Follow KVARTHA on Google news Follow Us!
ad

ഇനി ബ്ലേഡ് പലിശക്കാരെ പേടിക്കേണ്ട; 'മുറ്റത്തെ മുല്ല' ലഘുവായ്പാ പദ്ധതിയുമായി കേരള സര്‍ക്കാര്‍

ഇനി ബ്ലേഡ് പലിശക്കാരെ പേടിക്കേണ്ട. 'മുറ്റത്തെ മുല്ല' എന്ന പേരില്‍ പുതിയ ലഘുവായ്പാ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് കേരള സര്‍ക്കാര്‍. 26ന് ഉദ്ഘാടനം നടക്കും. ബ്ലേഡ് പലിശKerala, Co-operative Sector, Minister, Thiruvananthapuram, Banking, 'Mutathe Mulla' Small loan project by Kerala Govt
തിരുവനന്തപുരം: (www.kvartha.com 24.06.2018) ഇനി ബ്ലേഡ് പലിശക്കാരെ പേടിക്കേണ്ട. 'മുറ്റത്തെ മുല്ല' എന്ന പേരില്‍ പുതിയ ലഘുവായ്പാ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് കേരള സര്‍ക്കാര്‍. 26ന് ഉദ്ഘാടനം നടക്കും. ബ്ലേഡ് പലിശക്കാരില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കാന്‍ കുടുംബശ്രീയുമായി സഹകരിച്ചാണ് 'മുറ്റത്തെ മുല്ല' ലഘുവായ്പാ പദ്ധതി സഹകരണ വകുപ്പ് നടപ്പിലാക്കുന്നത്. മുറ്റത്തെ മുല്ല പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 26 ഉച്ചയ്ക്ക് രണ്ടുമണിക്ക് പാലക്കാട് മണ്ണാര്‍കാട് പഴേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സഹകരണ മന്ത്രിയാണ് മുറ്റത്തെ മുല്ല പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുക. മന്ത്രി ഡോ. കെ ടി ജലീല്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.



വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ വായ്പ എടുക്കുന്നതിന് വിമുഖത പുലര്‍ത്തുന്നവരുടേയും കൊള്ളപലിശക്കാരില്‍ നിന്നും വായ്പയെടുത്ത് കടക്കെണിയിലാകുന്നവരുടേയും വീട്ടുമുറ്റത്ത് ചെന്ന് ലളിതമായ നടപടി ക്രമങ്ങളിലൂടെ ഏറ്റവും കുറഞ്ഞ പലിശയ്ക്ക് ലഘുവായ്പനല്‍കുകയും ആഴ്ചതോറും ലഘുവായ തിരിച്ചടവ് ക്രമീകരണത്തിലൂടെ വായ്പാതുക ഈടാക്കുകയും ചെയ്യാനാണ് വിഭാവനം ചെയ്തിട്ടുള്ളത്.

പദ്ധതിപ്രകാരം 1000 രൂപ മുതല്‍ 25,000 രൂപ വരെയാണ് ഒരാള്‍ക്ക് വായ്പയായി നല്‍കുക. നിലവില്‍ കൊള്ളപലിശക്കാരില്‍ നിന്നും എടുത്ത വായ്പ ഒറ്റത്തവണയായി അടച്ചുതീര്‍ക്കാനും വായ്പ നല്‍കും. വായ്പക്കാരനില്‍ നിന്നും 12 ശതമാനം പലിശ (നൂറുരൂപക്ക് പ്രതിമാസം ഒരു രൂപ) മാത്രമാണ് ഈടാക്കുക. ഇതില്‍നിന്നും ഒന്‍പത് ശതമാനം പലിശ പ്രാഥമിക കാര്‍ഷിക ബാങ്കുകളില്‍ അടയ്ക്കണം. ബാക്കി കുടുംബശ്രീ യൂണിറ്റുകള്‍ക്ക് / വായ്പാ ഇടപാട് നടത്തുന്ന യൂണിറ്റ് അംഗത്തിന് അവരുടെ ഉചിതമായ തീരുമാനപ്രകാരം എടുക്കാം. പരമാവധി ഒരു വര്‍ഷമാണ് (52 ആഴ്ചകള്‍) തിരിച്ചടയ്ക്കാനുള്ള കാലപരിധി. അതായത് 1000 രൂപ വായ്പ എടുത്ത ഒരാള്‍ ഒരു വര്‍ഷം കൊണ്ട് 52 ആഴ്ചകളില്‍ തുല്യഗഡുക്കളായി 1120 രൂപ തിരിച്ചടയ്ക്കണം. 10 ആഴ്ചയില്‍ തിരിച്ചടവ് പൂര്‍ത്തിയാകുന്ന വായ്പകളും നല്‍കും.

സംസ്ഥാനത്ത് വിപുലമായ ശൃംഖലയും ജനകീയാടിത്തറയും സാമ്പത്തിക ശക്തിയുള്ള പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ അതത് പ്രദേശങ്ങളിലെ കുടുംബശ്രീ സംവിധാനവുമായി ചേര്‍ന്നാണ് പദ്ധതി നിര്‍വഹണം നടത്തുക. ദുര്‍ബലമായതോ, ഈ പദ്ധതി നടപ്പിലാക്കാന്‍ താല്‍പര്യകുറവോ കാണിക്കുന്ന സംഘങ്ങളുടെ പരിധിയില്‍ താല്‍പര്യപൂര്‍വം മുന്നോട്ട് വരുന്ന മറ്റ് സഹകരണ സംഘങ്ങളിലൂടെ പദ്ധതി നടപ്പാക്കും. പൈലറ്റ് പദ്ധതിയായി പാലക്കാട് ജില്ലയിലാണ് 'മുറ്റത്തെ മുല്ല' ആദ്യം നടപ്പാക്കുക.

വായ്പാ ആവശ്യക്കാരുടെ എണ്ണമനുസരിച്ച് ഓരോ വാര്‍ഡിലേയും ഒന്നുമുതല്‍ മൂന്ന് വരെ കുടുംബശ്രീ യൂണിറ്റുകളിലൂടെയാണ് പദ്ധതി നടപ്പിലാക്കുക. പ്രവര്‍ത്തനമികവും വിശ്വാസവും ഉള്ള കുടുംബശ്രീ യൂണിറ്റുകള്‍ക്കാണ് വായ്പാ ചുമതല നല്‍കുക. കുടുംബശ്രീ അംഗങ്ങള്‍ അവരുടെ പ്രദേശത്തെ വായ്പാ ആവശ്യക്കാരുടെ വീട്ടിലെത്തി പണം നല്‍കും. ആഴ്ചതോറും വീടുകളിലെത്തി തിരിച്ചടവ് തുക സ്വീകരിക്കുകയും ചെയ്യും. വായ്പ നല്‍കാന്‍ ആവശ്യമായ സംഖ്യ കുടുംബശ്രീ  യൂണിറ്റുകള്‍ക്ക് ഒരു യൂണിറ്റിന് പരമാവധി 10 ലക്ഷം രൂപ വരെ ഒന്‍പതുശതമാനം പലിശ നിരക്കില്‍ ക്യാഷ് ക്രഡിറ്റ് വായ്പയായി അനുവദിക്കും. പുനര്‍വായ്പ ആവശ്യമുള്ള സംഘങ്ങള്‍ക്ക് എട്ടുശതമാനം പലിശ നിരക്കില്‍ ജില്ലാസഹകരണ ബാങ്കുകള്‍ പുനര്‍വായ്പ നല്‍കും (പലിശ നിരക്കില്‍ കാലാനുസൃത മാറ്റം ബാധകമായിരിക്കും).

നിലവില്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ നല്‍കിയിട്ടുള്ള വായ്പകള്‍ക്ക് പുറമെയാണ് 10 ലക്ഷം രൂപയുടെ ക്യാഷ് ക്രെഡിറ്റ് അനുവദിക്കുക. ഈ വായ്പാ തുക കുടുംബശ്രീ യൂണിറ്റ് അംഗങ്ങള്‍ക്ക് വായ്പ നല്‍കുന്നതിനോ, മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാനോ പാടില്ല.  കൊള്ളപലിശക്കാരുടേയും സ്വകാര്യ മൈക്രോ ഫിനാന്‍സ് കമ്പനികളുടേയും കെണിയില്‍പെട്ടവരേയും അത്തരം സാഹചര്യത്തില്‍ തുടരുന്നവര്‍ക്കുമാണ് ഈ വായ്പ അനുവദിക്കുക. വായ്പക്കാര്‍ക്ക് നല്‍കിയ വായ്പാതുകയും സംഘത്തില്‍ നിന്നും കുടുംബശ്രീ യൂണിറ്റ് പിന്‍വലിച്ച വായ്പാ തുകയും എല്ലായ്‌പ്പോഴും തുല്യമായിരിക്കണം. വ്യക്തിഗത വായ്പാ കണക്കുകള്‍ സൂക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം കുടുംബശ്രീ യൂണിറ്റുകള്‍ക്കാണ്.

വായ്പയുടെ തിരിച്ചടവ് കുടുംബശ്രീ യൂണിറ്റുകള്‍ ഉറപ്പ് വരുത്തണം. ഇതിനായി കുടുംബശ്രീ യൂണിറ്റുകള്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുമായി കരാറില്‍ ഏര്‍പ്പെടണം.  ഏതെങ്കിലും വായ്പാക്കാരന്റെ തിരിച്ചടവ് മൂന്നുമാസത്തിലധികം മുടങ്ങിയാല്‍ അത്തരം വായ്പാക്കാരെ നേരിട്ട് പ്രാഥമിക സംഘത്തിലെ വായ്പാക്കാരനായി മാറ്റി കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ബാധ്യതയില്‍ നിന്നും ഒഴിവാകാം. എന്നാല്‍ ഇത്തരം കേസുകള്‍ മൊത്തം വായ്പയുടെ 20 ശതമാനത്തില്‍ അധികരിക്കുന്ന സാഹചര്യമുണ്ടായാല്‍ ഉത്തരവാദികളായ കുടുംബശ്രീ യൂണിറ്റുകളുടെ ക്യാഷ് ക്രെഡിറ്റ് വായ്പാ പരിധി തുടര്‍വര്‍ഷങ്ങളില്‍ പുതുക്കില്ല.

പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായി സംഘംതലത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും, സഹകരണസംഘം സെക്രട്ടറി കണ്‍വീനറും ജില്ലാ തലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും, സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) കണ്‍വീനറും, സംസ്ഥാനതലത്തില്‍ സഹകരണ മന്ത്രി ചെയര്‍മാനും, സഹകരണസംഘം രജിസ്ട്രാര്‍ കണ്‍വീനറുമായ മോണിറ്ററിംഗ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Co-operative Sector, Minister, Thiruvananthapuram, Banking, 'Mutathe Mulla' micro finance scheme by Kerala Govt.