Follow KVARTHA on Google news Follow Us!
ad

കത് വ പെണ്‍ക്കുട്ടിയുടെ കൊലപാതകത്തിന് പിന്നിലെ സംഘ്പരിവാര്‍ അജന്‍ഡകളും സോഷ്യല്‍ മീഡിയയിലെ പ്രതിഷേധവും പിന്നെ ഹര്‍ത്താലും

ഭാരത്തതിന്റെ മന:സ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ടാണ് ജമ്മു കശ്മീരിലെ കത്വ ഗ്രാമത്തിലെArticle, Murder, Child, Abuse, Social Network, Harthal, Kathua, Asifa, Violet, Whatsapp, twitter, Facebook, Protest, Sang Parivar, Article On Kathu Incident And Harthal Proclamation Regarding The Incident
റയ്ഹാന്‍

(www.kvartha.com 15.04.2018) ഭാരതത്തിന്റെ മന:സ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ടാണ് ജമ്മു കശ്മീരിലെ കത്വ ഗ്രാമത്തിലെ എട്ടു വയസ്സുകാരിയായ  പെണ്‍കുട്ടിയെ സംഘ്പരിവാറുകാരായ അഞ്ചംഗ സംഘം പിച്ചിച്ചീന്തിയ സംഭവം വാര്‍ത്തയാവുന്നത്. ഒരാഴ്ച്ച കാലം എന്റെയും നിങ്ങളുടെയും കൊച്ചനുജത്തിയുടെ പ്രായമുള്ള ആ ഇളംമേനിയെ സംഘ്പരിവാറിന്റെ കാമകിങ്കരന്മാര്‍ കൊത്തിവലിച്ചു. കുതിരയെ മേയ്ക്കാനായി കാട്ടിലേക്കു പോയ ആ പെണ്‍കുട്ടിയെ സഞ്ജി റാം എന്ന റിട്ടയേര്‍ഡ് റവന്യൂ ഉദ്യോഗസ്ഥന്റെ ഗൂഢാലോചനയില്‍ മകന്‍ വിശാലും മരുമകനും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി. അവര്‍ ആ ഇളം പൈതലിനെ കൊണ്ടെത്തിച്ചത് ദൈവത്തിന്റെ മടിത്തട്ടിലേക്കാണ്! ക്ഷേത്രത്തിലേക്കാണ്. അവിടെ ഒരാഴ്ച്ച കാലം സഞ്ജി റാമും മകന്‍ വിശാലും പ്രായപൂര്‍ത്തിയാവാത്ത മരുമകനും ദീപഖ് കജൂരിയ, സുരേന്ദ്ര വര്‍മ്മ, ആനന്ദ് ദത്ത എന്നീ പോലീസുകാരും കൂടി ആ കുട്ടിയെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കി. കുട്ടിയുടെ കരച്ചിലിന്റെ ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍ പ്രത്യേക തരം മയക്കുമരുന്നു നല്‍കി മയക്കിക്കിടത്തി... ഒരിറ്റ് വെള്ളം പോലും നല്‍കാതെ... ഭക്ഷണം നല്‍കാതെ... അവസാനം കുട്ടിയെ ക്രൂരമായി ഭോഗിച്ച് കഴിഞ്ഞ് തലയില്‍ കല്ലിട്ട് കൊല്ലാന്‍ തുനിയുമ്പോള്‍ സഞ്ജി റാമിന്റെ മരുമകന്‍ 'ഞാന്‍ ഒരു വട്ടംകൂടി കാര്യ സാധിച്ച ശേഷം കൊന്നാല്‍ മതി' എന്ന് പറഞ്ഞ് വീണ്ടും ബലാത്സംഗം ചെയ്തു. അതിനു ശേഷമാണ്  പെണ്‍ക്കുട്ടിയുടെ ജീവനെടുത്തത്. ഇങ്ങനെയാണ് പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലെ വിവരങ്ങള്‍. കുട്ടിയെ ഭോഗിക്കാനുള്ള താല്പര്യത്തെക്കാളേറെ മുസ്ലിങ്ങളെ ഭയപ്പെടുത്തി ആട്ടിയോടിക്കാനുള്ള സംഘ്പരിവാര്‍ അജന്‍ഡയുടെ ഭാഗമാണ് കത്വ സംഭവം.

