Follow KVARTHA on Google news Follow Us!
ad

കറുത്തമുത്തിനെ കാലങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയപ്പോള്‍

വര്‍ഷം 1986. അനൗപചാരിക വിദ്യാഭ്യാസ വികസന സമിതിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ജില്ലയിലെ Kookanam-Rahman, Article, Girl, Mother, Photo.
കൂക്കാനം റഹ് മാന്‍

(www.kvartha.com 21.02.2018)
വര്‍ഷം 1986. അനൗപചാരിക വിദ്യാഭ്യാസ വികസന സമിതിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ജില്ലയിലെ മലയോര മേഖലയില്‍ അക്ഷരവെളിച്ചവുമായി നീങ്ങിയപ്പോള്‍ ഉണ്ടായ അനുഭവങ്ങളേറെയുണ്ട്. ബന്തടുക്ക മേഖലയില്‍ മാനടുക്കത്തെ അപ്പുക്കുട്ടന്‍ നായരും സഹപ്രവര്‍ത്തകരുമൊത്ത് കോളനികള്‍ സന്ദര്‍ശിച്ച് അവിടങ്ങളിലെ ആളുകളുമായി അക്ഷരം പഠിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിക്കൊടുക്കുക എന്നതായിരുന്നു പരിപാടി. അതിനിടയില്‍ പടുപ്പ്, ആനക്കല്ല് എന്നീ പ്രദേശങ്ങളില്‍ ഞങ്ങളെത്തി. പ്രധാന റോഡില്‍ നിന്ന് മണിക്കൂറുകളോളം നടന്നാലെ ആനക്കല്ല് എന്ന മലമ്പ്രദേശത്തെത്താന്‍ കഴിയൂ. വര്‍ത്തമാനം പറഞ്ഞുകൊണ്ടായതിനാല്‍ മല ചവിട്ടിക്കയറിയതില്‍ ക്ഷീണമൊന്നുമറിഞ്ഞില്ല. ഇടയ്ക്ക് അപ്പുക്കുട്ടന്‍ നായര്‍ ആനക്കല്ലിലെ സ്‌പോര്‍ട്‌സ്‌കാരിയായ ഒരു പെണ്‍കുട്ടിയുടെ കായികരംഗത്തെ നേട്ടങ്ങളെക്കുറിച്ച് പരാമര്‍ശിച്ചു. കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥമൂലം ആ കുട്ടിക്ക് വേണ്ടത്ര കായികരംഗത്ത് ശോഭിക്കാന്‍ കഴിയാത്തതും പ്രോത്സാഹനം ലഭ്യമല്ലാത്തതും അദ്ദേഹം സൂചിപ്പിച്ചു. 'ആ കുട്ടിയെ നമുക്കൊന്ന് കാണണമല്ലോ' ഞാന്‍ പറഞ്ഞു. 'കുറേ നടക്കാനുണ്ട് അവളുടെ കുടിലിലേക്ക്' അപ്പുക്കുട്ടന്‍ നായര്‍ പറഞ്ഞു. എന്തായാലും നമുക്ക് അവളെ കണ്ട് കാര്യങ്ങളറിയണം എന്ന എന്റെ ആഗ്രഹത്തിന് എല്ലാവരും അനുമതി തന്നു.


Kookanam-Rahman, Article, Girl, Mother, Photo.

