Follow KVARTHA on Google news Follow Us!
ad

ലോംഗ് മാര്‍ച്ചില്‍ നിന്ന് മതേതരത്വക്കാര്‍ക്ക് പഠിക്കാനുണ്ട് ഒരുപാട്, ഇനിയും ഉറങ്ങാനാണ് തീരുമാനമെങ്കില്‍ വരും തലമുറ മാപ്പ് നല്‍കില്ല, ഉറപ്പ്

ചില പ്രക്ഷോഭങ്ങള്‍ അങ്ങിനെയാണ്, അവ അധികാരികള്‍ ശ്രദ്ധിക്കുന്നതിന് മുമ്പ് ലോകം ശ്രദ്ധിച്ചു കളയും. ചെങ്കോലിന്റെ ചെകിട്ടില്‍ മുരള്‍ച്ച കേള്‍ക്കുന്നതിന് മുമ്പ് പൊതുമനസ്സിന്റെ Aslam Mavilae, Article, Trending, Protest, Article about long march
അസ്ലം മാവില

(www.kvartha.com 13.03.2018) ചില പ്രക്ഷോഭങ്ങള്‍ അങ്ങിനെയാണ്, അവ അധികാരികള്‍ ശ്രദ്ധിക്കുന്നതിന് മുമ്പ് ലോകം ശ്രദ്ധിച്ചു കളയും. ചെങ്കോലിന്റെ ചെകിട്ടില്‍ മുരള്‍ച്ച കേള്‍ക്കുന്നതിന് മുമ്പ് പൊതുമനസ്സിന്റെ കാതില്‍ ഇരമ്പലുണ്ടാക്കും. ഭരണാധികാരികളുടെ കണ്ണില്‍ പൊന്നീച്ച പാറുന്നതിന് മുമ്പ് ഭരണീയരുടെ കണ്ണുകളില്‍ നക്ഷത്ര തിളക്കം നല്‍കും.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഒരു പക്ഷെ, എല്ലാം മറന്ന് ഇന്ത്യ നോക്കിക്കണ്ടത് നടപ്പുരീതിക്ക് വ്യത്യസ്തമായ മഹാനഗരക്കാഴ്ചയായിരുന്നു. കര്‍ഷക പ്രക്ഷോഭം തന്നെ. അക്ഷരാര്‍ത്ഥത്തില്‍ നൂറുകണക്കിന് മൈലുകള്‍ അവര്‍ നടക്കുകയായിരുന്നു. വരണ്ട ഭൂമിയില്‍ നടന്ന് ശീലിച്ചവര്‍. പാടത്തും പറമ്പത്തും പണിയെടുക്കുമ്പോള്‍ പാദരക്ഷകള്‍ ധരിക്കാത്തവര്‍. രണ്ടാലൊന്നറിയാതെ തിരിച്ചു പോകാന്‍ തയ്യാറാകാത്തവര്‍. മക്കള്‍ക്കും മാതാപിതാക്കള്‍ക്കും അവസാന മുത്തം നല്‍കി ഇറങ്ങിയവര്‍. സബര്‍മതിയിലെ ദണ്ഡിനടത്തം വീണ്ടൊരാവര്‍ത്തി ഓര്‍മ്മിപ്പിച്ചത് പോലെ.

സ്വതന്ത്ര ഭാരതത്തില്‍ ഇതിന് മുമ്പ് ടിക്കയത്തിന്റെ നേതൃത്വത്തില്‍ ഇത് പോലൊന്ന് ഓര്‍മ്മയില്‍ വരുന്നു. അതും കര്‍ഷകരായിരുന്നു. സംഘടിത രാഷ്ടീയ നേതൃത്വമില്ലാത്തത് പിരിച്ചു വിടാന്‍ ടിക്കയത്തിന് നന്നായി വിയര്‍ക്കേണ്ടിവന്നു. അന്നത്തെ ഭരണകൂടം ആ ദൗര്‍ബല്യം നന്നായി മുതലെടുത്തു. തീരുമാനങ്ങളില്‍ കാര്യമായ ഒരു ഫോളോഅപ്പും പിന്നീടുണ്ടായില്ല.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മുംബൈ നഗരം കണ്ടത് ഇതായിരുന്നില്ല. മണ്ണിന്റെ മക്കള്‍ക്ക് ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്വമുണ്ടായി. വഴിയോരങ്ങള്‍ അരുവിയും കൈപുഴയുമായി. അവസാനദിനമത് ജനകടലായി മാറി. പൊതുമനസ്സ് വിഷയങ്ങള്‍ പഠിച്ചു, അവര്‍ക്ക് ഒന്നേ ചെയ്യേണ്ടതുണ്ടായിരുന്നുള്ളൂ, കര്‍ഷകര്‍ വരുന്ന വഴിക്ക് എതിരേല്‍ക്കുക, പറ്റാവുന്നത് നല്‍കുക, കുടിവെളളമെങ്കില്‍ അത്, അഭിവാദ്യമെങ്കിലത്. ഇന്ത്യന്‍ ജനത ഒന്നെന്നു തോന്നിയ മണിക്കൂറുകളും ദിനങ്ങളും.'ലാല്‍ജംഡെ'ക്ക് പൊതുവെ കണ്ട് വന്നിരുന്ന അലര്‍ജി ഏതാണ്ടില്ലാതായത് പോലെ. പാതയോരങ്ങളില്‍ ലാല്‍സലാം വിളികള്‍!