നിങ്ങളോര്‍ക്കണം, ദൈവത്തിന്റെ സന്നിധാനത്തില്‍വെച്ചാണ് അവളുടെ നിഷ്‌കളങ്കബാല്യത്തെ ആ നരാധമന്മാര്‍ പിച്ചിച്ചീന്തിയത്. ക്ഷേത്രത്തില്‍ വെച്ചാണ് മതമെന്തെന്ന് പോലുമറിയാത്ത കൊച്ചുബാലികയുടെ നിണമൊഴുക്കിയത്. അവളെ വിഗ്രഹത്തിന്റെ മുന്നില്‍ കിടത്തി പൂജ നടത്തിയശേഷമാണ് പീഡിപ്പിച്ചത്. സ്വാമി സന്ദീപാനന്ദഗിരി കത്വ സംഭവത്തെക്കുറിച്ച് നടത്തിയ പ്രതികരണം വളരെയധികം ചിന്തകളുണര്‍ത്തുന്നു. 'ദൈവം ദേവാലയങ്ങള്‍ക്കകത്തില്ലെന്ന് ബോധ്യമായില്ലെ?' എന്ന സന്ദീപാനന്ദഗിരിയുടെ ചോദ്യം ദൈവസങ്കല്പങ്ങളെക്കുറിച്ചുള്ള തിരുത്തും കപടപൗരോഹിത്യത്തിനുള്ള ഇരുട്ടടിയുമാണ്.

Article, Murder, Child, Abuse, Social Network, Harthal, Kathua, Asifa, Violet, Whatsapp, twitter, Facebook, Protest, Sang Parivar, Article On Kathua Incident And Harthal Proclamation Regarding The Incident


