Follow KVARTHA on Google news Follow Us!
ad

ചരിത്രം പരിശോധിച്ചാല്‍ ഒരു കക്ഷിയും സ്ഥിരമായി ഭരിച്ചിട്ടില്ലെന്ന് കാണും

ഇവിടെ 1985 മുതല്‍ക്കുള്ള ചരിത്രമെടുത്തു പരിശോധിച്ചാല്‍ കര്‍ണാടകയും സ്ഥിരമായി ഒരു കക്ഷിയെ മാത്രം പിന്തുണച്ചതായി കാണാന്‍ കഴിയില്ല. കൊച്ചനുജത്തി Karnataka, Election, BJP, Congress, Article, Karnataka Assembly Election, Politic.
(കര്‍ണാടക നിയമസഭാ തെരെഞ്ഞെടുപ്പ് ഒരു വീക്ഷണം-രണ്ട്)
നേര്‍ക്കാഴ്ച്ചകള്‍/ പ്രതിഭാരാജന്‍

(www.kvartha.com 21.04.2018) ഇവിടെ 1985 മുതല്‍ക്കുള്ള ചരിത്രമെടുത്തു പരിശോധിച്ചാല്‍ കര്‍ണാടകയും സ്ഥിരമായി ഒരു കക്ഷിയെ മാത്രം പിന്തുണച്ചതായി കാണാന്‍ കഴിയില്ല. കൊച്ചനുജത്തി കേരളത്തിന്റെ അതേ സ്വഭാവം.

ഇത്തവണ കോണ്‍ഗ്രസിനു അധികാരം നിലനിര്‍ത്തിയേ പറ്റു. അല്ലാത്ത പക്ഷം ജീവനുള്ള കോണ്‍ഗ്രസ് എന്നത് പഞ്ചാബില്‍ മാത്രമായി പരിമിതപ്പെട്ടു പോകും. ദക്ഷിണേന്ത്യയും കൈവിട്ടുകഴിഞ്ഞു എന്ന തോന്നലുണ്ടായാല്‍ പിന്നെ ദിഗ്വജയമായിരിക്കും ബി.ജെ.പിക്ക്. കോണ്‍ഗ്രസ് മുക്തഭാരതമെന്ന ബി.ജെ.പിയുടെ ലക്ഷ്യത്തിനു ഫൈനല്‍ വിസില്‍ മുഴങ്ങും. ലോകസഭാ ഫൈനല്‍ മല്‍സരത്തിനു മുമ്പായി നടക്കാനിരിക്കുന്ന രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറാം സെമീ ഫൈനലുകളേയും കര്‍ണാടകയില്‍ തോല്‍വിയാണ് ഫലമെന്നാല്‍ അതു ബാധിക്കും. എങ്ങനെ കൂട്ടിക്കിഴിച്ചാലും കര്‍ണാടക കോണ്‍ഗ്രസിന് ജയിച്ചേ പറ്റു.


സിദ്ധാരാമയ്യ വിജയം ഉറപ്പിക്കുന്നു. എവിടെ ലൈഫ്ബോയുണ്ടോ അവിടെ ആരോഗ്യമുണ്ട് എന്ന പരസ്യവാചകം പോലെ എവിടെ ലിംഗായത്തുകാരുണ്ടോ, അവിടെ കോണ്‍ഗ്രസിനു ജയമുണ്ടാകുമെന്നാണ് പറഞ്ഞു കേള്‍വി. കോണ്‍ഗ്രസ് ഇത്തവണ മല്‍സര രംഗത്തിറക്കിയ സ്ഥാനാര്‍ത്ഥികളില്‍ കൂടുതലും ലിഗായത്തുകള്‍ തന്നെ. അവര്‍ക്ക് പ്രത്യേക മതമായി സംഘടിക്കാന്‍ കോണ്‍ഗ്രസ് ഗവര്‍മെണ്ട് പച്ചക്കൊടി കാട്ടിയിരിക്കുന്നു. ഇനിയൊന്നും നോക്കാനില്ല. ജയിച്ചിട്ടു തന്നെ കാര്യം. കണ്ട ക്ഷേത്രങ്ങളെല്ലാം ആരാധന നടത്തി രാഹുലിന്റെ കൈ കഴച്ചു. കര്‍മ്മം ചെയ്യുക, കര്‍മ്മഫലം ലിംഗായത്തുകാര്‍ തരും.

