Follow KVARTHA on Google news Follow Us!
ad

നീനു.. നീ മാതൃകയാവണം

ആണ്‍പെണ്‍ സൗഹൃദങ്ങള്‍ സര്‍വ്വസാധാരണമാണിന്ന്. അനുയോജ്യമായ സൗഹൃദങ്ങള്‍Parents, Children, Article, Eloped, Kerala,
-കൂക്കാനം റഹ്മാന്‍

(www.kvartha.com 19.06.2018) ആണ്‍പെണ്‍ സൗഹൃദങ്ങള്‍ സര്‍വ്വസാധാരണമാണിന്ന്. അനുയോജ്യമായ സൗഹൃദങ്ങള്‍ സ്‌നേഹത്തിലേക്കും, ക്രമേണ പ്രണയത്തിലേക്കും നീങ്ങുന്നു. പ്രണേതാക്കള്‍ ജാതിമത രാഷ്ട്രീയ വിഭിന്നതകള്‍ പ്രശ്‌നമാക്കാറില്ല. സമ്പത്തും പ്രൗഢിയും, കുടുംബമഹിമയും, ഒന്നും പരിഗണിക്കാതെ കുമാരി കുമാരന്മാര്‍ പരസ്പരം പ്രണയ പാരവശ്യത്തിലകപ്പെടുന്നു. രക്ഷിതാക്കളുടെ പ്രതിഷേധമോ, ബന്ധുജനങ്ങളുടെ എതിര്‍പ്പുകളോ, സമൂഹത്തിന്റെ വിമര്‍ശനമോ, ഇവര്‍ക്ക് പ്രശ്‌നമാകുന്നില്ല.

പ്രണയികളായ ചില പെണ്‍കുട്ടികളോട് പ്രണയത്തിലകപ്പെടാന്‍ ഇടയാക്കിയ സാഹചര്യങ്ങള്‍ എന്താണെന്ന് അന്വേഷിച്ചപ്പോള്‍ ചിലരുടെ പ്രതികരണം ഇങ്ങനെയായിരുന്നു.


'അവന്‍ നിഷ്‌കളങ്കനാണ്'

'സ്‌നേഹിക്കാന്‍ മാത്രമേ അവനറിയൂ'

'സ്വതന്ത്രമായി കാര്യങ്ങള്‍ ചെയ്യാന്‍ അനുവദിക്കുന്ന വ്യക്തിത്വമാണ്'

'അവന്റെ ചിരിയും, വര്‍ത്തമാനവും മറക്കുവാന്‍ കഴിയുന്നില്ല'

തുടങ്ങിയ പ്രതികരണങ്ങളാണ് പെണ്‍കുട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഒരിക്കല്‍ കണ്ടു, പരിചയപ്പെട്ടു, തുടര്‍ന്നും ആ പരിചയം പുതുക്കിക്കൊണ്ടിരുന്നു. അങ്ങനെ സ്‌നേഹ വായ്പ്പില്‍ അകപ്പെട്ടുപോയി. പ്രണയിക്കുന്ന പുരുഷന് തെറ്റുകള്‍ ഉണ്ടെങ്കിലും അവ ക്രമേണ മാറ്റിയെടുത്തോളാമെന്ന് പ്രഖ്യപിക്കുന്ന പെണ്‍കുട്ടികളുണ്ട്.


എന്റെ ഒരു സുഹൃത്തും, റിട്ടേര്‍ഡ് ബാങ്ക് ഉദ്യോഗസ്ഥനുമായ ഉയര്‍ന്ന ജാതിയില്‍പ്പെട്ട വ്യക്തിയുടെ ഏക മകള്‍ പിന്നോക്ക വിഭാഗക്കാരനും, ഓട്ടോറിക്ഷാ ഡ്രൈവറുമായ ഒരു യുവാവിന്റെ കൂടെ ഇറങ്ങിപ്പോയി. ആ അച്ഛന് സഹിക്കാന്‍ പറ്റാവുന്നതില്‍ ഏറെയായിരുന്നു അത്. അദ്ദേഹം സ്വയം ആത്മഹത്യയെക്കുറിച്ച് ആലോചിച്ചു.

നാടും, വീടും വിട്ടുപോകുന്നതിനെക്കുറിച്ച് ആലോചിച്ചു. ചിലപ്പോള്‍ അതിനപ്പുറം കെവിനെ ഇല്ലാതാക്കിയ പോലെ, മകളെ വലയിലാക്കിയവനെ ഇല്ലായ്മ ചെയ്യാന്‍ ആഗ്രഹിച്ചിട്ടുമുണ്ടാകാം. സ്വത്തും, സമ്പത്തും ഒരുപാട് സമാഹരിക്കുകയും, ആണ്‍മക്കളെ ഉയര്‍ന്ന ജോലിയിലേക്ക് കൈപിടിച്ച് ഉയര്‍ത്തുകയും ചെയ്തത് ഈ പൊന്നുമോളെ അര്‍ഹതപ്പെട്ട യോഗ്യനായ ഒരു വ്യക്തിയുടെ കൈയിലേല്‍പ്പിക്കാനും, ആ മംഗള കര്‍മ്മം മഹോന്നതമാക്കുവാനും, അയാള്‍ ആറ്റുനോറ്റു കൊതിച്ചിരുന്നതാണ്.

ഇക്കഥ ഓര്‍ത്തുപോയത് നീനു എന്ന സ്ത്രീയുടെ ദീനരോദനത്തിന്റെ അലയൊലികള്‍ നേരിട്ട് കേട്ടില്ലെങ്കിലും, എന്റെ കാതുകളില്‍ വന്ന് അലയടിക്കുന്നതായി തോന്നിയിനാലാണ്.

തന്റെ മകളെ പ്രണയിച്ച യുവാവിന് സാമ്പത്തിക ഉയര്‍ച്ച ഇല്ല എന്നതും, ജാതിയില്‍ അല്പം താഴ്മയുള്ളതും എന്ന മനോഭാവമാണ് ആ അച്ഛന് നീനുവിന്റെ ഭര്‍ത്താവായിരിക്കാന്‍ കെവിന്‍ യോഗ്യനല്ല എന്ന് തോന്നിയതിന് കാരണം.

നീനു തന്റേടിയാണ്. എതിര്‍പ്പുകളെ അതിജീവിച്ച് ഇഷ്ടപ്പെട്ടവന്റെ കൂടെ ഇറങ്ങിപ്പോയില്ലേ? നിന്റെ പ്രിയപ്പെട്ടവനെ ചതിയില്‍ കുരുക്കി കൊന്നവര്‍ ഭീരുക്കളാണ്. മതാന്ധത അവരെ എന്തും ചെയ്യാനുള്ള മതോന്മത്തരാക്കി. സ്‌നേഹിച്ചു വളര്‍ത്തിയ മകളുടെ ഹൃദയവികാരം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പൈശാചിക മനസ്സിന്റെ ഉടമകളായ നിന്റെ രക്ഷിതാക്കള്‍ പറ്റുമെങ്കില്‍ നിന്നെയും കൊലക്കത്തിക്കിരയാക്കുമായിരുന്നു.

കെവിന്റെ അച്ഛന്റെ മാറോടൊട്ടി നീനുവിനെ താങ്ങിപ്പിടിച്ചു കൊണ്ടു പോകുന്ന ആ സ്‌നേഹോഷ്മളതയ്ക്കു മുന്നില്‍ കണ്ണീര്‍ വാര്‍ക്കാനേ കാണികള്‍ക്കാവൂ. കെല്‍വിനെ ഫ്രീസറിലടച്ച് കൊണ്ടുവന്നപ്പോള്‍....ഫ്രീസറിന്റെ ഗ്ലാസ് ചില്ലില്‍ വിരലമര്‍ത്തി അവന്റെ ശരീരം സ്പര്‍ശിക്കാന്‍ വെമ്പുന്ന നിന്റെ ചിത്രം ആരുടെയും ഹൃദയത്തെ മഥിക്കും.

ദുരഭിമാന കൊല എന്തിന് നടത്തുന്നു. എങ്ങനെ നടത്തുന്നു എന്നും ചിന്തക്ക് വിധേയമാക്കണം. താലോലിച്ചു വളര്‍ത്തിയ ഒരു പെണ്‍കുഞ്ഞ് പ്രായപൂര്‍ത്തിയായാല്‍ സ്വന്തം രക്ഷിതാക്കളെയും കുടുംബാംഗങ്ങളെയും കണ്ണീരിലാഴ്ത്തും വിധം അവള്‍ക്കിഷ്ടപ്പെട്ട പുരുഷന്റെ കൂടെ ജീവിക്കണമെന്നും, വീട്ടുകാര്‍ തടസം നില്‍ക്കുകയാണെങ്കില്‍ അവന്റെ കൂടെ ഇറങ്ങിപ്പോവുമെന്നും പ്രഖ്യാപിക്കുന്നു. തന്റെ മകളെ സ്വസമുദായത്തിലെ മാന്യനായ ഒരു പുരുഷന്റെ കയ്യില്‍ ഏല്‍പ്പിക്കണം എന്ന മോഹവുമാണ് രക്ഷിതാക്കള്‍ക്കുണ്ടാവുക. ആരെന്തു പുരോഗതി പറഞ്ഞാലും ന്യൂ ജന്‍സിന് തൊട്ടുമുമ്പുള്ള തലമുറ ഇങ്ങനെയേ ആഗ്രഹിക്കൂ. അവര്‍ ജാതി - മത രഹിത വിവാഹത്തെ പിന്താങ്ങുന്ന വിധത്തില്‍ പുറമേ സംസാരിക്കുകയും, സ്വന്തം കാര്യത്തോടടുക്കുമ്പോള്‍ പറഞ്ഞതൊക്കെ വീഴുങ്ങുകയും ചെയ്യും.

മകളുടെ വൈവാഹിക ജീവിതത്തെ തകര്‍ക്കുകയാണ് ഇത്തരം രക്ഷിതാക്കളുടെ ലക്ഷ്യം. തന്റെ മകളെ അവളുടെ ഭര്‍ത്താവില്‍ നിന്ന് അടര്‍ത്തിയെടുക്കാന്‍ പലതും പ്രയോഗിക്കും. അതിലും പരാജയപ്പെടുമ്പോഴാണ് വാടക ഗുണ്ടകളെ പ്രയോജനപ്പെടുത്തി അവനെയോ, അവളെയോ ചിലപ്പോള്‍ രണ്ടുപേരെയോ കൊലചെയ്യാനുള്ള പദ്ധതിയുമായി നീങ്ങുന്നത്. ചിലര്‍ അഭിമാനത്തിന്റെ ചിഹ്നമായി കാണുന്നത് ജാതിയും മതവും സമ്പത്തുമാണ്. താന്‍ സ്വമതക്കാരില്‍ നിന്നോ, ജാതിക്കാരില്‍ നിന്നോ ഒറ്റപ്പെട്ടു പോകുമെന്ന ഭയമോ, തന്നേക്കാള്‍ സാമ്പത്തിക സ്ഥിതി മോശമായ സ്ഥിതിയില്‍ ജീവിക്കുന്ന വ്യക്തിയോ അണെങ്കില്‍ ആ ബന്ധത്തെ ഇഷ്ടപ്പെടില്ല. അങ്ങനെ വരുമ്പോഴാണ് പ്രശ്‌നം ദുരഭിമാന കൊലപാതകത്തില്‍ എത്തുന്നത്.

സ്‌നേഹിച്ച പുരുഷന്റെ കൂടെ മാത്രമേ ജീവിക്കൂ എന്ന് പ്രഖ്യാപിക്കുന്ന മകളെ അങ്ങനെ സ്വതന്ത്രമായി വിടുക തന്നെ വേണം. അതിന്റെ വരും വരായ്കകള്‍ അനുഭവിക്കേണ്ടത് അവളാണ്.

' എനിക്കെന്റെ ജീവിതമാണ് വലുത് അച്ഛനും അമ്മയും അല്ല'

എന്നാണ് നിര്‍ദനനും, ജാതിയില്‍ താഴ്ന്നവനുമായ ഒരു വ്യക്തിയുടെ കൂടെ ഇറങ്ങിപ്പോയ പെണ്‍കുട്ടി പറഞ്ഞത്.

ഇനി വരുന്ന ന്യൂജന്‍സ് യുവതലമുറ ഇങ്ങനെയേ ചിന്തിക്കൂ. അവര്‍ എല്ലാം മറന്ന് സ്‌നേഹിച്ചവന്റെ കൂടെ പോകും. രക്ഷിതാക്കള്‍ ഇത് അംഗീകരിക്കണം. എങ്കിലേ ഇനിയും ' കെവിന്‍' മോഡല്‍ കൊലപാതകങ്ങള്‍ നടക്കാതിരിക്കൂ. ആളുകളെ പച്ചക്കു കൊല്ലുന്ന മൃഗീയത്വം അവസാനിക്കൂ..

ജീവിച്ചിരിക്കുന്ന പ്രിയപ്പെട്ട നീനു- ഈ പ്രതിഷേധങ്ങളും വാര്‍ത്തകളും ഇപ്പോള്‍ അവസാനിക്കും. നിന്നെ ജീവനുതുല്യം സ്‌നേഹിച്ച കെവിനെ നിന്റെ രക്ഷിതാക്കളുടെ നേതൃത്വത്തില്‍ കൊന്നു. എല്ലാം മറക്കുക. നിന്നെ തീരാദു:ഖത്തിലാഴ്ത്തിയ കൊടും ക്രൂരത ചെയ്ത വ്യക്തികള്‍ക്ക്, ഒരു മറുപടി കൊടുക്കണം. നീ കരഞ്ഞു കരഞ്ഞു ഉരുകിത്തീരും എന്ന് മോഹിച്ചവര്‍ക്ക് ചുട്ട മറുപടി കൊടുക്കണം. തളരാതെ ജീവിത മാര്‍ഗം കണ്ടെത്തി പുതിയൊരു ജീവിതം കെട്ടിപ്പടുക്കണം.

ഒരു ജീവിത സഖാവിനെയും കണ്ടെത്തണം. കെവിന് നല്‍കാന്‍ കഴിയുന്ന മികച്ച ഒരു സമ്മാനമാവും അത്. കൊന്നാലും ഞങ്ങള്‍ തോല്‍ക്കില്ല. ഞങ്ങള്‍ പ്രണയിച്ചവരെ ഇല്ലാതാക്കിയാലും ഞങ്ങള്‍ മുന്നേറും എന്ന ധീരത കാണിച്ച് ജീവിക്കലാണ് നീനുവിനെപ്പോലെ സമാന അനുഭവമുള്ളവര്‍ക്ക് മാതൃകയാവുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kookkanam Rahman about Neenu, Parents, Children, Article, Eloped, Kerala.