ചീഞ്ഞുനാറുന്ന ഇന്ത്യന്‍ ബ്യൂറോക്രസിയുടെയും രാജ്യം ഭരിക്കുന്ന ബി ജെ പിയുടെയും ഏറ്റവും ബീഭത്സലമായ മുഖമാണ് കത്വ സംഭവം നമുക്ക് കാട്ടിത്തന്നത്. എട്ടുവയസ്സുകാരിയായ പെണ്‍കുട്ടിയെ ഭോഗിക്കാന്‍ ഒന്നരക്ഷം രൂപയാണ് സഞ്ജി റാമിന് ഖജൂരിയ എന്ന പോലീസ് ഉദ്യോഗസ്ഥനും കൂട്ടാളികളും നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബലാത്സംഗം ചെയ്യപ്പെട്ടതിനു ശേഷം ജനുവരി 16ന് മൃതദേഹം കണ്ടുകിട്ടുകയും കുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുകയും ചെയ്തു. പിന്നീട് സംസ്ഥാനസര്‍ക്കാര്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതാണ് കേസില്‍ വഴിത്തിരിവായത്. പോലീസ് അന്വേഷണസംഘത്തിലെ തലവനായ രമേശ് കുമാര്‍ ജല്ലയുടെ ഏറെക്കുറെ ഒറ്റയ്ക്കുളള പോരാട്ടത്തിലൂടെ പ്രതികളെ വെളിച്ചത്തു കൊണ്ടുവന്നു. കേസന്വേഷണത്തിനിടെ പോലീസ് സേനയുടെ അകത്തുനിന്നു തന്നെ കേസ് വഴിതിരിച്ചുവിടാനുണ്ടായ ശ്രമങ്ങളുടെ താല്പര്യം കേസിലുള്‍പ്പെട്ട കാക്കിധാരികളെ തിരിച്ചറിഞ്ഞപ്പോഴാണ് ജല്ലയ്ക്ക് മനസ്സിലായത്. ആദ്യം ലക്ഷങ്ങളുടെ പ്രലോഭനവുമായി വന്നവര്‍ വഴങ്ങുന്നില്ലെന്ന് മനസ്സിലായപ്പോള്‍ ഭീഷണി മുഴക്കാന്‍ തുടങ്ങി. എന്നാല്‍ ധരിച്ച യൂണിഫോമിന്റെ മഹത്വമറിയുന്ന രാജ്യത്തെ ചെറിയ വിഭാഗം പോലീസുകാരിലുള്‍പ്പെടുന്നവനാണ് ജല്ലയെന്ന് കാലം നമുക്ക് കാട്ടിത്തന്നു. കേസുമായി മുമ്പോട്ടുപോയ അഡ്വ: ദീപികയ്ക്കും ഏറെ ഭീഷണി നേരിട്ടു. ജമ്മു ബാര്‍ കൗണ്‍സില്‍ അവരെ ഒറ്റപ്പെടുത്തി. അവിടെ നിന്ന് വെള്ളം കുടിക്കാന്‍ പോലും സമ്മതിച്ചില്ല. പക്ഷേ ദീപികയുടെയും ജല്ലയുടെയും നിശ്ചയദാര്‍ഢ്യവും നീതിബോധവും പ്രതികളെ പുറത്തുകൊണ്ടുവരിക തന്നെ ചെയ്തു. പക്ഷേ പ്രതികളെ പിടികൂടിയതിന്റെ പേരില്‍ ബി ജെ പി മന്ത്രിമാരായ ലാല്‍ സിങ്ങ്, ചന്ദ്ര പ്രകാശ് എന്നിവരുള്‍പ്പടെ ഏക്താ മഞ്ചെന്ന സംഘടനയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ ദേശീയപതാകയുമേന്തി പ്രതിഷേധ പ്രകടം നടത്തി. ചിന്തിക്കണം. ഇരയുടെ നീതിക്കുവേണ്ടിയല്ല പ്രതികളുടെ മോചനത്തിനു വേണ്ടിയാണ് രാജ്യം ഭരിക്കുന്ന ബി ജെ പിയുടെ മന്ത്രിമാര്‍ പ്രതിഷേധം നടത്തിയത്!

കത്വാ സംഭവം നമ്മുടെ മുന്നില്‍ തുറന്നിടുന്ന കരാളമായ ചിത്രം നാം കാണാതെ പോവരുത്. നമ്മുടെ രാജ്യത്തുനിന്നും സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സനാതന ധര്‍മ്മം ഓര്‍മ്മയാവുകയാണ്. ഹിന്ദുത്വഭീകരവാദം ഹൈന്ദവതയെ കാര്‍ന്നുതിന്നുന്നു. സംഘ്പരിവാറിന്റെ ഈ വൃത്തികെട്ട അജന്‍ഡയുടെ ഭാഗമാണ് രാജ്യത്തെ ജനങ്ങള്‍ക്കിയില്‍ ഭിന്നിപ്പുണ്ടാക്കി മതരാഷ്ട്രീയത്തിന്റെ ചട്ടക്കൂടില്‍ ഭൂരിപക്ഷമുള്ള വരേണ്യവര്‍ഗത്തെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍. ഈ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് തങ്ങളില്‍ പെടാത്തവരോടൊക്കെ നാടുവിട്ടുപോവാനുള്ള ആഹ്വാനങ്ങള്‍. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ കത്വ സംഭവത്തില്‍ സംഘ്പരിവാര്‍ ലക്ഷ്യം വെച്ചതും അതുതന്നെയാണ്. ഭയപ്പെടുത്തി തുരത്തിയോടിക്കുക. ബ്രാഹ്മണ ഭൂരിപക്ഷമുള്ള കത്വ ഗ്രാമത്തില്‍ നിന്നും ബക്കര്‍വാല്‍ മുസ്ലിങ്ങളെ തുരത്തിയോടിക്കാന്‍ വേണ്ടിയാണ് സഞ്ജി റാമും കൂട്ടരും ആ കൊച്ചു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നത്. മുസ്ലിങ്ങളോടുള്ള കൊടിയ വൈരാഗ്യമാണ്  പെണ്‍ക്കുട്ടിയുടെ
കൊലപാതകത്തിന് നിദാനമായത്. കുട്ടിയുടെ വേര്‍പ്പാടും നിലയ്ക്കാത്ത ഭീഷണികളും മൂലം ആ കുടുംബം പലായനം ചെയ്തതായുള്ള വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതെ, സംഘ്പരിവാറിന്റെ ലക്ഷ്യം വിജയിച്ചിരിക്കുന്നു. ബാക്കി ഇത് ഭഗവാനും ഇസ്ലാമും തമ്മിലുള്ള പോരാട്ടമെന്ന് പറഞ്ഞു നടക്കുന്ന കാവിക്കോമരങ്ങള്‍ കൈകാര്യം ചെയ്യും.

