' മുറിയും എന്നാണ് ഉമ്മൂമ്മ പറയാറ്. ഉമ്മൂമ്മ അത് കൃത്യമായി പാലിക്കും.

അന്യപുരുഷന്മാരെ കാണുന്നതുപോലും ശരിയല്ലയെന്നാണ് അവര്‍ പഠിച്ചു വെച്ചത്. ഒരുദിവസം ഉമ്മൂമ്മ കോണിപ്പടി കയറുമ്പോള്‍ കാലുവഴുതി താഴേക്കു വീണുപോയി. പ്രായമായതിനാല്‍ നട്ടെല്ലിനും കാല്‍മുട്ടിനും കാര്യമായ പരിക്കുപറ്റി. ഞങ്ങളുടെ കരച്ചില്‍ കേട്ട് അയല്‍പക്കക്കാര്‍ ഓടിയെത്തി. അന്തരിച്ച അപ്യാല്‍ ചെറിയമ്പുവേട്ടനും കണ്ടത്തിലെ കൃഷ്‌ണേട്ടനും കൂടി ഉമ്മൂമ്മയെ എടുത്തുപൊക്കി കസേരയിലിരുത്തി. കൂക്കാനത്തുനിന്ന് കരിവെള്ളൂര്‍ വരെ എടുത്ത് കൊണ്ടുപോയി. അന്ന് കണ്ണൂര്‍ ആശുപത്രിയിലെത്തിച്ചാണ് ഉമ്മൂമ്മയെ ശ്രുശൂഷിച്ചത്. തൊട്ടുകൂടാത്ത, കണ്ടുകൂടാത്ത അന്യമതത്തില്‍പ്പെട്ട ചെറിയമ്പുവേട്ടനും കൃഷ്‌ണേട്ടനുമാണ് ഉമ്മൂമ്മയെ രക്ഷപ്പെടുത്തിയത്. മരിക്കും വരെ ഉമ്മൂമ്മയ്ക്ക് അവര്‍ സ്വന്തം ആങ്ങളമാരെപ്പോലെയായിരുന്നു.

മലപ്പുറം ജില്ലയിലെ വെള്ളിലക്കാട്ടില്‍ നിന്നും മതസൗഹാര്‍ദ്ദത്തിന്റെ വേറൊരു മനോഹര അനുഭവവും കേട്ടറിഞ്ഞു. കൃഷ്ണന്‍ പതിനാലില്‍ എന്ന വ്യക്തിയുടെ വീട് പ്രളയത്തില്‍ മുങ്ങി പോയിരുന്നു. വെള്ളമിറങ്ങിയപ്പോള്‍ വീട് ക്ലീന്‍ ചെയ്യാനെത്തിയത് മുസ്ലിം സഹോദരങ്ങളാണ്. അവര്‍ വീടും ചുറ്റുപാടും എല്ലാം വൃത്തിയാക്കിക്കൊടുത്തു. കൃഷ്ണന്റെ പൂജാമുറിയിലും നിറയെ ചെളിയും മറ്റും നിറഞ്ഞു നില്‍പ്പുണ്ട്. മുസ്ലിം സുഹൃത്തുക്കള്‍ പൂജാമുറിയിലേക്ക് കയറാന്‍ അല്പം വൈമസ്യം കാണിച്ചു. വീട്ടുടമ കൃഷ്ണന്‍ അവരെ പ്രോത്സാഹിപ്പിച്ചു. 'നിങ്ങള്‍ കയറി പൂജാമുറി വൃത്തിയാക്കിക്കോളൂ.. കൃഷ്ണന്‍ നടത്തിയ ഈ പ്രസ്താവന ഏറെ ശ്രദ്ധിക്കേണ്ടതാണ്. ദൈവത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണെന്ന് അപകട കാലത്തുമാത്രം പറഞ്ഞാല്‍ പോരാ. എന്നും ഈ ചിന്ത ഉണ്ടായാല്‍ അമ്പലനടകളില്‍ കാണുന്ന 'അന്യമതസ്ഥര്‍ക്ക് പ്രവേശനമില്ല' എന്ന ബോര്‍ഡ് തൂക്കിയിടേണ്ടി വരില്ല. ശബരിമലയില്‍ സ്ത്രീപ്രവേശനം നിരോധിക്കേണ്ടി വരില്ല.

കൃഷ്ണന്റെ പൂജാമുറി ക്ലീന്‍ ചെയ്യുകയും അതിനകത്തുണ്ടായിരുന്ന പൂജാവിഗ്രഹങ്ങളും മറ്റും ഭക്ത്യാദരപൂര്‍വ്വം യഥാസ്ഥാനത്ത് പുന:സ്ഥാപിക്കുകയും ചെയ്തത് നൗഷീക്ക് വൈലശ്ശേരി എന്ന മുസ്ലിം യുവാവാണ്. മതങ്ങള്‍ സൃഷ്ടിച്ച മതിലുകള്‍ മനുഷ്യര്‍ പൊളിച്ചു മാറ്റുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്. അമ്പലങ്ങളിലും പള്ളികളിലും പൂജാമുറികളിലും മനുഷ്യരാണ് പ്രാര്‍ത്ഥിക്കുന്നതെന്നും അതിന് മതത്തിന്റെ വേലിക്കെട്ടുകള്‍ വേണ്ടെന്നും മതാന്ധത വളര്‍ത്തുന്നവര്‍ ഇനിയെങ്കിലും കാണാന്‍ ശ്രമിക്കണം.