ഞങ്ങള്‍ യാത്രയില്‍ ഇടയ്ക്കു കാണുന്ന ആളുകളോടൊക്കെ സാക്ഷരതാ ക്ലാസ്സില്‍ പങ്കെടുക്കാനും അക്ഷരം ഉറപ്പിക്കാനും നിര്‍ദേശിച്ചു. അതിന് തയ്യാറുളളവരുടെ പേര് വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരുന്നു. പോസ്റ്റ്മാനായ അപ്പുക്കുട്ടന്‍ നായര്‍ക്ക് ആ പ്രദേശമെല്ലാം സുപരിചിതമാണ്. അകലെ കുന്നിന്‍മുകളിലുളള ഒരു കൊച്ചുവീട് ചൂണ്ടിക്കാണിച്ച് അപ്പുക്കുട്ടന്‍ നായര്‍ പറഞ്ഞു 'അതാണാ കുട്ടിയുടെ വീട്'. തുടര്‍ന്ന് ആ വീട് ലക്ഷ്യമാക്കിയായി ഞങ്ങളുടെ നടത്തം. അപ്പുക്കുട്ടന്‍ നായരെ അറിയാവുന്നതുകൊണ്ട് വീടിന് പുറത്തേക്ക് ഒരമ്മയും നീണ്ടു മെലിഞ്ഞ് കറുത്ത ഒരു പെണ്‍കുട്ടിയും വന്നു. അവളുടെ പുറത്തുതട്ടി അപ്പുക്കുട്ടന്‍ നായര്‍ പറഞ്ഞു 'ഇതാണ് മാഷെ ജയ'. ബന്തടുക്ക ഗവ: ഹൈസ്‌ക്കൂളിലെ അഭിമാന കായികതാരമായ ജയ അവളുടെ തിളങ്ങുന്ന പല്ലുകള്‍ പുറത്തുകാട്ടി ചിരിച്ചു. ഹ്രസ്വ-ദീര്‍ഘദൂര ഓട്ടമത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ സ്‌ക്കൂള്‍ തലത്തിലും സംസ്ഥാന-ദേശീയതലത്തിലും ഈ കൊച്ചുപ്രായത്തില്‍ത്തന്നെ നേടിയെടുത്തിട്ടുണ്ട് ജയ. നഗ്നപാദയായി കരിങ്കല്‍പ്പാറ കയറിയും ഇറങ്ങിയും ശീലമാക്കിയതും സ്‌ക്കൂളില്‍ വൈകിയെത്തുമോ എന്ന ഭയം മൂലം ഇടുങ്ങിയ വഴികളിലുളള കാടുകള്‍ വകഞ്ഞുമാറ്റി കല്ലും പാറക്കൂട്ടങ്ങളും നിറഞ്ഞ വഴിയിലൂടെ ഓടിയോടി സ്‌ക്കൂളിലെത്തിയതും ഓട്ടമത്സരത്തില്‍ വിജയത്തിനുളള കരുത്തു നല്‍കി. മുട്ടോളമെത്തുന്ന മുറിപ്പാവാടയും പിഞ്ഞുപോയ ബ്ലൗസുമിട്ട് അമ്മയുടെ കൈപിടിച്ച് ഞങ്ങളുടെ മുന്നില്‍ വന്ന ജയയുടെ രൂപം ഇന്നും ഓര്‍മ്മയിലുണ്ട്. അവള്‍ വളരെ തന്മയത്ത്വത്തോടെ അവളുടെ കായിക വിജയകഥകള്‍ ഓരോന്നായി മൊഴിഞ്ഞു. കേള്‍ക്കാന്‍ ഇമ്പമുളള ആ കുഞ്ഞിന്റെ വാക്കുകള്‍ ഞങ്ങളുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു. കൂട്ടത്തില്‍ അവളുടെ അമ്മ ജീവിതപ്രാരാബ്ദങ്ങളുടെ കെട്ടഴിച്ചു. വിദ്യാഭ്യാസ സൗകര്യമുളള ഒരു പട്ടണത്തിലെ പേരുകേട്ട വിദ്യാലയത്തില്‍ പഠിക്കാന്‍ അവള്‍ക്ക് അവസരമുണ്ടായിരുന്നെങ്കില്‍ വേറൊരു പി.ടി. ഉഷയായി അവള്‍ കീര്‍ത്തി നേടുമായിരുന്നു. പട്ടിണിയും പരിവട്ടവുമായി കഴിയുന്ന കുടുംബത്തില്‍ ജനിക്കുകയും അവശ്യമായ സൗകര്യങ്ങള്‍ ലഭിക്കാതിരിക്കുകയും ചെയ്യുന്ന ഇത്തരം കായികതാരങ്ങള്‍ മുരടിച്ചു പോവാനേ സാധ്യതയുളളൂ. ഇതൊക്കെ അറിഞ്ഞപ്പോള്‍ സമൂഹത്തിന് മുമ്പില്‍ ഈ കുട്ടിയെ അവതരിപ്പിക്കണമെന്ന് എനിക്ക് മോഹമുണ്ടായി.