അതെ, രാജ്യം ഇന്നു വരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത ഒരു സംഭവമാണ് കത്വയില്‍ കണ്ടത്. ഭോഗേച്ഛയ്ക്കാളേറെ ആളിക്കത്തുന്ന കാവി വര്‍ഗ്ഗീയതയുടെ വിഷമാണ് പ്രതികളെ കൃത്യം നടത്തുന്നതിലേക്ക് നയിച്ചത്. എന്തു തന്നെയായാലും രാജ്യത്ത് വലിയ തോതില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നു. സോഷ്യല്‍ മീഡിയയില്‍ ഉയിരെടുത്ത പ്രതിഷേധത്തിന്റെ തീജ്വാലകള്‍ തെരുവുകളിലേക്കും ആളിപ്പടര്‍ന്നു. ഇന്ത്യാ ഗേറ്റില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മെഴുകുതിരി തെളിയിച്ച് നടത്തിയ പ്രതിഷേധമുള്‍പ്പടെ രാജ്യത്തൊട്ടാകെ പരസഹസ്രം പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കപ്പെട്ടു. പക്ഷേ പ്രതിഷേധത്തിന്റെ 'കീ പൊസിഷനില്‍' സോഷ്യല്‍ മീഡിയ ആയിരുന്നുവെന്ന് അത് ഉപയോഗിക്കുന്നവര്‍ പോലും തിരിച്ചറിയുന്നില്ല.

കത്വ സംഭവവുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയയില്‍ ഒന്നുരണ്ടു ദിവസങ്ങളായി തിങ്കളാഴ്ച്ച ഹര്‍ത്താലിന് ആഹ്വാനം നടത്തിക്കൊണ്ടുള്ള പോസ്റ്റുകളുടെ പെരുമഴയാണ്. ആദ്യം തന്നെ വളരെ സുതാര്യമായി ചോദിക്കാനുള്ള ഒരു കാര്യം ഹര്‍ത്താല്‍ നടത്തി ഇത്രയും ഗൗരവപ്പെട്ട ഒരു പ്രതിഷേധത്തെ കളങ്കപ്പെടുത്തണോ എന്നുള്ളതാണ്. ഒരു സംഘടനകളുടെയും ബാനറിലല്ലാതെ ആഹ്വാനം ചെയ്തിരിക്കുന്ന ഈ ഹര്‍ത്താല്‍ സാമൂഹ്യ-വിരുദ്ധ ശക്തികള്‍ മുതലെടുക്കാനുള്ള സാധ്യത ഏറെയുണ്ട്. ഹര്‍ത്താല്‍ ഒരു അപരിഷ്‌കൃത സമരമുറയാണ്. കേരളത്തില്‍ ഹര്‍ത്താല്‍ നടത്തി പൊതുമുതല്‍ നശിപ്പിച്ചതുകൊണ്ട് പ്രതികള്‍ ശിക്ഷിക്കപ്പെടാന്‍ പോകുന്നില്ല. പ്രതിഷേധം അധികാരികള്‍ക്ക് നേരയാണെങ്കില്‍ അവരുടെ കണ്‍വെട്ടത്ത് പ്രതിഷേധിക്കണം. അല്ലെങ്കില്‍ അവര്‍ക്ക് ആ പ്രതിഷേധത്തിന്റെ ചൂടറിയുന്ന വിധത്തിലെങ്കിലും പ്രതിഷേധിക്കണം.