മഹാരാഷ്ട്രാ സര്‍ക്കാര്‍ കൂട്ടുകക്ഷികള്‍ക്ക് വരെ കാര്യം മനസ്സിലായി. പുറം തിരിഞ്ഞിരുന്നാല്‍ മുന്നിലേക്കവര്‍ വഴിമാറി അഭിമുഖമായി വരുമെന്ന് ബോധ്യമായി. കര്‍ഷക വിഷയങ്ങള്‍ അവര്‍ ഗൗരവത്തില്‍ കാണാന്‍ ഭരണാധികാരികളെ നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നു. വളരെ ശ്രദ്ധേയമായത് ഇടത് പക്ഷ നേതൃത്വത്തിലുള്ള കര്‍ഷക പ്രക്ഷോഭത്തിന് രാഹുല്‍ ഗാന്ധിയെ പോലുള്ളവര്‍ ഇടപെട്ട രീതിയാണ്. പി.സി.സി. പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് ക്ഷുഭിത കര്‍ഷകരെ എതിരേറ്റ് കോണ്‍ഗ്രസ്സ് നേതാക്കള്‍ ലാല്‍സലാം പറഞ്ഞത്.

മഹാരാഷ്ട്രയിലെ ന്യായാവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഈ സഹകരണം ഇന്ത്യയിലെ മതേതര ശക്തികള്‍ക്ക് ശുഭസൂചനയും ഗുണപാഠവുമാണ്. ഇന്ത്യയിലെ പശുമാര്‍ക്ക് മീഡിയകള്‍ അത് കൊണ്ട് തന്നെ തുടക്കത്തിലേ കണ്ടില്ലെന്ന് നടിച്ചത്. പക്ഷെ, സോഷ്യല്‍ മീഡിയയില്‍ ആര്‍ക്കും മുകളില്‍ നിന്ന് വിലക്കേര്‍പ്പെടുത്താന്‍ പറ്റില്ലല്ലോ. അവര്‍ തങ്ങളുടെ കര്‍ത്തവ്യം ഭംഗിയായി നിര്‍വ്വഹിച്ചുകൊണ്ടെയിരുന്നു. മുഖ്യധാരാമാധ്യമങ്ങള്‍ കണ്ണുകള്‍ തുറക്കാന്‍ തയ്യാറാകുന്നത് വരെ.

ഒറ്റത്തുരുത്തുകളായി മാറ്റപ്പെട്ടുകൊണ്ടിരിക്കുന്ന സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഭിന്ന രാഷ്ട്രീയ വീക്ഷണങ്ങള്‍ നിലനിര്‍ത്തികൊണ്ട് പരസ്പരം കൈപിടിക്കലിന്റെ പുതിയ മാനങ്ങള്‍ക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ക്ക് മതേതരക്കൂട്ടങ്ങള്‍ തുടക്കമിടണം. ഏകകക്ഷിഭരണമെന്ന വ്യാമോഹം തന്നെ പകല്‍ പോലും സ്വപ്നം കാണരുത്. അത് സംസ്ഥാനമായാലും ഇന്ത്യ മൊത്തമായാലും.

സാമാന്യ ജനത്തെ ബാധിക്കുന്ന പൊതു വിഷയങ്ങള്‍ എന്നുമുണ്ട്. ഇന്ത്യയുടെ മതേതരത്വവും ബഹുസ്വരതയും നിലനില്‍ക്കുന്ന സാഹചര്യങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പുകള്‍ നിരന്തരം വിഷയീഭവിക്കണം. കൊല രാഷ്ട്രീയങ്ങള്‍ തിരക്കഥയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടണം. അഹിംസാ രാഷ്ട്രീയത്തിനാണ് ഇന്നും ഇന്ത്യന്‍ മണ്ണ് പാകമുള്ളത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ പരസ്പരം കൊമ്പ്‌കോര്‍ത്തത് കൊണ്ട് ഒരു പാടവും പണി സ്ഥലവും ഭാരതീയന്  നയാപൈസയുടെ അധികവരുമാനമോ അരത്തൂക്കം ശാന്തിയോ സമൃദ്ധിയോ അധികം നല്‍കുന്നില്ലെന്ന ബോധം സാധാരണക്കാരന് നല്‍കണം.

