Follow KVARTHA on Google news Follow Us!
ad

കുടുംബങ്ങളിലെ, കൂട്ടായ്മകളിലെ, കൂട്ടുകൂടലിലെ, സുതാര്യതയും പരിഗണനയും

നിങ്ങള്‍ അവഗണിക്കപ്പെടുന്നു എന്ന് ഫീല്‍ ചെയ്യുന്നിടത്ത് ഇരിക്കരുത്Article, Family, Friends, Aslam Mavilae, Relationship, Transparency, Article Of Aslam Mavilae On Relationships
അസ്ലം മാവില

(www.kvartha.com 22.04.2018) നിങ്ങള്‍ അവഗണിക്കപ്പെടുന്നു എന്ന് ഫീല്‍ ചെയ്യുന്നിടത്ത് ഇരിക്കരുത്. താന്‍ പറയുന്നതേ നടപ്പാവൂ, അതിലേ ശരിയുള്ളൂവെന്ന് ശഠിക്കുന്നിടത്ത് നിങ്ങളുടെ സമയം വെറുതെ കളയരുത്. അവര്‍ പറയാതെ പറയുന്ന ഒന്നുണ്ട് - its none of your business. എഴുന്നേറ്റ് സ്ഥലം വിട്ടു കളയണം, മറ്റു ബിസിനസ്സില്‍ വ്യാപൃതരാകണം.

കേട്ടത് മൂളുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍, വെറുതെയൊന്ന് സ്വയം മൂളി പരിക്ഷിച്ചു നോക്കൂ. വാ തുറക്കാത്ത ഒരു തരം മ്യൂട്ട് പൊലിറ്റിക്കല്‍ എക്‌സര്‍സൈസ്. മറുത്ത് പറയാന്‍ വാ തുറക്കാതിരിപ്പിക്കുക എന്നതാണ് മൂളിപ്പിക്കുന്നതിലെ രാഷ്ട്രീയം. അതില്‍ വിധേയത്വം ഒട്ടിപ്പിടിച്ചിരിക്കുന്നു. ആശ്രിതത്വം അള്ളിപ്പിടിച്ചിരിക്കുന്നു.

Article, Family, Friends, Aslam Mavilae, Relationship, Transparency, Article Of Aslam Mavilae On Relationships

വിമര്‍ശനമെന്നാണ് വാ തുറക്കലിനെ ചിലര്‍ കാണുന്ന 'കോങ്കണ്ണു' രാഷ്ട്രീയം. (എല്ലാവര്‍ക്കും കോങ്കണ്ണായാല്‍ അതൊരു വൈകല്യമല്ലാതാവുമല്ലോ! ) വേറിട്ട അഭിപ്രായം, മറ്റൊരു ചിന്ത, മറ്റൊരാലോചന,വ്യത്യസ്ത വഴി ഇങ്ങനെയൊരു അര്‍ഥം വാ തുറക്കലിന്നല്‍കി നോക്കൂ. അങ്ങിനെ ഒരര്‍ഥം കാണാന്‍ ഡിക്ഷണറിയുടെ പേജുകള്‍ മറിക്കേണ്ട ആവശ്യമില്ല. മനസ്സിന്റെ ഉള്ളറ വികസിച്ചാല്‍ മാത്രം മതി.

(പക്ഷെ, ഒച്ചയിടലും ഓരിയിടലും ഇപ്പറഞ്ഞ പരിധിയില്‍ വരില്ല. ഭാഷ നഷ്ടപ്പെടുന്നവന്റെ ഭോഷ്‌ക്കാണത്, കവലച്ചട്ടമ്പിത്തരം. അതിന് വിമര്‍ശനമെന്ന ഓമനപ്പേരുമിടരുത്. )

ആലോചിച്ചുറപ്പിച്ചത് പറഞ്ഞ് ഫലിപ്പിക്കാം. അത് തന്നെ അവിടെ പാസാക്കിയേ അടങ്ങൂവെന്ന് ശഠിക്കുമ്പോള്‍, ശരിക്കും മറ്റാളുകളുടെ സമയമാണ് മെനക്കെടുന്നത്. നിന്ന് കൊടുക്കാതിരിക്കുക മാത്രം പോം വഴി.

കൂടിയാലോചനയില്‍ വരുംവരായ്കകള്‍ ചര്‍ച്ചയായി വരും. വിവിധ ആങ്കിളിലവ വിഷയീഭവിക്കും. കൂടുതല്‍ പ്രായോഗികമായത് കൂടുതല്‍ മുന്‍ഗണനാ ക്രമത്തില്‍ വരും. പിന്നെയും, ഞാനിപ്പോഴുമാ പഴയ വാദത്തിലെന്ന് പറയരുത്, പറയിപ്പിക്കരുത്. 99 ശതമാനം പൊട്ടന്‍ തീരുമാനങ്ങള്‍ക്ക് പിന്നിലും ഇങ്ങനെയൊരു പൊട്ടനിടപെടലുണ്ട്.

നെഗറ്റീവ് ചിന്തയ്ക്കാണ് എന്നും മാര്‍ക്കറ്റ് കൂടുതല്‍. അവിടെ അങ്ങിനെ ചിന്തിക്കാന്‍ മാത്രം തുടക്കത്തില്‍ കുറച്ച് സമയം മെനക്കെടുത്തിയാല്‍ മതി. പിന്നെയുള്ള സമയം മുഴുവന്‍ നോക്കുകുത്തിയുടെയും താക്കോല്‍ ദ്വാര നോട്ടക്കാരന്റെയും റോളാണ്.

ശരിക്കും, പോസിറ്റീവ് ചിന്തയ്ക്കാണ് പണിയും റിസ്‌കും. ലക്ഷ്യം നേടുന്നത് വരെ നിങ്ങളുടെ കണ്ണിമ കൂടടയുന്നില്ല. വഴി നിറയെ പ്രതിബന്ധങ്ങള്‍ അഭിമുഖീകരിക്കും - മൂപ്പിള വരെ 'വഴിമുട്ടി' രൂപത്തില്‍ വരും.

പരിഗണന പ്രധാനമാണ്. ഒരാളെ ഉപയോഗിക്കുന്നുവെന്ന തോന്നല്‍ ഉണ്ടാകുന്നിടത്ത് അവഗണനയുടെ ആദ്യ അധ്യായം തുടങ്ങും. അയാളെ എല്ലാത്തിലും ശ്രദ്ധിക്കുന്നുവെന്നിടത്താണ് പരിഗണന പടി തുറക്കുന്നത്. വളരെ ചെറിയ വിഷയമാകാം, അത് ചെറിയ വിഷയമാക്കിയിടത്താണ് വിഷയം. Negligence എന്നാല്‍ നിസ്സാരമാക്കലാണല്ലോ.

ഒരു ദാമ്പത്യപ്രശ്‌നം: കട്ടനാണ് വില്ലന്‍. അത് അയാള്‍ക്ക് വലിയ കാര്യമാണ്, പ്രാതലിന് മുമ്പ് കിടക്കക്കരികില്‍ അതെത്തിക്കാന്‍ വീട്ടുകാരിക്ക് തലേദിവസമൊരുക്കിയ ഫ്‌ളാസ്‌കും ഒരു കുഞ്ഞുഗ്ലാസും മാത്രം മതി. അത്രേയുള്ളൂ. ഒരിരുത്തത്തില്‍ കട്ടന്‍ റെഡിയായി. ചായക്കോപ്പയിലെ ആവി പോലെ ആ പ്രശ്‌നവും വായുവിലേക്ക് പറന്നും പോയി. പക്ഷെ, 'പരിഗണിച്ചു ' എന്ന ഫീലിന് അതിനാനയോളം വലുപ്പമുണ്ടായിന്നു.

ആടിനങ്ങാടി വാണിഭമറിയണമെന്നേയുള്ളൂ. അതധികം പേരുമറിയുന്നില്ല; അറിയുന്നതോടെ സാധ്യത കൂടുന്നു - എന്തിനെന്നോ ? ഒരു പരിഹാരമുണ്ടാകാന്‍, to solve an Issue, to fix a problem.

നന്മകള്‍ !

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Family, Friends, Aslam Mavilae, Relationship, Transparency, Article Of Aslam Mavilae On Relationships