» » » » » » » » » ഹാദിയയുടെ കരുത്തും കോടതിയുടെ തിരുത്തും

അനസ് ആലങ്കോള്‍

(www.kvartha.com 13.03.2018) ഹാദിയ ഇനി  സ്വതന്ത്രയാണ്. ഇഷ്ടമുള്ള വ്യക്തിയുടെ കൂടെ ജീവിക്കാം. ഇഷ്ടമുള്ള സ്ഥലത്ത് പഠിക്കാം. കാലങ്ങള്‍ ഏറെ സ്വാതന്ത്രത്തിനു വേണ്ടി ധീരമായി പോരാടിയ ഹാദിയക്ക് അവസാനം നീതി ലഭിച്ചിരിക്കുന്നു. ഹാദിയ - ശഫിന്‍ ജഹാനുമായുള്ള വിവാഹം അസാധുവാണെന്നുള്ള കേരള ഹൈക്കോടതി വിധിയെ റദ്ദാക്കി സുപ്രീം കോടതി പുതിയ വിധി പുറപ്പെടുവിച്ചിരിക്കുന്നു. ഇനി ഹാദിയയുടെ ദിനങ്ങളാണ്. ശഫിനുമൊത്ത് നവലോകം പണിയേണ്ട ദിനങ്ങള്‍.

വിവാഹം ഇന്ത്യയുടെ ബഹുസ്വരതയുടെ ഭാഗമാണ്. മതത്തിന്റെ എല്ലാ അതിരുകളും പാലിച്ചാണ് അവര്‍ തമ്മിലുള്ള വിവാഹം നടന്നത്. 2017 മെയ് 16 ലെ വിവാദമായ ഹൈക്കോടതി വിധി ഭരണഘടന വിരുദ്ധമാണ്. അവരുടെ വിവാഹം അസാധുവാണെന്ന് എന്‍.ഐ.എ ചൂണ്ടി കാട്ടിയ കാരണങ്ങളെ കോടതി തള്ളി. തീവ്രവാദ ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ പോലും വിവാഹത്തെ ബാധിക്കണമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹാദിയ ചെയ്ത തെറ്റ് എന്താണെന്ന് ഇതു വരെ ആര്‍ക്കും മനസിലായിട്ടില്ല. ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിച്ചതോ? ഇഷ്‌പ്പെട്ട വ്യക്തിയെ ഭര്‍ത്താവായി സ്വീകരിച്ചതോ? ജനാധിപത്യ രാജ്യത്ത് ഇത് രണ്ടും ഭരണഘടന അനുവദിക്കുന്നുണ്ട്. ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കാനും ഇഷ്ടമുള്ള വ്യക്തിയെ കല്യാണം കഴിക്കാനുള്ള അവകാശവും ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ട്. ഹാദിയയുടെ പ്രശ്‌നം ഭരണഘടനക്ക് നേരെയുള്ള കൈയ്യേറ്റമായിരുന്നു. ഭരണഘടന 227 അനുഛേദപ്രകാരം വിവാഹം റദ്ദ് ചെയ്യാന്‍ കോടതിക്ക് അധികാരമില്ല.എന്നിട്ടും വരന് തീവ്രവാദ ബന്ധമുണ്ടെന്ന കുപ്രചരണം നടത്തി വിവാഹം റദ്ദ് ചെയ്തു.

വൈക്കം സ്വദേശിയായ അശോകന്റെ മകള്‍ അഖില വിശ്വസിക്കുന്ന ആശയത്തിലെ പിഴവുകള്‍ മനസിലാക്കി ഹാദിയ എന്ന നാമം സ്വീകരിച്ച് ഇസ്ലാം മതം അശ്ലഷിക്കുന്നതോടെയാണ് പുകില് ആരംഭിക്കുന്നത്. അതോടെ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഹാദിയ ശ്രദ്ധിക്കപ്പെട്ടു. ലൗ ജിഹാദും മതപരിവര്‍ത്തനവും വീണ്ടും ചര്‍ച്ചയായി. ലൗ ജിഹാദിന്റെ പുതിയ ഇരയെന്ന് ഹാദിയയെ പരിചയപ്പെടുത്തുന്നതില്‍ മാധ്യമ ലോകം മത്സരിച്ചു. ഇതാണ് കഥയുടെ ആരംഭം. പിന്നീട് കേരളം മുഴുവന്‍ ചര്‍ച്ച ചെയുന്ന കഥാപാത്രമായി ഹാദിയ മാറി.