സാധാരണയായി ഇത്തരം കോളനികള്‍ സന്ദര്‍ശിക്കുമ്പോള്‍ കൗതുകമുളള കാര്യങ്ങള്‍ പകര്‍ത്താന്‍ ആരോ സമ്മാനമായിത്തന്ന ഒരു പഴയ ക്യാമറ കയ്യിലുണ്ടായിരുന്നു. ആ കാലഘട്ടത്തില്‍ കേരള കൗമുദി ദിനപത്രത്തിന്റെ കരിവെളളൂര്‍ പ്രാദേശിക ലേഖകനായി പ്രവര്‍ത്തിക്കുകയായിരുന്നു ഞാന്‍. ക്യാമറയില്‍ പകര്‍ത്തിയ അവളുടെ ഫോട്ടോയും അവളുടെ അമ്മ പറഞ്ഞ അനുഭവവും വെച്ചൊരു കുറിപ്പ് തയ്യാറാക്കി. ഒരാഴ്ച കഴിഞ്ഞപ്പോള്‍ കേരള കൗമുദിയില്‍ 'കാസര്‍കോടിന്റെ കറുത്തമുത്ത്' എന്ന പേരില്‍ എന്റെ പേര് ബൈലൈന്‍ വെച്ച് ലേഖനം പ്രസിദ്ധീകരിച്ചു വന്നു. മനസ്സിന് കുളിര്‍മയുണ്ടാക്കിയ ഒരു കുറിപ്പായിരുന്നു അത്. ഈ വാര്‍ത്ത കണ്ട് പലരും ജയയെക്കുറിച്ച് അന്വേഷണം തുടങ്ങി. ഇക്കാലത്തെ സോഷ്യല്‍ മീഡിയ പോലെയുളള സംഭവങ്ങള്‍ അന്നുണ്ടായിരുന്നെങ്കില്‍ ആ കുറിപ്പ് ലോകം മുഴുവന്‍ അറിയുകയും സഹായഹസ്തവും പ്രോത്സാഹനവുമായി ജനം മുന്നോട്ട് വരുകയും ചെയ്യുമായിരുന്നു. ഈ സംഭവം നടന്നിട്ട് മൂന്നു പതിറ്റാണ്ട് പിന്നിട്ടു. അവളെ അതിനുശേഷം ഞാനൊരിക്കലും കണ്ടിട്ടില്ല. പക്ഷേ അവളെക്കുറിച്ചെന്നും ഓര്‍ക്കും. ആനക്കല്ല് എന്ന പേര് കേള്‍ക്കുമ്പോള്‍ ജയയെന്ന ആ കറുത്തമുത്തിനെ ഓര്‍മ്മ വരും. പലരോടും അവളെക്കുറിച്ച് ചോദിക്കാറുണ്ട്. ആരില്‍ നിന്നും കൃത്യമായൊരുത്തരം കിട്ടിയില്ല. അവള്‍ എവിടെയാണെന്നോ എന്താണെന്നോ അറിയാനുളള ആകാംക്ഷ മനസ്സിലെന്നും ഒരു വിങ്ങലുണ്ടാക്കുമായിരുന്നു.

ഇക്കഴിഞ്ഞ ജനുവരി 29ന് കാഞ്ഞങ്ങാട് സുരക്ഷാ പ്രോജക്ട് യോഗം നടക്കുകയായിരുന്നു. അവിടെ സുരക്ഷാ പ്രോജക്ടിലെ പ്രവര്‍ത്തകര്‍ക്കുവേണ്ടി ഒരു സ്‌പെഷ്യല്‍ കുടുംബശ്രീ യൂണിറ്റ് രൂപീകരിക്കാനുളള ആലോചന നടക്കുകയായിരുന്നു. ആ യോഗത്തിലേക്ക് ജില്ലാ കുടുംബശ്രീ മിഷനില്‍ നിന്ന് ഒരു പ്രവര്‍ത്തകയെ ക്ലാസ്സെടുക്കാന്‍ വരാന്‍ ഏര്‍പ്പാടു ചെയ്തിരുന്നു. പ്രോജക്ട് മാനേജര്‍ രതീഷ് അമ്പലത്തറയാണ് ഈ പ്രവര്‍ത്തനത്തിനുവേണ്ടിയുളള ആസൂത്രണം നടത്തിയത്. നിശ്ചയിച്ച പ്രകാരം കൃത്യം 12 മണിക്ക് തന്നെ ജില്ലാ മിഷനില്‍ നിന്ന് ഒരു പ്രവര്‍ത്തക ഓഫീസിലേക്കെത്തി. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടകന്‍ ഞാനായിരുന്നു. ഉദ്ഘാടനത്തിന് മുമ്പേ ക്ലാസ്സെടുക്കാന്‍ വന്ന സ്ത്രീയെ പരിചയപ്പെടാന്‍ ശ്രമിച്ചു. 'ജില്ലാ മിഷനില്‍ താങ്കളുടെ ഔദ്യോഗിക പദവിയെന്താണ്?'. 'ജില്ലാ ട്രെയിനിംഗ് കോ-ഓര്‍ഡിനേറ്റര്‍'. 'എത്ര വര്‍ഷമായി ഇതില്‍ പ്രവര്‍ത്തിക്കുന്നു?' 'രണ്ട് വര്‍ഷം' 'താമസസ്ഥലം എവിടെ?'. 'ബന്തടുക്കയില്‍'. ഗൗരവത്തിലായിരുന്നു ഉത്തരം. എന്തിനാണിദ്ദേഹം ഈ കാര്യങ്ങളൊക്കെ അറിയുന്നതെന്ന ഭാവത്തില്‍. 'ബന്തടുക്കയിലെവിടെ?' വീണ്ടും ഗൗരവത്തില്‍ത്തന്നെ 'പടുപ്പിനടുത്ത്'. ബന്തടുക്ക, പടുപ്പ് തുടങ്ങിയ മേഖലയിലൊക്കെ 1980 -90 കാലഘട്ടത്തില്‍ നടന്ന് പ്രവര്‍ത്തിച്ച ഒരു വ്യക്തിയാണ് ഞാന്‍. ഈ പ്രദേശങ്ങളൊക്കെ എനിക്കറിയാമെന്ന ഭാവത്തില്‍ വീണ്ടുമെന്റെ ചോദ്യം. 'വീടെവിടെയാണ്?' 'ആനക്കല്ലിലാണെന്റെ വീട്.' ഇത് കേട്ടമാത്രയില്‍, 'ഓ ആനക്കല്ലിലാണോ, ഞാനവിടെ പത്ത് മുപ്പത് കൊല്ലങ്ങള്‍ക്കപ്പുറം സാക്ഷരതാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ട്. അവിടെ കറുത്ത് നീണ്ടു മെലിഞ്ഞ ഒരു പെണ്‍കുട്ടിയെ കേരള കൗമുദി പത്രത്തിനുവേണ്ടി ഇന്റര്‍വ്യു നടത്തിയിട്ടുണ്ട്. അവളുടെ പേര് ഞാനോര്‍ക്കുന്നില്ല. എന്നും അവളെക്കുറിച്ചോര്‍ക്കാറുണ്ട്. നല്ല സ്‌പോര്‍ട്‌സ്‌കാരിയായിരുന്നു അവള്‍'. 'സര്‍ അവളുടെ പേര് ഓര്‍ക്കുന്നില്ലേ?'. 'ഇല്ല'. 'പേര് ജയയെന്നാണോ സര്‍?'. 'ആണെന്നു തോന്നുന്നു'. 'ഓ സര്‍, അത് ഞാനാണ്'. അത് കേട്ടപ്പോള്‍ എന്റെ മനസ്സ് മുപ്പത്തൊന്ന് കൊല്ലങ്ങള്‍ക്കപ്പുറത്തേക്കോടി. അരപ്പാവാടയിട്ട് അമ്മയുടെ കൈപിടിച്ച് കുണുങ്ങി കുണുങ്ങി ചിരിച്ചുകൊണ്ട് ആ പെണ്‍കുട്ടി പറഞ്ഞ കഥ ഓര്‍ത്തുപോയി.

