Follow KVARTHA on Google news Follow Us!
ad

ആരാകും കുമ്മനത്തിന്റെ പിന്‍ഗാമി; കേരളത്തിനു പുറത്തുനിന്നോ അതോ ബിജെപിക്കു പുറത്തുനിന്നുതന്നെയോ?

ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനാകാന്‍ ദേശീയ നേതൃത്വം ആരെ വിളിക്കും Thiruvananthapuram, News, Politics, RSS, BJP, Lok Sabha, Election, Kerala,
തിരുവനന്തപുരം: (www.kvartha.com 26.05.2018) ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനാകാന്‍ ദേശീയ നേതൃത്വം ആരെ വിളിക്കും എന്ന ആകാംക്ഷയില്‍ കേരള നേതാക്കളുടെ നിര. എം ടി രമേശ്, കെ സുരേന്ദ്രന്‍, കെ പി ശ്രീശന്‍ എന്നിവരാണ് പ്രധാനമായും പരിഗണിക്കപ്പെടാവുന്നവരുടെ പട്ടികയില്‍. ശോഭാ സുരേന്ദ്രനെയും പരിഗണിച്ചുകൂടെന്നില്ല എന്ന് അടുത്ത പ്രസിഡന്റിനേക്കുറിച്ച് ചോദിക്കുമ്പോള്‍ ബിജെപി നേതാക്കള്‍ പറയുന്നു.

എന്നാല്‍ ഈ പേരുകളെല്ലാം ഊഹാപോഹങ്ങള്‍ മാത്രമാണ് എന്ന് നേതാക്കള്‍ തന്നെ സമ്മതിക്കുന്നു. ദേശീയ പ്രസിഡന്റ് അമിത് ഷാ തീരുമാനിക്കുന്നത് ഇവരിലൊരാളെയുമല്ലാതാകാനും നിലവില്‍ ബിജെപിയുടെ കേരളഘടകത്തില്‍ പ്രവര്‍ത്തിക്കുന്ന ആള്‍ പോലും അല്ലാതാകാനും സാധ്യത കൂടുതലാണെന്ന് അവര്‍ സമ്മതിക്കുന്നു. മൂന്ന് വര്‍ഷം മുമ്പ് കുമ്മനം രാജശേഖരനെ പ്രസിഡന്റാക്കുന്നതിന് മുമ്പ് അതു സംബന്ധിച്ച ചില സൂചനകളെങ്കിലും മാധ്യമങ്ങളില്‍ വന്നിരുന്നു.


എങ്കിലും ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന അധ്യക്ഷനെ ബിജെപിയുടെ അധ്യക്ഷനാക്കിയേക്കില്ല എന്ന ധാരണയാണ് സംസ്ഥാന ഘടകത്തില്‍ പൊതുവേയുണ്ടായിരുന്നത്. എന്നാല്‍ ആ ധാരണ തെറ്റിച്ചാണ് കുമ്മനത്തെ പ്രസിഡന്റാക്കിയത്. കുമ്മനം വര്‍ഷങ്ങളായി കേരളത്തില്‍ ആര്‍എസ്എസ് നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന ആളായതുകൊണ്ട് മാധ്യമങ്ങള്‍ക്കുള്‍പ്പെടെ അപരിചിതനായിരുന്നില്ല. എന്നാല്‍ അങ്ങനെയല്ലാത്ത ഒരു മലയാളിയെ കേരളത്തിനു പുറത്തുനിന്ന് കൊണ്ടുവന്നാല്‍ അത്ഭുതമില്ലെന്ന സ്ഥിതിയാണത്രേ ഇപ്പോള്‍.

മധ്യപ്രദേശില്‍ ബിജെപി സംഘടനാ സെക്രട്ടറിയായിരുന്ന അരവിന്ദന്‍ മേനോന്‍, ഓര്‍ഗനൈസര്‍ എഡിറ്ററായിരുന്ന ബാലശങ്കര്‍ എന്നിവരുടെ പേരുകള്‍ ഇത്തരത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. കേരളത്തിലെ ബിജെപിയില്‍ എക്കാലവു പുകഞ്ഞു നില്‍ക്കുന്ന ഗ്രൂപ്പിസത്തില്‍ നിന്ന് രക്ഷിക്കാന്‍ കുമ്മനത്തിനും കഴിഞ്ഞിരുന്നില്ല. അദ്ദേഹം സ്വന്തം ഗ്രൂപ്പുണ്ടാക്കിയില്ലെന്നു മാത്രം. എങ്കിലും മെഡിക്കല്‍ കോഴ വിവാദം പോലുള്ളവ ബിജെപിയെ പിടിച്ചുലച്ചപ്പോള്‍ പുറത്തുവന്നത് ബിജെപിയിലെ ഗ്രൂപ്പ് പോര് തന്നെയായിരുന്നു.

ഈ സാഹചര്യത്തില്‍ ഗ്രൂപ്പുകളില്‍ നിന്ന് ബിജെപിയെ രക്ഷിച്ച് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റിലെങ്കിലും വിജയിപ്പിക്കാന്‍ കഴിയുന്ന വിധം നയിക്കുന്നയാളെ തിരയുകയാണത്രേ അമിത് ഷാ. ബിജെപിക്ക് പുറത്തുനിന്ന് പ്രമുഖനായ ഒരു നേതാവ് ബിജെപിയില്‍ ചേര്‍ന്ന് സംസ്ഥാന അധ്യക്ഷനാകും എന്ന അഭ്യൂഹവും പരക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Who will be the successor of Kummanam as BJP state President?, Thiruvananthapuram, News, Politics, RSS, BJP, Lok Sabha, Election, Kerala.