Follow KVARTHA on Google news Follow Us!
ad

ഊഹാപോഹങ്ങള്‍ക്കൊടുവില്‍ ഷംനയെ കണ്ടെത്തി; ഗര്‍ഭിണിയേ അല്ലെന്ന് തെളിഞ്ഞു, അന്തംവിട്ട് ഭര്‍ത്താവും കുടുംബവും

ഊഹാപോഹങ്ങള്‍ക്കൊടുവില്‍ ഷംനയെ കണ്ടെത്തി, തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ Thiruvananthapuram, News, Trending, Local-News, Pregnant Woman, Police, hospital, Treatment, Humor, Kerala,
തിരുവനന്തപുരം: (www.kvartha.com 20.04.2018) ഊഹാപോഹങ്ങള്‍ക്കൊടുവില്‍ ഷംനയെ കണ്ടെത്തി, തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഗര്‍ഭിണിയേ അല്ലെന്ന് തെളിഞ്ഞു. പരിശോധനാഫലം കണ്ട് അന്തംവിട്ട് ഭര്‍ത്താവും കുടുംബവും.  ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ഗര്‍ഭപരിശോധനയ്‌ക്കെത്തിയ കിളിമാനൂര്‍ മടവൂര്‍ വിളയ്ക്കാട് പേഴുവിള വീട്ടില്‍ ഷംന (22)യെ നാടകീയമായി കാണാതാകുന്നത്.

ഗര്‍ഭിണിയാണെന്ന് പറഞ്ഞ് കഴിഞ്ഞ ഒമ്പതുമാസം ഭര്‍ത്താവിനേയും വീട്ടുകാരേയും സമര്‍ത്ഥമായി കബളിപ്പിക്കുകയായിരുന്നു ഷംനയെന്ന് പോലീസ് പറഞ്ഞു. ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തി മാസങ്ങളോളം ഒപ്പം കഴിഞ്ഞിട്ടും ഭാര്യയുടെ ഗര്‍ഭം വ്യാജമാണെന്ന് തിരിച്ചറിയാന്‍ ഭര്‍ത്താവ് ഷറഫുദ്ദീനോ വീട്ടുകാര്‍ക്കോ കഴിഞ്ഞില്ല.

Search for 'pregnant woman' ends on an 'empty stomach' , Thiruvananthapuram, News, Trending, Local-News, Pregnant Woman, Police, Hospital, Treatment, Humor, Kerala

പൂര്‍ണഗര്‍ഭിണിയ്ക്കുണ്ടാകേണ്ട നിറവയറൊന്നും ഭാര്യയ്ക്ക് കാണാത്തതില്‍ പല തവണ ഷറഫുദ്ദീന്‍ സംശയം പ്രകടിപ്പിച്ചുവെങ്കിലും തനിക്ക് വയര്‍ കുറവാണെന്നായിരുന്നു ഷംന പറഞ്ഞിരുന്നത്. സംശയമൊഴിവാക്കാന്‍ പലതവണ ഷറഫുദ്ദീന്റെ കൈപിടിച്ച് വയറിന് മീതെ വച്ച് ശ്വാസോച്ഛ്വാസത്തിലൂടെ വയറനക്കി കുഞ്ഞനങ്ങുന്നത് കണ്ടോയെന്നും മറ്റും ഷംന ചോദിച്ചതോടെ ഷറഫുദ്ദീനും കഥ വിശ്വസിച്ചു. ഇത് കൂടാതെ പലപ്പോഴും അവശതയും ക്ഷീണവും അഭിനയിച്ചും ഭക്ഷണത്തിന് മടികാട്ടിയുമൊക്കെ ഷംന ഗര്‍ഭിണി ചമയുകയായിരുന്നു. എന്നാല്‍ അപ്പോഴൊന്നും ആര്‍ക്കും അത് കള്ളത്തരമാണെന്ന് തോന്നിയിരുന്നുമില്ല.

ഇതിനിടെ ഷംനയ്ക്ക് ഒമ്പതുമാസം പൂര്‍ത്തിയാവുകയും 18 ന് ഡോക്ടര്‍ ഡേറ്റ് നിശ്ചയിക്കുകയും ചെയ്തു. തുടര്‍ന്ന് ചൊവ്വാഴ്ച പ്രസവത്തിനായി അഡ്മിറ്റ് ആവാന്‍ എത്തിയ ഷംന എസ്.എ.ടി ആശുപത്രിയിലെ ഗൈനക്കോളജി ഒ.പിയിലെത്തിയതോടെയാണ് കാണാതാവുന്നത്. തുടര്‍ന്ന് ആശുപത്രി വളപ്പില്‍ ബന്ധുക്കള്‍ ബഹളം വെച്ച് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു.

