Follow KVARTHA on Google news Follow Us!
ad

എസ്എഫ്ഐക്കാരുടെ തല്ല്കൊണ്ട ഹരിപ്പാട് എസ്ഐയെ സ്ഥലംമാറ്റി

കാര്‍ത്തികപ്പള്ളി ഐ.എച്ച്.ആര്‍. ഡി കോളേജില്‍ എസ്.എഫ്.ഐ ക്കാര്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റNews, Kerala, SFI, Attack, Students, Teachers, Injured, Police, Police Station, Principal,
ഹരിപ്പാട് : (www.kvartha.com 17/03/2018) കാര്‍ത്തികപ്പള്ളി ഐ.എച്ച്.ആര്‍. ഡി കോളേജില്‍ എസ്.എഫ്.ഐ ക്കാര്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ ഹരിപ്പാട് എസ്.ഐ. കെ.ജി.രതീഷിനെ എടത്വ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. പകരം എടത്വ എസ്. ഐ. ആനന്ദബാബുവിനെ ഹരിപ്പാട് നിയമിച്ചു. സംഭവം നടന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും കേസ്സെടുക്കാതെ സി.പി.എം നേതാക്കളുടെ പിടിവാശി മൂലം വ്യാഴാഴ്ച രാത്രി തിടുക്കപ്പെട്ട് സ്ഥലം മാറ്റ ഉത്തരവിറക്കുകയായിരുന്നു. കഴിഞ്ഞ 9ാം തീയതി രാവിലെ മുതല്‍ കോളേജ് കാമ്പസില്‍ എസ്.എഫ്.ഐ ജില്ലാകമ്മറ്റി അംഗം ലെനിന്‍, കായംകുളം ഏരിയാ പ്രസിഡന്റ് ആസിഫ് ,ജോ. സെക്രട്ടറി അസ്ലം എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം എസ്.എഫ്.ഐക്കാര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.

എസ്.എഫ്.ഐ തേര്‍വാഴ്ചയില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ഭയന്നു വിറച്ചു കഴിയവേ ആക്രമണം കാമ്പസിന് പുറത്തേക്കും വ്യാപിച്ചു. ഈ സമയം കാര്‍ത്തികപ്പള്ളി ജംഗ്ഷനില്‍ കൂടി വരികയായിരുന്ന ഹരിപ്പാട് എസ്.ഐ കെ.ജി.രതീഷിന്റെ വാഹനത്തിന് കൈ കാണിച്ച് നിര്‍ത്തി നാട്ടുകാര്‍ അറിയിച്ചതനുസരിച്ചാണ് പോലീസ് കാമ്പസിലെത്തിയത്. അക്രമണം തടയുന്നതിനൊപ്പം ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്ത എസ്.ഐ.കെ.ജി.രതീഷിനേയും പോലീസുകാരേയും എസ്.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു.

News, Kerala, SFI, Attack, Students, Teachers, Injured, Police, Police Station, Principal, SFI attacked SI  transferred


പരിക്കേറ്റ എസ്.ഐ.രതീഷിനേയും സിവില്‍ പോലീസ് ഓഫീസര്‍ സാഗറിനേയും ഹരിപ്പാട് ആശുപത്രിയിലും വിദ്യാര്‍ത്ഥികളെ കായംകുളം ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും പോലീസുകാരെ ആക്രമിച്ചതിന് കേസ്സടുത്തിരുന്നില്ല. എസ്.എഫ്.ഐ നേതാക്കന്മാരെ കേസ്സില്‍ നിന്നൊഴിവാക്കി സംഘര്‍ഷത്തില്‍ പരിക്കേറ്റ പോലീസുകാരെ സ്ഥലം മാറ്റിയതാണ് വിവാദത്തിലായത്.

കരീലകുളങ്ങര, ഹരിപ്പാട് സ്റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ പോലീസെത്തി അക്രമികളെ പിടികൂടി ഹരിപ്പാട് സ്റ്റേഷനിലെത്തിച്ചുവെങ്കിലും ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എം.എം.അനസ് അലിയുടെ നേതൃത്വത്തില്‍ ഇവരെ മോചിപ്പിക്കുകയും പിന്നീട് കരീലക്കുളങ്ങര സ്റ്റേഷനിലെത്തിച്ച് വെറും പെറ്റിക്കേസ് ചാര്‍ജ്ജു ചെയ്യുകയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു.

എസ്.എഫ്.ഐ യുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിനേയും അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ മുതിരുകയും ചെയ്തിരുന്നു. ഭയന്നു വിറച്ചു കഴിഞ്ഞിരുന്ന ഇവരെ രക്ഷിക്കാനെത്തിയ എസ്.ഐ യേയും പോലീസുകാരേയും ആക്രമിച്ച എസ്.എഫ്.ഐക്കാരെ പിടിച്ചു കൊണ്ടുവന്ന കേസും പോലീസുകാരെ അക്രമിച്ച കേസും പറഞ്ഞു തീര്‍ക്കണമെന്ന സി.പി.എം നേതാക്കളുടെ ദുശ്ശാഠ്യമാണ് പോലീസിനെ ആക്രമിച്ചതിന് കേസെടുക്കാതെ എസ്.ഐയുടെ സ്ഥലം മാറ്റത്തില്‍ കലാശിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, SFI, Attack, Students, Teachers, Injured, Police, Police Station, Principal, SFI attacked SI  transferred