പൊതുമുതല്‍ നശിപ്പിച്ചുകൊണ്ട് ഹര്‍ത്താല്‍ നടത്തിയാണോ എട്ടു വയസ്സുകാരിയായ ആ നിഷ്‌കളങ്കബാല്യത്തിനുവേണ്ടി പ്രതിഷേധിക്കേണ്ടത്? ആശുപത്രിയിലേക്ക് പോകാനിരിക്കുന്നവര്‍ക്ക് വാഹനസൗകര്യമില്ലാതാക്കി അവരുടെ കാലനായിക്കൊണ്ടാണോ  ആ നിഷ്‌കളങ്കബാല്യത്തിനുവേണ്ടി പ്രതിഷേധിക്കേണ്ടത്?. ഹര്‍ത്താലിന്റെ മറവില്‍ അഴിഞ്ഞാടി സമൂഹത്തിലെ ക്യാന്‍സറായിക്കൊണ്ടാണോ എട്ടു വയസ്സുകാരിയായ ആ നിഷ്‌കളങ്കബാല്യത്തിനുവേണ്ടി പ്രതിഷേധിക്കേണ്ടത്?. ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ തീര്‍ച്ചയായും വിരല്‍ ചൂണ്ടുന്നത് ഹര്‍ത്താല്‍ മുതലെടുക്കുന്ന നിക്ഷിപ്ത താല്പര്യക്കാരിലേക്കാണ്. ഞായറാഴ്ച്ചയിലെ അവധിയുടെ ആലസ്യത്തില്‍ തിങ്കളാഴ്ച്ച കൂടി അവധി ലഭിച്ചാലോയെന്ന് ആഗ്രഹിക്കുന്ന സ്ഥിരം ഹര്‍ത്താല്‍ പ്രചാരകരായ മനോരതിക്കാരും തിങ്കളാഴ്ച്ചത്തെ ഹര്‍ത്താല്‍ ആഹ്വാനത്തിനു പിന്നിലുണ്ട്.

കാലികലോകത്ത് ഏറ്റവും പ്രസക്തിയും പ്രഹരശേഷിയുമുള്ള പ്രതിരോധത്തിന്റെ പീരങ്കിത്തലപ്പാണ് സോഷ്യല്‍ മീഡിയ. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ പ്രതിഷേധങ്ങള്‍ പലരും പ്രതിഷേധം തെരുവിലാണ് വേണ്ടതാണെന്ന കാരണം പറഞ്ഞ് തല്ലിക്കെടുത്താന്‍ ശ്രമിക്കുന്നു. യഥാര്‍ത്ഥത്തില്‍ തെരുവിലും സാമൂഹ്യമാധ്യമങ്ങളിലും ഒരുപോലെ പ്രതിഷേധങ്ങളുണ്ടാവണം. സോഷ്യല്‍ മീഡിയയിലെ പ്രതിഷേധ ക്യാമ്പയിനുകളെ തരംതാഴ്ത്താന്‍ ശ്രമിക്കുന്നത് വങ്കത്തമാണ്. അതുപോലെ വാട്ട്‌സപ്പില്‍ ഡി പി വയലറ്റ് നിറമാക്കുന്നതിനെയും പലരും പരിഹസിക്കുന്നു.