മുപ്പത്തൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയ ഈ 42കാരിയുടെ ഇരു കൈകളും ഞാനമര്‍ത്തിപ്പിടിച്ചു. 'അവളാണോ നീ?' നിത്യ ദാരിദ്ര്യത്തില്‍ കഴിഞ്ഞ ആ പെണ്‍കുട്ടിക്ക് സ്‌പോര്‍ട്‌സ് മേഖലയില്‍ ശോഭിക്കാന്‍ കഴിഞ്ഞില്ല. അവള്‍ പ്രീ ഡിഗ്രിക്ക് ശേഷം ആതുരസേവന മേഖലയില്‍ നേഴ്‌സായി ജോലി ചെയ്തു. അവിടെ നിന്നാണ് കുടുംബശ്രീ എന്ന മഹത്തായ പ്രസ്ഥാനവുമായി അവള്‍ ബന്ധപ്പെടുന്നത്. നാട്ടിലെ കുടുംബശ്രീ യൂണിറ്റില്‍ നിന്ന് തുടക്കം കുറിച്ച് സി.ഡിഎസ്. സെക്രട്ടറിയായി പ്രവര്‍ത്തിച്ചപ്പോള്‍ അഭിമാനാര്‍ഹമായ പല നേട്ടങ്ങളും കൊയ്‌തെടുത്തു. തുടര്‍ന്നിപ്പോള്‍ കുടുംബശ്രീ ജില്ലാ മിഷനില്‍ അറിയപ്പെടുന്ന ട്രെയിനറാണ്. അന്നത്തെ കറുത്തമുത്തായ ആ പെണ്‍കുട്ടി ഇന്ന് വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമാണ്. ഭര്‍ത്താവ് പ്രസാദ് അബുദാബിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്നു. മകള്‍ ആതിര എം.എസ്.സി. ബയോടെക്‌നോളജി ചെയ്യുന്നു. മകന്‍ ആദര്‍ശ് എറണാകുളത്ത് പഠിക്കുന്നു. അന്നത്തെ ടി.എന്‍. ജയ എന്ന കുറുമ്പുകാരി പെണ്‍കുട്ടിയില്‍ നിന്ന് നാല്‍പ്പത്തിരണ്ടിലെത്തിയ പക്വമതിയായ ജയാ പ്രസാദിലേക്കുളള മാറ്റം കാണാനും ഓര്‍മ്മ പുതുക്കാനും കഴിഞ്ഞതിലുളള ആഹ്ലാദം ഞാന്‍ വായനക്കാരുമായി പങ്കിടുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kookanam-Rahman, Article, Girl, Mother, Photo, When met Jaya after long time.