2013 ല്‍ ഇസ്ലാം മതം സ്വീകരിച്ച ഹാദിയ മൂന്ന് വര്‍ഷത്തിനു ശേഷമാണ് ശഫിനിനെ വരനായി തെരെഞ്ഞടുക്കുന്നത്. 2016 ജനുവരി ആറിന് ഹാദിയയെ കാണാനില്ലെന്ന പരാതി പിതാവ് പോലിസിന് സമര്‍പ്പിക്കുന്നതോടെയാണ് എല്ലാ പ്രശ്‌നങ്ങളും ആരംഭിക്കുന്നത്. ജനുവരി പത്തൊമ്പതിന് പിതാവ് പ്രഥമ ഹേബിയസ് കോര്‍പസ് ഹാജരാക്കുന്നു. ജനുവരി 25 തീയ്യതി ഹാദിയ ഹാജരാവുന്നു. ആവശ്യപ്പെടുന്ന സമയത്ത് വീണ്ടും ഹാജരാവണമെന്ന നിര്‍ദ്ദേശത്തോടെ ഹാദിയയെ വിട്ടയക്കുന്നു. ഇതിനിടയില്‍ ഡിസംബര്‍ 19 ഹാദിയയുടെ കല്യാണം നടക്കുന്നു. ഡിസംബര്‍ 21 ന് ഭര്‍ത്താവിന്റെ കൂടെ ഹാദിയ കോടതിയില്‍ ഹാജരാവുന്നു. കല്യാണം അസാധുവാണെന്നും ഭര്‍ത്താവിന്റെ കൂടെ ജീവിക്കാനുള്ള അവകാശമില്ലെന്നും കോടതി വിധിക്കുന്നു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഹാദിയ മാസങ്ങളോളം തടവിലായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല, വിദ്യഭാസം, കുടുംബ കാര്യങ്ങള്‍ എന്നിവ പോലീസ് വീക്ഷണത്തിലായിരുന്നു. സുഹൃത്തുക്കളോട് കൂടുതല്‍ നേരം സംസാരിക്കാന്‍ പോലും അനുവാദമുണ്ടായിരുന്നില്ല. ചുരുക്കത്തില്‍ മൗലിക അവകാശങ്ങള്‍ നാമ മാത്രമായി എന്നര്‍ത്ഥം. പിന്നീട് സുപ്രീം കോടതിയുടെ ഇളവ് മൂലമാണ് പഠനത്തിനായി അനുവാദം ലഭിച്ചത്.

ഒരു മനുഷ്യ ജീവന്‍ എന്ന പരിഗണന പോലും നല്‍കാതെ അവരുടെ പാര്‍ട്ടിയുടെ പുരോഗതിക്കാവശ്യമായ കാര്യങ്ങള്‍ നേടിയെടുക്കുന്ന കേവലം ഉപകരണമായി സംഘ്പരിവാര്‍ ഹാദിയയെ കണ്ടു. കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നും മതപരിവര്‍ത്തന കേന്ദ്രങ്ങളുണ്ടെന്നും ആരോപിച്ചു. അന്വേഷണ വിഭാഗം കേരളം മതപരിവര്‍ത്തനത്തില്‍ നിന്നും ലൗ ജിഹാദില്‍ നിന്നും മുക്തമാണെന്ന് വിധി എഴുതിയപ്പോള്‍  പുതിയ ചരടാക്കി കണക്കാക്കി ഹാദിയയെ അവര്‍ വാര്‍ത്തയാക്കി. ലൗ ജിഹാദിന്റെ പുതിയ ഇരയാണ് ഹാദിയയെന്ന് ദേശീയ മാധ്യമങ്ങളിലെല്ലാം അവര്‍ പ്രചരണം നടത്തി. കേരളത്തില്‍ ലൗ ജിഹാദില്ലെന്ന അന്വേഷണ റിപ്പോര്‍ട്ട് തെറ്റാണെന്ന് കൊട്ടിഘോഷിച്ചു. പുനരാലോചനക്ക് വേണ്ടി ആളെ നിയോഗിച്ചു. ഹാദിയയെ ഒരു രാഷ്ട്രീയ ഉപകരണമായി കാണുമ്പോള്‍ തകര്‍ന്നു പോവുന്ന സ്വാതന്ത്ര്യത്തെ പറ്റി ചിന്തിക്കാന്‍ ആരും തയാറായില്ല.