ചൊവ്വാഴ്ച ഉച്ചയോടെ എസ്.എ.ടി ആശുപത്രിയില്‍ നിന്ന് അപ്രത്യക്ഷയായ ഷംന വീട്ടുകാരെ വെട്ടിച്ച് ആശുപത്രിക്ക് പുറത്തിറങ്ങി. അവിടെ നിന്ന് തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തുകയും ഉച്ചയ്ക്ക് പുറപ്പെടുന്ന ചെന്നൈ സൂപ്പര്‍ഫാസ്റ്റില്‍ കയറി ചൈന്നെയ്ക്ക് പോവുകയും ചെയ്തു.

യാത്രയ്ക്കിടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. ട്രെയിന്‍ വൈകുന്നേരം എറണാകുളം നോര്‍ത്തിലെത്തിയപ്പോള്‍ ഫോണ്‍ ഓണാക്കി. ഷംനയെ കാണാതായ പരാതിയില്‍ സൈബര്‍ സെല്‍ സഹായത്തോടെ അന്വേഷണം നടത്തിവന്ന പോലീസ് ഫോണിന്റെ ടവര്‍ലൊക്കേഷന്‍ അനുസരിച്ച് അന്വേഷണത്തിനായി എറണാകുളത്തെത്തി. അവിടെ അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല.

ഇതിനിടെ ചെന്നൈയിലേക്ക് യാത്ര തുടര്‍ന്ന ഷംന ചെന്നൈ സെന്‍ട്രല്‍ സ്‌റ്റേഷനിലിറങ്ങി. അവിടെനിന്ന് മറ്റൊരു ട്രെയിനില്‍ ചെങ്ങന്നൂരിലേക്ക് തിരിക്കുകയും ചെയ്തു. രണ്ട് ദിവസവും ട്രെയിനില്‍ തന്നെ കഴിച്ചുകൂട്ടിയ ഷംന ട്രെയിനില്‍ നിന്നാണ് ആഹാരം കഴിച്ചത്. സഹ യാത്രികരോട് അധികം ഇടപഴകാന്‍ കൂട്ടാക്കാതിരുന്ന ഷംന ചെങ്ങന്നൂരിലിറങ്ങി അവിടെ നിന്ന് കരുനാഗപ്പള്ളിയ്ക്കുള്ള ബസില്‍ കയറി കരുനാഗപ്പള്ളി ബസ് സ്റ്റാന്റിലെത്തി. ബസ് സ്റ്റാന്റില്‍ ക്ഷീണിതയായി കാണപ്പെട്ട ഷംനയെ കണ്ട് സംശയം തോന്നിയ യാത്രക്കാരാണ് പത്രത്തില്‍ വന്ന ഫോട്ടോ നോക്കി ഷംനയാണെന്ന് ഉറപ്പിച്ചശേഷം പോലീസിനെ അറിയിച്ചത്.

തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസെത്തി കസ്റ്റഡിയിലെടുത്ത ഷംനയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയപ്പോഴാണ് ഗര്‍ഭിണിയല്ലെന്ന് ഉറപ്പിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് പോലീസ് തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടുവന്ന ഷംന ഭര്‍ത്താവിനേയും ബന്ധുക്കളേയും കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞു. ഗര്‍ഭിണിയല്ലെന്ന് മനസിലാക്കിയാല്‍ ദാമ്പത്യം തകരുമോയെന്ന ആശങ്കയും ബന്ധുക്കളുടെ പഴിപറച്ചിലും ഭയന്നാണ് ഗര്‍ഭിണിയായി അഭിനയിക്കാന്‍ കാരണമെന്നാണ് ഷംന പോലീസിനോട് പറഞ്ഞത്.

വെള്ളിയാഴ്ച തൈയ്ക്കാട് ഗവ. ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ശേഷം ഷംനയെ കോടതിയില്‍ ഹാജരാക്കുമെന്നും സംഭവത്തില്‍ മറ്റ് ദുരൂഹതകളൊന്നുമില്ലെന്നും പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Search for 'pregnant woman' ends on an 'empty stomach' , Thiruvananthapuram, News, Trending, Local-News, Pregnant Woman, Police, Hospital, Treatment, Humor, Kerala.