Follow KVARTHA on Google news Follow Us!
ad

പി സി ജോര്‍ജ്ജ് എസ്ഡിപിഐയെ തള്ളിപ്പറഞ്ഞതിനു പിന്നിലെ കാരണം അറിയുമോ?

പൂഞ്ഞാര്‍ എംഎല്‍എയും ജപക്ഷം നേതാവുമായ പി സി ജോര്‍ജ്ജ് അഭിമന്യു വധം കഴിഞ്ഞ് രണ്ടാം ദിവസം എസ്ഡിപിഐയെ തള്ളിപ്പറഞ്ഞതിനു പിന്നിലെ രാഷ്ട്രീയ Kerala, News, Thiruvananthapuram, Politics, P.C George, SDPI, Trending, P C George to LDF again; who will be accompanied him?
തിരുവനന്തപുരം: (www.kvartha.com 11.07.2018) പൂഞ്ഞാര്‍ എംഎല്‍എയും ജപക്ഷം നേതാവുമായ പി സി ജോര്‍ജ്ജ് അഭിമന്യു വധം കഴിഞ്ഞ് രണ്ടാം ദിവസം എസ്ഡിപിഐയെ തള്ളിപ്പറഞ്ഞതിനു പിന്നിലെ രാഷ്ട്രീയ അടിയൊഴുക്കുകള്‍ വ്യക്തമാകുന്നു. യുഡിഎഫും എല്‍ഡിഎഫും പരസ്യ സഖ്യത്തിന് തയ്യാറാകാത്ത എസ്ഡിപിഐയുമായുള്ള പി സി ജോര്‍ജ്ജിന്റെ അടുപ്പം ഏറെ ചര്‍ച്ചയായി മാറിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിച്ച് വലിയ ഭൂരിപക്ഷത്തിന് ജോര്‍ജ്ജ് ജയിച്ചതിനു പിന്നില്‍ എസ്ഡിപിഐ ആണെന്നും പുറത്തുവന്നിരുന്നു. പൂഞ്ഞാര്‍ മണ്ഡലത്തില്‍ എസ്ഡിപിഐ സ്വന്തം സ്ഥാനാര്‍ത്ഥിയായി ജോര്‍ജ്ജിനെ കൊണ്ടുനടക്കുകയും വിജയിച്ചപ്പോള്‍ വന്‍ സ്വീകരണം നല്‍കുകയും ചെയ്തത് വാര്‍ത്തയുമായി.

എന്നാല്‍ ഇപ്പോള്‍ സിപിഎമ്മുമായുള്ള അകല്‍ച്ച അവസാനിപ്പിച്ച് ഇടതുമുന്നണിയില്‍ എത്താന്‍ പി സി ജോര്‍ജ്ജിന് അവസരം വന്നുചേര്‍ന്നിരിക്കുന്നുവെന്നാണ് സൂചന. അതിന്റെ പശ്ചാത്തലത്തിലാണ് എസ്ഡിപിഐയെ തള്ളിപ്പറഞ്ഞത്. അതിന് അനുയോജ്യമായ സാഹചര്യം നോക്കിയിരുന്ന ജോര്‍ജ്ജിന് മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ടതും അതില്‍ എസ്ഡിപിഐയുടെയും ക്യാംപസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് എന്നിവയുടെയുടെയും പങ്കിനെക്കുറിച്ച് ആരോപണം ഉയരുകയും ചെയ്തതോടെ അത് ഉപയോഗിച്ച് എസ്ഡിപിഐ ബന്ധം ജോര്‍ജ്ജ് ഉപേക്ഷിക്കുകയാണുണ്ടായത്. അഭിമന്യു വധക്കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട പ്രതികളും പിടിയിലാകാനുള്ള പ്രതികളും എസ്ഡിപിഐ ബന്ധമുള്ളവരാണ്.

പി സി ജോര്‍ജ്ജിന്റെ ജനപക്ഷത്തെ എല്‍ഡിഎഫ് ഘടക കക്ഷിയാക്കാനല്ല സിപിഎം ആലോചിക്കുന്നത്. നിലവില്‍ ഘടക കക്ഷിയായ സ്‌കറിയാ തോമസ് വിഭാഗം കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്-ബി, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവയും ജനപക്ഷവും ലയിച്ച് ഒരു പാര്‍ട്ടിയാകാന്‍ സിപിഎം നിര്‍ദേശിച്ചിരിക്കുന്നുവെന്നാണ് വിവരം. അങ്ങനെ വന്നാല്‍ ആ പാര്‍ട്ടിയെ ഘടക കക്ഷിയാക്കും. ഇപ്പോള്‍ത്തന്നെ കെ ബി ഗണേഷ് കുമാര്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്ന എംഎല്‍എയാണ്. ഘടക കക്ഷിയാകുന്നതോടെ ഔദ്യോഗികമായിത്തന്നെ ഗണേഷ് കുമാര്‍ ഇടത് എംഎല്‍എയാകും. പി സി ജോര്‍ജ്ജും കൂടിയാകുമ്പോള്‍ എല്‍ഡിഎഫിന് 92 എംഎല്‍എമാരാകും.

അതേസമയം, പി സി ജോര്‍ജ്ജുമായി സഹകരിക്കുന്നതിനോട് സിപിഎമ്മിനുള്ളില്‍ എതിര്‍പ്പുയരുമോ എന്ന സംശയം ബാക്കിയാണ്. ജൂലൈ 19,20, 21 തീയതികളില്‍ ചേരുന്ന സിപിഎം നേതൃയോഗങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തേക്കും. നേരത്തേയും സ്‌കറിയാ തോമസ് വിഭാഗവും ബാലകൃഷ്ണ പിള്ള ഗ്രൂപ്പും ലയിക്കാന്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും അത് പാര്‍ട്ടി പദവികള്‍ വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ തട്ടി തകരുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, Politics, P.C George, SDPI, Trending, P C George to LDF again; who will be accompanied him?
  < !- START disable copy paste -->