ആധുനികലോകത്ത് സോഷ്യല്‍ മീഡിയ പ്രതിഷേധങ്ങള്‍ സൃഷ്ടിച്ച മാറ്റങ്ങള്‍ സ്വച്ഛവിഹായസ്സിലെ അനന്തകോടി നക്ഷത്രങ്ങള്‍ പോലെ തെളിഞ്ഞുകിടക്കുമ്പോഴാണ് ചിലര്‍ക്ക് സോഷ്യല്‍ മീഡിയയിലെ പ്രതിഷേധ ക്യാമ്പയിനുകളോട് അയിത്തം. ഉദാഹരണങ്ങള്‍ ചികയുമ്പോള്‍ ആദ്യം വരുന്നതുമാത്രം കുറിക്കുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് മൂന്നുപതിറ്റാണ്ട് കാലം നീണ്ടുനിന്ന ഹുസ്‌നി മുബാറക്കിന്റെ കിരാതവാഴ്ച്ചയ്ക്ക് വിരാമമിട്ടുകൊണ്ട് ഈജിപ്തിലും മധ്യപൗരസ്ത്യ ദേശത്തെ ഇതര രാഷ്ട്രങ്ങളിലും പ്രതിഷേധത്തിന്റെ വിപ്ലവജ്വാലകള്‍ അധികാരികളെ വലിച്ചിറക്കിയ മുല്ലപ്പൂ വിപ്ലവത്തിന്റെ സിംഹഭാഗവും നടന്നത് ഫേസ്ബുക്കിലാണ് എന്നത് ഖണ്ഡിക്കാന്‍ പറ്റാത്ത വസ്തുതയാണ്. കഴിഞ്ഞ വര്‍ഷം തുര്‍ക്കിയില്‍ റജബ് ത്വയ്യിബ് ഉര്‍ദുഗാനുനേരെ പട്ടാള അട്ടിമറിക്ക് ശ്രമം നടക്കുമ്പോള്‍ അദ്ദേഹം അവധിയെടുത്ത് ഒരു ഹോട്ടലിലിരിക്കുകയായിരുന്നു. മാധ്യമങ്ങളിലൂടെ അട്ടിമറി ശ്രമത്തിനുളള വാര്‍ത്തകളറിഞ്ഞ ഉര്‍ദുഗാന്‍ ട്രിറ്ററില്‍ ഒരു പോസ്റ്റിട്ടു. തെരുവിലിറങ്ങുക. ജനങ്ങളോട് തെരുവിലറങ്ങാന്‍ ആഹ്വാനം ചെയ്തുള്ള ആ ഒരൊറ്റ പോസ്റ്റില്‍ പട്ടാളത്തെ അവര്‍ തുരത്തിയോടിച്ചു.

കുറേ ദൂരെയൊന്നും പോകേണ്ടതില്ല. കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തില്‍ 25 കോടി രൂപ ചിലവിട്ടുകൊണ്ടു നിര്‍മ്മിച്ച ഫുട്‌ബോള്‍ ടര്‍ഫ് കുത്തിപ്പൊട്ടിച്ച് പിച്ച് നിര്‍മ്മിച്ച് നവംബര്‍ ഒന്നിന് ഇന്ത്യ-വെസ്റ്റന്‍ഡീസ് ക്രിക്കറ്റ് മത്സരം നടത്താന്‍ കെ സി എ തീരുമാനിച്ചതും #സേവ് കൊച്ചി ടര്‍ഫ് ക്യാമ്പയിനിലൂടെ ആ തീരുമാനത്തെ കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ ചെറുത്തുതോല്പിച്ചതും ഈയിടെയാണ്. അവിടെ പണത്തില്‍ മുങ്ങിക്കുളിക്കുന്ന ബി സി സി ഐക്കും കെ സി എക്കും മഞ്ഞപ്പടയുടെ സോഷ്യല്‍ മീഡിയ ക്യാമ്പയിനിന്റെ മുന്നില്‍ മൂട്ടിടിച്ചത് നാം കണ്ടതല്ലേ?. ഇങ്ങനെ സോഷ്യമീഡിയയിലെ പ്രതിഷേധക്യാമ്പയിനുകള്‍ വിജയം നേടുന്നതിന്റെ ഉദാഹരങ്ങള്‍ നിരവധിയുണ്ട്.