സന്മാര്‍ഗ പാതയിലേക്ക് നയിക്കുന്നവള്‍ എന്ന അര്‍ത്ഥത്തിനു പുറമേ ചങ്കൂറ്റമുള്ളവള്‍ എന്ന അര്‍ത്ഥവും കൂടി ആ വാക്കില്‍ അടങ്ങിയിരിക്കണം. പ്രസവിച്ചത് മുതല്‍ ഇതുവരെ പോറ്റിയ പിതാവ് പോലും വിശ്വസിച്ച ആദര്‍ശത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ വിശ്വസിച്ച മതത്തില്‍ പതറാതെ പിടിച്ചു നിന്ന ആ പെണ്‍കുട്ടിയെ തന്റേടമുള്ളവള്‍ എന്നല്ലാതെ പിന്നെന്ത് വിശേഷിപ്പിക്കാന്‍? മുമ്പുണ്ടായിരുന്ന മതത്തിലേക്ക് മടങ്ങണമെന്ന് അപേക്ഷിച്ച് കൊണ്ട് പ്രശസ്തരായ പലരും പ്രലോഭിക്കാന്‍ ശ്രമിക്കുമ്പോഴും പിടിച്ചു നിന്ന ഹാദിയയെ തന്റേമുള്ളവളാണെന്നെല്ലാതെ വിശേഷിപ്പിക്കാനാവില്ല.

സന്മനസിന്റെ ഉടമയാണ് ഹാദിയ. ആരോടും ദേഷ്യമില്ല. കുട്ടിക്കാലത്ത് ആരോടാണ് കൂടുതല്‍ ഇഷ്ടമെന്ന ദീപക് മിശ്രയുടെ ചോദ്യത്തിന് അച്ഛനോടായിരുന്നു എന്നാണ് മറുപടി. സ്വന്തം മകളെ ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ അനുവദിക്കാതെ ജയിലറ ജീവിതം സമ്മാനിച്ച പിതാവിനോട് അപ്പോഴും ഹാദിയയ്ക്ക് അനിഷ്ടമൊന്നും ഉണ്ടായിരുന്നില്ല. ഏതോ സംഘടനയുടെ താല്‍പര്യത്തിനു വേണ്ടി മകളുടെ സ്വാതന്ത്രത്തിനു കൂച്ചുവിലങ്ങിടാന്‍ ശ്രമിച്ച പിതാവിനെ വെറുക്കാന്‍ ഹാദിയയുടെ സുന്ദരമായ മനസിന് സാധിച്ചിരുന്നില്ല.

കേസ് ജയിച്ചതിന്റെ ഫുള്‍ ക്രെഡിറ്റും കബിന്‍ സിബിലിനാണ്. ഹാദിയയെ കേള്‍ക്കണമെന്ന് നിരന്തരം വാദിച്ചത് അദ്ദേഹമാണ്. മസ്തിഷ്‌ക പ്രേക്ഷാളനം എന്ന വാക്ക് ആവര്‍ത്തിച്ച് ഉച്ചരിച്ച് മറുവിഭാഗം കോടതിയുടെ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുമ്പോഴും അദ്ദേഹം ധീരമായി വാദിച്ചു. എത്രയോ തവണ മസ്തിഷ്‌ക പ്രക്ഷോളനം എന്ന വാക്ക് ആവര്‍ത്തിച്ച് വിധി കേള്‍ക്കാനെത്തിയ ജഡ്ജിമാര്‍ക്ക് പോലും മാറ്റമുണ്ടാവാന്‍ അടുത്തപ്പോഴും കബിന്‍ സിബിള്‍ ധീരമായി ശബ്ദിച്ചു.

ഹാദിയ നീ വിജയിച്ചിരിക്കുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടി നീ നടത്തിയ ധീരമായ പോരാട്ടം വിജയം കണ്ടിരിക്കുന്നു. നിന്നെ ഉപയോഗപ്പെടുത്തി കുപ്രചരണം നടത്താന്‍ ശ്രമിച്ചവരെല്ലാം മുഖം കുത്തി താഴെ വീണിരിക്കുന്നു. ഭാരതം സ്വാതന്ത്രത്തിന്റെ എഴുപത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിയെ പക്വത എത്തിയിട്ടില്ലെന്ന കള്ള വാദമുന്നയിച്ച് അടിമത്വത്തില്‍ തളച്ചിടാന്‍ ശ്രമിച്ച ശക്തികള്‍ പരാജയപ്പെട്ടിരിക്കുന്നു. ഇത് ചരിത്ര വിജയമാണ്. നീതിക്കും സത്യത്തിനും വേണ്ടി കൊതിക്കുന്ന അനേകം ആയിരങ്ങള്‍ക്ക് സന്തോഷം പകരുന്ന വിജയം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Trending, Article, wedding, Court, Supreme Court of India, High Court, Hadiya's power and correction of the court
< !- START disable copy paste -->

About Kasargod Vartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal