Follow KVARTHA on Google news Follow Us!
ad

നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളെ കണ്ടുപിടിക്കാന്‍ 'ടെസ്'; വിക്ഷേപണം വിജയം

സൗരയൂഥത്തിനു പുറത്ത് ഏതെങ്കിലും നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളെ Washington, News, Technology, Business, Trending, Satelite, World,
വാഷിങ്ടന്‍: (www.kvartha.com 19.04.2018) സൗരയൂഥത്തിനു പുറത്ത് ഏതെങ്കിലും നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളെ (എക്‌സോപ്ലാനറ്റ്) കണ്ടുപിടിക്കാനുള്ള നാസയുടെ വന്‍ദൗത്യമായ 'ടെസിന്റെ' വിക്ഷേപണം വന്‍ വിജയം. ട്രാന്‍സിറ്റിങ് എക്‌സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ് എന്നതിന്റെ ചുരുക്കെഴുത്താണു ടെസ്. ഇലോണ്‍ മസ്‌കിന്റെ സ്‌പെയ്‌സ് എക്‌സ് കമ്പനിയുടെ സഹായത്തോടെ, ബുധനാഴ്ച വൈകുന്നേരം 6.52 മണിയോടെ ഫ്‌ലോറിഡയിലെ കേപ് കാനവറലില്‍ നിന്നായിരുന്നു വിക്ഷേപണം.

ചൊവ്വാഴ്ച രാവിലെയാണു വിക്ഷേപണം തീരുമാനിച്ചതെങ്കിലും ചെറിയ സാങ്കേതിക പ്രശ്‌നത്തെതുടര്‍ന്നു ദൗത്യം മാറ്റിവയ്ക്കുകയായിരുന്നു. ഉപഗ്രഹത്തെ വഹിക്കുന്ന സ്‌പെയ്‌സ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിലേറിയാണു ടെസ് ബഹിരാകാശത്തേക്കു കുതിച്ചത്. എക്‌സോപ്ലാനറ്റുകളിലെ ജീവന്റെ സാധ്യത അന്വേഷിക്കുന്നതിനാല്‍ ടെസ് ദൗത്യത്തെ ഗൗരവത്തോടെയാണു ലോകം വീക്ഷിക്കുന്നത്.

SpaceX just sent TESS, NASA's new planet hunter, into space, Washington, News, Technology, Business, Trending, Satelite, World

433 മില്യന്‍ ഡോളര്‍ (2,847 കോടി രൂപ) ദൗത്യമാണു ടെസ്സിന്റേത്. രണ്ടു വര്‍ഷമാണ് ആദ്യഘട്ടം. ബഹിരാകാശത്തെ 26 ഭാഗങ്ങളായി തിരിച്ചാണു ടെസ്സിന്റെ അതീവശേഷിയുള്ള ക്യാമറകള്‍ നിരീക്ഷണം നടത്തുക. ആദ്യവര്‍ഷം തെക്കന്‍ ദിശയിലും പിന്നീടുള്ള ഒരുവര്‍ഷം വടക്കന്‍ ദിശയിലുള്ള ആകാശത്തിലും ടെസ്സ് നിരീക്ഷണം നടത്തും. നാസ നേരത്തേ വിക്ഷേപിച്ച കെപ്ലര്‍ ദൗത്യം സൗരയൂഥത്തിനു പുറത്തു മൂവായിരത്തിലധികം ഗ്രഹങ്ങളെ കണ്ടെത്തിയിരുന്നു.

അത്യാധുനിക ഉപകരണങ്ങളാണു ടെസ്സില്‍. സൗരയൂഥത്തിനു സമീപത്തായി 300 പ്രകാശവര്‍ഷങ്ങള്‍ക്കുള്ളില്‍ നില്‍ക്കുന്ന തിളക്കമുള്ള രണ്ടു ലക്ഷം നക്ഷത്രങ്ങളെ നിരീക്ഷിക്കാനും ദിവസവും 27 ജിഗാ ബൈറ്റ് ഡേറ്റ ശേഖരിക്കാനും ശേഷിയുണ്ട്. ഗ്രഹങ്ങളുടെ ഭ്രമണത്തിനിടെ നക്ഷത്ര പ്രകാശപാതയിലുണ്ടാകുന്ന വ്യതിയാനം വിലയിരുത്തിയാണു ഇതിന്റെ പ്രവര്‍ത്തനം. ഈ പ്രക്രിയയിലൂടെ ഗ്രഹങ്ങളുടെ പിണ്ഡം, സാന്ദ്രത, അന്തരീക്ഷഘടന എന്നിവ മനസ്സിലാക്കും.

എക്‌സോപ്ലാനറ്റുകളില്‍ പല വലിപ്പത്തിലുള്ളവയുണ്ട്. ജീവസാന്നിധ്യമുണ്ടാകുമെന്ന പ്രതീക്ഷയില്‍, ഇക്കൂട്ടത്തിലെ ഭൂമിയോളം വലുപ്പമുള്ള ഗ്രഹസമൂഹങ്ങളെ ശാസ്ത്രജ്ഞര്‍ ശ്രദ്ധിക്കുന്നുണ്ട്. ടെസ്സുള്‍പ്പെടെ പത്തോളം എക്‌സോപ്ലാനറ്റ് ദൗത്യങ്ങളും ഉപകരണങ്ങളും നാസയുടേതായി ഉണ്ട്. കെപ്ലര്‍, കെ2, സ്പിറ്റ്‌സര്‍, ഹബ്ബിള്‍ സ്‌പെയ്‌സ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. 'ഇത്രയും വിപുലമായ ദൗത്യം ഇതാദ്യമാണ്. പ്രപഞ്ചത്തില്‍ നമ്മള്‍ ഏകരാണോ എന്നറിയാനുള്ള ദൗത്യമാണിത്' എന്ന് നാസ അസ്‌ട്രോഫിസിക്‌സ് ഡയറക്ടര്‍ പോള്‍ ഹെര്‍ട്‌സ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: SpaceX just sent TESS, NASA's new planet hunter, into space, Washington, News, Technology, Business, Trending, Satelite, World.