Follow KVARTHA on Google news Follow Us!
ad

വരാപ്പുഴ ഒരു താക്കീത്; കൊലക്കുറ്റവും അറസ്റ്റും പോലീസിനെ പിടിച്ചുകുലുക്കുന്നു

കസ്റ്റഡി മര്‍ദനമുള്‍പ്പെടെ എന്തു നടന്നാലും പോലീസിന് രാഷ്ട്രീയ സംരക്ഷണംThiruvananthapuram, News, Trending, Police, Custody, Probe, Media, Allegation, Murder case, Kerala,
തിരുവനന്തപുരം: (www.kvartha.com 19.04.2018) കസ്റ്റഡി മര്‍ദനമുള്‍പ്പെടെ എന്തു നടന്നാലും പോലീസിന് രാഷ്ട്രീയ സംരക്ഷണം കിട്ടുമെന്ന ധാരണ പൊളിഞ്ഞതോടെ കേരള പോലീസില്‍ നിരവധിപേര്‍ 'വരാപ്പുഴപ്പേടി'യില്‍. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായി അന്വേഷണത്തില്‍ കണ്ടെത്തിയ സിഐയും എസ്‌ഐയും ഉള്‍പ്പെടെ ഏഴ് പേരെ സസ്‌പെന്‍ഡ് ചെയ്യുകയും അതില്‍ മൂന്നു പേരെ കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യുകയും ചെയ്തത് പോലീസിനെ പിടിച്ചു കുലുക്കിയിരിക്കുകയാണ്.


കൂടുതല്‍ പ്രതികളുണ്ടാകുമെന്നും അറസ്റ്റിനു സാധ്യതയുണ്ടെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഐജി ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞത്. സിഐ, എസ്‌ഐ എന്നിവരെക്കൂടി പ്രതികളാക്കണം എന്ന് ആവശ്യമുയരുന്നതിനിടെ റൂറല്‍ ടൈഗര്‍ ഫോഴ്‌സ് എന്ന പേരില്‍ പ്രത്യേക സംഘം രൂപീകരിച്ച റൂറല്‍ എസ് പി എ വി ജോര്‍ജിനെതിരെ തന്നെ ആരോപണം ഉയരുകയാണ്. പ്രത്യേക സംഘം രൂപീകരിക്കാന്‍ ആര് അനുവാദം കൊടുത്തുവെന്നും എസ്പി ആ അധികാരം ഉപയോഗിച്ചാണ് അങ്ങനെയൊരു ടീം രൂപീകരിച്ചതെന്നുമാണ് മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം സംശയമുന്നയിച്ചത്.


എസ്പിയുടെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിച്ചതെന്ന് വിശദീകരിച്ച് അറസ്റ്റിലായ പോലീസുകാര്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും അയച്ച വീഡിയോ സന്ദേശം കൂടി പുറത്തുവന്നതോടെ കാര്യങ്ങള്‍ ഇവിടെയെങ്ങും നില്‍ക്കില്ല എന്ന സൂചന ശക്തമാണ്.

ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പോലീസിന്റെയും അതുവഴി സര്‍ക്കാരിന്റെയും പ്രതിച്ഛായ മോശമാക്കാന്‍ ശ്രമിക്കുന്നുവെന്ന സംശയം സര്‍ക്കാരിനും സിപിഎം നേതൃത്വത്തിനുമുണ്ട്. കസ്റ്റഡി മര്‍ദനവും കസ്റ്റഡി മരണവും ഒന്നിലധികമായി. ജനകീയ സമരങ്ങളെ പോലീസ് തല്ലിച്ചതയ്ക്കുന്ന രീതിയും ആവര്‍ത്തിക്കുന്നു. ഈ രീതി തുടര്‍ന്നാല്‍ പോലീസിനെ സംരക്ഷിക്കാന്‍ സര്‍ക്കാരുണ്ടാകില്ല എന്നും ജോലി നഷ്ടപ്പെടുകയും കേസില്‍ കുരുങ്ങുകയുമായിരിക്കും ഫലം എന്നുമുള്ള ശക്തമായ സന്ദേശം നല്‍കാനാണ് വരാപ്പുഴ സംഭവം സര്‍ക്കാര്‍ ഉപയോഗിക്കുന്നത്.

പോലീസ് മര്‍ദനവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന വേറെ ചില കേസുകളിലും ഇതേവിധമുള്ള നടപടികള്‍ ഉണ്ടാകും എന്ന സൂചനയും ശക്തമാണ്. അതോടെയാണ് പോലീസില്‍ വേവലാതി ശക്തമായത്. പോലീസ് അസോസിയേഷന്റെ ഉള്‍പ്പെടെ ഒരുവിധ സ്വാധീനത്തിനും വഴങ്ങി ആരെയും രക്ഷിക്കേണ്ട എന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെയും തീരുമാനം. രണ്ടാം വാര്‍ഷികാഘോഷം ആരംഭിക്കാനിരിക്കെ പോലീസിനെ നിലയ്ക്കു നിര്‍ത്തുന്ന ശക്തമായ നടപടികളുടെ പേരില്‍ പ്രകീര്‍ത്തിക്കപ്പെടാനാണ് മുഖ്യമന്ത്രിക്കും താല്‍പര്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala Police felt in Varappuzha fear, Thiruvananthapuram, News, Trending, Police, Custody, Probe, Media, Allegation, Murder case, Kerala.