കുന്നമംഗലത്തിനടുത്ത് പെരിങ്ങളത്തുനിന്ന് ഒരു വാര്‍ത്ത അറിഞ്ഞു. മനുഷ്യ മനസ്സിന്റെ വിശാലത വിളംബരം ചെയ്യുന്ന ഒന്നായിരുന്നു അത്. അതൊക്കെ അറിയാന്‍ ഒരു പ്രളയകാലം വരേണ്ടിവന്നു എന്നതേ പ്രയാസമുള്ളൂ. മജീദ്ക്ക എന്ന നല്ലൊരു മനുഷ്യനും അദ്ദേഹത്തിന്റെ ഭാര്യ റംലയും കൂടി മഞ്ജു എന്ന് പേരായ ഒരു കുട്ടിയെ എടുത്തു വളര്‍ത്തി. അനാഥയായ പത്തു വയസ്സുകാരിയെയാണ് അവര്‍ വളര്‍ത്തിയത്. സ്വന്തം മകളെപ്പോലെ വളര്‍ത്തി. മഞ്ജുവായിട്ടുതന്നെ. പേര് മാറ്റിയില്ല. ഇസ്ലാം മതത്തിലേക്ക് മതം മാറണമെന്ന് പറഞ്ഞില്ല.

അവളെ പഠിപ്പിച്ചു. എംഎല്‍ടി പാസ്സായി. അവള്‍ ജോലി നേടി ഇന്നവള്‍ക്ക് 23 വയസ്സായി. അനുയോജ്യനായ ഭര്‍ത്താവിനെ മജീദ്ക്കയും റംലത്തയും കൂടി കണ്ടെത്തി. ഒരു ക്ഷേത്രസന്നിധിയില്‍ വെച്ചായിരുന്നു വിവാഹം. പര്‍ദ്ദയിട്ട റംലത്തയും മുസ്ലിം വേഷധാരിയായ മജീദ്ക്കയും മഞ്ജുവിന്റെ തോളില്‍ കൈയ്യിട്ട് അമ്പലമുറ്റത്തെത്തുന്നു. പ്രളയക്കെടുതി മൂലം വളരെ ലളിതമായ രീതിയില്‍ വിവാഹം ഹിന്ദു ആചാര പ്രകാരം നടത്തിക്കൊടുത്തു. സുബ്രഹമണ്യന്‍ എന്ന ചെറുപ്പക്കാരന്റെ കയ്യിലേക്ക് അനുവിന്റെ കൈപിടിച്ച് ഏല്‍പ്പിച്ചത് മജീദും റംലയും തന്നെയാണ്. എന്തു മഹത്തരമാണ് ഈ ദൗത്യം. മതഭ്രാന്തന്മാര്‍ക്ക് ഇത് കണ്ട് സഹിക്കാന്‍ പറ്റുമോ? വിറളിപൂണ്ട് അവര്‍ മജീദിന്റെയും റംലയുടെയും നേര്‍ക്ക് ആഞ്ഞടിക്കുമായിരുന്നില്ലേ? പക്ഷേ ആ വലിയ മനുഷ്യ സ്‌നേഹി കാണിച്ച ഉദാത്തമായ ഈ സ്‌നേഹ മാതൃക എല്ലാവരും കാണിച്ചിരുന്നെങ്കില്‍.

കാലം കഴിയുന്തോറും മനുഷ്യകുലം പുരോഗതിയുടെ പടവുകള്‍ ചവിട്ടിക്കയറുകയാണ്. എന്ന് നാം അഭിമാനിക്കുമ്പോഴും മതത്തിന്റെയും ജാതിയുടെയും പേരില്‍ മനുഷ്യമനസ്സില്‍ പുഴുക്കുത്ത് വീഴ്ത്തി അപകടകരാമാം വിധം പോരടിപ്പിച്ച് രക്തം ചിന്താന്‍ പ്രേരിപ്പിക്കുന്ന ദുഷ്ട ശക്തികള്‍ക്കെതിരെ വെണ്‍മനിറഞ്ഞ മാനവസ്‌നേഹം ഉയര്‍ത്തിപ്പിടിക്കാന്‍ നന്മ നിറഞ്ഞവര്‍ ശ്രമിക്കുന്നുണ്ടിവിടെ. അവര്‍ക്ക് ആവേശവും പ്രചോദനവുമേകുന്ന വാര്‍ത്തകളും അനുഭവങ്ങളുമാണ് കഴിഞ്ഞ ഒന്നു രണ്ടു ആഴ്ചയായി കേട്ടുകൊണ്ടിരിക്കുന്നത്. പ്രളയക്കെടുതി മാറുമെങ്കിലും സ്‌നേഹക്കൂറിനും മാനസ മൈത്രിക്കും കേടു പറ്റാതെ ശ്രദ്ധിക്കാന്‍ ഉണര്‍ന്നിരിക്കണം നാമെല്ലാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookkanam Rahman, Flood, Jaisal, Nousheek, Symbols of communal harmony 

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal