Follow KVARTHA on Google news Follow Us!
ad

ശരണബാല്യത്തെ വരവേറ്റ് ന്യൂഡെല്‍ഹിയും: രക്ഷപ്പെടുത്തിയത് 34 കുട്ടികളെ

സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബാലവേല, ബാലഭിക്ഷാടന,Thiruvananthapuram, News, New Delhi, Police, Children, Politics, Kerala,
തിരുവനന്തപുരം: (www.kvartha.com 17.03.2018) സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബാലവേല, ബാലഭിക്ഷാടന, തെരുവ് ബാല്യ വിമുക്ത കേരളത്തിനായി ആരംഭിച്ച ശരണ ബാല്യം പദ്ധതിയെ വരവേറ്റ് ന്യൂഡെല്‍ഹിയും. സീലമ്പൂര്‍ സബ്ബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ കേരളത്തിലെ ശരണബാല്യം ടീം ഡെല്‍ഹി പോലീസിന്റെ സഹായത്തോടെ സീലമ്പൂര്‍ ജില്ലയിലെ ഗോണ്ടയില്‍ നടത്തിയ 3 റെസ്‌ക്യു ഓപ്പറേഷനില്‍ ബാലവേലയില്‍ ഏര്‍പ്പെട്ടിരുന്ന 34 കുട്ടികളെ മോചിപ്പിച്ചു.

ലേബര്‍ ഓഫീസര്‍മാര്‍, പോലീസ് ഓഫീസര്‍മാര്‍, ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ റെസ്‌ക്യു ഓപ്പറേഷനില്‍ പങ്കെടുത്തു. ഈ ഉദ്യമത്തെ നോബല്‍ സമ്മാന ജേതാവായ കൈലാസ് സത്യാര്‍ത്ഥി നേതൃത്വം നല്‍കുന്ന ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍, കേരള വനിതാ ശിശുവികസന വകുപ്പിനെ അഭിന്ദിക്കുകയും പരിശീലന സംഘം മുഖേന വകുപ്പ് മന്ത്രിയ്ക്ക് മൊമന്റോ കൊടുത്തയയ്ക്കുകയും ചെയ്തു.

Delhi also given warm welcome to that Kid, Thiruvananthapuram, News, New Delhi, Police, Children, Politics, Kerala

കേരളത്തിന്റെ ശരണബാല്യം പദ്ധതി ദേശീയ ശ്രദ്ധയിലെത്തിച്ച ഉദ്യോഗസ്ഥരെ ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു. രാജ്യത്ത് തന്നെ ആദ്യമായാണ് സര്‍ക്കാര്‍ സംവിധാനത്തിന് കീഴില്‍ ബാല വേല, ബാല ഭിക്ഷാടനം തടയുന്നതിനായി ചൈല്‍ഡ് റെസ്‌ക്യൂ ഓഫീസേഴ്‌സിനെ നിയമിച്ചുകൊണ്ട് പ്രത്യേകമായിട്ടൊരു പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ശരണബാല്യം പദ്ധതിയുടെ പ്രവര്‍ത്തന ഫലമായി സംസ്ഥാനത്ത് 57 കുട്ടികളെയാണ് ഇതുവരെ മോചിപ്പിക്കുവാന്‍ സാധിച്ചത്.

പത്തനംതിട്ട ജില്ലയില്‍ ശബരിമല സീസണിലാണ് ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയത്. ഇത് വിജയകരമായതിനെ തുടര്‍ന്ന് ജനുവരി ഒന്നു മുതല്‍ കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ക്കൂടി വ്യാപിപ്പിച്ചു. ശരണബാല്യം പദ്ധതി കേരളത്തിലെ മറ്റ് 10 ജില്ലകളില്‍ കൂടി ഉടന്‍ വ്യാപിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ശരണ ബാല്യം പദ്ധതിയുടെ ഭാഗമായി ന്യൂഡെല്‍ഹിയില്‍ പരിശീലനത്തിനായി എത്തിച്ചേര്‍ന്ന കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഡി.സി.പി.ഒ.മാരുടെ നേതൃത്വത്തിലുള്ള മൂന്ന് ടീമുകളിലായുള്ള 21 റെസ്‌ക്യൂ ഓഫീസര്‍മാരാണ് റെസ്‌ക്യു ഓപ്പറേഷനില്‍ പങ്കെടുത്തത്. ആഭരണ നിര്‍മ്മാണ യൂണിറ്റ്, വസ്ത്ര നിര്‍മ്മാണ യൂണിറ്റ്, വെഡിംഗ് കാര്‍ഡ് നിര്‍മ്മാണ യൂണിറ്റ് എന്നിവിടങ്ങളില്‍ ബാലവേലക്കായി ഉപയോഗിച്ചിരുന്ന കുട്ടികളെയാണ് മോചിപ്പിച്ചത്. റെയ്ഡിനിടെ മൂന്ന് ഉദ്യോഗസ്ഥരെ തൊഴിലുടമകള്‍ തടഞ്ഞുവച്ചു. പോലീസ് ഇടപെട്ടാണ് അവരെ മോചിപ്പിച്ചത്.

മോചിപ്പിക്കപ്പെട്ട കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി തുടര്‍ സംരക്ഷണത്തിനുള്ള നടപടി സ്വീകരിക്കുന്നതാണ്. നിര്‍മ്മാണ യൂണിറ്റുകള്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് സീല്‍ ചെയ്യുകയും കുട്ടികളെ ബാലവേലക്ക് വിധേയമാക്കിയ തൊഴില്‍ ഉടമകള്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ശരണ ബാല്യം പദ്ധതിയുടെ സ്‌റ്റേറ്റ് നോഡല്‍ ഓഫീസര്‍ അബീന്‍ എ.ഒ, കൊല്ലം ഡി.സി.പി.ഒ സിജു ബെന്‍, കോട്ടയം ഡി.സി.പി.ഒ ബിനോയ്.വി.ജെ എന്നിവരുടെ നേതൃത്വത്തില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചൈല്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരാണ് റെസ്‌ക്യു ഓപ്പറേഷനില്‍ പങ്കെടുത്തത്.

Keywords: Delhi also given warm welcome to that Kid, Thiruvananthapuram, News, New Delhi, Police, Children, Politics, Kerala.