വിയര്‍പ്പിനും വിശപ്പിനും ഒരേ ഗന്ധമാണ്. വര്‍ഗീയ ചീട്ടുകളിയില്‍ വിജയിക്കുന്നത് അതിന്റെ ചെല്ലും ചെലവിലും കഴിയുന്നവരെന്ന തിരിച്ചറിവ് സാമാന്യ ജനങ്ങള്‍ക്കുണ്ടാക്കാന്‍ ഇടതുപക്ഷവും കോണ്‍ഗ്രസ്സടങ്ങിയ മുഴുവന്‍ സെക്യൂലര്‍ ചിന്താധാരകളും ഒന്നിച്ചേ തീരൂ. അതിനുള്ള പ്രക്ഷോഭങ്ങളും സംഘടിത നീക്കങ്ങളും രാജ്യത്താകമാനം ഉണ്ടാകുമ്പോള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ആത്മവീര്യവും ആത്മവിശ്വാസവും ഇന്ത്യന്‍ ജനതയ്ക്കുണ്ടാകും.

യെച്ചൂരിയെ പോലുള്ള  ദീര്‍ഘവീക്ഷണമുള്ളവരുടെ രാഷ്ട്രീയ പ്രവചനങ്ങള്‍ കേള്‍ക്കാന്‍ അതിനകത്തുള്ളവര്‍ എത്ര പെട്ടെന്ന് കാത് കൊടുക്കാന്‍ ശ്രമിക്കുന്നുവോ അത്രയും നല്ലത്. ഊക്കോടെ വെള്ളം മുഴുവന്‍ ഒഴുകിയ ശേഷം തടയണ കെട്ടുന്നതിനെ കുറിച്ചാലോചിക്കുന്നതിലും പരിതപിക്കുന്നതിലും വലിയ വങ്കത്തം വേറെ ഉണ്ടാകില്ലെന്ന് നമ്മുടെ പരിചിത രാഷ്ട്രീയ പ്രബുദ്ധതക്കാകട്ടെ.

നെഞ്ചോളം ജയിച്ചിടത്ത് നാടുവാഴിയാകാന്‍ പുതിയ രാസപ്രക്രിയ പരീക്ഷിച്ചു വിജയിച്ചു കൊണ്ടിരിക്കുന്ന അമിത്ഷാ യുഗത്തില്‍, തെരഞ്ഞെടുപ്പ് വരുമ്പോള്‍ നാല് സീറ്റിന്റെ പേരില്‍ കലമുടക്കുന്ന പതിവ് രീതി തന്നെ മാറ്റിവെക്കാനുള്ള മനസ്സുള്ളവര്‍ക്ക് മാത്രമേ മതേതര ഇന്ത്യയുടെ ഭാവിയെ കുറിച്ച് പറയാനും ഫലിപ്പിക്കാനും അവകാശവുമുള്ളൂ.

ചില സൂചകങ്ങള്‍ തിരിച്ചറിവുള്ള രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് മുമ്പില്‍ വല്ലപ്പോഴും പ്രത്യക്ഷപ്പെടും. അവയില്‍ നിന്നും എന്തെങ്കിലും പഠിക്കാന്‍ പറ്റിയാല്‍ നന്ന്. കൊഞ്ഞനം കുത്തിയാല്‍ മുഖം കെടുകയേയുള്ളൂ. ഇത് പഠിക്കാനും തിരിച്ചറിയാനുമായില്ലെങ്കില്‍ താഴേതട്ട് മുതല്‍ മുകളറ്റം വരെ എത്ര ബൈഠക് നടത്തിയിട്ടും കാര്യമില്ല. കാവി പുതക്കാന്‍ ഏതാനും സംസ്ഥാനങ്ങള്‍ മാത്രം ബാക്കി. മതേതര രാഷ്ടീയക്കാരെ തന്നെയാണ് 'അവരതിന് ഉപയോഗിക്കുന്നത്. കമ്പിളിപ്പുതപ്പിനുള്ളില്‍ ഇനിയും ഉറങ്ങാനാണ് മതേതര രാഷ്ട്രീയ നേതൃത്വത്തിന് ഭാവമെങ്കില്‍, വരും തലമുറ മാപ്പ് നല്‍കില്ല, ഉറപ്പ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Aslam Mavilae, Article, Trending, Protest, Article about long march
< !- START disable copy paste -->