Follow KVARTHA on Google news Follow Us!
ad

ടൂറിസം വിപണനത്തിന് കേരളത്തിന് രണ്ട് പാറ്റാ ഗോള്‍ഡ് പുരസ്‌ക്കാരങ്ങള്‍

പ്രളയശേഷം പഴയപാതയിലേക്ക് കേരള ടൂറിസത്തെ തിരികെക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കു ശക്തിപകരുന്ന രാജ്യാന്തര അംഗീകാരത്തിന് കേരള ടൂറിസം അര്‍ഹമായി. ടൂറിസം മേഖലയിലെ പ്രമുഖരായ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ (പാറ്റ) വിപണനത്തിലെ നൂ Kerala, Thiruvananthapuram, News, Travel & Tourism, Award, Kerala Tourism wins Two PATA Gold Awards for Marketing
തിരുവനന്തപുരം: (www.kvartha.com 16.09.2018) പ്രളയശേഷം പഴയപാതയിലേക്ക് കേരള ടൂറിസത്തെ തിരികെക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കു ശക്തിപകരുന്ന രാജ്യാന്തര അംഗീകാരത്തിന് കേരള ടൂറിസം അര്‍ഹമായി. ടൂറിസം മേഖലയിലെ പ്രമുഖരായ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ (പാറ്റ) വിപണനത്തിലെ നൂതനപ്രചാരണത്തിനുള്ള രണ്ട് സുവര്‍ണ പുരസ്‌ക്കാരങ്ങളാണ് കേരള ടൂറിസം കരസ്ഥമാക്കിയത്. മലേഷ്യയിലെ ലങ്കാവിയില്‍ നടക്കുന്ന പാറ്റ ട്രാവല്‍ മാര്‍ട്ടിനോടനുബന്ധിച്ചു നടന്ന വര്‍ണാഭമായ ചടങ്ങില്‍ കേരള ടൂറിസത്തിനു വേണ്ടി ഇന്‍ഡ്യാ ടൂറിസം അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീമതി സുദേഷ്ണ രാംകുമാര്‍ പുരസ്‌ക്കാരങ്ങള്‍ ഏറ്റുവാങ്ങി.

ഗള്‍ഫ് രാജ്യങ്ങളിലെ അച്ചടി മാധ്യമങ്ങളിലൂടെയുള്ള 'യല്ല കേരള'(Yalla Kerala) എന്ന പ്രചാരണത്തിനാണ് ആദ്യ സുവര്‍ണ പുരസ്‌ക്കാരം ലഭിച്ചത്. ഗള്‍ഫില്‍ നിന്ന് നാലുമണിക്കൂര്‍ മാത്രം അകലെയുള്ള കേരളത്തിന്റെ, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു വ്യത്യസ്തമായ  ഹരിത ഭംഗിയും കായലുകളും പ്രദര്‍ശിപ്പിക്കുന്നതായിരുന്ന പ്രചാരണം. 'യല്ല കേരള' എന്ന പരസ്യവാചകത്തോടെ ദൈവത്തിന്റെ സ്വന്തം നാടിന് വിനോദ സഞ്ചാര ലക്ഷ്യസ്ഥാനമെന്ന നിലയില്‍ ഗള്‍ഫ് മേഖലയില്‍ വന്‍താത്പര്യം ലഭിക്കുന്നതരത്തിലാണ് ഈ പ്രചാരണം  തയ്യാറാക്കിയത്.

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാല കലാമേളയായ കൊച്ചി മുസിരിസ് ബിനാലെ മൂന്നാം പതിപ്പിനുവേണ്ടി കേരള ടൂറിസം പുറത്തിറക്കിയ നൂതന പോസ്റ്ററിനാണ് രണ്ടാം പുരസ്‌ക്കാരം. നേരെയും തലകുത്തനെയും പിടിച്ചാല്‍ ഒരുപോലെ തോന്നിപ്പിക്കുന്ന വര്‍ണശബളമായ വള്ളവും മത്സ്യത്തൊഴിലാളിയുമുള്ള ജീവന്‍തുടിക്കുന്ന പോസ്റ്ററാണ് കേരള ടൂറിസം തയ്യാറാക്കിയത്.

