Follow KVARTHA on Google news Follow Us!
ad

ത്രിപുരയും ലോംഗ് മാര്‍ച്ചും യു.പി ഉപതിരഞ്ഞെടുപ്പും ഒരുമയോടെ പറയുന്നു; ചരിത്രപരമായ മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കരുത്

മോദിക്ക് ശേഷം യോഗ്യനായവന്‍ യോഗി എന്ന് എല്ലാ നമോ വാദികളും ഒരുമയോടെ പറയുകയാണ്. കയ്യില്‍ നില്‍ക്കാത്ത ഉത്തര്‍പ്രദേശ് തിരിച്ചുപിടിച്ച് യുപിയുടെ അമരത്തിരുന്ന യോഗി Article, Politics, Trending, By-election, Article about Tripura, UP Election and Long march
മുബീന്‍ ആനപ്പാറ

(www.kvartha.com 17.03.2018) മോദിക്ക് ശേഷം യോഗ്യനായവന്‍ യോഗി എന്ന് എല്ലാ നമോ വാദികളും ഒരുമയോടെ പറയുകയാണ്. കയ്യില്‍ നില്‍ക്കാത്ത ഉത്തര്‍പ്രദേശ് തിരിച്ചുപിടിച്ച് യുപിയുടെ അമരത്തിരുന്ന യോഗി ആദിത്യനാഥ് അഞ്ച് തവണ തുടര്‍ച്ചയായി വിജയിച്ചു വന്ന ഗൊരഖ്പൂര്‍ ലോക്‌സഭാ മണ്ഡലം ബി.ജെ.പിയുടെ കയ്യില്‍ നിന്ന് വഴുതി പോയിരിക്കുന്നു. യുപി ഉപമുഖ്യമന്ത്രിയും യുപി ബിജെപി മുന്‍ അധ്യക്ഷനുമായ കേശവപ്രസാദ് മൌര്യയുടെ ഫുല്‍പൂറും കയ്യില്‍ നിന്നും വഴുതി വീണു. ഇന്ത്യന്‍ രാഷ്ട്രീയം ഞെട്ടിതരിച്ച നിമിഷങ്ങള്‍.

കേവലം രണ്ട് തോല്‍വികളായി മാത്രം ഇതിനെ കാണാന്‍ സാധിക്കില്ല. കുറച്ച് കാലം മാത്രം ഭരിച്ച യോഗിയുടെ നേരെയുള്ള ഭരണവുരിദ്ധ വികാരമെന്നും പറയാനും സാധ്യമല്ല. പകരം ഈ തിരഞ്ഞടുപ്പിനെ വിശേഷിപ്പിക്കാന്‍ സാധിക്കുന്നത് പ്രതിപക്ഷ കൂട്ടായ്മയുടെ വിജയം എന്നാണ്. മൂന്നാം മുന്നണിയെന്ന് നാഴികക്ക് നാല്‍പ്പത് വട്ടം പറയുന്ന ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ കാര്യത്തോടടുക്കുമ്പോള്‍ പരസ്പരം കൈ കൊടുത്ത് പിരിയുക മാത്രമാണ് ചെയ്യുന്നത്.

പുനര്‍വിചന്തനത്തിനുള്ള മികച്ച ഒരു മുന്നറിയിപ്പാണ് ഈ വിജയം. 25 വര്‍ഷത്തെ വൈരാഗ്യം മറന്നാണ് എസ്പിയും ബിഎസ്പിയും മുഖ്യശത്രുവിന് നേരെ കൈകോര്‍ത്തത്. പരസ്പരം പോരടിച്ചിരുന്നവര്‍ക്ക് പിന്നീട് പരസ്പരം പോരടിക്കാന്‍ പോലും ശക്തിയില്ലാതെയായപ്പോള്‍ ഒന്നിച്ചു നിന്ന് പോരാടാന്‍ തീരുമാനിച്ചതിന്റെ ഫലമാണിത്. വര്‍ഗീയ മുതലെടുപ്പ് നടത്തി ഭരണം പിടിച്ചെടുത്തവര്‍ക്കെതിരെ മതേതര വോട്ടുകള്‍ ഭിന്നിക്കാതെ വര്‍ഗീയ വിരുദ്ധ വോട്ടുകള്‍ ഏകോപിച്ചതിന്റെ വിജയം. ഇവിടെയും കൂട്ടത്തില്‍ കൂടാതെ വിശാല ഐക്യത്തിന് നില്‍ക്കാതെ തനിച്ച് മത്സരിച്ച കോണ്‍ഗ്രസിന് കെട്ടി വെച്ച കാശ് പോലും കിട്ടിയില്ല എന്നതും ശ്രദ്ധേയമാണ്. മതേതര കക്ഷികളുടെ കൂട്ടായ്മയുടേതാണീ വിജയം.

അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ അരങ്ങേറിയ സമരമായിരുന്നു ലോംഗ് മാര്‍ച്ച്. സമീപകാല ഇന്ത്യയിലെ ഏറ്റവും വലിയ സമരം. ആ സമരം വന്‍ വിജയമാകുകയും ചെയ്തു. കേവലം ഒരു കിസാന്‍ സഭ മാത്രം കരുതിയത് കൊണ്ടല്ല സമരം വിജയമായത്. കേരളത്തില്‍ മാത്രമായി ചുരുങ്ങിയ സിപിഎമ്മിന്റെ കര്‍ഷക പ്രസ്ഥാനമായ കിസാന്‍ സഭയാണ് ഈ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയെതന്നറിയുമ്പോഴാണ് ഈ സമരവിജയത്തിന്റെ അത്ഭുതം നാം തിരിച്ചറിയുന്നത്. നാസിക്കിന് നിന്നാരംഭിച്ച സമരത്തിന് പിന്തുണ നല്‍കിയത് കേവലം കിസാന്‍ സഭ മാത്രമല്ല ഒരുപാട് കാലം ബിജെപിയുടെ രാപനി അറിഞ്ഞ ശിവസേന വരെ പിന്തുണ നല്‍കി. കോണ്‍ഗ്രസും എന്‍സിപിയും എംഎന്‍എസും എഎഎപിയും ഈ സമരങ്ങള്‍ക്ക് പിന്തുണ നല്‍കി. മുംബൈയിലെ വിധാന്‍ സഭ വളയും മുമ്പ് തന്നെ സമരക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയുണ്ടെങ്കില്‍ മാത്രമെ ജനാധിപത്യം വിജയിക്കൂവെന്ന് തെളിയിച്ച സന്ദര്‍ഭം.

സിപിഐഎമ്മിന്റെ 25 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച് ബിജെപി ത്രിപുരയില്‍ ഭരണത്തിലേറി. നാല്‍പ്പതിലേറെ സീറ്റ് നേടി തന്നെയാണ് ബിജെപി അധികാരത്തില്‍ കയറിയത്. അവിടെയും മതേതര കക്ഷികള്‍ ഭിന്നിച്ച് നിന്ന് മതേതര വോട്ടുകളെ ഭിന്നിപ്പിച്ചത് നാം കണ്ടു. മതേതര കക്ഷികള്‍ ഐക്യപ്പെടേണ്ട കാലഘട്ടമാണിത്. കാരണം വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെ മതേതര കക്ഷികള്‍ ഐക്യപ്പെട്ടാലെ വിജയം സാധ്യമാവുകയുള്ളൂ.

കഴിഞ്ഞ ജനുവരി 21ന് സിപിഐഎം കേന്ദ്രകമ്മിറ്റിയില്‍ പാര്‍ട്ടി സെക്രട്ടറി യെച്ചൂരി അവതരിപ്പിച്ച ഒരു ബില്ല് 55-31 എന്ന വോട്ടിങ്ങ് നിലയില്‍ തള്ളപ്പെടുകയുണ്ടായി. കേവലം ഒരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമായിരുന്നെങ്കിലും ഇത് ബാധിച്ചത് ഇന്ത്യയിലെ മൂന്നാം മുന്നണിയെ തന്നെയായിരുന്നു. ഇന്ത്യയില്‍ ഇന്ന് പ്രതിപക്ഷമെന്ന് പറയുമ്പോള്‍ പ്രതിപക്ഷ നേതാവില്ലെങ്കില്‍ പോലും അത് കോണ്‍ഗ്രസ് തന്നെയാണ്. എന്നിരിക്കെ കോണ്‍ഗ്രസുമായി സഖ്യം വേണ്ട എന്ന് തീരുമാനിച്ച കേന്ദ്ര കമ്മിറ്റി തീരുമാനത്തെ 1996ല്‍ പ്രധാനമന്ത്രി പദം വേണ്ടെന്നു വെച്ച ഹിമാലയന്‍ മണ്ടത്തരത്തിനോടെ കൂടെ വായിക്കാവുന്നതാണ്. കേവലം കേരളമല്ല, ഇന്ത്യ എന്നെങ്കിലും പിണറായി അടക്കമുള്ള സിപിഎമ്മുകാര്‍ മനസ്സിലാക്കിയാല്‍ നന്ന്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ യുപിയില്‍ എസ്പിയും ബിഎസ്പിയുമുള്ളത് പോലെയാണ് ഇന്ന് കേരളത്തില്‍ കോണ്‍ഗ്ഗ്രസും സിപിഎമ്മും എന്നാലിന്ന് യുപിയില്‍ അവര്‍ സഖ്യത്തിലായി ബിജെപിയുടെ വരവ് കൊണ്ടാണെങ്കില്‍ കേരളത്തില്‍ അത് വരെ കാത്തിരിക്കണമോയെന്ന് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ തന്നെ തീരുമാനിക്കട്ടെ.

ശക്തമായ പ്രതിപക്ഷമുണ്ടാവുമ്പോള്‍ മാത്രമെ ശക്തമായ ഭരണകൂടവും ഭരണവുമുണ്ടാവുകയുള്ളു. അതല്ലായെങ്കില്‍ ഏകാധിപത്യവും സ്വോച്ഛാധിപത്യവും അരങ്ങ് വാഴും. ഇന്ത്യന്‍ ജനാധിപത്യം എന്നും ശക്തമായി നിലനില്‍ക്കുമെന്ന് പ്രത്യാശിക്കാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Politics, Trending, Mubeen Anappara, By-election, Article about Tripura, UP Election and Long march
< !- START disable copy paste -->