കര്‍ണാടക പാസാക്കിയ ലിംഗായത്ത ബില്‍ കേന്ദ്രത്തിന്റെ പരിഗണനയിലാണ്. ബില്‍പ്രസാദം ബി.ജെ.പിക്ക് കയ്ച്ചിട്ട് തുപ്പാനും, മധുരിച്ചിട്ട് ഇറക്കാനും വയ്യാത്ത പരുവത്തിലാണ്. ബില്ല് പാസായാലും, അഥവാ തോറ്റാലും നേട്ടം കോണ്‍ഗ്രസിന് തന്നെ. ചുക്കില്ലാത്ത കഷായം പോലെ ലിംഗായത്തരില്ലാത്ത വോട്ടെടുപ്പില്ലാതായി തീര്‍ന്നിരിക്കുന്നു കോണ്‍ഗ്രസിന്. ഇത്തരം രാഷ്ട്രീയവും, മതപരവുമായ വിശേഷങ്ങള്‍ കോണ്‍ഗ്രസിന് മധുരവും ബി.ജെ.പിക്ക് കൈപ്പും പ്രദാനം ചെയ്യുന്നു. ഇതേവരെ ബി.ജെ.പിക്ക് ഇതിന്റെ മറുതല കണ്ടെത്താനായിട്ടില്ല. അതുതന്നെയാണ് കോണ്‍ഗ്രസ് വിജയം ഉറപ്പു വരുത്തുന്ന പ്രധാന ഘടകം.

ഭീമനേപ്പോലെ കരുത്താര്‍ജ്ജിച്ചിരിക്കുന്നു കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്. സംസ്ഥാനത്ത് മറ്റൊരിടത്തും കാണില്ല ഇത്രത്തോളം സംഘടനാ സെറ്റപ്പ്. ഓരോ നൂറ് വോട്ടുകള്‍ക്കും ഒരു കാര്യദര്‍ശി എന്ന നിലയില്‍ ബൂത്തു തലത്തില്‍ ആളോരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇത് ബി.ജെ.പിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നു.

തമമില്‍ ഭേദം തൊമ്മന്‍ തന്നെ. പാര്‍ട്ടിയേയും, നാടിനേയും മുടിച്ച് ജയലില്‍ പോയ യദിയൂരപ്പയെ നാഥനായി ഉയര്‍ത്തിക്കാട്ടിയാണ് ബി.ജെ.പി പോരിനിറങ്ങുന്നത്. അങ്ങനെ തന്നെ വരട്ടെയെന്ന് നഖം ചൊറിയുകയാണ് കോണ്‍ഗ്രസുകാര്‍. കോണ്‍ഗ്രസ് ക്യാമ്പ് ആവേശത്തിലാണ്. ബി.ജെ.പിയുടെ സൈബര്‍ പ്രചരണത്തിനും കോണ്‍ഗ്രസിനെ മൂലക്കിരുത്താനായിട്ടില്ല. കോണ്‍ഗ്രസിനു സൈബര്‍ പടയാളികളായി ആയിരക്കണക്കിനു പെയ്ഡ് സര്‍വ്വീസുകാരുണ്ട്. ബംഗലൂരുവാണ് അവരുടെ ആസ്ഥാനം. ഇവിടെ പണിയെടുക്കുന്നതില്‍ കേരളത്തില്‍ പയറ്റിത്തെളിഞ്ഞ സൈബര്‍ സഖാക്കളും അന്നം തേടി ബംഗലൂരിവിലെത്തിയിട്ടുണ്ടെന്നാണ് കേള്‍വി.

യുപി മുഖ്യമന്ത്രി ആദിത്യനാഥ് കഴിഞ്ഞ 20 വര്‍ഷമായി വിട്ടു കൊടുക്കാത്ത ഖൊരാഖ്പൂര്‍ അടക്കം ബി.ജെ.പി തോറ്റതിനു പിന്നിലും ജാതിയുടെ പേരില്‍ വോട്ടു ഭിന്നിച്ചതാണ് കാരണം. ഈ രസതന്ത്രം ബി.ജെ.പിക്കെതരിരെ മതില്‍ പണിയുകയാണ് കര്‍ണാടകയില്‍. ഗുജറാത്തില്‍ കോണ്‍ഗ്രസ് ബി.ജെപിയോട് ചെറുത്തു നിന്നതും ചെറിയ കാര്യമല്ലല്ലോ. രാജസ്ഥാന്‍, മധ്യപ്രദേശ്, ബീഹാര്‍ എന്നിവടങ്ങളില്‍ പാര്‍ലമെന്റിലേക്കും നിയസഭകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളിലും ബിജെപിക്ക് നേട്ടമുണ്ടാക്കാനായില്ല. മോദി വാഗ്ദാനം ചെയ്തിരുന്ന 'അച്ചാ ദിന്‍' (നല്ല നാളുകള്‍) മോദിയെ തന്നെ തിരിച്ചു കുത്തുകയാണ്. കേന്ദ്രം പഖ്യാപിച്ച മുന്നേറ്റം തൊഴില്‍ രംഗത്തും ചീറ്റിപ്പോയി. സ്വകാര്യ മേഖലയില്‍ അവസരങ്ങള്‍ കുറഞ്ഞു. സാധാരണ തൊഴിലാളികളുടെ സുരക്ഷിതത്വത്തിനു മുഖവില നഷ്ടപ്പെട്ടു. ഇതിനിടെ തുടങ്ങി വെച്ച സര്‍ക്കാര്‍ വിരുദ്ധ കര്‍ഷക സമരങ്ങളെല്ലാം തന്നെ വിജയത്തിലെത്തുകയായിരുന്നു.

ദലിതര്‍, മുസ്ലീമുകള്‍, കൃസ്ത്യാനികള്‍ അസംതൃപ്തരാണ്. അവര്‍ നിരന്തരമായി സമരത്തിലും സംഘട്ടനത്തിലും ഏര്‍പ്പെടുമ്പോള്‍ മറുഭാഗത്ത് ഗവണ്മെന്റ് ജോലികളില്‍ കൂടൂതല്‍ സംവരണം ആവശ്യപ്പെട്ട് മേല്‍ജാതിക്കാരും തെരുവിലിറങ്ങുകയാണ്. കന്നുകാലികളുടെ വില്‍പ്പനയില്‍ തൊട്ട് ഉപ്പുമുതല്‍ കര്‍പ്പൂരം വരെ കര്‍ക്കശമാക്കപ്പെട്ട പുത്തന്‍ വില്‍പ്പന നികുതിച്ചട്ടങ്ങള്‍, കര്‍ഷകര്‍ക്കുമാത്രമല്ല, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട തുകല്‍ ഉല്‍പ്പാദന കേന്ദ്രമായ ഭാരതത്തിലെ തുകല്‍ വ്യവസായം വരെ കീഴ്മേല്‍ മറിഞ്ഞു. ലക്ഷക്കണക്കിനാള്‍ക്കാര്‍ പണിയെടുക്കുന്ന ക്ഷീരോല്‍പ്പന്ന,നിര്‍മ്മാണ, മരാമത്ത് വ്യവസായങ്ങള്‍ പലതും പ്രതിസന്ധിയിലാണ് .

മുസ്ലിങ്ങള്‍ ബീഫ് കഴിക്കുന്നതായും അനധികൃത കശാപ്പിനായി കന്നുകാലികളെ കള്ളക്കടത്ത് നടത്തുന്നതായും ആരോപിച്ച് വടക്കേ ഇന്ത്യയില്‍ ജനക്കൂട്ടം ആള്‍ക്കാരെ തല്ലിക്കൊല്ലുന്ന സംഭവങ്ങള്‍ വരെ കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തിനു കാരണമായേക്കും. സാമ്പത്തികം വലിയ അര്‍ത്ഥത്തില്‍ തെരെഞ്ഞെടുപ്പിനെ നിയന്ത്രിക്കും വിധം ബി.ജെ.പി ശക്തമാണെന്നാണ് കേള്‍വി. അതു തടയാനുള്ള ആള്‍ബലം കാലേക്കൂട്ടി തരപ്പെടുത്തി തേരും, കുതിരയും, കാലാള്‍പ്പടയുമായി കോണ്‍ഗ്രസ് ഗോദയില്‍ ഏത്രയോ മുന്നിലാണ്. സി.പി.എം സംഘടാന രീതിയിലെന്ന പോലെ കേഡര്‍ സ്വഭാവത്തോടു കൂടി ഇവിടെ കോണ്‍ഗ്രസ് വാര്‍ഡു തലത്തില്‍ ശക്തമാക്കപ്പെട്ടിരിക്കുകയാണ്.


Keywords: Karnataka, Election, BJP, Congress, Article, Karnataka Assembly Election, Politic,Article about Karnataka election- 2