കേരള ടൂറിസത്തിനു ലഭിച്ച വമ്പിച്ച അംഗീകാരമാണിതെന്നും വിഖ്യാതമായ പാറ്റയുടെ രണ്ടു സുവര്‍ണ പുരസ്‌ക്കാരങ്ങള്‍ നേടാനായത് സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് കരുത്തു പകരുമെന്നും ടൂറിസം മന്ത്രി  ശ്രീ കടകംപള്ളി സുരേന്ദ്രന്‍  അഭിപ്രായപ്പെട്ടു. ശ്രമങ്ങള്‍ക്കു ഫലം കണ്ടുതുടങ്ങിയെന്നും  ആഭ്യന്തര വിദേശ സഞ്ചാരികളെ സ്വീകരിക്കാന്‍ കേരളത്തിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. സഞ്ചാരികളുമായി ആസ്‌ട്രേലിയയില്‍നിന്നുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം കൊച്ചിയില്‍ ശനിയാഴ്ച വൈകിട്ടെത്തി.   വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റോഡുകള്‍ ഗതാഗതയോഗ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതായും മന്ത്രി പറഞ്ഞു.

അഭിമാനകരമായ പാറ്റാ പുരസ്‌ക്കാരങ്ങള്‍ വന്‍തോതില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേരളത്തിലെ ലക്ഷ്യസ്ഥാനങ്ങളുടെ പകിട്ടിനു തെളിവാണെന്ന് കേരള ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ്ജ് പറഞ്ഞു. കേരള ടൂറിസത്തിന്റെ പ്രചാരണങ്ങള്‍ എല്ലാക്കാലത്തും രാജ്യാന്തരതലത്തില്‍ ശ്രദ്ധയും ആദരവും നേടാറുണ്ട്. അവ സര്‍ഗ്ഗാത്മക ബുദ്ധിവൈഭവത്തിന്റെ നേര്‍ക്കാഴ്ചകളുമാണ്.  സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെ വീണ്ടും ലോകശ്രദ്ധയില്‍ക്കൊണ്ടുവരാന്‍ ഈ പുരസ്‌ക്കാരലബ്ധി ഇടയാക്കും, അവര്‍ അഭിപ്രായപ്പെട്ടു.

കുടുംബങ്ങള്‍ക്ക് വിശ്രമിക്കാനും നവചൈതന്യം ആര്‍ജ്ജിക്കാനും കൂടിച്ചേരലിനും കഴിയുന്ന ഇടങ്ങളായ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ആഗോളതലത്തില്‍ പ്രചരിപ്പിക്കാന്‍ പുരസ്‌ക്കാരങ്ങള്‍ നേടിയ പ്രചാരണങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ടെന്ന് കേരള ടൂറിസം ഡയറക്ടര്‍ ശ്രീ പി ബാലകിരണ്‍ വ്യക്തമാക്കി. കൃത്യമായ ലക്ഷ്യത്തിലെത്തുന്നതാണ് നമ്മുടെ പ്രചാരണമെന്ന് പുരസ്‌ക്കാരങ്ങളിലൂടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

കേരള ടൂറിസത്തിന്റെ പരസ്യ ഏജന്‍സിയായ സ്റ്റാര്‍ക്ക് കമ്മ്യൂണിക്കേഷന്‍സാണ് പ്രചാരണവും പോസ്റ്ററും തയ്യാറാക്കിയത്. തായലന്‍ഡില്‍ നിന്നുള്ള പീക്ക് ഡിഎംസി, ഇന്‍ഡ്യാ അമേഡിയസ് ഏഷ്യ ലിമിറ്റഡ്, മലേഷ്യ ആസ്ഥാനമായ എയര്‍ ഏഷ്യ, അബുദാബി സാംസ്‌ക്കാരിക ടൂറിസം വകുപ്പ്, ഹോങ്കോങ് ടൂറിസം ബോര്‍ഡ്, ജറ്റ് വിംഗ് ഹോട്ടല്‍സ് ലിമിറ്റഡ്, ശ്രീലങ്ക, തായ്‌ലന്‍ഡ് ലോക്കല്‍ എലൈക്ക്, മക്കാവുവിലെ  മരിയാനാസ് വിസിറ്റേഴ്‌സ് അതോറിറ്റി, മെല്‍കോ റിസോര്‍ട്‌സ് ആന്‍ഡ് എന്റര്‍ടെയിന്‍മെന്റ്, തായ്‌ലന്‍ഡ് ടൂറിസം അതോറിറ്റി എന്നിവയാണ് ഇത്തവണ മറ്റു പുരസ്‌ക്കാരങ്ങള്‍ നേടിയത്. വിപണനം, വിദ്യാഭ്യാസവും പരിശീലനവും,പരിസ്ഥിതി, പാരമ്പര്യവും സംസ്‌ക്കാരവും എന്നീ നാലു വിഭാഗങ്ങളിലായാണ് പാറ്റാ പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കുന്നത്.




Keywords: Kerala, Thiruvananthapuram, News, Travel & Tourism, Award, Kerala Tourism wins Two PATA Gold Awards for Marketing