കത് വ പെണ്‍ക്കുട്ടിയുടെ നീതിക്കുവേണ്ടി സോഷ്യല്‍ മീഡിയയില്‍ രൂപംകൊണ്ടതാണ് #ജസ്റ്റിസ് ഫോര്‍ ആസിഫ ക്യാമ്പയിന്‍. അതിന്റെ ഭാഗമായാണ് വാട്ട്‌സപ്പില്‍ ഡി പി വയലറ്റ് നിറമാക്കിയുള്ള പ്രതിഷേധവും ആരംഭിച്ചത്. ഡി പി വയലറ്റ് നിറമാക്കി പ്രതിഷേധിക്കുന്നതിനെ പുച്ഛിച്ചവരാരും സത്യത്തില്‍ ഡി പി യിലെ വയലറ്റിന്റെ പൊരുള്‍ തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. സോഷ്യല്‍ മീഡിയ ക്യാമ്പയിനുകളെല്ലാം ഒരേ വാര്‍പ്പു മാതൃകയിലാവണം എന്ന് ആര്‍ക്കാണ് നിര്‍ബന്ധം?. എന്തു കൊണ്ട് ഡി പി മാറ്റലും സോഷ്യല്‍ മീഡിയ ക്യാമ്പയിനിന്റെ ഭാഗമായിക്കൂടാ?. കൊല്ലപ്പെട്ടു കിടന്ന പെണ്‍ക്കുട്ടി ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറം വയലറ്റാണ്. സംവിധായികയും എഴുത്തുകാരിയുമായ രത്‌നം മണിമേഖലൈ ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാക മാറ്റി കത് വ പെണ്‍ക്കുട്ടിയുടെ രക്തം പുരണ്ട വയലറ്റ് ഗൗണ്‍ ഉയര്‍ത്തിപ്പിടിക്കണം എന്ന് മൊഴിഞ്ഞതിന്റെ ആശയത്തില്‍ നിന്നാണ് വാട്ട്‌സപ്പ് ഡി പി വയലറ്റ് നിറമാക്കുന്നത് #ജസ്റ്റിസ് ഫോര്‍ ആസിഫ ക്യാമ്പയിനിന്റെ ഭാഗമായത്.

എന്തുതന്നെയായാലും പെണ്‍ക്കുട്ടിക്കുവേണ്ടിയും സമകാലീനലോകത്ത് അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കുവേണ്ടിയും പ്രതിഷേധത്തിന്റെ കൊടിക്കൂറയുയര്‍ത്തപ്പെടുന്നത് സോഷ്യല്‍ മീഡിയയിലാണ്. അതിന് യോജിച്ച സാധ്യതകളുള്ളതും സോഷ്യല്‍ മീഡിയയില്‍ തന്നെയാണ്. പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്ത ഹര്‍ത്താല്‍ എന്ന കാലാഹരണപ്പെട്ട സമരമുറയെ ഇനിയും കൊണ്ടുനടക്കണോ എന്ന് നാമോരോരുത്തരും പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Murder, Child, Abuse, Social Network, Harthal, Kathua, Asifa, Violet, Whatsapp, twitter, Facebook, Protest, Sang Parivar, Article On Kathua Incident And Harthal Proclamation Regarding The Incident